Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, February 15, 2013

ശിവദാസൻ മാഷിന്റെ ചൂരലും അഞ്ചുവിന്റെ കരച്ചിലും


മൂന്നാം ക്ലാസിലെ ഓർമ്മകൾ

വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ സിറ്റി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയം. തുടുത്ത കവിളുള്ള ഫാത്തിമയെ ഇടയ്ക്കിടെ പോയി ഉമ്മ വെക്കുക എന്നതായിരുന്നു എന്‍റെ പ്രധാന ഹോബി. ഉമ്മ കൊടുക്കുമ്പോള്‍ അങ്ങനാണ്ടിരുന്ന അവള്‍ക്കു എന്നെ ഇഷ്ട്ടം തന്നെ ആയിരിക്കണം. അല്ലെ, ആവോ! ആ സ്കൂളില്‍ നിന്നും ഉമ്മ കാണാതെ ഉപ്പ എന്നെ പേര് വെട്ടി ടി സിയും വാങ്ങിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങുമ്പോള്‍ എനിക്ക് ഫാത്തിമയെയും ആ സ്കൂളിനെയും പിരിയുന്ന വേദനയായിരുന്നു അധികം. നശിച്ച ഓര്‍ഫനേജില്‍ നിന്നും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും യാത്ര ചെയ്തുകൊണ്ടിരിക്കാന്‍ അന്നേയുള്ള ഇഷ്ട്ടവുമായിരിക്കാം അന്ന് കരയാതെത്തന്നെ അവിടുന്നിറങ്ങി.

ഫാത്തിമയെ പിരിഞ്ഞ വേദനയാലോ അതോ എന്‍റെ സങ്കല്‍പ്പങ്ങളിലുള്ള സൗന്ദര്യവും സ്വഭാവവുമുള്ള പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ എന്നറിയില്ല, ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും എന്നത് ഭീകരമായ വിരഹത്തിന്‍റെയും നഷ്ട്ടബോധത്തിന്റെയും കാലമായിരുന്നു. എന്തോ, ആ വിരഹം പേന മോഷണം എന്ന ലഹരിയിലേക്ക് തള്ളിവിടുകയുമായിരുന്നു ഉണ്ടായിരുന്നത്. പേന ലഹരി തലയ്ക്കു പിടിച്ച ആ കാലഘട്ടത്തില്‍ ഞാനും എന്‍റെ കൂട്ടുകാരും മോഷ്ട്ടിച്ച പേനകള്‍ക്ക്‌ കണക്കില്ല. (കൂട്ടുകാര്‍ക്ക്പേ ഇതേപോലെ വിരഹം ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ഉണ്ടായിരുന്നിരിക്കാം. പാവങ്ങള്‍ )  പേനകള്‍ക്ക്‌ പല സൗന്ദര്യമാണ് ഓരോ തരം പേനകളോടും ഓരോ വിധം ലഹരിയാണ് തോന്നുക. ആ.., അതൊക്കെ ഒരുകാലം. പിന്നീട് ഞാനും ഞങ്ങളും മൂന്നാം ക്ലാസ് എന്ന താഴത്തെ" ക്ലാസ്സിലെത്തി. താഴത്തെ ക്ലാസ് എന്ന് വെച്ചാല്‍ ഇന്നത്തെപ്പോലെ കോണ്ക്രീറ്റ് ബില്‍ഡിങ്ങ് ഒന്നുമല്ല. ഭൂമിശാസ്ത്രപരമായി ഉള്ള വിത്യാസമായിരുന്നു അത്. ഉയര്‍ന്നും താഴ്ന്നുമുള്ള ആ ഭൂമികയില്‍ ലീല ടീച്ചറും ഭര്‍ത്താവും ആ സ്കൂളിന്‍റെ ഹെഡ് മാസ്റ്ററും സര്‍വ്വോപരി ലവ് ലെറ്റര്‍ കേസില്‍ എന്നെ ആദ്യമായി ശിക്ഷിച്ച അധ്യാപകനുമായ ശിവദാസന്‍ മാഷും പഠിപ്പിച്ചു പുറത്തു വിട്ട കുട്ടികള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കളോളം വയസ്സുണ്ടായിരുന്നു. അതേ, അന്ന് ലീല ടീച്ചറെ കുറിച്ചോ ശിവദാസന്‍ മാഷെ കുറിച്ചോ അതുമല്ലെങ്കില്‍ അറബി ടീച്ചര്‍ ജമീല ടീച്ചറെ കുറിച്ചോ മുതിര്‍ന്നവരോട് വല്ലതും പറയുകയാണെങ്കില്‍ അവരും പറയും ;
"ഞങ്ങളെയും പഠിപ്പിച്ചത് അവരാ!"
 "ങേ!!!" - ഞങ്ങള്‍ കുട്ടികള്‍ക്ക്
അത് കേള്‍ക്കുമ്പോള്‍ ഭയങ്കര അതിശയമായിരുന്നു. അതുപോലെത്തന്നെ ടീച്ചര്‍മാരോട് ബഹുമാനവും വര്‍ദ്ധിക്കും. അല്ല, ഭയഭക്തി എന്ന് തന്നെ പറയേണ്ടി വരും. അതാണ്‌ ചേരുന്ന വാക്ക്. പേടിയും ആരാധനയും ഒക്കെക്കൂടി കലര്‍ന്ന ഒരുതരം സ്നേഹം, ഇതിനെ മലയാളത്തില്‍ ഏതു വാക്കില്‍ കുടിയിരുത്താം എന്നെനിക്കറിയില്ല.

ഉമ്മയില്ലാത്ത കുട്ടി എന്ന കാരണം കൊണ്ടാണോ ഇനി എന്‍റെ അരുമയായ മുഖം കൊഞ്ചുന്നത് (അയ്യട നല്ല മൊതല് തന്നെ) കണ്ടിട്ടാണോ എന്നറിയില്ല, ജമീല ടീച്ചര്‍ക്കും ലീല ടീച്ചര്‍ക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ഈയിടെ എന്‍റെ ഇത്ത, അതിലെ പോയപ്പോള്‍ എന്നെപ്പറ്റി ചോദിച്ചുവത്രേ. റഹിമിന് സുഖമാണോ, അവനിപ്പോ എന്ത് ചെയ്യുന്നുവെന്നൊക്കെ. എനിക്കത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. പഠിപ്പിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു, എന്നിട്ടും എന്നെ മറന്നിട്ടില്ല അവര്‍ . ഞാന്‍ ആണെങ്കില്‍ വീടിനടുത്ത് നിന്നും ടീച്ചറുടെ വീട്ടിലേക്കു പത്തിരുപതു കിലോമീറ്റര്‍ ദൂരം മാത്രമായിട്ടും ഒരിക്കല്‍ പോലും അങ്ങോട്ട്‌ പോയിട്ടേയില്ല. സ്നേഹമില്ലാഞ്ഞിട്ടൊന്നും അല്ല ടീച്ചറേ, നിങ്ങള്‍ പഠിപ്പിച്ച സ്നേഹിച്ച ഒരു കുട്ടി, എവിടെയുമെത്തിപ്പെടാതെ അലഞ്ഞു തിരിയുന്ന ഒരവസ്ഥയില്‍ മുന്നില്‍ വന്ന് നില്‍ക്കാനുള്ള ത്രാണിയില്ലായിരുന്നു. മാപ്പ്. എന്‍റെ നെഞ്ചിനുള്ളിലേക്ക് കൈ കടത്തി, ഹൃദയത്തിലെ ചോര പുരണ്ട കൈകളാല്‍  ഞാനീ മാപ്പ് ചോദിക്കുന്നു.

കണ്ണൂര്‍ സിറ്റി സ്കൂള്‍ വിട്ടതിനു ശേഷം പിതാവ് തുഴഞ്ഞ തോണി കോഴിക്കോട് ടൗണിനു അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു എത്തിപ്പെട്ടത്. കറങ്ങിക്കറങ്ങി ആ തോണി അവിടെത്തന്നെ തട്ടി നിന്നു. അങ്ങനെയാണ് ഞാന്‍ വെള്ളായിക്കോട്  പുത്തൂര്‍ ഗവര്‍മന്‍റ് എല്‍ പി സ്കൂളില്‍ എത്തിപ്പെടുന്നത്. ഒരു വല്ലാത്ത ഗൃഹാതുരത്വമുള്ള ആ സ്കൂള്‍ പല തട്ടുകളില്‍ ആയിരുന്നു നില നിന്നിരുന്നത്. റോഡില്‍ നിന്നും എട്ടുപത്തു പടി കയറി ചെറുതായുള്ള കയറ്റത്തില്‍ നടന്നു നേരെയെത്തുന്നത് സ്റ്റാഫ് റൂം. അതിനു തൊട്ടു ചേര്‍ന്ന് കൊണ്ട് മൂന്നാം ക്ലാസ്. മൂന്നാം ക്ലാസിനു അഭിമുഖമായി, നമ്മള്‍ നേരത്തെ കയറി വന്ന പടിയുടെ വലതു ഭാഗത്തായി മൂന്ന് തട്ടായുള്ള  മൈതാനം. (അങ്ങനെ പറയാമോ എന്നറിയില്ല. 


ഞങ്ങള്‍ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.) ആ മൈതാനത്തിനു വക്കില്‍ റോഡിലേക്ക് പകുതി ചാഞ്ഞു കിടക്കുന്ന പൂമരം. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ ഞങ്ങളുടെ മൈതാനവും റോഡുമാകെ നിറഞ്ഞു കിടക്കുമായിരുന്നു. മൈതാനത്തിന്‍റെ തട്ടുകളുടെ അരികുകളിലൂടെ തിരക്കിട്ട് പോകുന്ന പാമ്പിനെപ്പോലെ പൂമരത്തിന്റെയും പിന്നെ പേരറിയാത്ത ഏതോ മരങ്ങളുടെയും വേരുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. അവിടെയുമിവിടെയും തൂവെള്ള കടലാസുകളും പൂക്കളും ഇലകളും അല്ലാതെ മറ്റൊന്നും ആ മൈതാനത്ത് കാണാനില്ലായിരുന്നു. ഞങ്ങളുടെ കുഞ്ഞു കുഞ്ഞു പാദങ്ങള്‍ നിരന്തരമായി പതിക്കുന്ന ഇടങ്ങളെല്ലാം കാണാന്‍ ഒരു പ്രത്യേക ചന്തമായിരുന്നു. മണ്ണും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ അടയാളങ്ങള്‍ ആയിരിക്കാമവ. അങ്ങനെ വൃത്തിയായിക്കിടക്കുന്ന ഭാഗങ്ങള്‍ക്ക് ഓരങ്ങളില്‍ വെളുത്ത പഞ്ചസാര മണലുകള്‍ അടിഞ്ഞു ചേര്‍ന്നിരിക്കുന്നത് കാണാം.

മൂന്നാം ക്ലാസ് എന്നത് ഇവിടെ ആണെങ്കില്‍ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും നാലാം ക്ലാസ്സും ഞങ്ങള്‍ക്ക് മറ്റൊരു ലോകമായിരുന്നു. സ്റ്റാഫ് റൂമിന് മുന്നില്‍ നിന്നും ഇടത്തോട്ടു പടി കയറി ഇടതു ഭാഗത്തുള്ള കഞ്ഞിപ്പുരയെ പാളി നോക്കിക്കൊണ്ട്‌ വലത്തുഭാഗത്തെ അരമതിലിനു കൈമുട്ടിച്ചു പൂപ്പല്‍ പറിച്ചു (ഈ പൂപ്പല്‍ വെറും പൂപ്പലല്ല, അതുകൊണ്ടൊരു കളിയുണ്ട്, കോര്‍ത്തു വലിക്കുന്ന ഒരു കളി. അതിനെപ്പറ്റി പിന്നെപ്പറയാം!) നേരെ നടന്നാല്‍ അരമതിലില്‍ ഒരു ഇരുമ്പുവാതില്‍ . അത് തുറന്നു അകത്തു കയറിയാല്‍ ഏഴ് (7)ആകൃതിയില്‍ കെട്ടിടം. 

വലത്തുഭാഗത്തു ലംബമായി കാണുന്നത് ഒന്നാം ക്ലാസ്സ്. നേരെ മുന്നില്‍ വിലങ്ങനെ അഭിമുഖമായി നമ്മളെ കാത്തിരിക്കുന്നത് രണ്ടാം ക്ലാസ്. ആ ക്ലാസ്സിന്റെ ഇടതു ഭാഗത്ത് വലിയ മൈതാനം ഉണ്ട്. മൈതാനം അല്‍പ്പം ഉയര്‍ന്നിട്ടാണ്. ഈ മൈതാനത്തിനും ക്ലാസ്സിനും ഇടയിലൂടെ ഇരു കൈ വിടര്‍ത്തിയാല്‍ തട്ടുന്ന വീതിയിലൊരു വഴി. അത് ആ സ്കൂള്‍ അവസാനിക്കുന്ന ഇടം. അതേ, നാലാം ക്ലാസ്. അത് കഴിഞ്ഞാല്‍ പിന്നെ ഒരു കുട്ടിക്കും പിന്നെയാ സ്കൂളില്‍ സ്ഥാനമില്ല. ആ ക്ലാസ്സിനു പിന്നില്‍ വലിയ അഗാധമായ താഴ്ചയാണ്. പത്തിരുപതു മീറ്റര്‍ താഴ്ചയുള്ള ഇടത്തില്‍ ഒരു പഴയ തറവാട് വീടിന്റെ പിന്‍ഭാഗത്തെ പറമ്പാണ്. എന്‍റെ ആദ്യത്തെ മരണപ്പൂതി എഴുതിയ കടലാസുകള്‍ വീണ പറമ്പ്.!  

ആ വീട് എന്‍റെ സഹപാഠി മാത്തന്റെ വീട്. ഓ തെറ്റിപ്പോയി, അവന്‍റെ ശരിക്കും പേര് ജിതിനെന്നാ! ജിതിന്‍റെ വീട്. ഞങ്ങള്‍ നാലാം ക്ലാസ് കഴിഞ്ഞു സ്കൂളിനോട് വിട പറയുന്നതിന് കുറച്ചു കാലം മുമ്പേ, ആ മൈതാനത്തിനു നടുവില്‍ ഞങ്ങള്‍ ഒരു മരം നാട്ടുപിടിപ്പിച്ചിരുന്നു. ശിവദാസന്‍ മാഷ്‌ പറഞ്ഞിട്ട് നട്ടുപിടിപ്പിച്ച മരം. പൂമരം. അതിപ്പോയിങ്ങനെ വലിയ തണല്‍ സൃഷ്ട്ടിച്ചു കൊണ്ട് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പക്ഷെ അതിനു താഴെ കളിക്കാനിപ്പോള്‍ കുട്ടികളില്ല, ശാസിക്കാന്‍ അധ്യാപകരുമില്ല. കുട്ടികളില്ലാത്തത് കൊണ്ടാവാം പൂവ് കണ്ടില്ല, കിളികളെയും. പണ്ടെങ്ങോ പാട്ടത്തിന് എടുത്ത സ്കൂള്‍ ആയിരുന്നു അത്. എത്രയോ തലമുറകളെ പാഠങ്ങള്‍ പഠിപ്പിച്ച അങ്കണം. അത് നിശ്ചലമായിരിക്കുന്നു.


 പ്രാണസഖി

കണ്ടോ കണ്ടോ നമ്മള്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയതാണ്‌ എന്നിട്ടിപ്പോ എവിടെയൊക്കെയോ എത്തിയിരിക്കുന്നു. പ്രണയം എല്ലായിടത്തുമുണ്ട് എന്ന് പറയുന്നത് ചിലപ്പോ ഇതുകൊണ്ടാവുമല്ലേ. അത് നമ്മളെ ഒരിടത്തുനിന്നും വേറൊരിടത്തേക്ക് ആനയിച്ചു കൊണ്ടേയിരിക്കുന്നു. പാറിപ്പാറി നമ്മള്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് കൊണ്ടേയിരിക്കുന്നു.

