Tuesday, May 15, 2012

നായെ... പോകൂ.... പോകൂ നായെ.... (കോഴിക്കോടന്‍ കഥകള്‍(

നല്ല മലയാളം പറയുന്നവര്‍ മലബാര്‍ ഭാഷ പറയുന്നവരെ കളിയാക്കാറുണ്ട് എന്ന് നമ്മളെല്ലാവര്‍ക്കും അറിയാം. എന്നാല്, ഞങ്ങള്‍ മലബാറുകാര്‍ നല്ല മലയാളം പറയുന്നവരെ വേണ്ടുവോളം കളിയാക്കുകയും നല്ല മലയാളം സംസാരിക്കാത്തതിനു ഞങ്ങളെ കളിയാക്കുന്ന ചില 'അവന്മാരെ' വേണ്ടിവന്നാല്‍ മലര്‍ത്തിയടിക്കാന്‍ പുതിയ കഥകള് വരെ സൃഷ്ട്ടിക്കും. മാമ്പുഴയുടെ കൈവരിയില്‍ നിന്നും ബ്ലോഗിന്റെ പുഴയിലേക്ക് അതിലൊരോണ്ണമിവിടെ വീഴുന്നു. ദാ പിടിച്ചോ....


ഊത്തും തിരിച്ചൂത്തും 


നാട്ടിലെ പരിഷ്ക്കാരിയും പഠിപ്പുകാരനും അതിലും വലിയ പത്രാസുകാരനുമൊക്കെയാണ്. പുള്ളി എഴുതിയ ഏതാണ്ടൊക്കെ രണ്ടുമൂന്നു തവണ ഏതൊക്കെയോ മാസികകളില്‍ അടിച്ചു വരികയും ചെയ്തതോടെ പുള്ളിയുടെ മസില് പിടുത്തത്തിനും വായില്‍ നിന്നും വരുന്ന മൊഴിമുത്തുകള്‍ക്കും മുറുക്കം കൂടി. ആകെ മൊത്തം ജാഡ. ജാടയെന്നു വെച്ചാ, അയല്‍വാസികളോട് വരെ മിണ്ടില്ല. ചിരിയില്ല. എന്തിന് സ്വന്തം ഭാര്യയോട് വരെ രാത്രി ആവിശ്യത്തിന് മാത്രമേ മിണ്ടുകയുള്ളൂ എന്ന് രഹസ്യം. നാട്ടിലെ വായനശാല പരിപാടികളിലും മറ്റു ക്ലബ്ബുകളുടെ സാംസ്കാരിക പരിപാടികളിലും സ്വാഗതപ്രസംഗവും ചിലപ്പോഴൊക്കെ അധ്യക്ഷനും ഒക്കെ പുള്ളിയാണ് കൈകാര്യം ചെയ്യാറുള്ളത്. കൂടാതെ സൌജന്യമായി നടത്താറുള്ള രക്തദാനം, തിമിര ശസ്ത്രക്രിയാ ക്യാംബ് എന്നിവക്കെല്ലാം പുള്ളി സജീവ സാന്നിധ്യമാണ്. സാന്നിധ്യം എന്ന് വെച്ചാല്‍ അറിയാമല്ലോ. അവിടെ മസിലും പിടിച്ചങ്ങനെ നില്‍ക്കും. ഇടയ്ക്കിടെ ആ തിരുവായില്‍ നിന്നും കല്പനകള്‍ പുറപ്പെടും. അടിയാന്മാര്‍ അനുസരിക്കും. നാട്ടുകാര് ബഹുമാനം കൊടുക്കുന്തോറും അപ്പുമാഷ്‌ ഇല്ലാതെ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി മാറി എന്ന് ധരിച്ചു വെച്ചിരിക്കുകയാണ് പാവം. ഞങ്ങളെ പോലുള്ള അലമ്പ് ടീമ്സിനെ കാണുന്നത് തന്നെ പുള്ളിക്കിഷ്ട്ടമല്ല. വായന ശാലയില്‍ ലൈബ്രറിയില്‍ വല്ലതും വായിക്കാന്‍ പുസ്തകമെടുക്കാന്‍ വന്നാല്‍ പോലും പുള്ളിയുടെ ഒരു അവിഞ്ഞ നോട്ടമുണ്ട്--ഇവനൊക്കെ എന്തിന് ഈ വായിക്കുന്നത്. ഒരു ഗുണവുമില്ലാത്ത പിള്ളേര്. ഇവന്മാര് സംസാരിക്കുന്നത് കേട്ടാല്‍ തന്നെ പ്രാന്ത് പിടിക്കും.-- ഒരിക്കലീ ആത്മഗതം തെല്ല് ഉറക്കെയായിപ്പോയി. അപ്പു മാഷ്‌ ചുറ്റിലും നോക്കി ആരേലും കേട്ടോ!? പെട്ടെന്ന് ഞെട്ടി പിന്നിലേക്ക്‌ നോക്കി. അവന്മാരുടെ കൂട്ടത്തിലോരുത്തന്‍ കേട്ടിരിക്കുന്നു...! ഹും.. അല്ലേലും കേട്ടാലെന്ത്..? ഉള്ളതല്ലേ..!? തെണ്ടിപ്പിള്ളേര്... നേരാം വണ്ണം മര്യാദക്ക് സംസാരിക്കാനറിയാത്ത ഇവന്മാരെല്ലാം ഈ ജന്മത്ത് നന്നാവാന്‍ പോണില്ല. ശപിച്ചു കൊണ്ട് അപ്പു മാഷ്‌ വായനശാലക്ക് പുറത്തിറങ്ങി. അപ്പു മാഷ്‌ എന്ന് പറഞ്ഞാല്‍ വല്ല്യ സര്ക്കാര് സ്കൂളിലെ മാഷോന്നുമല്ല. ഒരു പ്രൈവറ്റ്‌ ട്യുഷന്‍ സെന്ററില്‍ ക്ലാസെടുക്കാന്‍ പോകുന്നുണ്ട്. പ്രായം വല്ല്യ പ്രായമൊന്നുമല്ല ഒരു മുപ്പത്തി അഞ്ചില്‍ ഒത്ത ഒതുങ്ങിയ ശരീരം. വെള്ള ഷര്‍ട്ടും നല്ല വടിപോലത്തെ വെള്ള തുണിയും ഇട്ടാല് നമ്മുടെ വല്യേട്ടന്‍ സിനിമെലെ മമ്മൂട്ടിയെ പോലിരിക്കും. പരിപാടികള്‍ക്കൊക്കെ പാന്റ്സും ഷര്‍ട്ടുമിട്ടാല്‍ പിന്നെ നാട്ടില്‍ അതോലോത്തൊരു ആണില്ല. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും, തലക്കകത്ത് വെറും പിണ്ണാക്കും കഞ്ഞിവെള്ളവും മാത്രമെന്നാണ് നാട്ടിലെ പ്രധാന പയ്യന്‍സിന്റെയും അപ്പുമാഷിന്റെ ശിഷ്യഗണങ്ങളുടെയും വാദം. മാത്രവുമല്ല ഒരുവിധപ്പെട്ട ആള്‍ക്കാരെല്ലാം അപ്പുമാഷിനെ നീട്ടി അപ്പ്വോ... എന്നൊരു വിളിയാണ്. ഈ മാഷ്‌ കൂട്ടാതെയുള്ള വിളി കേട്ടാലേ പുള്ളിക്ക് കലിവരും. ഇവര്‍ക്കൊക്കെ മാഷെന്ന് വിളിച്ചാല്‍ എന്താ ഒരു കുഴപ്പം. പ്രൈവറ്റ്‌ കോളേജില്‍ ആണേലും മാഷ്‌ മാഷന്നെ അല്ലെ... വിവരമില്ലാത്തവന്മാര്. അല്ല പിന്നെ.
ചിലപ്പോഴൊക്കെ നാട്ടിലെ തലതിരിഞ്ഞപുത്രന്മാര്‍ അപ്പുമാഷു നടന്നു പോകുമ്പോ ഒളിഞ്ഞിരുന്നു നീട്ടി വിളിക്കും:

