Sunday, February 19, 2012

തുടുത്ത മുല

ഒരു മുല വേണമായിരുന്നു....
നല്ല തുടുത്ത കൊഴുത്ത മുല....
ഉറിഞ്ചി ക്കുടിക്കുമ്പോ മുലപ്പാല് മാത്രം കിട്ടുന്ന മുല....
എന്റെ കുഞ്ഞിനു തല പൂഴത്തിയുറങ്ങാന്‍ നല്ല മാംസളതയുള്ള മുല....

ഇപ്പൊ, എന്റെ കുട്ടി രക്തമാണ് വലിച്ചു കുടിക്കുന്നത്...
അതെ, എന്റെ രക്തം. നല്ല ചൂടുള്ളത്. നിറമുള്ളത്....
രക്തം കുടിച്ചു വലുതായിട്ട് ഒരിക്കല്‍ നിങ്ങളോട് അത് തന്നെ ചോദിക്കും-രക്തം- അതു ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ ചിന്തുന്നതാണ്.... ചിലപ്പോ മണ്ണില്‍, ചിലപ്പോഴൊക്കെ ചിലരുടെ നെഞ്ചില്‍,
മറ്റു ചിലപ്പോഴൊക്കെ ചിലരുടെ പുച്ഛം നിറഞ്ഞ മുഖത്തും.
ഞാന്, എന്റെ കുഞ്ഞിന്റെ വായിലാണത് ചിന്തുന്നത്.... കൊഴുപ്പില്ലയെങ്കിലും അവനതു നന്നായി കുടിക്കുന്നുണ്ട്....

ഇന്നൊരു മുല കിട്ടിയില്ലെങ്കില്‍ നാളെ ഒരു പാട് മുലകളെ
അവന്‍ ചോദ്യം ചെയ്യും.... അവനറിയാം, സ്വന്തം അമ്മയുടെ മുല പോലും അവനോടു നീതി പുലര്‍ത്തിയിട്ടില്ലയെന്ന്.... നാളെ കൊള്ളക്കാരനെന്നൊരു പേരും വെച്ച്, ഈ മണ്ണിലൂടെ
എന്റെയാണ്‍കുട്ടി കുറുവടിയുമായി മുതലോളിപ്പിച്ചു വെച്ചവരുടെ
പിന്നാലെ പോകുമ്പോള്‍ ലോകത്തിനവന്‍ കള്ളനായിരിക്കാം...
പക്ഷെ,
എനിക്കവന്‍ നീതിമാനാണ്-ഒരുപാട് കുഞ്ഞു വായകളിലേക്ക് അമൃത് പകരുന്ന മഹാനായ നീതിമാന്‍- ലോകം കാണാത്ത- ലോകം തിരിച്ചറിയാത്ത-
ലോകം മുഴുവന്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നീതിമാന്‍....