ആ അതൊക്കെ പോട്ടെ. അഞ്ചു ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അഞ്ചു എന്നാല്‍ അഞ്ചല്ല. അക്കമല്ല, അതിനേക്കാള്‍ ഒക്കെ വലിയ സ്ഥാനമുള്ള അഞ്ചുമോള്‍ . എന്‍റെ പ്രാണസഖി. മൂന്നാം ക്ലാസ്സിലെ ലോക സുന്ദരി. പണ്ട് മുതലേ എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, കണ്ട ആപ്പ ഊപ്പ സുന്ദരികളെ ഒന്നും എനിക്ക് ഇഷ്ട്ടമാവില്ല. ചിലരോട് മാത്രം പതുക്കെപ്പതുക്കെ, അവരുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട്, കുസൃതികള്‍ പിണക്കങ്ങള്‍ സംസാരം ഒക്കെ കണ്ട് കണ്ട് അവസാനം കണ്ണുകള്‍ തമ്മിലുടക്കി... അങ്ങനെയങ്ങെനെ മാത്രമേ എന്‍റെ പ്രേമം പുറത്തേക്കു പ്രവഹിക്കൂ...

 'ഒരു ആസ്ഥാന കാമുകനും സ്ഥലത്തെ പ്രധാന ലോലനും' ആയിരിക്കാം ഇവന്‍ എന്ന ഒരു ധാരണ നിങ്ങള്ക്ക് പലര്‍ക്കും ഉണ്ടായേക്കാം എന്നെനിക്കറിയാം. 

സ്വപ്നങ്ങളിലെസുന്ദരി. ഒരു മൂന്നാം ക്ലാസ്സുകാരായ ഞങ്ങളുടെ പ്രണയത്തിന്റെ ആഴം നിങ്ങള്ക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും അവനവന്‍റെ പ്രണയത്തെ മനസ്സിലാക്കാന്‍ അവനവനു കഴിയുന്നതോനോളം ആര്‍ക്കും കഴിയില്ല. അത് കൊണ്ടാണ് വിരഹം എന്നത് ഹൃദയം വെട്ടിമുറിക്കുന്ന ഒരനുഭവമായി നമുക്ക് തോന്നിപ്പോകുന്നത്.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും എന്‍റെ മനസ്സിലെ പ്രണയം ഞാന്‍ അഞ്ചുവിനോട് തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതൊരു പക്ഷപാതപ്രണയം (വണ്‍ വേ ലൈന്‍ ) ആണെന്ന് വേണമെങ്കില്‍ നിങ്ങള്ക്ക് പറഞ്ഞ് ആക്ഷേപിക്കാം. പക്ഷേ അവള്‍ എന്നോട് സംസാരിക്കാറുണ്ടായിരുന്നു, എന്നോട് പിണങ്ങാറും ഇണങ്ങാറുമുണ്ടായിരുന്നു പക്ഷേ അതെല്ലാം എന്‍റെ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. 

ഒരു വണ്‍ വേ കാമുകനും കാമുകിയും താന്‍ പ്രണയിക്കുന്ന ആള്‍ തന്നെ തിരിച്ചിങ്ങോട്ടു പ്രണയിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആരെങ്കിലും ആക്ഷേപിച്ചാല്‍  പ്രധിരോധം തീര്‍ക്കുമല്ലോ. അങ്ങനെ കരുതിയാല്‍ മതി. അഞ്ചുമോള്‍ എന്നെ പ്രണയിച്ചില്ലായിരുന്നുവെന്നത് ഒരു ദുഃഖസത്യം ആണെങ്കിലും അത് അംഗീകരിക്കാന്‍ മാത്രം എനിക്ക് മനശക്തിയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അവളുടെ ഇളം ചുവപ്പു നിറത്തിലുള്ള ചാമ്പക്കയെ പോലുള്ള മൂക്കില്‍ ഒരുമ്മ കൊടുക്കാന്‍ എത്രയോ കാലമായി ഞാന്‍ കാത്തിരിക്കുന്നു. (ഇങ്ങനെയുള്ള അവസരങ്ങളില്‍ ഞാന്‍ എന്‍റെ പഴയ കാമുകി ഫാത്തിമയെ ഓര്‍ത്ത്‌ വളരെയേറെ വേദനിക്കാറുണ്ട്. എന്‍റെ ആദ്യ കാമുകിയും പ്രണയവും ആയിരുന്ന അവളെ ഉമ്മ വെക്കുമ്പോള്‍ അവള്‍ അങ്ങാതെ ഇരിക്കുമായിരുന്നു! 

   എന്തോ, എനിക്കറിയില്ല, എന്തുകൊണ്ടാണ് മൂക്കില്‍ ഉമ്മ വെക്കാന്‍ തോന്നുന്നത് എന്ന്. ചിലപ്പോള്‍ അതൊരു കീഴടക്കല്‍ ആയിട്ടാവാം. പെണ്ണിനെ ഒരു ആനയെപ്പോലെ സങ്കല്‍പ്പിച്ചാല്‍ സംഗതി സത്യമാണ്, ആനയുടെ തുമ്പിക്കൈയ്യിനു മേലെ മസ്തകത്തില്‍ ഉമ്മ വെക്കുന്ന പോലെ ഒരു സാഹസം, ഒരു കീഴടക്കല്‍ , ഒരു സ്നേഹം പകര്‍ത്തല്‍ ...! അന്ന് എന്‍റെ കൂട്ടുകാരനോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് 

 "ഓളെ മൂക്കുമ്മല്  മാത്രല്ലേ ഓള്‍ക്ക് മൊഖക്കുരു ഇല്ലാത്ത സലം? 
അതോണ്ടായിരിക്കും അനക്ക് ഓളെ മൂക്കില് തന്നെ ഉമ്മ കൊടുക്കാന്‍ തോന്നുന്നത്" - 

എന്നായിരുന്നു. ഒരു കലാബോധവും പ്രണയ സങ്കല്‍പ്പവും ഇല്ലാത്ത കാട്ടുമാക്കാനോട് ആണല്ലോ പടച്ചോനെ ഞാനിത് ചോദിച്ചു പോയത് എന്നോര്‍ത്തു ഞാനിപ്പഴും പരിതപിക്കുന്നു. അവളെ അവഹേളിക്കും വിധം മുഖുക്കുരുവിനെ ചിത്രീകരിച്ചതില്‍ അവനോടു എനിക്ക് ഇപ്പോഴും പകയുണ്ട്. മുഖക്കുരു ചില മുഖങ്ങള്‍ക്ക് ചന്തമാണ്! മുഖക്കുരു ഉള്ള ചില മുഖങ്ങളെ മനസ്സില്‍ നിന്ന് മായ്ക്കാനേ കഴിയില്ല, ആ കുരുകളെപ്പോലെത്തന്നെ അതങ്ങനെ മായാതെ നില്‍ക്കും. ഒരു ഫെയര്‍ ആന്‍ഡ് ലവ്ലിക്കും തുടച്ചുമാറ്റാന്‍ കഴിയാത്ത വിധത്തില്‍ . കാട്ടുമാക്കാന്മാര്‍ എന്തറിഞ്ഞു! തെണ്ടികള്‍ .!!

ഇതെല്ലാം വായിക്കുന്ന പെണ്ണുങ്ങളേ ദയവു ചെയ്തു എന്നെ കൂട്ടമായി ആക്രമിക്കരുത്  നിങ്ങളെ ആനയോട് ഉപമിച്ചതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ വര്‍ഗത്തിനും എന്നോട് ഭയങ്കര വിരോധവും പുച്ഛവും ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം. ആനയുടെ വലിപ്പമല്ല, ശക്തിയും ബുദ്ധിയും സ്നേഹിക്കാനുള്ള കഴിവും ഇണക്കവും ആണ് ഞാന്‍ നിങ്ങളില്‍ കണ്ടെത്തുന്നത്. ദയവു ചെയ്തു നിറത്തെ കുറിച്ച് ചോദിക്കരുത്. ആ ഒരു ഇളവ് എനിക്ക് തരണം. അല്ലെങ്കിലും നിറത്തില്‍ എന്തിരിക്കുന്നു.

നമുക്ക് മൂന്നാം ക്ലാസ്സിലേക്ക് തന്നെ പോകാം. അവിടെയാകുമ്പോള്‍ അഞ്ചുവുണ്ട്. അതില്‍പരം എന്ത് വേണം. അതോടൊപ്പം എന്‍റെ രണ്ടാം പ്രണയകഥയുടെ വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെ നിങ്ങള്‍ക്കും കടന്നു പോകാം.
അഞ്ചുമോള്‍ ചിരിക്കുന്നതും പിണങ്ങുന്നതും കൂട്ടുകാരികളോട് ഉണ്ടക്കണ്ണ്‍ വലുതാക്കിയും ചിരിക്കുമ്പോള്‍ ചെറുതാക്കിയും വീട്ടിലെയോ മറ്റോ കഥകള്‍ പറയുമ്പോള്‍ ഞാന്‍ കൗതുകത്തോടെ നോക്കിയിരിക്കും. 

ഇടക്കൊക്കെ കണ്ണുകള്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരു ചിരി തരുമായിരുന്നെങ്കിലും അവള്‍ക്കു ഈ ലവ്വിനെ കുറിച്ചൊക്കെ അറിയുമോ എന്ന് അന്നെയെനിക്ക് സംശയമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പ്രേമം മൂത്ത് മൂത്ത് തലയ്ക്കു പിടിച്ച ഒരവസരത്തില്‍ ബെഞ്ചിലും പുസ്തകത്തിലുമൊക്കെ എന്‍റെ പേന നിരന്തരം മനസ്സിലാക്കാന്‍ വയ്യാത്ത വിധത്തിലുള്ള പലജാതി ചിത്രങ്ങളെ സൃഷ്ട്ടിക്കുമായിരുന്നു. ഒരിക്കല്‍ അങ്ങനെ സ്വപ്നത്തിലെന്ന പോലെ വര കഴിഞ്ഞു നോക്കുമ്പോള്‍ ദേ മുന്നില്‍ ഒരു കടലാസില്‍ A +AR എന്നെഴുതി ഒരു ലവ്വും അതിലൂടെ ഒരു അമ്പ് ചാട്ടൂളി കണക്കിന് കടന്നു പോകുന്നതും വരച്ചു വെച്ചിരിക്കുന്നു. ഞാനതിലേക്ക് നോക്കിയിരിക്കെ കൂട്ടുകാരത് കണ്ട് പിടിച്ചു. 

മനസ്സില്ലാമനസ്സോടെ ഞാന്‍ സംഗതി അവരോടു തുറന്നു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്തപാതി ധീരജും വിപിന്‍ ദാസും അരുണും ഒക്കെക്കൂടി എന്നെയെങ്ങ് വീരപുരുഷന്‍ ആക്കിക്കളഞ്ഞു! പിന്നെയവര്‍
"നിനക്ക് ധൈര്യമുണ്ടെങ്കില്‍ അത് അവള്‍ക്ക് കൊടുക്കെടാ" എന്ന മട്ടിലായി. പണ്ടേ ഭയങ്കര ധൈര്യ ശാലിയായിരുന്ന എന്നെ പ്രകോപിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ, ഞാന്‍ എഴുന്നേറ്റ് നേരെ പോയി അവളുടെ കയ്യില്‍ അതങ്ങുകൊടുത്തു! എന്നിട്ട് ഹും എന്നോടാണോ കളി എന്ന മട്ടില്‍ ധീരജിനെയും വിപിനെയും ഒരു നോട്ടം.

*രസായനം*

ലവ് ലെറ്റര്‍ കയ്യില്‍ കിട്ടിയ അപ്പോള്‍ തുടങ്ങിയ കരച്ചിലാണ് അഞ്ചു. ഇതേവരെ നിര്‍ത്തിയിട്ടില്ല. അവള്‍ ഏങ്ങിയേങ്ങി കരയുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഹെഡ്മാസ്റ്ററെ വിളിക്കാന്‍ പോയ ക്ലാസ് ലീഡര്‍ ശ്രീഷ്മ.പി. എന്തൊക്കെയാണ് ശിവദാസന്‍ മാഷിനോട് പറഞ്ഞ് കൊടുക്കുക എന്നൊരു ആധിയും മനസ്സിലുണ്ട്. അപ്പഴേക്കും ക്ലാസ്സിലെ എല്ലാ കുട്ടികളും ഈ സംഭവത്തെ കുറിച്ച് അറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ അക്കാലത്തെ കുട്ടികള്‍ക്ക് ഒരു കുഴപ്പമുണ്ട്, ആരെങ്കിലും ഒരു പാതകം ചെയ്തുവെന്നിരിക്കട്ടെ, ടിയാനെ നോക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വിത്യാസമില്ലാതെ കൂടി ഇങ്ങനെ താളത്തിലങ്ങനെ ചൊല്ലും :

" അ.അ. ആ, ആനക്കൊരു കേസ്.അ.അ. ആ...
കേസിന്‍റെ പേര് കേസറ്റ്... അ. അ. ആ..."

ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഒരു കൊലപാതക പ്രതിയെ പോലെ തല കുമ്പിട്ടു നില്‍ക്കുവാനായിരിക്കും കുറ്റം ചെയ്തവന്‍റെ വിധി. എന്‍റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല. പാട്ട് കൊണ്ടും ആളെ കൊല്ലാം എന്ന് അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത്.

പെട്ടെന്ന് ക്ലാസ് ലീഡര്‍ ശ്രീഷ്മ ക്ലാസ്സിലേക്ക് കയറി വന്നു.(ആ ദുഷ്ട്ടത്തിയെ ക്ലാസ് ലീഡര്‍ ആക്കാന്‍ സമ്മതിക്കരുത് എന്ന് ഞാന്‍ അന്നേ എന്‍റെ കൂട്ടുകാരോടൊക്കെ പറഞ്ഞതാണ്. പക്ഷെ എന്ത് ചെയ്യാം, പെണ്ണിന്‍റെ മൊഞ്ചു കണ്ടാല്‍ സ്വന്തം തറവാടിന്‍റെ ആധാരം വരെ എടുത്തുകൊടുക്കുന്ന ടൈപ്പായിരുന്നു എന്‍റെ കൂട്ടുകാര്.) 

ക്ലാസ് ലീഡര്‍ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ഹെഡ് മാഷ്‌ വന്നില്ലേയെന്ന ചോദ്യഭാവത്തില്‍ അവളെ നോക്കിയവര്‍ക്ക് ഉത്തരമായിക്കൊണ്ട്  പിന്നാലെ ശിവദാസന്‍ മാഷും കടന്നു വന്നു. ക്ലാസ്സിലെ കേസിന്‍റെ പേര് കേസറ്റ് എന്ന പാട്ട് പെട്ടന്ന് നിലച്ചു. മാഷ്‌ ഒരു ആജാനബാഹു ആയിരുന്നു. എഴരയടി ഉയരവും അതിനൊത്ത വീതിയിലുള്ള കറുത്ത ശരീരവും ഉണ്ടായിരുന്ന ശിവദാസന്‍ മാഷ്‌ പക്ഷേ വളരെ സ്നേഹമുള്ള ആളായിരുന്നു. പക്ഷെ ഇത്തരമൊരു നിമിഷത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ  ഞാന്‍ മിണ്ടാതെയിരുന്നു. എങ്കിലും  വലിയ തെറ്റ് പോലെ ഒന്നും എനിക്ക് അതേകുറിച്ച് തോന്നിയില്ല. ചിലപ്പോ ഇത് കേള്‍ക്കുമ്പോള്‍ സാറും ടീച്ചറും ചിലപ്പോ ചിരിക്കുമായിരിക്കും എന്ന് വരെ പ്രതീക്ഷിച്ചു.

"റഹീം എവിടേ?" - ശിവദാസന്‍ മാഷിന്‍റെ ഘനഗംഭീരമായ ശബ്ദം ക്ലാസില്‍ മുഴങ്ങി.

"ദാക്ക്ണ് " 

സര്‍വ്വ കുട്ടികളുടെയും മുഖങ്ങള്‍ക്കു പുറമേ ചൂണ്ടു വിരലുകളും എനിക്ക് നേരെയായി.