"അപ്പ്വോ... ഡാ അപ്പ്വോ.... " 

ആദ്യമൊക്കെ തിരിഞ്ഞു നോക്കാതെ പോകുന്ന അപ്പുമാഷ്‌ നിയന്ത്രണം വിട്ടാല്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കും. അപ്പൊ പയ്യന്മാരുടെ വിളിയുടെ ട്യുണ്‍ മാറും:

"അപ്പോയ്‌..... അപ്പോയ്‌ ... പരിപ്പ് വടേയ്.... ചായ ചായേയ്..." 

ഈ ഒളിയാക്രമണം കുറച്ചൊന്നുമല്ല മാഷിനെ അലട്ടുനത്. ഈ ഒരു അവന്ജ ഏതോ നിമിഷത്തില്‍ തിരിച്ചറിഞ്ഞ അന്ന് മുതലാണ്‌ ഇവന്മാരെ പാരവെക്കാനുള്ള ഒരു അവസരവും പുള്ളി പാഴാക്കാതിരിക്കാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.. നാട്ടിലെ ഇതു പരിപാടിക്കും മൈക്കെടുത്തു വിഴുങ്ങാന്‍ സ്വാതത്ര്യമുള്ള അപ്പുമാഷ്‌ മലയാള ഭാഷയെ കുറിച്ചും അത് നന്നായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഘോരഘോരം പ്രസംഗിച്ചു തുടങ്ങി. അതിന്റെ ഒരേയൊരു ലക്ഷ്യം, മാഷിനെ ഒളിഞ്ഞിരുന്നു പരിഹസിക്കുന്ന ഒരുകൂട്ടം വൃത്തികെട്ട അപരിഷ്കൃതരായ സംഘത്തെ കളിയാക്കി ഒറ്റപ്പെടുത്തുക എന്നതായിരുന്നു. അതൊരു സാഹസികതയായിരുന്നു- എന്ന് വെച്ചാല്‍ ഞങ്ങളുടെ കോഴിക്കോടന്‍ ശൈലിയില്‍ കോട്ടയം അച്ചടി മലയാളം കലര്ത്തുന്നത് മണലില്‍ വെള്ളമോഴിക്കുന്നതിനു സമാനമായിരുന്നു.
ഞങ്ങളുടെ ഇയ്യിലും പയ്യിലും നെജ്ജിലും (നീയിലും പശുവിലും നെയ്യിലും) മായം കലര്‍ത്താന്‍ ഞങ്ങള്‍ക്കിഷ്ട്ടമല്ല. അത് സമ്മതിച്ചു കൊടുക്കുകയുമില്ല. നാടും അതിന്റെ ഗന്ധവും സംസ്‌കാരവും ഭാഷയിലും അതിന്റെ ശൈലികളിലും ലയിച്ചു കിടക്കുന്നുണ്ടെന്ന് അന്ന് ഞങ്ങള്‍ പറയാതെ പറഞ്ഞിരുന്നു. ആ ശൈലിയില്‍ സംസാരിക്കുമ്പോഴെല്ലാം ഈ സത്യം ഞങ്ങളാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഞങ്ങള് "ഓനേം ഓളേം മയനേം വായനേം തോള്ളനേം(അവനെയും,അവളെയും,മഴയെയും, വാഴയെയും, വായയെയും-എന്ന് ക്രമത്തില്‍ സംഗ്രഹിക്കാന്‍ അപേക്ഷ) എടുത്തു യെതെഷ്ട്ടം ഉപയോഗിക്കുമ്പോള്‍ അന്നത് പറഞ്ഞത് തന്നെയാണ് പറയാതെഎന്ന് തിരിച്ചറിയുന്നുണ്ടിപ്പോ.