"റഹീം ഓഫീസിലേക്ക് വാ"

മാഷ്‌ പുറത്തേക്കു പോയി. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ കുട്ടികള്‍ എന്നെ നോക്കി. ഞാന്‍ ഇരുന്നിടത്തു നിന്നെഴുന്നെല്‍ക്കാതെ അല്‍പ്പ നേരം അവിടെത്തന്നെയിരുന്നു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും അനുകൂലവും പ്രതികൂലവുമായ നോട്ടങ്ങളെ നേരടാനാവാതെ തല കുമ്പിട്ടിരിക്കുന്നു. തലയ്ക്കു വല്ലാത്ത ഭാരം പോലെ. അത് ഉയരുന്നേയില്ല. ബാഗുമെടുത്ത് വീട്ടിലേക്കു ഓടുമോ എന്നതായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും സംശയം. പലപ്പോഴും ചില വിരുതന്മാര്‍ അങ്ങനെ ചെയ്തുകണ്ടിട്ടുണ്ട്. പക്ഷേ വീട്ടിലേക്കു ഓടിയാല്‍ പിന്നെ ശിവദാസന്‍ മാഷെക്കാളും വലിയ കോടതിയാണ് വീട്ടിലുള്ളത്. 

അന്നൊക്കെ ഒരു പോലീസ് ഓഫീസറെപ്പോലെ എന്നെ നിരീക്ഷിച്ചിരുന്ന ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ !!!
മാഷ്‌ വരുന്നത് വരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം മാഷ്‌ വന്ന് പോയപ്പോള്‍ തന്നെ ആവിയായിപ്പോയി. ഞാന്‍ രണ്ടും കല്‍പ്പിച്ചു എഴുന്നേറ്റു നേരെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല.

ഓഫീസ് റൂമിന് പുറത്ത് ചെരിപ്പഴിച്ച് വെച്ചു അനുവാദത്തിനായി ഞാന്‍ കാത്തുനിന്നു. എന്നെ പേര് വിളിച്ചു. ഞാന്‍ അകത്തേക്ക് ചെന്നു. ശിവദാസന്‍ മാഷ്‌ മാത്രമുള്ള ഓഫീസ് റൂം! എനിക്കത് ചിന്തിക്കാന്‍ പോലുമായില്ല. ടീച്ചര്‍മാര്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അല്‍പ്പം അനുകമ്പ അവരില്‍ നിന്നുമുണ്ടായേനെ. പെട്ടെന്ന് ശിവദാസന്‍ മാഷ്‌ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഒതുക്കത്തോടെ ഇരുന്നു.

"എന്താ ഇത്?"

ഞാന്‍ തല ഉയര്‍ത്തിയൊന്നു നോക്കി. വീണ്ടും ഇരു കൈകളുടെയും വിരലുകള്‍ തമ്മില്‍ മടിയില്‍ വെച്ച് പിണയുന്നതും നോക്കി തല കുമ്പിട്ടിരുന്നു.
പക്ഷെ അടുത്ത ചോദ്യം അതിനേക്കാള്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായിരുന്നു-

"ഇതൊക്കെ ആര് പഠിപ്പിച്ചു തന്നതാണ്?"

ഞാന്‍ ഞെട്ടി. ആരാണ് ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത്!? 

ഞാന്‍ ഓര്‍ത്ത്‌ നോക്കി. എനിക്കറിയത്തില്ല. ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരണോ മാഷേ എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു.

"ചോദിച്ചത് കേട്ടില്ലേ?"

ഞാന്‍ തല അല്‍പ്പം ഉയര്‍ത്തി നോക്കി.

"അടുത്ത വീട്ടിലെ ആരെങ്കിലുമാണോ?"

"ഉം.ഉം. അല്ല"

"പിന്നെ?"

വീണ്ടും ഞാന്‍ മൗനിയായി.

"ആരാണെന്ന് പറ. നിന്‍റെ ഉപ്പയാണോ?"

ഡും!!! നെഞ്ചില്‍ ഇടിത്തീ വീണു. ഉപ്പയോ! 

ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ അന്നെന്‍റെ മയ്യത്തു വീഴും. ചോദ്യങ്ങളില്‍ അസുഖം കലര്‍ന്നപ്പോള്‍ ഞാന്‍ ഞാന്‍ വരച്ച ലവ്വിനെ കുറിച്ചോര്‍ത്തു. അതില്‍ വരച്ച അമ്പ് ആയിരിക്കുമോ പ്രശ്നമായത്‌. അത് വൃത്തികേട് ആയിരിക്കണം. ഇനി ലവ്വിന്‍റെ മൂന്ന് പോലുള്ള ഭാഗം കണ്ട് ഇനി സാറ് ചന്തിയായി തെറ്റിദ്ധരിച്ചതാവുമോ? അതിന്‍റെ കൂടെ അമ്പും. അയ്യേ അപ്പിയില്‍ കോലിട്ട പോലെയുള്ള ചിത്രം! എന്‍റെ പടച്ചോനേ... ഈ ചിത്രം അങ്ങനെയും ആകുമെന്ന് ഇപ്പളാണ് ഞാന്‍ അറിയുന്നത്. എന്നെയീ നരകത്തില്‍ നിന്നും കരകയറ്റണേ നെഞ്ചു കിടുങ്ങി. ശിവദാസന്‍ മാഷ്‌ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു! 

ആ നിമിഷം അവിടെ ടീച്ചര്‍മാര്‍ ഇല്ലാതിരുന്നത് എത്രയോ വലിയ ഭാഗ്യമായിട്ടു എനിക്ക് തോന്നി. അവരും കൂടി ഇതറിഞ്ഞാല്‍ ഞാനെങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും.


അഞ്ചുമോള്‍ കരഞ്ഞതും ഇതേ അര്‍ത്ഥത്തില്‍ ആയിരിക്കുമോ? ഒരു പക്ഷെ ലവ്വിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാവുമോ? ചോദ്യങ്ങള്‍ എന്‍റെ തലയില്‍ കൂടി തലങ്ങും വിലങ്ങും പാഞ്ഞു.
"നിന്നോടാണ് ചോദിച്ചത്." -മാഷ്‌ ഓഫീസ് റൂം കുലുങ്ങുമാറുച്ചത്തില്‍ അലറി. അപ്പുറത്തെ എന്‍റെ ക്ലാസില്‍ നിന്നും അത്രയും നേരം കേട്ട കലപില ശബ്ദം പെട്ടെന്ന് നിലച്ചു. സര്‍വ്വം നിശബ്ദം. എന്‍റെ ക്ലാസ്സിലെ കുട്ടികള്‍ ആകെ ഭയന്നിരിക്കുന്നു.  അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്നത് പോലെ പ്രപഞ്ചം എന്നിലേക്ക്‌ നോക്കുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ സ്വയം ഇല്ലാതാവുകയാണോ? ഇറങ്ങി ഓടിയാലോ? വേണ്ട. ഓടിയാല്‍ പിന്നെ ക്ലാസ്സില്‍ പരിഹാസ കഥാപാത്രമാകും. എന്‍റെ പ്രതിച്ഛായക്കു കോട്ടം തട്ടും. കുട്ടികള്‍ തന്നെ പെടിത്തൂറീ എന്ന് വിളിക്കുന്നത്‌ കേള്‍ക്കേണ്ടി വരും. ഇല്ല. ഓടില്ല. എന്ത് തന്നെയായാലും നേരിടും. മനസ്സ് ആകെ കലങ്ങി നില്‍ക്കുന്നു. ഈ മാഷ്‌ എന്തെങ്കിലുമൊന്നു തീരുമാനിച്ചിരുന്നെങ്കില്‍ !
അടുത്ത നിമിഷം മാഷിന്‍റെ ശബ്ദം ഒന്നുകൂടി പുറത്തേക്കു വന്നു :
"കൈ നീട്ട്"
എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ പെരുമഴ പെയ്തു. അടി! അടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാനമാണ്. ഏതു പ്രതിസന്ധികളുടെയും അവസാനം അടിയാണ്. ചൂരല്‍ കൊണ്ടുള്ള അടി.
എങ്ങനെ ചുഴറ്റിയാലും വഴങ്ങുന്ന ആ മഞ്ഞ നിറമുള്ള ചൂരല്‍ ശക്തിയായി ഏഴെട്ട് പ്രാവിശ്യത്തോളം ഉയര്‍ന്നു പൊങ്ങി. കുഞ്ഞിക്കൈകളില്‍ ചുവന്ന പാടുകള്‍ തിണര്‍ത്തു പൊങ്ങി. അടി പിഴച്ചു കൈത്തണ്ടയിലേക്ക് കൊണ്ടപ്പോള്‍ കരിനീല നിറമായി കല്ലിച്ചു നിന്നു. എന്തുകൊണ്ടോ എനിക്കപ്പോള്‍ കരിച്ചില്‍ വന്നില്ല. പക്ഷെ കണ്ണില്‍ നിന്നും നിശബ്ദമായി വന്ന രണ്ടു തുള്ളികളെ ഞാന്‍ തുടച്ചു കളഞ്ഞു. കുറ്റബോധം വരുമ്പോഴും ഉപ്പ തല്ലുമ്പോഴും അല്ലാതെ ജീവിതത്തിലിന്നു വരെ കരഞ്ഞിട്ടില്ല. അതെന്തോ അങ്ങനെയായിപ്പോയി. കണ്ണുതുടച്ച്‌ മുഖം പ്രസന്നമാക്കി ഒരു അഹങ്കാരിയെപ്പോലെ നിന്നു.
"ഉം പൊയ്ക്കോ! മേലിലിത് ആവര്‍ത്തിക്കരുത്" അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ പുറത്തിറങ്ങി നെഞ്ചു വിരിച്ചു മുഖം ഒന്നുകൂടി തുടച്ചു പ്രസന്നമായത് പോലെയാക്കാന്‍ ഒരു ശ്രമം നടത്തി.
ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കയറി. എനിക്ക് കിട്ടിയ ഓരോ അടിയുടെ ശബ്ദവും കാതോര്‍ത്ത് കേട്ട കുട്ടികള്‍ എന്നെ നോക്കി അത്ഭുതപ്പെട്ടു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും സീല്‍ക്കാരം ഉയര്‍ന്നു.
"സ്സ്സ്സ്സ്സ്.... ഓന്‍ വല്ലാത്ത സാനം തന്നെ. അടികിട്ടീട്ടും ഓന്‍ നെലോളിച്ചില്ല്യ!"
എനിക്കത് മതിയായിരുന്നു. ആ പെണ്‍കുട്ടിയുടെ ആ ഉറക്കെയുള്ള ആത്മഗതം എല്ലാ പുരുഷന്മാരുടെയും മാനം കാത്ത എനിക്കുള്ള അംഗീകാരമായിരുന്നു. ബെഞ്ചില്‍ വന്നിരുന്ന ശേഷം ഞാന്‍ അഞ്ചു ഇരിക്കുന്ന ഭാഗത്തേക്ക് ഒന്നുകൂടി നോക്കി. അവള്‍ അപ്പോഴും കരയുകയായിരുന്നു. ഹ്മം പാവം. ലവ്വ്‌ എന്താന്നറിയാത്ത പെണ്ണ്! 

എന്തായാലും മൂന്നാം ക്ലാസ് കഴിഞ്ഞു നാലിലേക്ക് പോയതും ആണ്‍കുട്ടികളുടെ ഭാഗത്തെ എന്‍റെ ഭീകര വികൃതി കാരണം എന്നെ പെണ്‍കുട്ടികളുടെ നടുവിലായിരുന്നു മിക്കപ്പോഴും ശിക്ഷ എന്ന നിലയില്‍ ഇരുത്താറ്. ഒരു കൃഷ്ണനെ പോലെ അഞ്ചുവിനോട് പകരം വീട്ടാനെന്ന പോലെ ഞാന്‍ അവരുടെ കൂടെ പാടിപ്പാടി നടക്കും. സബിത രമ്യ ദീപ്തി അശ്വതി, തുടങ്ങി ഒരുപാട് ഗേള്‍ഫ്രണ്ട്സ് അവിടെ ജനിച്ചു. എന്നെ കുറ്റപ്പെടുത്തിയ പല പെണ്‍കുട്ടികളും എന്‍റെ ഇഷ്ട്ട തോഴികളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ധീരജും വിപിനും അരുണും അനൂപും ഒക്കെ എന്നെ അസൂയയോടെ നോക്കി. ഞാനവരെ അഹങ്കാരത്തോടെയും.  പക്ഷേ അപ്പോഴും അഞ്ചുമോള്‍ എന്‍റെ മനസ്സില്‍ ആരുമറിയാത്ത ഒരു മോഹം മാത്രമായി ബാക്കിയാവുകയായിരുന്നു....

Tuesday, October 23, 2012

ഇതു മാമ്പുഴയുടെ കഥ


നിങ്ങള്‍ക്ക് അപ്പൂപ്പന്‍ താടി എങ്ങനെയാ ഉണ്ടാകുന്നെ എന്നറിയാമോ!?
കുറെ കാലം എനിക്കും അറിയില്ലായിരുന്നു. ഒരു ദിവസം പറങ്കിമാവിന്‍ ചുവട്ടില്‍ ചുമ്മാ പഴുത്ത പറങ്കിമാങ്ങ നോക്കി നടക്കുമ്പോള്‍ പാറപ്പുറത്ത് ഒരു അപ്പൂപ്പന്‍ താടിയെ കണ്ടു. അന്നെനിക്ക് ഒരു ഒരു ഒമ്പതോ പത്തോ വയസ്സു കാണും. കാണുന്നതെല്ലാം കൌതകമല്ലേ അപ്പോള്‍ നമുക്ക്. അങ്ങനെ ഞാന്‍ ആ അപ്പൂപ്പന്‍ താടി നോക്കിയിങ്ങനെ നില്‍ക്കുമ്പോള്‍ സൂര്യ രശ്മി തട്ടി അതിങ്ങനെ തിളങ്ങി നില്‍ക്കുന്നതിന്‍റെ പാശ്ചാത്തലത്തില്‍ ഞാനൊരനക്കം കണ്ടു. ദൃഷ്ട്ടി മാറ്റി നോക്കിയപ്പോള്‍ കണ്ടു; അതാ ഒരുമരത്തില്‍ വള്ളിപ്പടര്‍പ്പില്‍ ഒരുണങ്ങിയ കായ! അതില്‍ നിന്നു മാളുത്താത്താന്റെ വെളുത്ത കല്യാണ സാരി തിളങ്ങുന്ന പോല അപ്പൂപ്പന്‍ താടികള്‍ ! എനിക്ക് ഭയങ്കര ഭയങ്കര സന്തോഷമായി. സന്തോഷംന്ന്‍ വെച്ചാ ഇങ്ങനെ പതപതയായി പൊങ്ങിപ്പൊങ്ങി വന്ന്...!

അങ്ങനെ ആ അപ്പൂപ്പന്‍ താടികളെ പറ്റി ഞാന്‍ കുറെ കുറെ ആലോചിച്ചു ആലോചിച്ചു നിന്നു. അപ്പൊ എന്‍റെ മനസ്സില്‍ കുറെ കുറെ ചോദ്യങ്ങള്‍ ഇങ്ങനെ കുമിഞ്ഞു കൂടി.
ശരിക്കും എവിടെക്കായിരിക്കും അപ്പൂപ്പന്‍ താടികള്‍ പറന്നു പോവുക!? ഞങ്ങടെ വീടിനു പിന്നിലുള്ള മലകളില്‍ പറങ്കി മാവിന്‍ തോട്ടവും കഴിഞ്ഞ് മാഞ്ചികത്തോട്ടവും കഴിഞ്ഞാല്‍ ഒരു കുഞ്ഞു വീടുണ്ട്. കുഞ്ഞു വീടെന്നു വെച്ചാ ഒരു കുഞ്ഞു കുഞ്ഞു വീട്. ആ വീട് കാണുമ്പോ എനിക്കെപ്പഴും തോന്നും അപ്രത്തെ മലയിലെ നായര്ടെ നാല് കെട്ടു തറവാട് വീടിന്‍റെ ചെറ്യേ കുട്ടി വീടാരിക്കും ഇതെന്ന്! അതേന്നെ. അത്രക്കും കുഞ്ഞി വീടാണ്. അല്ലെങ്കിലും വല്ല്യ വീടിനോന്നും ആരു രസവുമില്ലാ... ചെറ്യ വീടിനാണ് രസം. അപ്രത്തെ വീട്ടിലെ ദീജൂം ദീപൂം ആരതീം ഞാനും കൂടി എത്രയെത്ര വീട് ഉണ്ടാക്കീയിരിക്കുന്നു.! അവര്ടെ അച്ഛമ്മയ്ക്ക് നന്നായി ഓലമെടയാനറിയാം. എന്ത് രസമാണെന്നോ ഓല മെടയുന്നത് കാണാന്‍ .! ഇങ്ങനെ അങ്ങോട്ട്‌ മടക്കി, ഇങ്ങനെ ഇങ്ങോട്ടു മടക്കി അങ്ങനെയങ്ങനെ നോക്കി നിക്കുംബഴേക്കും ഓല മെടഞ്ഞു തീരും. അപ്പഴാണ് നമ്മള്‍ക്ക് മനസ്സിലാവുക, അയ്യോ ഓല മെടയുന്നത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ; മടക്കുന്നത് നോക്കി നോക്കി ഓല മെടഞ്ഞു തീര്‍ന്നത് അറിഞ്ഞില്ലല്ലോ എന്നൊക്കെ. പിന്നെ വിചാരിക്കും അടുത്ത ഓല മെടയു മ്പോ സൂത്രത്തില് നോക്കി പഠിക്കാമെന്ന് . പക്ഷേങ്കി അപ്പഴല്ലേ കഷ്ട്ടം, അപ്പഴും ശെരിക്കും നോക്കാന്‍ കഴിയാണ്ടാവും. നമ്മടെ കണ്ണ് നമ്മളെ പറ്റിക്കണത് പോലെയാ നമുക്കപ്പം തോന്നുക. ഒരു ദിവസം സ്നേഹത്തില് നിക്കുമ്പോ ഞാന്‍ കല്യാണിയമ്മയോട് ചോദിക്കേം ചെയ്തു; അമ്മേ ഈ ഓല മെടയുന്നത് എനിക്ക് പഠിപ്പിച്ചു തരാവോ എന്ന്. അപ്പൊ കല്യാണിയമ്മ ഒരു ഓലത്തൂമ്പു കാട്ടി പറഞ്ഞു; മോന്‍ അതില്‍ പഠിച്ചോ എന്ന്. ഞാന്‍ കൊറേ അങ്ങനേം ഇങ്ങനേം ഒക്കെ മടക്കി നോക്കീട്ടും എന്‍റെ ഓല ശരിയായില്ല. അവസാനം ദേഷ്യം വന്നിട്ട് എനിക്കിനി പഠിക്കണ്ടാന്നും പറഞ്ഞു പോരുംബം കല്യാണിയമ്മ പറയുവാ; ആണ്‍കുട്ട്യോള്‍ക്ക് അല്ലേലും ക്ഷമ തീരല്ല്യാന്ന്. അത് കേട്ടപ്പോ എനിക്ക് ശെരിക്കും ദേഷ്യം വന്ന്. ഹും അമ്മേടെ ഒരു ക്ഷമ. ഇത് പഠിച്ചിട്ടു തന്നെ കാര്യം. എന്തായാലും അമ്മേടെ അടുത്തുന്നു വേണ്ട. കല്യാണിയമ്മയെ ഞങ്ങള് എല്ലാരും -എല്ലാരുംന്നു വെച്ചാ നാട്ടിലുള്ള എല്ലാരും, അമ്മേ'ന്നാ വിളിക്ക്യാ. ഹായ്. എന്തൊരു ഭാഗ്യാലെ! അമ്മേന്ന് വിളിക്കണതോണ്ട് ആരും ഈര്‍ഷ്യപ്പെടുവേമില്ല.


  ഓല മെടയാന്‍ പഠിക്കാന്‍ ഞാന്‍ പിന്നെ പോയത് കിഴക്കേലെ ഇത്താത്തെടെ അടുത്താണ്. കിഴക്കേലെ ഇത്താത്താനെ നാട്ടുകാര് പാത്തുമ്മാ എന്നാ വിളിക്കുക. എനിക്കാണെങ്കില്‍ പാത്തുമ്മാന്നു കേള്‍ക്കുമ്പഴേക്കും ചിരി വരുമാരുന്നു. ന്തന്നറിയോ !? പാത്തുക എന്ന് പറഞ്ഞാ ന്‍റെ നാട്ടില് മൂത്രമൊഴിക്കുക എന്നാ അര്‍ഥം. അപ്പ 'പാത്തുമ്മാ' എന്ന് പറഞ്ഞാ ഉമ്മാനോട് മൂത്രമോഴിക്കാനാണെന്നാ എനിക്ക് കുരുട്ടു ബുദ്ധീല് തോന്നുക. അല്ലേലും അയ്യേ എന്തൊരു പേരാലെ അത്. പാത്തുമ്മ.! പിന്നെപ്പിന്നെ സല്‍മയാണ് എനിക്ക് പാത്തുമ്മാ എന്നാ പേരിന്‍റെ രഹസ്യം വെളിപ്പെടുത്തിത്തന്നത്‌ . ഓ, നിങ്ങള്‍ക്ക് സല്‍മയെ അറിയില്ലല്ലോ. സല്‍മ എന്‍റെ കളിക്കൂട്ടുകാരിയാണ് . അയല്‍വാസിയും തമാശ പറഞ്ഞാ കവിളില്‍ നുണക്കുഴി കാട്ടി കുടുകുടെ പൊട്ടിച്ചിരിക്കുന്ന എന്‍റെ കൂട്ടുകാരി. അവളുടെ മുഖത്തു ഒരു കുഞ്ഞു കാക്കപ്പുള്ളി ഉണ്ടായിരുന്നു. അവളു ചിരിക്കുമ്പോ കാക്കപ്പുള്ളി വലുതാകും അവളുടെ ഭാവങ്ങള്‍ ആ കാക്കാപ്പുള്ളിയില്‍ നോക്കിയാലാണ് എനിക്ക് വേഗം മനസ്സിലാവുക. ദേഷ്യത്തിലോ വാശിയിലോ മുഖം കനപ്പിച്ചു ഇരിക്കുകയാണെങ്കില്‍ ആ കാക്കപ്പുള്ളി കുഞ്ഞിക്കുഞ്ഞി ആയി കാണാണ്ടാവും. അവളുടെ മുഴുവന്‍ പേര് സല്‍മാ റാഷിദ എന്നായിരുന്നു , അന്നൊക്കെ എനിക്ക് ഒരു പെങ്ങള്‍ പാലക്കാട്ട് ഉള്ളത് ഉപ്പ പറഞ്ഞും നേര്‍ത്ത ഓര്‍മ്മയിലും ഉണ്ടായിരുന്നു. എനിക്ക് കണ്ടോര്‍മ്മയില്ലാത്ത എന്‍റെ കുഞ്ഞിപ്പെങ്ങളുടെ പേരും റഷീദ എന്നാണ്..! റഷീദ - റാഷിദ. ഹായ്. റാ യ്ക്ക് അല്‍പ്പം നീളം കൂടി എന്നല്ലേ ഉള്ളൂ... എന്നാലെന്താ ഇവളെപ്പോലെ തന്നെയായിരിക്കും എന്‍റെ പെങ്ങളും. അവളുടെ കൂടെയാണ് ഞാന്‍ കുറെ വലുതായത്. അവളുടെ കഞ്ഞിയില്‍ ഒരു പങ്ക് എനിക്കുള്ളതായിരുന്നു. അവളുടെ ബിസ്ക്കറ്റും അവള്‍ക്കു വേണ്ടി ചായയില്‍ അലിയിച്ച റസ്‌ക്കും ബണ്ണും ഒക്കെ എനിക്കും കൂടി അവകാശപ്പെട്ടതായിരുന്നു. അവളുടെ ഉമ്മ ലൈലത്താത്ത ഉണ്ടാക്കുന്ന കട്ടിപ്പത്തിരി എത്ര തിന്നാലും മതി വരില്ലായിരുന്നു. എന്തൊരു സ്നേഹമാണ് അവളുടെ ഉമ്മയ്ക്ക്. എന്നെ മോനേന്നല്ലാണ്ട് വിളിക്കില്ല. നാട്ടുകാരൊക്കെ കേക്കേലെ വീട് (കിഴക്കേലെ വീട് ) എന്ന് വിളിക്കുന്ന എന്റെം കൂടി വീടായിരുന്നു. എന്‍റെ വീട്ടിലെ എന്‍റെ കുഞ്ഞിപ്പെങ്ങള്‍ സല്‍മയുടെ വെല്ലിമ്മച്ചിയാണ് നമ്മള് നേരത്തെ പറഞ്ഞ പാത്തുമ്മ. അവളുടെ വെല്ലിമ്മച്ചി ആണെങ്കില്‍ അത് എന്‍റെയും കൂടി വെല്ലിമ്മച്ചിയാണ് . ഞാനും വെല്ലിമ്മച്ചി എന്നാ വിളിക്കാറ്. ഏതു നേരവും എന്തെങ്കിലും പണി എടുത്തുകൊണ്ടേയിരിക്കുമായിരുന്നു വെല്ലിമ്മച്ചി. ഓല മെടയലും ചകിരി തച്ച് പതം വരുത്തി ചൂടി പിരിക്കലും കശുമാവിന്‍ ചുവട്ടില്‍ പോയി ചുള്ളി പെറുക്കി കൊണ്ട് വരലും കശുവണ്ടി കശുമാങ്ങയില്‍ നിന്നും വേര്‍പ്പെടുത്തി പൊട്ടിയ ബക്കറ്റിലാക്കി താഴെ കോലായില്‍ ചാക്കിലാക്കി വെക്കലും തല്ലി താഴെയിട്ട പറങ്കിയണ്ടികളില്‍ മൂപ്പ് വരാത്തവ വേറെയാക്കി വെയിലത്ത് ഉണക്കാനിടുന്നതും തുടങ്ങി വെല്ലിമ്മച്ചിക്ക് ആയിരമായിരം ജോലികളാണ്.

എന്നാലും എപ്പോഴും എനിക്ക് കഥ പറഞ്ഞു തരും വെല്ലിമ്മച്ചി. പഴയ കഥകള്, പണ്ടു പണ്ടത്തെ കഥകള്, പിന്നെ പേടിച്ചു വിറച്ചു മാത്രം കേള്‍ക്കാന്‍ പറ്റുന്ന സെയ്ത്താന്മാരുടെ കഥകള് അങ്ങനെയങ്ങനെ ഒരുപാടൊരുപാട് കഥകള്‍ . അയ്യേ. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ പറ്റിയില്ലാലെ. സാരമില്ല. കുറെയൊക്കെ ഞാന്‍ തന്നെ പറഞ്ഞു തരാം. എന്നാലും വെല്ലിമ്മച്ചി പറയണ രസം ഒന്നും ഉണ്ടാകില്ല കേട്ടോ. വെല്ലിമ്മച്ചി പതിഞ്ഞ ശബ്ദം കൊണ്ട് ഒരു താളത്തില്‍ പറയുന്ന കഥ കേട്ടാല്‍ തന്നെ പേടിയാകും. വെല്ലിമ്മച്ചി കുനിഞ്ഞാണ് നടപ്പ്. എന്താണാവോ അങ്ങനെ.!? എന്നെ എന്‍റെ ഉപ്പ കെട്ടിയിട്ടു തല്ലുമ്പോ ഓടി വന്ന് രക്ഷിക്കുന്ന ദേവതയാണ് എന്‍റെ വെല്ലിമ്മച്ചി. അത് കൊണ്ട് കഥ കേള്‍ക്കുമ്പോ ആ സ്നേഹം കൂടി കൂട്ടിയാണ് ഞാന്‍ വെല്ലിമ്മച്ചിയുടെ അടുത്തിരിക്കുക. ചുളുങ്ങിയ തൊലിയുടെ മുകളില്‍ പച്ചയും ചുവപ്പും ഞരമ്പുകള്‍ തെച്ചിച്ചെടിയുടെ വേരുകള്‍ പോലെ ബേജാറായി എങ്ങോട്ടൊക്കെയോ പടര്‍ന്നു നില്‍ക്കുന്നത് കാണാം. അതിലെ ഒരോ ഞരമ്പും തൊട്ടു നോക്കി അങ്ങോട്ട്‌ നീക്കിയാല്‍ ഇങ്ങോട്ടു തന്നെ നീങ്ങി വന്നു അതേ സ്ഥാനത്തു പതിയെ വന്നു നില്‍ക്കുന്നതും ഒക്കെ തൊട്ടും കണ്ടും കൊണ്ടാണ് എന്‍റെ കഥ കേള്‍ക്കല്‍ അധികവും ഉണ്ടാവുക. പക്ഷെ ചൂടി പിരിക്കുമ്പോഴാണ്‌ കഥ പറച്ചിലെങ്കില്‍ ഞാന്‍ കുറച്ചു വിട്ടിരിക്കും. എന്നിട്ട് കുറച്ചു നാരുകള്‍ കൂട്ടിച്ചേര്‍ത്തു ഞാനും ചൂടി പിരിക്കാന്‍ തുടങ്ങും.ഞാന്‍ പിരിക്കുക എന്ന് പറഞ്ഞാ ഒരു പിരിക്കല് തന്നെയാണ്. പിന്നെ അത് അഴിച്ചു നാരാക്കി നന്നാക്കി പിരിക്കാന്‍ വെല്ലിമ്മച്ചി പെടുന്നൊരു പാട്!


തുടരും...

Saturday, September 8, 2012

ഓര്‍മ്മകളുടെ ശവപ്പറമ്പില്‍








അനുഭവങ്ങള്‍ തുടങ്ങുമ്പോള്‍ ഒരുപാടുപേര്‍ കൂടെയുണ്ടായിരുന്നു.... പക്ഷേ എല്ലാം ഓര്‍മ്മയായി മാറിയപ്പോള്‍ സ്മൃതിയുടെ ശവപ്പറമ്പില്‍ ഞാനൊറ്റക്കായിപ്പോയത് പോലെ തോന്നുന്നു. അവിടെ, ഓരോ കുരിശുകള്‍ക്ക് താഴെയും കല്ലില്‍ പതിച്ച എന്‍റെ ഓര്‍മ്മകളുടെ കല്ലടയാളങ്ങളെ തിരഞ്ഞു നടന്നു....


ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഓര്‍മ്മകളെ തേടിപ്പിടിക്കുന്നത് കുട്ടിക്കാലത്ത് മേഘങ്ങള്‍ക്കിടയിലൂടെ അമ്പിളി മാമനെ തേടിയ പോലെ തോന്നുന്നു. നമ്മള്‍ നടക്കുമ്പോ നമ്മളെക്കാള്‍ വേഗത്തിലതു നീങ്ങിനീങ്ങിപ്പോകും. അപ്പൊ ആ പാവം ചെക്കന്‍ കരുതും നടത്തം നിര്‍ത്തിയാല്‍ അമ്പിളിമാമനും നില്‍ക്കുമെന്ന്. പക്ഷേ എവിടെ! അമ്പിളിമാമന്‍ അപ്പോഴും പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കും. ഓടാന്‍ തുടങ്ങിയാല്‍ വീണ്ടും വേഗത്തിലോടാന്‍ തുടങ്ങും. ദുഷ്ട്ടന്‍ .


എല്ലാം മറക്കുവാനായി ഓര്‍മ്മകളെ കൊല്ലാന്‍ വിഷം വാങ്ങുവാന്‍ മരുന്നുകടകളില്‍ ഞാനലഞ്ഞു നടന്നു. ഓര്‍മ്മകളെ കൊല്ലുന്നത് ഭ്രൂണം നശിപ്പിക്കുന്നയത്രയും വലിയ കുറ്റമാണെന്ന് മരുന്നുകടയില്‍ കണ്ട ഏതോ കുപ്പിയില്‍ എഴുതിവെച്ചതു കണ്ടു. ഓര്‍മ്മകള്‍ക്ക് ഒരുപക്ഷേ ജീവനുണ്ടായിരിക്കാം, അതു വളരുമായിരിക്കാം, എന്നിട്ട്?