ഭാഷയും ശൈലിയും നമുക്കിവിടെ കെട്ടിയിടാം. അപ്പുമാഷിലേക്ക് തന്നെ തിരിച്ചു വരാം.
അപ്പുമാഷ്‌ തനി കോഴിക്കോടന്‍ ശൈലിക്കാരനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ തന്റെ ഇരുപത്തിയെട്ടു വയസ്സ് വരെ. അപ്പുമാഷിനു ജോലി കിട്ടിയതോടെയാണ് ആകെയൊരു മാറ്റം വന്നത്. സ്വയം മാറണമെന്ന് തോന്നിയപ്പോള്‍, മറ്റുള്ളവരില്‍ നിന്നും വിത്യസ്തനാവനം സ്വയം ശ്രദ്ധിക്കപ്പെടണംഎന്നൊക്കെ തോന്നിയപ്പോഴാണ് അപ്പു മാഷ്‌ ഇന്ന് കാണുന്ന അച്ചടി മലയാളം അപ്പുമാഷ്‌ ആയത്.


സംഗതി എന്ത് കുന്തമായാലും വേണ്ടില്ല, നാട്ടാര് നാട്ടാര് ആയിര്ക്കണം. അതി വേറൊരു അപ്പീലില്ല. 
"ഇവ്ട നാട്ടില് ഓന് ഞമ്മള മായിരി വര്‍ത്താനം പര്‍ഞ്ഞാലെന്താ " എന്നാ ലൈനാണ് മിക്ക നാട്ടാര്‍ക്കും മാഷിനോട് തോന്നുന്ന വികാരം. അപ്പുമാഷ്‌ നാടിനോടും ശൈലിയോടും ചെയ്ത ഈ വഞ്ചനക്ക് പ്രതികാരമായി കാലവും സാഹചര്യവും തന്നെ അപ്പു മാഷിനെ വെട്ടിലാക്കി.കടലിനും ചെകുത്താനും  നടുവില്‍ 


മാമ്പുഴപ്പാലത്തിന്റെ അരികിലിരുന്നു ലോകത്തെ സകല കുരുത്തക്കേടുകളും ചര്‍ച്ചിക്കുന്ന സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ ഗല്ലിയിലേക്ക്. അവിടെ എല്ലാരും അവരവരുടെ വീരവാദങ്ങളും ബഡായികളും പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്കിടെ പാലത്തിനടിയിലെ വെള്ളത്തിലെ ചുഴികളെ പോലെ കുളക്കടവുകളിലെ കുളിസീന്‍ കഥകളും ബസ്‌ സ്റ്റോപ്പുകളിലെ മനം മയക്കുന്ന സുരസുന്ദരികളുടെ ശൃംഗാര വര്‍ണ്ണനകളും രാവിലെ പയ്യടിമേത്തല്‍ വഴി പോകുന്ന ഗ്ലാഡിസ് ബസ്സില്‍ ഒരു ജാക്കി' ചാന് കണ്ണടപ്പന്‍ അടി കിട്ടിയതും അവിടെ വലിയ ഓളങ്ങളും തിരകളും സൃഷ്ട്ടിക്കുന്നുണ്ട്. അപ്പോഴാണ്‌ ദൂരെ നിന്നും ഒരു പൂജാരി മന്ത്രം ചെല്ലുന്നത് കണക്കെ രാമനാമവും ജപിച്ചു കൊണ്ട്  ഒരു വിളക്ക് വരുന്നത് കണ്ടത്. ആ ദൃശ്യം കണ്ടയുടനെ എല്ലാവരും നിശബ്ദരായി. ഈ നട്ടപ്പാതിര പതിനൊന്നു മണിക്ക് ഈ വഴി വരാന്‍ കൂടെയിരിക്കുന്നവരുടെ "അച്ഛനോ ബാപ്പയോ" ആയിരിക്കുമെന്ന് എല്ലാര്‍ക്കും പരസ്പരം അറിയാം. അതുകൊണ്ടാണ് സജീവമായ ചര്‍ച്ച പെട്ടെന്ന് നിശബ്ദമായത്. കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു കൂമ്പ് വാട്ടി കെട്ടിയിട്ട് തുവയുടെ ഇല (ചൊറിയണം) ശരീരത്തില്‍ തടവി വെള്ളമൊഴിച്ച് പത്ത് ദിവസത്തേക്ക് തിന്നാനൊന്നും കൊടുക്കരുതെന്ന്  കല്‍പ്പന നടപ്പിലാക്കുന്ന തന്തപ്പിടികള്‍ ആണ് എല്ലാവര്‍ക്കും പടച്ച തമ്പുരാന്‍ കനിഞ്ഞു നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ഏതു ഉറക്കത്തിലും നിന്റച്ഛന്‍!!! എന്ന് കേട്ടാല്‍നാല് ദിവസത്തേക്കുള്ള മൂത്രം കിടക്കപ്പായില്‍ ഒരുമിച്ചൊഴിക്കും. അതാണ്‌ അന്നത്തെ ബാപ്പമാരുടെ ഒരു പവറ്. ഇന്നത്തെ പോലെ മകന്റെ ആവിശ്യങ്ങള്‍ മനസ്സിലാക്കി അവനെ പരിപോഷിപ്പിക്കലോന്നും അന്നത്തെ ബാപ്പമാര്‍ക്ക് പറഞ്ഞിട്ടില്ലായിരുന്നു. ഒട്ടുമിക്ക വീട്ടിലും ഉമ്മയാണ് ശരണം. എന്ത് ആവിശ്യമുണ്ടെങ്കിലും അമ്മ തന്നെ ശരണം. മുലപ്പാല് മുതല്‍ മൂക്കിപ്പൊടി വരെയുള്ള മക്കളുടെ ശീലങ്ങളൊക്കെ അമ്മക്ക് മാത്രമേ മനസ്സിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ . അച്ഛന്‍ വീട്ടിലെ പുലിയായിരുന്നു. വീരശൂരപരാക്രമി. ദേഷ്യം വന്നാല്‍ ശിവന് തുല്യം. സര്‍വ്വസംഹാരം. ഇന്നത്തെ പോലെ ഭര്‍ത്താവിനെ പേര് വിളിക്കാറോ ഡേയ് ഡാ ബന്ധങ്ങളോ അന്നില്ലായിരുന്നു. ദേ നോക്കീ, ന്റെ മൂപ്പര് , കുട്ടിയളെ അച്ഛന്‍ എന്നൊക്കെയായിരുന്നു അന്നത്തെ ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ നാനാര്‍ഥങ്ങള്‍. അന്ന് മഴവില്‍ മനോരമയും ശ്വേതാ മേനോനും കേരളത്തിലെ ഗൃഹങ്ങളില്‍ സ്വപ്നം പോലുമാല്ലായിരുന്നു എന്ന് വേണം കരുതാന്‍.