എന്നിട്ടും തന്നോട് യുദ്ധം ചെയ്യുമോ...? അറിയില്ല.

അതോ നിന്നിലലിഞ്ഞു ചേരുമോ!? അറിയില്ല. ഓര്‍മ്മകളെ കൊണ്ട് നടക്കുന്നത് ഭൂതങ്ങളെ കൊണ്ട് നിറഞ്ഞ ഗുഹയിലൂടെ കുഞ്ഞിനെ മാറോടു ചേര്‍ത്തു ഭയന്ന് ഭയന്നു പോകുന്ന ഒരമ്മയുടെ ആധിയോടെയാണ്. എന്നിട്ടും!?



വേണ്ട. എനിക്ക് ഓര്‍മ്മകളെ കൊല്ലേണ്ട. അവനില്ലെങ്കില്‍ ഞാനില്ല. ഓര്‍മ്മകളെന്റെ ഗര്‍ഭമാണ്. അവന്‍ ജനിക്കട്ടെ. എന്നിട്ടവന്‍ അവന്‍റെ കൈകൊണ്ടു തന്നെയെന്നെ കൊല്ലട്ടെ. അപ്പോഴാണ്‌ മരണത്തിന് എന്നെയും കൂടിയൊരു ഓര്‍മ്മയാക്കി മാറ്റുവാന്‍ കഴിയുക....

ഒരിക്കല്‍ ഞാനുമൊരു ഓര്‍മ്മയായി മാറും എന്നിട്ട് ഞാനും എന്‍റെയോര്‍മ്മകളും കൂടി അമ്പിളി മാമന്‍റെ കൂടെ കളിക്കാന്‍ പോകും. അപ്പോള്‍ നക്ഷത്രങ്ങളെ കണ്ട് ആരാണ് എന്നെ തിരിച്ചറിയുക!? അതോ മറ്റൊരു ഓര്‍മ്മയുടെ ഭ്രൂണമായി ഞാനെവിടെയെങ്കിലും ജനിക്കുമോ!? അറിയില്ല.























Saturday, August 11, 2012

ഒരു പക്ഷേ, ഞാന്‍ ഒരു 'പക്ഷേ'യായിരിക്കാം....



ഓര്‍മ്മകളുടെയോളങ്ങളെന്നില്‍ ചില നശിച്ച തികട്ടലുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്. അവിടെ ചില പക്ഷെ'കളുടെ തെളിഞ്ഞ കറകളുടെ പാടുകള്‍ മായാതെ കിടക്കുന്നുണ്ട്. ഒരായിരം 'പക്ഷെ'കളുടെ,  എന്നോടുള്ള ചോദ്യമായിരിക്കാമത്. ചിലപ്പോഴൊക്കെ വെറുപ്പും.

ഒരിക്കല്‍ ,

ഭാര്യയുടെ അമ്മയഭിനയം തികയാതെ വന്നപ്പോഴാണ് അച്ഛന് ഒരു പക്ഷേ'യെന്നു പറയേണ്ടി വന്നത്... ആ വായില്‍ നിന്നും വെറുപ്പിന്റെ പക്ഷേകള്‍ മാത്രമായിരുന്നു തുപ്പലായി തെറിച്ചു കൊണ്ടിരുന്നത്... അതൊരു പക്ഷേ, ചില പക്ഷേകളുടെ മാത്രം ന്യായമായിരിക്കാം. ജീവിക്കാന്‍ വേണ്ടിയുള്ള ന്യായം.

വീണ്ടും,

മറ്റൊരു പക്ഷേ'യെന്നതെന്റെയാദ്യത്തെ കുടിലിന്റെ ആധാരം കൈവശപ്പെടുത്തിയവരുടെ വകയായിരുന്നു. ഞാനെന്‍റെ ജന്മത്തെ തൊള്ളകീറി ലോകത്തെയറിയിച്ചത് ഈ പക്ഷേ'യുടെ ഗര്‍ഭാപാത്രമെന്ന കുടിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ്. അതൊരു പക്ഷേ ഒരു നിയോഗം മാത്രമാണ്. ഒരു വഴി ഒരു പക്ഷേ ജനിക്കുന്ന വഴി. വഴി മാത്രം. പക്ഷേയെന്നതൊരു ചോദ്യമാണോയെന്നു ഞാന്‍ പലവട്ടം ചിന്തിച്ചു നോക്കിയപ്പോള്‍ അതെയെന്നു ആരോ പറഞ്ഞു. പക്ഷേ; ഒരു പക്ഷേയെന്നൊരു വാക്ക് അവിടെയും മറുപടിക്കു കൃത്യത നല്‍കിയതേയില്ല. അമ്മയെന്നത് എപ്പോഴും പക്ഷേകള്‍ക്ക് ഒരു സ്വപ്നം മാത്രമാണെന്നതു ആര്‍ക്കുമറിയില്ല.

പിന്നെയും,

എന്നിലെപ്പഴോ അറിഞ്ഞോ അറിയാതെയോ അലിഞ്ഞു പോയൊരു സ്വപ്നത്തില്‍ , അതേ- പ്രണയമെന്ന സ്വപ്നത്തില്‍ . അതോ - പെണ്ണെന്ന നിഗൂഡ മായികയിലോ!? ഒരുപാടോരുപക്ഷേകള്‍ അവിടെയും കരിമഷിയിളകിയലിഞ്ഞു ഗദ്ഗദിച്ച എണ്ണമയമുള്ള കവിളില്‍ പക്ഷേ'കളുടെ ഒരുപാടൊരുപാട് ജലച്ചായങ്ങള്‍ വരച്ചു ചേര്‍ത്തു. അവിടെയുമൊരു പക്ഷേ, 'പക്ഷേകള്‍ മാത്രമാണെനിക്കു വേണ്ടി ബാക്കിയാവുന്നത്.

പക്ഷേ;

ഒരുപാട് പിരിഞ്ഞു പിണഞ്ഞു ഇഴയടുത്തു ബന്ധം മുറുക്കി ബലപ്പെടുത്തുമ്പോഴും ഇഴകളുടെയിടയില്‍ ചില പക്ഷേകളുടെ മുറുമുറുപ്പുകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. അവസാനം മാത്രം പ്രത്യക്ഷപ്പെടുന്ന ആ 'പക്ഷേ'കളുടെ വികൃതമായ ചിരി സത്യമായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, അതെന്റെ തോന്നലാവാം. എല്ലാം 'പക്ഷേ'യെന്നും, എല്ലായിടത്തും 'പക്ഷേ'യെന്നുമെനിക്കു തോന്നിപ്പോകുന്നത്; ആകാശത്തിനു കീഴെ 'പക്ഷേ'കളുടെ ശല്യമില്ലാതെ, മറയില്ലാതെ, ജീവിക്കാന്‍ കഴിയുന്നത്‌ ഒരു 'പക്ഷേ'യെന്നതിനെ പോലെത്തന്നെ ഒരു ചോദ്യമായിരിക്കാം. ഒരുബാക്കി വന്ന ചോദ്യം. അല്ല, ഒരിക്കലുമല്ല- ഒരു ബാക്കി വന്നൊരു 'പക്ഷേ'.

Saturday, May 19, 2012

മുസ്‌ലിയാര്‍: "ഞമ്മക്കന്റെ പള്ള കാണണം.'

വളരെ വൈകിയാണ് ആമിനക്കൊരോമനയെ കിട്ടുന്നത്. പിറന്നപ്പോള്‍ നാല് കിലോ തൂക്കം. അവിടവിടെയായി പൊങ്ങി നില്‍ക്കുന്ന മസിലുകള്‍... രണ്ടു ലിറ്ററിന്റെ പെപ്സി ബോട്ടില്‍ എടുത്തു കുടിക്കുന്ന ലാഘവത്തില്‍ മുല കുടി. അവനെ പെറ്റ തള്ള തന്നെ മകന്റെ ഈ ഊര്‍ജസ്വലത കണ്ട് അന്ധാളിച്ചു. വല്ല ജിന്നും കുട്ടിയും ആണോ പടച്ചോനെ..! പിന്നെ വൈകിയില്ല. ഓടി നേരെ മഞ്ഞക്കുളം പള്ളിയിലേക്ക് നേര്‍ച്ച ആണ്ട് വഴിപാടു എന്നൊക്കെ പറഞ്ഞു ഭര്‍ത്താവ് കുഞ്ഞമ്മു രണ്ടു മാസം മീന്‍ വിറ്റുണ്ടാക്കിയ തുട്ടെല്ലാം ആമിന പടച്ചോനും ശൈഖുമാര്‍ക്കും മുസ്ല്യാര്‍ക്കും പങ്കു വെച്ചു. പക്ഷെ, അങ്ങനെയാരും ആമിനയെ കളിയാക്കണ്ട.... അത്രയ്ക്കാണ് നേര്‍ച്ചയുടെ ശക്തി.


ആമിനയുടെ പുലിയായി പിറന്ന മകന്‍ എലിയായി. സൌമ്യമായ മുലകുടി. ഉമ്മയുടെ മാറില്‍ മൃദുവായ കയ്യടക്കം. നോട്ടത്തിലും ഭാവത്തിലും വരെ അവന്റെ ബാപ്പാക്കില്ലാത്ത സമീപനം. എന്നാലതൊരു അമിത വിനയമാണോ എന്ന് പലരും സംശയിച്ചു. കാരണം, ഉമ്മയെ ബുധിമുട്ടിക്കണ്ട എന്ന് കരുതിയാവും രണ്ടു ദിവസത്തേക്ക് കുട്ടി പാല് കുടിക്കുന്നു പോലുമില്ല. എങ്കിലും അവന്റെ ഉമ്മ അവനെ പത്തിരിയും മൂപ്പാകാത്ത കോഴിക്കറി  വെച്ചും അവന്റെ ഊര്‍ജം നിലനിര്‍ത്തി. എന്നിട്ടും അവന്റെ നിറം ഇരുട്ടിന്റെതില്‍ നിന്നും അല്പ്പമെന്കിലുമൊന്നു മാറ്റാന്‍ ഫെയര്‍ ആന്‍ഡ്‌ ലവ് ലിയുടെ കൊട്ടക്കണക്കിന് പാക്കറ്റുകള്‍ക്ക് സാധിച്ചില്ല. നിറമില്ലാത്ത കുട്ടിയെ ആമിന ഇടയ്ക്കിടെ സോപ്പിന്‍ പൊടിയും പാത്രം കഴുകുന്ന വിം ഇട്ടു വരെ കുളിപ്പിച്ചു നോക്കി ഇല്ല.. നോ രക്ഷ. ഇത് ആജീവനാന്ത പെയിന്റാണ്. ആമിന ഫെയര്‍ ആന്‍ഡ്‌ ലവ് ലി വാങ്ങുന്നത് നിര്‍ത്തി-ആമിനക്കറിയാം വിമ്മിനു സാധിക്കാത്തത് വേറൊരു കൊപ്പിനും സാധിക്കില്ലെന്ന്. പാത്രം കഴുകുമ്പോള്‍ വിമ്മിന്റെ മഹിമ അത്രയ്ക്കാണ്. എന്നിട്ടും തന്റെ മകന്റെ കാര്യത്തില്‍ ആമിനയങ്ങനെ ചിന്തിച്ചും പരിഭം പറഞ്ഞു കാലങ്ങള്‍ കടന്നു പോയി...

കാലത്തിന്റെ കുത്തൊഴുക്കില്‍ ആമിനയുടെ മകന് കുട്ടനെന്നു വിളിപ്പേര് വീണു. വീട്ടിലും നാട്ടിലും അവന്‍ കുട്ടനായി. ശരിക്കും കട്ടന്‍ എന്നാണു കട്ടന്‍ ചായയെക്കാള്‍ കറുപ്പുള്ള അവനെ വിളിക്കേണ്ടത്. എങ്കിലും അവന്റെ എണ്പതു വയസ്സായ വല്യുപ്പ അവനെ കുട്ടനെന്നു വിളിച്ചു ദയ കാണിച്ചു - വിശാലമനസ്കന്‍. എങ്കിലും ആമിനയുടെ പരിവേദനങ്ങള്‍ കൂടിയതെയുള്ളൂ... പതിനാലു വയസ്സ് തികഞ്ഞിട്ടും തന്റെ മകന്‍ ആരോടും മിണ്ടാട്ടമില്ല. തികഞ്ഞ മൗനി. കുട്ടികളുടെ കൂടെ കളിക്കാന്‍ പോവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വല്ലപ്പോഴും കഴിക്കും. ഇല്ലേല്‍ ഇല്ല. ആമിനക്കു ആധിയായി. ഏഴെട്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ പുതിയാപ്ല ആകേണ്ട പയ്യനാണ്. ഇവനെയിങ്ങനെ മന്ദപ്പന്‍ ഇരുപ്പില്‍ കണ്ടാല്‍ എവിടുന്നാണ് പെണ്ണ് കിട്ടുക!? കുട്ടന്റെ ഈ പ്രത്യേക സ്വഭാവം നാട്ടിലെ പെണ്ണുങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന ആത്മാര്‍ഥതയോടെ പുഴക്കടവില്‍ നിന്നും നേര്‍ച്ച സ്ഥലങ്ങളിലെ നാരദാന്തരീക്ഷത്തില്‍ നിന്നും ചര്‍ച്ച ചെയ്യപ്പെട്ടു. നാട്ടില്‍ മുഴുവന്‍ ആമിനയുടെ മകന് തലയ്ക്കു സുഖമില്ലെന്ന് ഖ്യാതി പരന്നു..... ആമിനയുടെ ബി പി കൂടി. പണ്ടാരമടങ്ങിയ തൊളച്ചികളെ കൊണ്ട് ആമിനക്ക് ഇരുന്നിട്ടും കിടന്നിട്ടും പൊറുതി കിട്ടിയില്ല.  പിറ്റേ ദിവസം തന്നെ ആമിന മകനെയും കൂട്ടി നേര്‍ച്ചകള്‍ ചെയ്യാനിറങ്ങി. ഫക്കീരുപ്പാപ്പ അലാവുധീന്റുപ്പാപ്പ നിന്റുപ്പാപ്പ അവന്റുപ്പാപ്പ എന്നൊക്കെ പേര് വെച്ച നിരവധിയനവധി മന്ത്രവാദ വേന്ദ്രന്മാര്‍ കുട്ടന് വേണ്ടി മന്ത്രം ചൊല്ലി. നേര്‍ച്ചകള്‍ ചെയ്തു. മുട്ടയറുത്തു... തേങ്ങയുടച്ചു....  അങ്ങനെയൊരു പള്ളിമുറ്റത്ത് നേര്‍ച്ച ചെയ്യവേ കുട്ടന്‍ ബോധം കെട്ടു വീണു. അടുത്തുള്ള ജനങ്ങളെല്ലാം ഓടിക്കൂടി. പെണ്ണുങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ചു. എല്ലാരും ശൈഖിന്റെ മഹിമയെ വാഴ്ത്തി. ഇങ്ങള്‍ കുട്ടിന്ടസുഖം ഇന്നന്നെ മാരും താത്താ... കൂട്ടത്തി നിന്നോരുത്തി ഉറക്കെപ്പറഞ്ഞു. ആമിനക്ക് ആശ്വാസമായി. ഇത് ശൈഖിന്റെ പണിയാണ്!!! ആമിന മകനെ തൊട്ടു തലോടി. ആരോ കൊണ്ടുക്കൊടുത്ത വെള്ളം അവന്റെ മുഖത്ത് തളിച്ചു.  അല്‍പ്പം കുടിക്കാന്‍ വായില്‍ വെച്ചു കൊടുത്തു.... കുട്ടന്‍ ഒന്ന് നിരങ്ങി ചുറ്റിലും പെണ്ണുങ്ങള്‍ ആര്‍ത്തലച്ചു... ശൈഖിന് ആശംസകളും നേര്‍ച്ചകളും പൂര്‍വ്വാധികം ശക്തിയോടെ ഉറക്കെയുറക്കെ ആളുകള്‍ പ്രഖ്യാപിച്ചു. കുട്ടന്റെ ഓരോ അനക്കവും അവിടെ ആവേശം ചിതറി.

അവസാനം കുട്ടന്‍ കണ്ണ് തുറന്നു.... ചുറ്റിലും നോക്കി.... എന്തോക്കെയാനിവിടെ നടക്കുന്നത്....! അത് വായില്‍ നിന്നും വന്നത് ഇങ്ങനെയായിരുന്നു:
"യെന്ത് മൈരാ തള്ളേ ഇവട നടക്കണത്..!?" കൊറേ പോലയാടിച്ചികളും പൂമക്കളും ഇവടക്കൂടി....."
പിന്നങ്ങോട്ട് തെറികളുടെ പൂരമായിരുന്നു കുട്ടന്റെ നാവില്‍....
ആമിന ഞെട്ടി.
ആളുകള്‍ നിശബ്ദരായി.
 സംഗതി പന്തിയല്ലെന്നു കണ്ട് പെണ്ണുങ്ങള്‍ പതിയെ സ്ഥലം കാലിയക്കിത്തുടങ്ങി. ആളൊഴിഞ്ഞ പൂരപ്പറമ്പില്‍ നില്‍ക്കും പോലെ ആമിന മകന്റെ അടുത്തു നിന്ന് അല്‍പ്പം വിട്ടു നിന്ന്.. ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്ന എന്റെ മോന്‍ തന്നെ അല്ലെ ഇത്. ശൈഖ് ഉശാരാന് എന്ന് കേട്ടപ്പോ ഇത്രക്കും ഉഷാറാണ് എന്ന് കരുതിയില്ല. അല്ലെങ്കിലും ഇത്രയ്ക്കു വേണ്ടാരുന്നു. ആമിനയുടെ ഉള്ളു കാളി. ഇതിങ്ങനെ പോയാല്‍....
അത്രകാലം മരണവീട് പോലെ കാണപ്പെട്ടിരുന്ന ആമിനയുടെ വീട് ഒരു സര്‍ക്കസ്സ് കൂടാരം പോലെ ആയി മാറി. കുട്ടന്റെ വക ചട്ടിയേറ് തെറി വിളി പുരപ്പുറത്തു കയറി അയല്‍വാസികളുടെ കുളിസീന്‍ കാണല്‍ എന്ന് തുടങ്ങി സകലമാന കുരുത്തക്കേടുകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആയി മാറുകയായിരുന്നു കുട്ടന്‍. കുട്ടന്റെ അടി കിട്ടി മോന്ത തടവിക്കരഞ്ഞ ശൈഖിനെ ഉറക്കത്തില്‍ വരെ പ്രാകി...
"ന്നാലും പഹയന്‍ ശൈഖേ... ഇജ്ജ്‌ ന്നൂടി ഇച്ചതി ചെയ്യേണ്ടെയ്നി..."


അങ്ങനെയിരിക്കെ നാട്ടില്‍ ഒരു ഗമണ്ടന്‍ മന്ത്രവാദി മുസ്ല്യാര്‍ എത്തിയിട്ടുണ്ടെന്ന് ആമിനിയറിഞ്ഞു കേട്ടപാതി കേള്‍ക്കാത്ത പാതി ആമിന ചെക്കനെ കൊണ്ടു പോകാന്‍ കുട്ടന്റെ കഞ്ഞിയില്‍ ഉറക്ക ഗുളികയിട്ടു. എന്നിട്ടും അവന്‍ ഉറങ്ങിയില്ല. കുഴഞ്ഞു കുഴഞ്ഞു നടക്കുന്ന അവന്‍ തള്ളയെ കണക്കിന് തെറി വിളിച്ചു. എങ്കിലും ശരീരബലം നഷ്ട്ടപ്പെട്ട അവനെയും പിടിച്ചു വലിച്ചു ആമിന മുസ്ലിയാരുടെ കോര്‍ട്ടിലേക്കൊടി.  ടോക്കന്‍ എടുത്തു ആമിന അക്ഷമയോടെ കാത്തിരുന്നു. മുസ്ല്യാരെ കാണാന്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ആമിനയും ഇരിപ്പുറപ്പിച്ചു. കള്ളുകുടിയന്‍ മാരുടെ ശൈലിയിലുള്ള ആസ്ഥാനതെറികള്‍ കേട്ട് ആ സദസ്സ് മുഴുവന്‍ ചെവി പൊത്തി.പുറത്തു എന്തോ അത്യാഹിഅതം നടക്കുന്നുവെന്നു മണത്ത ഉസ്താദിന്റെ ശിങ്കിടി ഉസ്താദിനെ കാര്യമറിയിച്ചു... നിമിഷങ്ങള്‍ക്കകം  വാതില്‍ തുറക്കപ്പെട്ടു.

"ഉസ്താദേ ന്നെ രക്ഷിക്കണം" ആമിന മുറിയിലേക്ക് കയറിയ പാടെ മൂക്ക് പിഴിഞ്ഞു.  ആമിനയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മന്ത്രവാദി ആമിനയുടെ വിഷമങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു. മുസ്ല്യാരുടെ കഴിവില്‍ അത്ഭുതം കൂരിയ ആമിന തന്റെ മോനെ രക്ഷിക്കാന്‍ ഈ അജാനബാഹുവായ മുസ്ലിയാര്‍ക്കെ കഴിയൂ എന്ന് ഉറപ്പിച്ചു.

'എണീറ്റ്‌ നിക്കിന്‍' ഉസ്താദ് കല്‍പ്പിക്കും പോലെ മൊഴിഞ്ഞു. ആമിന എണീറ്റു .
'നിന്റെ വയറ്റില്‍ ഓപ്പറേഷന്‍ ചെയ്ത പാടുണ്ടോ?'
'ഇല്ല ഉസ്താദേ...'
'ആ സാരി ഇങ്ങട്ട് മാറ്റിന്‍... ഞമ്മക്കന്റെ പള്ള കാണണം.'

ആമിന ഞെട്ടി. തന്റെ മോന്റെ ബാപ്പയ്ക്ക് പോലും ഞമ്മള് പള്ള മര്യാദക്ക് കാണിച്ചു കൊടുത്തിട്ടില്ല. പിന്നാണ്. ആമിന മനസ്സില്‍ കരുതി.

"അല്ല ഉസ്താദേ.., ദോക്കെ ന്തിനാ? - ഇനക്കല്ല സൂക്കേട്. ദാ ഒനാ... ന്റെ മോന്!"
"ആ മോനെ പെറ്റ വയറ് തന്ന്യാണ് ഞമ്മക്ക് കാണേണ്ടത്."
"അത് പിന്നേ.. സ്താദേ..."
 ആമിന കെറുവിച്ച്.
ഉസ്താദിന് കലി കയറി. ചൂരല്‍ കയ്യില്‍ മുറുകെ പിടിച്ചു. മേശമ്മേല്‍ ശക്തിയായിഒ ഒരടിയങ്ങു അടിച്ചു... മുസ്ല്യാരുടെ കയ്യിലിരുന്നു ചൂരല് വിറച്ചു. ആമിന ചൂരലിനേക്കാള്‍ വേഗതയില്‍ വിറച്ചു.
ഒന്ന് പെറ്റതാണേലും ഒത്തൊരു താടക തന്നെയായിരുന്നു അന്നാട്ടിലാമിന.
"ചെക്കനെ ആ മുറിയിലേക്ക് മാറ്റിന്‍.!"

ഉടന്‍ തന്നെ ഒരു ശിങ്കിടി അവിടെ പ്രത്യക്ഷപ്പെട്ടു. കുഴഞ്ഞു കിടക്കുന്ന കുട്ടന്‍ അടുത്തൊരു മുറിയില്‍ ബന്ധിതനക്കപ്പെട്ടു. ആമിന കിടുകിടെ വിറച്ചു. ഉസ്താദ് പറഞ്ഞു. "ഓനല്ല പെണ്ണെ സൂക്കേട്. അനക്കാണ്!!"
 ആമിന വീണ്ടും വീണ്ടും ഞെട്ടി
"ഇനിക്കോ?  ഇനിക്കൊരു സൂക്കെടും ഇല്ല ഉസ്താദേ..."
"അനക്കാന് സൂക്കേട്. കുട്ട്യോളെ ഇല്ലാത്ത സൂക്കേട് ണ്ടാക്കി അവടെം ഇവടെം കൊണ്ടോണ അനക്കന്നെ സെയ്ത്താനെ സൂക്കേട്. അന്റെ മേത്തുള്ള ജിന്നിനെ ഞമ്മളിന്നു തച്ചു മണ്ടിക്കും. അള്ളാണേ മണ്ടിക്കും.!" മുസ്ല്യാര് പുലിയാണ്. വെറും പുലിയല്ല.

ആമിനക്ക് കരച്ചില് വന്നു....
"ന്റെ പുയ്യാപ്ലനെപ്പോലും ഞാന്റെ പള്ള കാണിച്ചീല്ല്യാ .... മൂപ്പര് ഞമ്മളെ കൂടെക്കെടന്ന അപ്പം ഞമ്മള് ബെളക്കൂതും. വെട്ടത്തുന്നു ഇങ്ങനോക്കീം കാട്ടാന്‍ ഇന്നക്കൊണ്ട് കയ്യൂലാ..." ആമിന കെഞ്ചി.

ഇജ്ജിന്നി കുട്ട്യളെ നേര്‍ച്ചക്ക് കൊണ്ടോവ്വോ....?

നടുപ്പുറത്തു തന്നെ  ആദ്യത്തെ അടി വീണു. ആമിന വേദന കൊണ്ടു പുളഞ്ഞു.

"ഇല്ല്യാ ഇല്ല്യാ.... മോയ്ല്ല്യാരെ... ന്നെ തല്ലല്ലീം.... അള്ളോ.... അള്ളോ... "

അടി വീണ്ടും വീണ്ടും വീണു. ആമിനയുടെ വെളുത്ത ശരീരത്തില്‍ അവടവിടെയായി ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലിയാര്‍ വിടാന്‍ ഭാവമില്ല. പക്ഷെ സുന്ദരിയായ ആമിനയെ തല്ലുന്നതില്‍ മുസ്ല്യാര്‍ക്കും വേദനിക്കുന്നുണ്ട്. പക്ഷേങ്കി ആമിന നന്നാവാന്‍ വേണ്ടീട്ടല്ലേ..!

"ആമിനാ അന്നെ ഞമ്മള് തല്ലുന്നില്ലാ... അന്റെ മേത്ത് കേറിക്കെടക്കണ ആ കാട്ടുജിന്നിനെയാണ് നമ്മ തല്ലണത്... ഇജ്ജ്‌ ബേജാറാവണ്ടാമിനാ ആ സെയ്ത്താന്റെ കഥ ഇന്ന് ഞമ്മള് തീര്‍ക്കും."
മുസ്ല്യാര് അടി നിര്‍ബാധം തുടരുകയാണ്.  ആമിന ഉണ്ണിയാര്‍ച്ചയെ പോലെ ചാടിയും തടുത്തും ഒഴിയുന്നുണ്ട് . പക്ഷേങ്കി തച്ചോളി അമ്പു മാറ്റച്ചുരികയുമായി നില്‍ക്കുന്നത് കണക്കെ മുസ്ലിയാര്‍ തന്റെ വെള്ളത്തുണി കോണം കുത്തി പറന്നടിക്കുകയാണ്....
മുസ്ല്യാര്‍ ഉറക്കെ അലറി:

"സെയ്ത്താനെ ഇയ്യ് പോകൂലെ... ഞമ്മളെ ആമിനാനെ വിട്ടുപോകൂലെ.... പോവൂലെ ഇജ്ജ്‌..."
ഞമ്മള് പോയെ... സെയ്ത്താന്‍ പോയെ... ആമിന കരഞ്ഞോണ്ട് പറഞ്ഞു.
"എവ്ടീ എങ്ങട്ട് പോയീ.... ഓനെ ഞമ്മള് വിടൂലാ അള്ളാണെ വിടൂലാ..." അതാക്കുണ പടിഞ്ഞാട്ടെ മുറീലേക്ക് പോയീ... അള്ളോ അതാ അവുടുന്നും പോയീ.... അതാ എടനായിക്ക് കേറീ.. അള്ളോ... തല്ലല്ലീം മോയല്യാരെ..... മോയ്ല്യാരെ....
ഇതിനിടക്ക്‌ ആമിനയുടെ ശരീരത്തില്‍ കയറിയ ചെകുത്താന്റെയും മുസ്ല്യാരുടെയും വാദപ്രതിവാദം നടക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ആമിന പറയുന്നതേത് ചെകുത്താന്‍ പറയുന്നതേത്  എന്ന് മനസ്സിലാകാഞ്ഞിട്ടാവണം മുസ്ലിയാര്‍ അടി നിര്‍ത്തുന്ന ലക്ഷണമില്ല.

അടികൊണ്ടു പുളയുന്ന ആമിനയെ കണ്ടാല്‍ പൂഴിക്കടകന്‍ ആണെന്ന് തോന്നും ഇതിന്റെയിടയില്‍  ഒരടി കിട്ടിയപ്പോ ആമിന താഴെ വീണു. ആമിനയുടെ ക്ഷമ കെട്ടു. അവിടുന്ന് മോഹന്‍ലാല്‍ വരുന്നത് പോലെ ഇടതു ഭാഗം ചെരിച്ചു ഒരു വരവായിരുന്നു. ആ വരവ് കണ്ട് മുസ്ല്യാരുടെ  തൊണ്ട വരണ്ടു. പിന്നേ നടന്നത് ആടുതോമയിലെ സീനായിരുന്നു. സാരിയഴിച്ചു ഉസ്താദിന്റെ തലയില്‍ കറക്കി ചുറ്റി നാല് വീശല്‍. നാഭിക്ക് രണ്ടു തൊഴി. മൂക്കിന് ഘനത്തില്‍ രണ്ടുമൂന്നു ഇടി. സാരിക്കുള്ളിലെ മന്ത്രവാദി താഴെ വീണു. രാജമാണിക്യം സിനിമേല്‍ മമ്മുക്ക പറഞ്ഞ പോലെ കലിപ്പ് തീരണല്ലില്ലാ തള്ളേന്നും പറഞ്ഞോണ്ട് അയാളിരുന്ന മരക്കസേരയെടുത്ത് വീണ്ടും ഒന്നങ്ങു പൂശി.

തീര്‍ന്നു. എല്ലാം അവസാനിച്ചു.
എലി കരയുന്ന പോലെ ഉസ്താദ്‌ കരയുന്ന ശബ്ദം മാത്രം മുറിയില്‍ കേള്‍ക്കാം. ഈ രംഗം കണ്ട് വിരണ്ടു പോയ മുസ്ല്യാരുടെ ഒരു ശിങ്കിടി മാത്രം ജനലിലൂടെ ഒളിഞ്ഞിരുന്നു നോക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ വേണ്ടി ആമിന അയാളുടെ തലയില്‍ നിന്നും സാരി ഊരിമാറ്റി... സാരി ഊരിയതും ഒരു കൃതിമത്താടിയും മുടിയും സാരിയില്‍ നിന്നൂര്‍ന്നു വീണു.... പിന്നെക്കേട്ടത്‌  ഒരു പൊട്ടിക്കരച്ചിലായിരുന്നു.....

"അള്ളോ...!!!!! "
"കുഞ്ഞമ്മദാക്കാ ഇത് ഇങ്ങളെന്യോ... പടച്ചോനെ..... ആമിന വീണ്ടും നിലവിളിച്ചു. ആമിന ഉസ്താദിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. അള്ളോ... അള്ളോ.... 'ന്തിനാന്നും ഇങ്ങള് ഇമ്മാതിരി പണിക്കൊക്കെ നിക്കണേ...."