അങ്കത്തട്ട്

നമുക്ക് വിളക്കിനു പിന്നിലെ ഇരുട്ടിലാരാണെന്ന് നോക്കാം. ആ വിളക്ക്, വിറച്ചു കൊണ്ടിരിക്കുന്നുണ്ട്. വിലക്കെന്നു വെച്ചാല്‍ ഒരു മുറി തേങ്ങയുടെ ചിരട്ടയില്‍ കാല്‍ഭാഗം മെഴുകുതിരി കത്തിച്ചു അതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ചിരട്ടയുടെ ചന്തി പിടിച്ചു അതിന്റെ ഇരുട്ടില്‍ നിന്ന് മുന്നിലേക്ക്‌ വെളിച്ചം ഒഴിച്ചിടുന്ന ഒരു പ്രതിഭാസം. ദൂരക്കാഴ്ച്ചയില്‍ അത്രത്തോളം മനോഹാരിത ഒരു റാന്തല്‍ വിളക്കിനും നല്‍കാനാവില്ലെന്ന് തോന്നിയിട്ടുണ്ട്. കൂട്ടത്തില്‍ ഓരോരുത്തരും മുന്നിലുള്ളവന്റെ ചുമലിനു പിന്നില്‍ ഒളിക്കുന്നു. ആരുടെ വീട്ടില്‍ നിന്നാണ് വിളക്കിന്റെ ഉല്‍ഭവം? എല്ലാവരുടെയും ഹൃദയം നിലത്ത് വീണു കിടക്കുന്ന കുടപ്പനയുടെ ഓലയില്‍ മഴത്തുള്ളി ക്രമംതെറ്റാതെ വീഴുന്ന കണക്കിന് വിറങ്ങലിച്ചു തുടങ്ങി. ആരാണ്? ആരാണ്? ആ ചിരട്ട വിളക്കിന്റെ ആകാരം ചോദ്യ ചിഹനം പോലെ അവര്‍ക്ക് തോന്നി.
പെട്ടെന്നാണ് ആരുടെയോ കണ്ണുകള്‍ ആ സത്യം കണ്ടു പിടിച്ചത് അവന്‍ തന്നെ തെല്ലുറക്കെ വിളിച്ചു പറഞ്ഞു: അപ്പുമാഷ്‌.... അപ്പു മാഷാണത്!!!

ഹോ! ഡാം തുറന്നു വിട്ട പോലെയായിരുന്നു ചിലരുടെ നിശ്വാസങ്ങള്‍.... അതിഭീകരമായൊരു കൊക്കയിലേക്ക് വീണ് കൊണ്ടിരിക്കെ അത്ഭുതകരമായി രക്ഷപ്പെട്ട പോലെയായിരുന്നു അവര്‍ക്കതിനെ അനുഭവപ്പെട്ടത്. 
''മൈകുണാപ്പന്‍... ആരെ കെട്ടിക്കാന്‍ മാണ്ടിട്ടാ ഇച്ചങ്ങായി ഇന്നേരത്തു കെട്ടിയെടുക്കുന്നത്?'' ആരോ അതിനിടെ തെറികള്‍ പുട്ടിനു തെങ്ങ പോലെ വാരിയിട്ടു കൊണ്ടിരുന്നു.... അതിനിടെ വിളക്കിന്റെ ചലനം ദ്രുതഗതിയിലായോ എന്നൊരു സംശയം. രാമനാമം ഉറക്കെ ജപിക്കുന്നത് കേള്‍ക്കാം. എന്താ സംഭവം? എല്ലാവരും പാലത്തിനരികിലെ ചരിവുള്ള മറഞ്ഞ ഭാഗത്ത് ഒളിഞ്ഞിരുന്നു നോക്കി.
അപ്പുമാഷു ആകെ വിറച്ച മട്ടാണ്. ഒരു പേടിച്ചരണ്ട കിതപ്പും കേള്‍ക്കാം.
"ഡേ... നോക്ക് ചങ്ങായ്‌, മൂപ്പരെ ബേക്കില് ഒരു നായി!" നായ എന്ന് വിളിച്ചാല്‍ പോര ഒരു ഒന്നൊന്നര നായ തന്നെയായിരുന്നു അത്. ഒരു കന്നാലിയോളം ഉയരമുള്ള ആ ഭീകരജീവി തന്റെ നാവ് തന്റെ ഒട്ടത്തിനനുസരിച്ചു ഇടത്തോട്ടും വലത്തോട്ടും വീശിയിടുന്നുണ്ട്. കൂര്‍ത്ത് രക്തദാഹിയായ ഡ്രാക്കുളയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ അവന്റെ പല്ലുകള്‍ അപ്പു മാഷിന്റെ മെഴുക് തിരി നാളങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു. "രണ്ടു സെയ്ത്താന്മാരും ഞമ്മളടുത്തുക്കാണല്ലാ പടച്ചോനെന്നും പറഞ്ഞു ഒരുത്തന്‍ കൂടെയുള്ളവരെ വീണ്ടുമൊരിക്കല്‍ക്കൂടി ഭയം പകുത്തു നല്‍കി. പിന്നില്‍ നിന്ന് ഈ പഹയന്‍ കാരണം ഞമ്മളും കൂടി പണ്ടാരടങ്ങ്വോ" എന്നൊരു ആതമഗതം എല്ലാവരെയും ഓടാന്‍ തയ്യാറായിക്കോ എന്നൊരു മുന്നറിയിപ്പായി കണക്കാക്കി. അപ്പു മാഷ്‌ നടക്കുന്നത് മതിയാക്കി പതിയെ ഒടാന്‍ തുങ്ങിയിരുന്നു. മെഴുകുതിരിയുടെ ഉരുകിയ ലാവ ക്രമം തെറ്റിയാണ് ഒലിക്കുന്നത്. ഉടുത്തിരുന്ന പോളിസ്ടര്‍ തുണി തമ്മിലുരഞ്ഞു ഓലമടല്‍ വലിച്ചു കൊണ്ട് പോകുന്നൊരു ശബ്ദം പോലെ തോന്നിപ്പിച്ചു. 

പിന്നില്‍ തെന്നെക്കാള്‍ ആരോഗ്യമുള്ളോരു നായ. മുന്നില്‍ ഇരുട്ട്. എന്ത് ചെയ്യും?ഈ വിളക്കങ്ങു കളഞ്ഞിട്ടു ഓടിയാലോ? പക്ഷെ ഇരുട്ടാണ്. വല്ല പൊട്ടക്കിണറ്റിലും വീണാല്‍..! അയ്യോ... അത് ഓര്‍ക്കാനും കൂടി വയ്യ... വല്ല പാമ്പും കടിച്ചാലോ..? അയ്യോ.. അയ്യോ.. പക്ഷെ നായയെക്കാള്‍ ഭീകരത കുറവാണ് പാമ്പിനു ആണോ? ഹമ്മേ. അല്ലല്ല. പാമ്പ് എന്തൊരു വൃത്തികെട്ട ജീവിയാണ്. കൊഴുപ്പുള്ള തൊലിയും പപ്പടത്തിന്റെ വാസനയും ഹോ... ഓട്ടത്തിനിടെ അപ്പുമാഷ്‌ പലതും ആലോചിച്ചു. ഒറ്റ മനുഷ്യ ജീവിയെ കാണാനില്ല. അല്ലെങ്കില്‍ കാണാം ആ തെണ്ടിപ്പില്ലെര്‍ വെറുതെ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നത്. ഒരു ആവിശ്യത്തിന് ഒരു തെണ്ടികളെയും കിട്ടില്ല. നാശം. ഈ ഊരാക്കുടുക്കില്‍ നിന്നും എന്നെ രക്ഷിക്കണേ ഭഗവാനെ. അപ്പുമാഷ്‌ മനസ്സുരുകി പ്രാര്‍ഥിച്ചു. 

അല്ഭുതമെന്നു പറയട്ടെ! ഭഗവാന്‍ അപ്പു മാഷിനെ രക്ഷിക്കാന്‍ തീരുമാനിച്ച മട്ടാണ്! അപ്പുമാഷിന്റെ മനസ്സില്‍ ഏതോ പുസ്തകത്തിലെ വാക്കുകള്‍ തെളിഞ്ഞു വന്നു. നായയെ കണ്ടാല്‍ ഓടരുത്. നമ്മള്‍ പേടിച്ചു എന്ന് കണ്ടാല്‍ നായ നമ്മളെ ഭയപ്പെടുത്തിക്കൊണ്ടെയിരിക്കും. നമ്മള്‍ പ്രതികരിക്കാത്ത കാലത്തോളം നമ്മളെ നായ എന്നല്ല ഏതു ജീവിയും നമ്മളെ ചൂഷണം ചെയ്യും. അപ്പുമാഷ്‌ ആ പുസ്തകത്തിലെ അടുത്ത ഖണ്ഡിക ഓര്‍ത്തെടുത്തു: 