മുസ്ല്യാര് തല പൊക്കി. നീര് വെച്ച മുഖം തുടച്ചു പറഞ്ഞു:
"ന്നാലും ന്റാമിനാ.... ഇജ്ജ്‌ ബാല്ലാത്തോരാമിന തന്നെ....  കുഞ്ഞമ്മദ്‌ ആമിനയുടെ കൈ പിടിച്ചു.

ആമിനക്ക് ഇത്രത്തോളം സ്റ്റാമിന ഉണ്ടെന്നു ഇപ്പഴാണ് കുഞ്ഞമ്മദ്‌ അറിയുന്നത്.

ആമിനയുടെ നേര്‍ച്ചപ്രാന്ത് കാരണം മീന്‍ കച്ചവടത്തില്‍  കുത്തുപാളഎടുത്ത കുഞ്ഞമ്മദ്‌ തന്റെ ഭാര്യയുടെ ചിലവിനു തക്കതായി   തുടങ്ങിയ ബിസിനസ്സായിരുന്നു മന്ത്രവാദം. നാട്ടില്‍ മൊത്തം നേര്‍ച്ചയും വഴിപാടും മന്ത്രവാദവും ഏലസ്സ് കെട്ടലും നടക്കുമ്പോള്‍ അതുമുതലാക്കാം എന്ന ചിന്തയില്‍ കുഞ്ഞമ്മദ്‌ താടീം മുടിയും വെച്ചു സിദ്ധന്‍ ആവുകയായിരുന്നു. ഭാര്യയുടെ നേര്‍ച്ചപ്രാന്തിനിട്ടു ഒരു പണി കൊടുക്കാന്‍  തക്കത്തിന് കിട്ടിയപ്പോള്‍ കുഞ്ഞമ്മു ഒന്ന് ആശിച്ചു പോയി. കുഞ്ഞമ്മദ്‌ അതേ ചെയ്തുള്ളൂ...

Tuesday, May 15, 2012

നായെ... പോകൂ.... പോകൂ നായെ.... (കോഴിക്കോടന്‍ കഥകള്‍(

നല്ല മലയാളം പറയുന്നവര്‍ മലബാര്‍ ഭാഷ പറയുന്നവരെ കളിയാക്കാറുണ്ട് എന്ന് നമ്മളെല്ലാവര്‍ക്കും അറിയാം. എന്നാല്, ഞങ്ങള്‍ മലബാറുകാര്‍ നല്ല മലയാളം പറയുന്നവരെ വേണ്ടുവോളം കളിയാക്കുകയും നല്ല മലയാളം സംസാരിക്കാത്തതിനു ഞങ്ങളെ കളിയാക്കുന്ന ചില 'അവന്മാരെ' വേണ്ടിവന്നാല്‍ മലര്‍ത്തിയടിക്കാന്‍ പുതിയ കഥകള് വരെ സൃഷ്ട്ടിക്കും. മാമ്പുഴയുടെ കൈവരിയില്‍ നിന്നും ബ്ലോഗിന്റെ പുഴയിലേക്ക് അതിലൊരോണ്ണമിവിടെ വീഴുന്നു. ദാ പിടിച്ചോ....


ഊത്തും തിരിച്ചൂത്തും 


നാട്ടിലെ പരിഷ്ക്കാരിയും പഠിപ്പുകാരനും അതിലും വലിയ പത്രാസുകാരനുമൊക്കെയാണ്. പുള്ളി എഴുതിയ ഏതാണ്ടൊക്കെ രണ്ടുമൂന്നു തവണ ഏതൊക്കെയോ മാസികകളില്‍ അടിച്ചു വരികയും ചെയ്തതോടെ പുള്ളിയുടെ മസില് പിടുത്തത്തിനും വായില്‍ നിന്നും വരുന്ന മൊഴിമുത്തുകള്‍ക്കും മുറുക്കം കൂടി. ആകെ മൊത്തം ജാഡ. ജാടയെന്നു വെച്ചാ, അയല്‍വാസികളോട് വരെ മിണ്ടില്ല. ചിരിയില്ല. എന്തിന് സ്വന്തം ഭാര്യയോട് വരെ രാത്രി ആവിശ്യത്തിന് മാത്രമേ മിണ്ടുകയുള്ളൂ എന്ന് രഹസ്യം. നാട്ടിലെ വായനശാല പരിപാടികളിലും മറ്റു ക്ലബ്ബുകളുടെ സാംസ്കാരിക പരിപാടികളിലും സ്വാഗതപ്രസംഗവും ചിലപ്പോഴൊക്കെ അധ്യക്ഷനും ഒക്കെ പുള്ളിയാണ് കൈകാര്യം ചെയ്യാറുള്ളത്. കൂടാതെ സൌജന്യമായി നടത്താറുള്ള രക്തദാനം, തിമിര ശസ്ത്രക്രിയാ ക്യാംബ് എന്നിവക്കെല്ലാം പുള്ളി സജീവ സാന്നിധ്യമാണ്. സാന്നിധ്യം എന്ന് വെച്ചാല്‍ അറിയാമല്ലോ. അവിടെ മസിലും പിടിച്ചങ്ങനെ നില്‍ക്കും. ഇടയ്ക്കിടെ ആ തിരുവായില്‍ നിന്നും കല്പനകള്‍ പുറപ്പെടും. അടിയാന്മാര്‍ അനുസരിക്കും. നാട്ടുകാര് ബഹുമാനം കൊടുക്കുന്തോറും അപ്പുമാഷ്‌ ഇല്ലാതെ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി മാറി എന്ന് ധരിച്ചു വെച്ചിരിക്കുകയാണ് പാവം. ഞങ്ങളെ പോലുള്ള അലമ്പ് ടീമ്സിനെ കാണുന്നത് തന്നെ പുള്ളിക്കിഷ്ട്ടമല്ല. വായന ശാലയില്‍ ലൈബ്രറിയില്‍ വല്ലതും വായിക്കാന്‍ പുസ്തകമെടുക്കാന്‍ വന്നാല്‍ പോലും പുള്ളിയുടെ ഒരു അവിഞ്ഞ നോട്ടമുണ്ട്--ഇവനൊക്കെ എന്തിന് ഈ വായിക്കുന്നത്. ഒരു ഗുണവുമില്ലാത്ത പിള്ളേര്. ഇവന്മാര് സംസാരിക്കുന്നത് കേട്ടാല്‍ തന്നെ പ്രാന്ത് പിടിക്കും.-- ഒരിക്കലീ ആത്മഗതം തെല്ല് ഉറക്കെയായിപ്പോയി. അപ്പു മാഷ്‌ ചുറ്റിലും നോക്കി ആരേലും കേട്ടോ!? പെട്ടെന്ന് ഞെട്ടി പിന്നിലേക്ക്‌ നോക്കി. അവന്മാരുടെ കൂട്ടത്തിലോരുത്തന്‍ കേട്ടിരിക്കുന്നു...! ഹും.. അല്ലേലും കേട്ടാലെന്ത്..? ഉള്ളതല്ലേ..!? തെണ്ടിപ്പിള്ളേര്... നേരാം വണ്ണം മര്യാദക്ക് സംസാരിക്കാനറിയാത്ത ഇവന്മാരെല്ലാം ഈ ജന്മത്ത് നന്നാവാന്‍ പോണില്ല. ശപിച്ചു കൊണ്ട് അപ്പു മാഷ്‌ വായനശാലക്ക് പുറത്തിറങ്ങി. അപ്പു മാഷ്‌ എന്ന് പറഞ്ഞാല്‍ വല്ല്യ സര്ക്കാര് സ്കൂളിലെ മാഷോന്നുമല്ല. ഒരു പ്രൈവറ്റ്‌ ട്യുഷന്‍ സെന്ററില്‍ ക്ലാസെടുക്കാന്‍ പോകുന്നുണ്ട്. പ്രായം വല്ല്യ പ്രായമൊന്നുമല്ല ഒരു മുപ്പത്തി അഞ്ചില്‍ ഒത്ത ഒതുങ്ങിയ ശരീരം. വെള്ള ഷര്‍ട്ടും നല്ല വടിപോലത്തെ വെള്ള തുണിയും ഇട്ടാല് നമ്മുടെ വല്യേട്ടന്‍ സിനിമെലെ മമ്മൂട്ടിയെ പോലിരിക്കും. പരിപാടികള്‍ക്കൊക്കെ പാന്റ്സും ഷര്‍ട്ടുമിട്ടാല്‍ പിന്നെ നാട്ടില്‍ അതോലോത്തൊരു ആണില്ല. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും, തലക്കകത്ത് വെറും പിണ്ണാക്കും കഞ്ഞിവെള്ളവും മാത്രമെന്നാണ് നാട്ടിലെ പ്രധാന പയ്യന്‍സിന്റെയും അപ്പുമാഷിന്റെ ശിഷ്യഗണങ്ങളുടെയും വാദം. മാത്രവുമല്ല ഒരുവിധപ്പെട്ട ആള്‍ക്കാരെല്ലാം അപ്പുമാഷിനെ നീട്ടി അപ്പ്വോ... എന്നൊരു വിളിയാണ്. ഈ മാഷ്‌ കൂട്ടാതെയുള്ള വിളി കേട്ടാലേ പുള്ളിക്ക് കലിവരും. ഇവര്‍ക്കൊക്കെ മാഷെന്ന് വിളിച്ചാല്‍ എന്താ ഒരു കുഴപ്പം. പ്രൈവറ്റ്‌ കോളേജില്‍ ആണേലും മാഷ്‌ മാഷന്നെ അല്ലെ... വിവരമില്ലാത്തവന്മാര്. അല്ല പിന്നെ.
ചിലപ്പോഴൊക്കെ നാട്ടിലെ തലതിരിഞ്ഞപുത്രന്മാര്‍ അപ്പുമാഷു നടന്നു പോകുമ്പോ ഒളിഞ്ഞിരുന്നു നീട്ടി വിളിക്കും:

"അപ്പ്വോ... ഡാ അപ്പ്വോ.... " 

ആദ്യമൊക്കെ തിരിഞ്ഞു നോക്കാതെ പോകുന്ന അപ്പുമാഷ്‌ നിയന്ത്രണം വിട്ടാല്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കും. അപ്പൊ പയ്യന്മാരുടെ വിളിയുടെ ട്യുണ്‍ മാറും:

"അപ്പോയ്‌..... അപ്പോയ്‌ ... പരിപ്പ് വടേയ്.... ചായ ചായേയ്..." 

ഈ ഒളിയാക്രമണം കുറച്ചൊന്നുമല്ല മാഷിനെ അലട്ടുനത്. ഈ ഒരു അവന്ജ ഏതോ നിമിഷത്തില്‍ തിരിച്ചറിഞ്ഞ അന്ന് മുതലാണ്‌ ഇവന്മാരെ പാരവെക്കാനുള്ള ഒരു അവസരവും പുള്ളി പാഴാക്കാതിരിക്കാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.. നാട്ടിലെ ഇതു പരിപാടിക്കും മൈക്കെടുത്തു വിഴുങ്ങാന്‍ സ്വാതത്ര്യമുള്ള അപ്പുമാഷ്‌ മലയാള ഭാഷയെ കുറിച്ചും അത് നന്നായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഘോരഘോരം പ്രസംഗിച്ചു തുടങ്ങി. അതിന്റെ ഒരേയൊരു ലക്ഷ്യം, മാഷിനെ ഒളിഞ്ഞിരുന്നു പരിഹസിക്കുന്ന ഒരുകൂട്ടം വൃത്തികെട്ട അപരിഷ്കൃതരായ സംഘത്തെ കളിയാക്കി ഒറ്റപ്പെടുത്തുക എന്നതായിരുന്നു. അതൊരു സാഹസികതയായിരുന്നു- എന്ന് വെച്ചാല്‍ ഞങ്ങളുടെ കോഴിക്കോടന്‍ ശൈലിയില്‍ കോട്ടയം അച്ചടി മലയാളം കലര്ത്തുന്നത് മണലില്‍ വെള്ളമോഴിക്കുന്നതിനു സമാനമായിരുന്നു.
ഞങ്ങളുടെ ഇയ്യിലും പയ്യിലും നെജ്ജിലും (നീയിലും പശുവിലും നെയ്യിലും) മായം കലര്‍ത്താന്‍ ഞങ്ങള്‍ക്കിഷ്ട്ടമല്ല. അത് സമ്മതിച്ചു കൊടുക്കുകയുമില്ല. നാടും അതിന്റെ ഗന്ധവും സംസ്‌കാരവും ഭാഷയിലും അതിന്റെ ശൈലികളിലും ലയിച്ചു കിടക്കുന്നുണ്ടെന്ന് അന്ന് ഞങ്ങള്‍ പറയാതെ പറഞ്ഞിരുന്നു. ആ ശൈലിയില്‍ സംസാരിക്കുമ്പോഴെല്ലാം ഈ സത്യം ഞങ്ങളാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഞങ്ങള് "ഓനേം ഓളേം മയനേം വായനേം തോള്ളനേം(അവനെയും,അവളെയും,മഴയെയും, വാഴയെയും, വായയെയും-എന്ന് ക്രമത്തില്‍ സംഗ്രഹിക്കാന്‍ അപേക്ഷ) എടുത്തു യെതെഷ്ട്ടം ഉപയോഗിക്കുമ്പോള്‍ അന്നത് പറഞ്ഞത് തന്നെയാണ് പറയാതെഎന്ന് തിരിച്ചറിയുന്നുണ്ടിപ്പോ.


ഭാഷയും ശൈലിയും നമുക്കിവിടെ കെട്ടിയിടാം. അപ്പുമാഷിലേക്ക് തന്നെ തിരിച്ചു വരാം.
അപ്പുമാഷ്‌ തനി കോഴിക്കോടന്‍ ശൈലിക്കാരനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ തന്റെ ഇരുപത്തിയെട്ടു വയസ്സ് വരെ. അപ്പുമാഷിനു ജോലി കിട്ടിയതോടെയാണ് ആകെയൊരു മാറ്റം വന്നത്. സ്വയം മാറണമെന്ന് തോന്നിയപ്പോള്‍, മറ്റുള്ളവരില്‍ നിന്നും വിത്യസ്തനാവനം സ്വയം ശ്രദ്ധിക്കപ്പെടണംഎന്നൊക്കെ തോന്നിയപ്പോഴാണ് അപ്പു മാഷ്‌ ഇന്ന് കാണുന്ന അച്ചടി മലയാളം അപ്പുമാഷ്‌ ആയത്.


സംഗതി എന്ത് കുന്തമായാലും വേണ്ടില്ല, നാട്ടാര് നാട്ടാര് ആയിര്ക്കണം. അതി വേറൊരു അപ്പീലില്ല. 
"ഇവ്ട നാട്ടില് ഓന് ഞമ്മള മായിരി വര്‍ത്താനം പര്‍ഞ്ഞാലെന്താ " എന്നാ ലൈനാണ് മിക്ക നാട്ടാര്‍ക്കും മാഷിനോട് തോന്നുന്ന വികാരം. അപ്പുമാഷ്‌ നാടിനോടും ശൈലിയോടും ചെയ്ത ഈ വഞ്ചനക്ക് പ്രതികാരമായി കാലവും സാഹചര്യവും തന്നെ അപ്പു മാഷിനെ വെട്ടിലാക്കി.