"നിങ്ങള്‍ വിജനമായൊരു വഴിയിലൂടെ നടക്കുമ്പോള്‍ നിങ്ങളെ ഒരു തെരുവുനായ പിന്തുടര്‍ന്ന് എന്ന് വെക്കുക. നായകളുടെ പൊതുവായ സ്വഭാവമാണ് പിന്തുടരല്‍. അത് സഹജമാണ്. നിങ്ങള്‍ ആലപ്പ നേരം നടന്നിട്ടും ആ തെരുവുനായ പിന്നില്‍ തന്നെ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ നടത്തം നിര്‍ത്തുക. എന്നിട്ട് ധൈര്യം സംഭരിച്ച് അതിന്റെ നേരെ നില്‍ക്കുക. കണ്ണെടുക്കാതെ അതിന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുക. അപ്പോള്‍ നിങ്ങള്ക്ക് കാണാം നായ ഭയപ്പെടുന്നത്. അത് നിങ്ങളുടെ മുഖത്ത് നിന്നും കണ്ണെടുക്കും. ആ ജീവി പിന്നെ പതിയെ പതിയെ പിന്‍വലിയും. നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ.... ഭയപ്പെട്ടാല്‍ നിങ്ങള്‍ ഭയപ്പെട്ടു കൊണ്ടേയിരിക്കും." 
ഇത് വായിച്ച പിറ്റേന്ന് തന്നെ ക്ലാസ്സില്‍ കുട്ടികള്‍ക്ക് ഈ വിദ്യ പറഞ്ഞു കൊടുത്തതും മാഷ്‌ ഓര്‍ത്തെടുത്തു. പക്ഷെ എന്നാലുമെന്റെ ഭഗവാനെ ഈ നട്ടപ്പാതിരയ്ക്ക് വേണ്ടായിരുന്നു. പകല് എത്രഎത്ര സമയമുണ്ടായിരുന്നു!എന്നിട്ടും.... ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഈ ഭീകരന്‍ തന്റെ ഇറച്ചിയുടെ രുചിയറിയും.  


അങ്കം 


മാഷിന്റെ പോക്കറ്റില്‍ കൈ വെച്ചുള്ള മന്ദഗതിയിലുള്ള ഓട്ടം കണ്ടു രസിച്ച ഒളിച്ചിരിക്കുന്ന പയ്യന്മാര്‍ ഭയം മറന്ന് തലകുത്തി നിന്ന് ചിരിച്ചു. ചിലര്‍ക്ക് ചിരിച്ചു ചിരിച്ചു വയറവേദനയെടുത്തു.... വായ പൊത്തിപ്പിടിച്ചും ശ്വാസമടക്കിയുമുള്ള ആ നിശബ്ദ അട്ടഹാസങ്ങള്‍ അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ ലയിക്കാന്‍ വെമ്പല്‍ കൊണ്ടു. നായയുടെ ഭീകര രൂപം ഓര്‍ക്കുംബോഴുണ്ടാവുന്ന പേടി കൊണ്ടു അവരതിനെ ഒതുക്കി നിര്‍ത്തി.
പെട്ടെന്നാണ് പയ്യന്മാരെ ഞെട്ടിച്ചു കൊണ്ടു മാഷ്‌ രാമാ എനിക്ക് ശക്തി തരൂ എന്നും പറഞ്ഞു കൊണ്ടു നായയുടെ നേര്‍ക്ക്‌ ഞെട്ടിത്തിരിഞ്ഞത്. ആ നില്‍പ്പില്‍ നായ അന്തിച്ചു പോയി. ഓടുന്ന ഓട്ടത്തില്‍ ഇത്രയ്ക്കു പെട്ടെന്ന് പറ്റിക്കാമോഡാ എന്ന ഭാവത്തില്‍ നായ സഡന്‍ ബ്രേക്കിട്ടു. പക്ഷെ അല്‍പ്പം മിസ്സായി തെന്നിപ്പോയി- ഫലം നായ മാഷിനെ ഉമ്മ വെച്ചു! ""ഗ്രാ...ഹെന്റമ്മേ..."" അത് ഒരലര്‍ച്ചയായിരുന്നു-നായയുടെ. രണ്ടാമത്തേത് മാഷിന്റെ നിലവിളിയും... നായ ആകെ അങ്കലാപ്പിലായി. ഈ പഹയന്‍ എന്താ ഈ കാണിച്ചത്? നായ മാഷിന്റെ മുഖത്തേക്ക് നോക്കി. 
മാഷ്‌ നായയെ നോക്കി ദയനീയമായിക്കൊണ്ട് തൊഴുതുനില്‍ക്കുകയാണ്. ആ അപൂര്‍വ്വ രംഗം യുവജനോല്‍സവ വേദികളിലെ നിശ്ചലചിത്ര മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു. പാലത്തിനു ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന പയ്യന്മാര്‍ ചിരിക്കണോ കരയണോ എന്ന് സംശയിച്ചു.
നായയുടെ മുഖത്ത് നോക്കി നിന്നിട്ടും നായക്ക് ഒരു കുലുക്കവുമില്ലെന്ന പരമാര്‍ത്ഥം ഒരു ഞെട്ടലോടെ അപ്പുമാഷ്‌ തിരിച്ചറിഞ്ഞു. ഏതോ മണ്ടന്‍ എഴുതിയ കഥയും വിശ്വസിച്ചു ഇറങ്ങിപ്പുറപ്പെട്ട തന്നെ പറഞ്ഞാല്‍ മതിയല്ലോ.. മാഷ്‌ സ്വയം പഴിച്ചു. ആ പുസ്തകത്തില്‍ തെരുവ് പട്ടി എന്നാണു കൊടുത്തിരിക്കുന്നത്. ഇതിനെ കണ്ടിട്ട് ഏതോ രാജ കുടുംബത്തില്‍ പിറന്ന പോലെയുണ്ട്. ദിവസവും കിലോ കണക്കിന് ഇറച്ചിയും ബിസ്ക്കറ്റും കൊടുക്കുന്ന ഏതോ പണക്കാരന്റെ ആയിരിക്കും. അത്രക്കുണ്ട് ഈ ഭീകരന്റെ ആരോഗ്യം. ആ പുതുപ്പണക്കാരന്‍ ഗംഗാധരന്റെത് ആയിരിക്കുമിത്. പകല് മുഴുവന്‍ കൂട്ടിളിടുന്ന ഇതിനെ രാത്രി കെട്ടഴിച്ചു വിടാറുണ്ട് എന്നറിഞ്ഞിരുന്നേല്‍ താന്‍ ഏഴു മണിക്ക് മുമ്പേ വീട്ടില്‍ കയറിപ്പറ്റിയേനെ... നാശം....
നായ്‌ ക്രൂരമായ ഭാവത്തില്‍ നില്‍ക്കുകയാണ് അതിന്റെ വായില്‍ നിന്നും പശിമയുള്ള കൊഴുത്ത ദ്രാവകം തൂങ്ങിയൊലിക്കുന്നത് മാഷ്‌ ഒരു വട്ടമേ നോക്കിയുള്ളൂ.... പല്ലുകളുടെ തിളക്കം കണ്ടു മാഷ്‌ നെഞ്ചത്ത് കൈ വെച്ചു. വെച്ച കയ്യില്‍ സ്ഥിരം തടയാറുള്ള തന്റെ ഒമനപ്പേന നഷ്ട്ടപ്പെട്ടിരിക്കുന്നു! ഹോ.. ചാവാന്‍ പോകുന്നവന് എന്തിനാ പേന.! മാഷ്‌ ചിന്തിച്ചു. എന്നാലും ആയിരത്തി അഞ്ഞൂറ് രൂപയുടെ പേന...!
നായയുടെ മുരള്‍ച്ച ഭീകരമായ ഒരു അന്തരീക്ഷമാവിടെ സൃഷ്ട്ടിച്ചു. അത് മുരള്ച്ചയില്‍ നിന്നും പാലത്തിന്റെ കൈവരി കുലുങ്ങും വിധത്തില്‍ കുരയായി പരിണമിച്ചു. മാഷ്‌ ദയനീയമായി അതിനെ 
നോക്കി പറഞ്ഞു: 
"പോകൂ നായെ..." 
പണ്ട് തന്‍റെ അമ്മൂമ്മ ഒരു പാമ്പിനെ നോക്കി നീ പൊയ്ക്കോ പാമ്പേ ഞാന്‍ നിന്നെ ഒന്നും ചെയ്യാന്‍ വന്നതല്‍" എന്ന് പറഞ്ഞപ്പോള്‍ അത് അമ്മൂമ്മയെ ഒന്നും ചെയ്യാതെ മാലത്തിലേക്ക് കയറിപ്പോയി എന്ന ഒരു കഥ വീട്ടിലാരോ പറഞ്ഞത് കേട്ടതായിരുന്നു നായയോട് സംവദിക്കാന്‍ അപ്പു മാഷിനെ പ്രേരിപ്പിച്ചത്.


നായ കുറ നിര്‍ത്തുന്നില്ല. ഈ നായക്ക് മലയാളം അറിയില്ലേ? മാഷ്‌ ഓര്‍ത്തു-ഇത് വല്ല അമേരിക്കയില്‍ നിന്നും കൊണ്ടു വന്ന നായയായിരിക്കും. എന്നാലും ഇവിടെ വന്നാല്‍ പോകാന്‍ പറയുന്നതുമൊക്കെ വേഗം പഠിക്കില്ലേ..? അടുത്ത വീട്ടിലെ ഇല്യാസിന്റെ മകന്‍ ജനിച്ചത് കുവൈത്തിലായിട്ടും പന്ത്രണ്ടാം വയസ്സില്‍ ഇവിടെയെത്തിയപ്പോള്‍ അവനോടു മലയാളം പഠിച്ചോ എന്നാരോ ചോദിച്ചപ്പോള്‍ പോടാ പട്ടീ എന്ന് പറഞ്ഞത്രേ... അത് മാത്രേ പഠിച്ചുള്ളൂ അവന്‍. അപ്പൊ നായയ്ക്കും ഇതൊക്കെ ബാധകമല്ലെ!? എന്നാലും നായക്ക് അറിയാമായിരിക്കും മാഷ്‌ വീണ്ടും നായയോട് തൊഴു കയ്യോടെ പറഞ്ഞു :
 "പോകൂ നായെ..."
പാലത്തിനടിയിലിരുന്നു ഈ കാഴ്ച കാണുന്ന തെമ്മാടിക്കൂട്ടം ഇയാള നായയോട് വര്‍ത്താനം പറയുന്നത് കണ്ടു കലി പൂണ്ടു: 
"മൈ__ന്‍ . ചാവാന്‍ നേരത്തും അവന്റെ മറ്റെടത്തെ വര്‍ത്താനം അവന്‍ നിര്‍ത്തില്ല." 
"അതന്നെ!" 
കൂടെയുള്ളവര്‍ ശരി വെച്ചു. നായയോദു പോലും അച്ചടി ഭാഷ പറഞ്ഞ മാഷിനോടുള്ള അവരുടെ അമര്‍ഷമായിരുന്നു അത്. നായയും അപ്പുമാഷും തമ്മിലുള്ള സംവാദം തുടരുകയാണ്:

നായെ, ദയവു ചെയ്തു ഡോര്‍ പോകൂ... എന്നെ ഉപദ്രവിക്കരുത്. ഞാനൊരു പാവമാണ്.
നായക്ക് ഒന്നും മനസ്സിലായില്ല. നായ ഇടി വെട്ടും പോലെ കുരച്ചു ചാടി. മാഷ്‌ പ്ന്നോക്കം ചാടി.. മാഷ്‌ വീണ്ടും പറഞ്ഞു : പോകൂ നായെ. പ്ലീസ്‌ ഗോ എവേ... മാഷ്‌ അവസാന അടവും പയറ്റി! ഇംഗ്ലിഷ്!!! ചിലപ്പോ സായിപ്പാണെങ്കിലോ 
ഇല്ല!!! നായ കുരച്ചു കൊണ്ടു മുന്നോട്ടു വരികയാണ്. മൃഗീയമായ നായയുടെ ക്രൌര്യമേറിയ തിളങ്ങുന്ന കണ്ണുകള്‍ മാഷിന്റെ തുടുത്ത ശരീരത്തിലേക്ക് തുറിച്ചു നോക്കി.നിലത്തിഴയുന്ന വെള്ളത്തുണി മാടിപ്പിടിച്ചു മാഷ്‌ മരിക്കാന്‍ ഒരുങ്ങി നിന്നു..... നായ മുന്നോക്കം ചാടാന്‍ വേണ്ടി ഒന്ന് പിന്നോക്കമാഞ്ഞു.... മാഷിന്റെ സര്‍വ്വ നിയന്ത്രണങ്ങളും അപ്പോള്‍ നഷ്ട്ടപ്പെട്ടു. അയാളപ്പോള്‍ എല്ലാം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തന്റെ അവസ്ഥയിലെത്തിയിരുന്നു തന്റെ ശരീരത്തിലേക്ക് ചാടാനോങ്ങിനില്‍ക്കുന്ന നായയുടെ മുന്നിലേക്ക്‌ നടന്നു കൊണ്ടു മാഷ്‌ അലറി വിളിച്ചു: 

"പോ.. നായ്യ്യേ ആട്ന്നു.... ഞാന്തെത്ത അങ്ങോട് ചെയ്തത് ...? ഒരു നിലവിളിയോടുകൂടി അലറിക്കൊണ്ട് ആ നായുടെ നേരെ മാഷ്‌ നടന്നു ചെന്നു....
"അനക്കെന്ത മാണ്ട്യെ നായ്യെ...  ന്നടാ... കൊല്ല്... കൊല്ല്.... തിന്ന്... തിന്നെടാ നായ്യെ..."
നായ ഒരു പകപ്പോടെ അപ്പുണ്ണി മാഷിനെ നോക്കി. ഒരുവട്ടം നിന്നിടത്തുനിന്നു ആ വലിയ ജീവി കറങ്ങി. വാല് ചുരുട്ടി മോങ്ങി. പിന്നെ ദൂരേക്ക്‌ ഇരുട്ടിലെവിടെക്കോ ഓടി മറഞ്ഞു......

മാഷ്‌ ആകെ വിയര്‍ത്തിരുന്നു. ഇതിനിടയിലെപ്പഴോ കയ്യില്‍ നിന്നും വീണ മെഴുകുതിരി ചിരട്ട കൂടി കത്താന്‍ തുടങ്ങിയിരുന്നു.... അപ്പുണ്ണി മാഷ്‌ കണ്ണുകളടച്ചു നിലത്ത് മുട്ടുകുത്തിയിരുന്നു. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് മേല്പ്പോട്ട് നോക്കി.തന്റെ ശരീരത്തിലെ വിയര്‍പ്പില്‍ കാറ്റ് തണുപ്പ് പടര്‍ത്തുന്നത് മാഷറിഞ്ഞു. ഉദ്വേഗജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓര്‍ത്ത്‌ മനസ്സിനെ പാകപ്പെടുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. 
അപ്പോഴാണ്‌ പിന്നില്‍ നിന്നും ഒരു അശരീരി:

"ഡാ കോയാ, അനക്ക് അറിയൂലാടാ, ഈ നായിക്കള്‍ക്ക് അച്ചടിക്കണ വര്‍ത്താനം തിരിയൂലാന്ന്!! അയ്നോട് ആദ്യം തന്നെ അങ്ങോട്ട്‌ ഞമ്മള മാതിരി വര്‍ത്താനം പര്‍ഞ്ഞാ പോരെയ്ന്യോ..." കൂടെ  ആത്മഗതം പോലെ- "ഒന്റോരു ഹലാക്കിലെ വര്‍ത്താനം" 

മാഷ്‌ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല. ഇവിടുത്തെ സ്ഥിരം കുറ്റികള്‍ തന്നെയായിരിക്കും. ഇവന്മാര്‍ ഇതൊക്കെ കണ്ടു കൊണ്ട് നില്‍പ്പുണ്ടായിരുന്നോ..! ഇതൊക്കെ കണ്ടു കൊണ്ട് നില്‍ക്കുന്ന പിള്ളേരുടെ വാക്കുകള്‍ തന്നെയാണത്. മാഷ്‌ മനസ്സിലെ ചമ്മലെടുത്തു വെളിയില്‍ കളഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചു. എന്നിട്ട് ഉറക്കെത്തന്നെ പറഞ്ഞു:
 "മതിയേനി കോയാ... ഞമ്മക്കപ്പം ആ പുത്തി തലേല്‍ക്ക്  എത്തീലാ... ന്നിപ്പേതായാലും അങ്ങനാട്ട് പോട്ടെ. അടുത്തയ്ല് നോക്കാ..."

 കുഴലിലിട്ട വാല്‍ :


മാഷ്‌ പിന്നീട് നാട്ടുകാരോടെല്ലാം കോഴിക്കോടന്‍ ശൈലിയിലാണ് സംസാരിക്കാറ്. എന്തായാലും നായ ഓടിപ്പോയത് കോഴിക്കോടന്‍ ശൈലി പറഞ്ഞിട്ടല്ലെന്നു മാഷിനുമറിയാം ഞങ്ങള്‍ക്കുമറിയാം മാഷിന്റെ അപ്പോഴത്തെ പ്രകടനം കണ്ടാല്‍ നായയെന്നല്ല ഒറിജിനല്‍ ജിന്ന് വരെ പേടിച്ചു മരിച്ചു പോകും. അപ്പഴ ഒരു പീറ നായ.. അല്ല പിന്നെ!!!
അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം. എല്ലാവര്‍ക്കും എന്റെ നമോവാകം:))