കടലിനും ചെകുത്താനും  നടുവില്‍ 


മാമ്പുഴപ്പാലത്തിന്റെ അരികിലിരുന്നു ലോകത്തെ സകല കുരുത്തക്കേടുകളും ചര്‍ച്ചിക്കുന്ന സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ ഗല്ലിയിലേക്ക്. അവിടെ എല്ലാരും അവരവരുടെ വീരവാദങ്ങളും ബഡായികളും പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്കിടെ പാലത്തിനടിയിലെ വെള്ളത്തിലെ ചുഴികളെ പോലെ കുളക്കടവുകളിലെ കുളിസീന്‍ കഥകളും ബസ്‌ സ്റ്റോപ്പുകളിലെ മനം മയക്കുന്ന സുരസുന്ദരികളുടെ ശൃംഗാര വര്‍ണ്ണനകളും രാവിലെ പയ്യടിമേത്തല്‍ വഴി പോകുന്ന ഗ്ലാഡിസ് ബസ്സില്‍ ഒരു ജാക്കി' ചാന് കണ്ണടപ്പന്‍ അടി കിട്ടിയതും അവിടെ വലിയ ഓളങ്ങളും തിരകളും സൃഷ്ട്ടിക്കുന്നുണ്ട്. അപ്പോഴാണ്‌ ദൂരെ നിന്നും ഒരു പൂജാരി മന്ത്രം ചെല്ലുന്നത് കണക്കെ രാമനാമവും ജപിച്ചു കൊണ്ട്  ഒരു വിളക്ക് വരുന്നത് കണ്ടത്. ആ ദൃശ്യം കണ്ടയുടനെ എല്ലാവരും നിശബ്ദരായി. ഈ നട്ടപ്പാതിര പതിനൊന്നു മണിക്ക് ഈ വഴി വരാന്‍ കൂടെയിരിക്കുന്നവരുടെ "അച്ഛനോ ബാപ്പയോ" ആയിരിക്കുമെന്ന് എല്ലാര്‍ക്കും പരസ്പരം അറിയാം. അതുകൊണ്ടാണ് സജീവമായ ചര്‍ച്ച പെട്ടെന്ന് നിശബ്ദമായത്. കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു കൂമ്പ് വാട്ടി കെട്ടിയിട്ട് തുവയുടെ ഇല (ചൊറിയണം) ശരീരത്തില്‍ തടവി വെള്ളമൊഴിച്ച് പത്ത് ദിവസത്തേക്ക് തിന്നാനൊന്നും കൊടുക്കരുതെന്ന്  കല്‍പ്പന നടപ്പിലാക്കുന്ന തന്തപ്പിടികള്‍ ആണ് എല്ലാവര്‍ക്കും പടച്ച തമ്പുരാന്‍ കനിഞ്ഞു നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ഏതു ഉറക്കത്തിലും നിന്റച്ഛന്‍!!! എന്ന് കേട്ടാല്‍നാല് ദിവസത്തേക്കുള്ള മൂത്രം കിടക്കപ്പായില്‍ ഒരുമിച്ചൊഴിക്കും. അതാണ്‌ അന്നത്തെ ബാപ്പമാരുടെ ഒരു പവറ്. ഇന്നത്തെ പോലെ മകന്റെ ആവിശ്യങ്ങള്‍ മനസ്സിലാക്കി അവനെ പരിപോഷിപ്പിക്കലോന്നും അന്നത്തെ ബാപ്പമാര്‍ക്ക് പറഞ്ഞിട്ടില്ലായിരുന്നു. ഒട്ടുമിക്ക വീട്ടിലും ഉമ്മയാണ് ശരണം. എന്ത് ആവിശ്യമുണ്ടെങ്കിലും അമ്മ തന്നെ ശരണം. മുലപ്പാല് മുതല്‍ മൂക്കിപ്പൊടി വരെയുള്ള മക്കളുടെ ശീലങ്ങളൊക്കെ അമ്മക്ക് മാത്രമേ മനസ്സിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ . അച്ഛന്‍ വീട്ടിലെ പുലിയായിരുന്നു. വീരശൂരപരാക്രമി. ദേഷ്യം വന്നാല്‍ ശിവന് തുല്യം. സര്‍വ്വസംഹാരം. ഇന്നത്തെ പോലെ ഭര്‍ത്താവിനെ പേര് വിളിക്കാറോ ഡേയ് ഡാ ബന്ധങ്ങളോ അന്നില്ലായിരുന്നു. ദേ നോക്കീ, ന്റെ മൂപ്പര് , കുട്ടിയളെ അച്ഛന്‍ എന്നൊക്കെയായിരുന്നു അന്നത്തെ ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ നാനാര്‍ഥങ്ങള്‍. അന്ന് മഴവില്‍ മനോരമയും ശ്വേതാ മേനോനും കേരളത്തിലെ ഗൃഹങ്ങളില്‍ സ്വപ്നം പോലുമാല്ലായിരുന്നു എന്ന് വേണം കരുതാന്‍.

അങ്കത്തട്ട്

നമുക്ക് വിളക്കിനു പിന്നിലെ ഇരുട്ടിലാരാണെന്ന് നോക്കാം. ആ വിളക്ക്, വിറച്ചു കൊണ്ടിരിക്കുന്നുണ്ട്. വിലക്കെന്നു വെച്ചാല്‍ ഒരു മുറി തേങ്ങയുടെ ചിരട്ടയില്‍ കാല്‍ഭാഗം മെഴുകുതിരി കത്തിച്ചു അതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ചിരട്ടയുടെ ചന്തി പിടിച്ചു അതിന്റെ ഇരുട്ടില്‍ നിന്ന് മുന്നിലേക്ക്‌ വെളിച്ചം ഒഴിച്ചിടുന്ന ഒരു പ്രതിഭാസം. ദൂരക്കാഴ്ച്ചയില്‍ അത്രത്തോളം മനോഹാരിത ഒരു റാന്തല്‍ വിളക്കിനും നല്‍കാനാവില്ലെന്ന് തോന്നിയിട്ടുണ്ട്. കൂട്ടത്തില്‍ ഓരോരുത്തരും മുന്നിലുള്ളവന്റെ ചുമലിനു പിന്നില്‍ ഒളിക്കുന്നു. ആരുടെ വീട്ടില്‍ നിന്നാണ് വിളക്കിന്റെ ഉല്‍ഭവം? എല്ലാവരുടെയും ഹൃദയം നിലത്ത് വീണു കിടക്കുന്ന കുടപ്പനയുടെ ഓലയില്‍ മഴത്തുള്ളി ക്രമംതെറ്റാതെ വീഴുന്ന കണക്കിന് വിറങ്ങലിച്ചു തുടങ്ങി. ആരാണ്? ആരാണ്? ആ ചിരട്ട വിളക്കിന്റെ ആകാരം ചോദ്യ ചിഹനം പോലെ അവര്‍ക്ക് തോന്നി.
പെട്ടെന്നാണ് ആരുടെയോ കണ്ണുകള്‍ ആ സത്യം കണ്ടു പിടിച്ചത് അവന്‍ തന്നെ തെല്ലുറക്കെ വിളിച്ചു പറഞ്ഞു: അപ്പുമാഷ്‌.... അപ്പു മാഷാണത്!!!

ഹോ! ഡാം തുറന്നു വിട്ട പോലെയായിരുന്നു ചിലരുടെ നിശ്വാസങ്ങള്‍.... അതിഭീകരമായൊരു കൊക്കയിലേക്ക് വീണ് കൊണ്ടിരിക്കെ അത്ഭുതകരമായി രക്ഷപ്പെട്ട പോലെയായിരുന്നു അവര്‍ക്കതിനെ അനുഭവപ്പെട്ടത്. 
''മൈകുണാപ്പന്‍... ആരെ കെട്ടിക്കാന്‍ മാണ്ടിട്ടാ ഇച്ചങ്ങായി ഇന്നേരത്തു കെട്ടിയെടുക്കുന്നത്?'' ആരോ അതിനിടെ തെറികള്‍ പുട്ടിനു തെങ്ങ പോലെ വാരിയിട്ടു കൊണ്ടിരുന്നു.... അതിനിടെ വിളക്കിന്റെ ചലനം ദ്രുതഗതിയിലായോ എന്നൊരു സംശയം. രാമനാമം ഉറക്കെ ജപിക്കുന്നത് കേള്‍ക്കാം. എന്താ സംഭവം? എല്ലാവരും പാലത്തിനരികിലെ ചരിവുള്ള മറഞ്ഞ ഭാഗത്ത് ഒളിഞ്ഞിരുന്നു നോക്കി.
അപ്പുമാഷു ആകെ വിറച്ച മട്ടാണ്. ഒരു പേടിച്ചരണ്ട കിതപ്പും കേള്‍ക്കാം.
"ഡേ... നോക്ക് ചങ്ങായ്‌, മൂപ്പരെ ബേക്കില് ഒരു നായി!" നായ എന്ന് വിളിച്ചാല്‍ പോര ഒരു ഒന്നൊന്നര നായ തന്നെയായിരുന്നു അത്. ഒരു കന്നാലിയോളം ഉയരമുള്ള ആ ഭീകരജീവി തന്റെ നാവ് തന്റെ ഒട്ടത്തിനനുസരിച്ചു ഇടത്തോട്ടും വലത്തോട്ടും വീശിയിടുന്നുണ്ട്. കൂര്‍ത്ത് രക്തദാഹിയായ ഡ്രാക്കുളയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ അവന്റെ പല്ലുകള്‍ അപ്പു മാഷിന്റെ മെഴുക് തിരി നാളങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു. "രണ്ടു സെയ്ത്താന്മാരും ഞമ്മളടുത്തുക്കാണല്ലാ പടച്ചോനെന്നും പറഞ്ഞു ഒരുത്തന്‍ കൂടെയുള്ളവരെ വീണ്ടുമൊരിക്കല്‍ക്കൂടി ഭയം പകുത്തു നല്‍കി. പിന്നില്‍ നിന്ന് ഈ പഹയന്‍ കാരണം ഞമ്മളും കൂടി പണ്ടാരടങ്ങ്വോ" എന്നൊരു ആതമഗതം എല്ലാവരെയും ഓടാന്‍ തയ്യാറായിക്കോ എന്നൊരു മുന്നറിയിപ്പായി കണക്കാക്കി. അപ്പു മാഷ്‌ നടക്കുന്നത് മതിയാക്കി പതിയെ ഒടാന്‍ തുങ്ങിയിരുന്നു. മെഴുകുതിരിയുടെ ഉരുകിയ ലാവ ക്രമം തെറ്റിയാണ് ഒലിക്കുന്നത്. ഉടുത്തിരുന്ന പോളിസ്ടര്‍ തുണി തമ്മിലുരഞ്ഞു ഓലമടല്‍ വലിച്ചു കൊണ്ട് പോകുന്നൊരു ശബ്ദം പോലെ തോന്നിപ്പിച്ചു. 

പിന്നില്‍ തെന്നെക്കാള്‍ ആരോഗ്യമുള്ളോരു നായ. മുന്നില്‍ ഇരുട്ട്. എന്ത് ചെയ്യും?ഈ വിളക്കങ്ങു കളഞ്ഞിട്ടു ഓടിയാലോ? പക്ഷെ ഇരുട്ടാണ്. വല്ല പൊട്ടക്കിണറ്റിലും വീണാല്‍..! അയ്യോ... അത് ഓര്‍ക്കാനും കൂടി വയ്യ... വല്ല പാമ്പും കടിച്ചാലോ..? അയ്യോ.. അയ്യോ.. പക്ഷെ നായയെക്കാള്‍ ഭീകരത കുറവാണ് പാമ്പിനു ആണോ? ഹമ്മേ. അല്ലല്ല. പാമ്പ് എന്തൊരു വൃത്തികെട്ട ജീവിയാണ്. കൊഴുപ്പുള്ള തൊലിയും പപ്പടത്തിന്റെ വാസനയും ഹോ... ഓട്ടത്തിനിടെ അപ്പുമാഷ്‌ പലതും ആലോചിച്ചു. ഒറ്റ മനുഷ്യ ജീവിയെ കാണാനില്ല. അല്ലെങ്കില്‍ കാണാം ആ തെണ്ടിപ്പില്ലെര്‍ വെറുതെ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നത്. ഒരു ആവിശ്യത്തിന് ഒരു തെണ്ടികളെയും കിട്ടില്ല. നാശം. ഈ ഊരാക്കുടുക്കില്‍ നിന്നും എന്നെ രക്ഷിക്കണേ ഭഗവാനെ. അപ്പുമാഷ്‌ മനസ്സുരുകി പ്രാര്‍ഥിച്ചു. 

അല്ഭുതമെന്നു പറയട്ടെ! ഭഗവാന്‍ അപ്പു മാഷിനെ രക്ഷിക്കാന്‍ തീരുമാനിച്ച മട്ടാണ്! അപ്പുമാഷിന്റെ മനസ്സില്‍ ഏതോ പുസ്തകത്തിലെ വാക്കുകള്‍ തെളിഞ്ഞു വന്നു. നായയെ കണ്ടാല്‍ ഓടരുത്. നമ്മള്‍ പേടിച്ചു എന്ന് കണ്ടാല്‍ നായ നമ്മളെ ഭയപ്പെടുത്തിക്കൊണ്ടെയിരിക്കും. നമ്മള്‍ പ്രതികരിക്കാത്ത കാലത്തോളം നമ്മളെ നായ എന്നല്ല ഏതു ജീവിയും നമ്മളെ ചൂഷണം ചെയ്യും. അപ്പുമാഷ്‌ ആ പുസ്തകത്തിലെ അടുത്ത ഖണ്ഡിക ഓര്‍ത്തെടുത്തു: 

"നിങ്ങള്‍ വിജനമായൊരു വഴിയിലൂടെ നടക്കുമ്പോള്‍ നിങ്ങളെ ഒരു തെരുവുനായ പിന്തുടര്‍ന്ന് എന്ന് വെക്കുക. നായകളുടെ പൊതുവായ സ്വഭാവമാണ് പിന്തുടരല്‍. അത് സഹജമാണ്. നിങ്ങള്‍ ആലപ്പ നേരം നടന്നിട്ടും ആ തെരുവുനായ പിന്നില്‍ തന്നെ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ നടത്തം നിര്‍ത്തുക. എന്നിട്ട് ധൈര്യം സംഭരിച്ച് അതിന്റെ നേരെ നില്‍ക്കുക. കണ്ണെടുക്കാതെ അതിന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുക. അപ്പോള്‍ നിങ്ങള്ക്ക് കാണാം നായ ഭയപ്പെടുന്നത്. അത് നിങ്ങളുടെ മുഖത്ത് നിന്നും കണ്ണെടുക്കും. ആ ജീവി പിന്നെ പതിയെ പതിയെ പിന്‍വലിയും. നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ.... ഭയപ്പെട്ടാല്‍ നിങ്ങള്‍ ഭയപ്പെട്ടു കൊണ്ടേയിരിക്കും." 
ഇത് വായിച്ച പിറ്റേന്ന് തന്നെ ക്ലാസ്സില്‍ കുട്ടികള്‍ക്ക് ഈ വിദ്യ പറഞ്ഞു കൊടുത്തതും മാഷ്‌ ഓര്‍ത്തെടുത്തു. പക്ഷെ എന്നാലുമെന്റെ ഭഗവാനെ ഈ നട്ടപ്പാതിരയ്ക്ക് വേണ്ടായിരുന്നു. പകല് എത്രഎത്ര സമയമുണ്ടായിരുന്നു!എന്നിട്ടും.... ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഈ ഭീകരന്‍ തന്റെ ഇറച്ചിയുടെ രുചിയറിയും.  


അങ്കം 


മാഷിന്റെ പോക്കറ്റില്‍ കൈ വെച്ചുള്ള മന്ദഗതിയിലുള്ള ഓട്ടം കണ്ടു രസിച്ച ഒളിച്ചിരിക്കുന്ന പയ്യന്മാര്‍ ഭയം മറന്ന് തലകുത്തി നിന്ന് ചിരിച്ചു. ചിലര്‍ക്ക് ചിരിച്ചു ചിരിച്ചു വയറവേദനയെടുത്തു.... വായ പൊത്തിപ്പിടിച്ചും ശ്വാസമടക്കിയുമുള്ള ആ നിശബ്ദ അട്ടഹാസങ്ങള്‍ അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ ലയിക്കാന്‍ വെമ്പല്‍ കൊണ്ടു. നായയുടെ ഭീകര രൂപം ഓര്‍ക്കുംബോഴുണ്ടാവുന്ന പേടി കൊണ്ടു അവരതിനെ ഒതുക്കി നിര്‍ത്തി.
പെട്ടെന്നാണ് പയ്യന്മാരെ ഞെട്ടിച്ചു കൊണ്ടു മാഷ്‌ രാമാ എനിക്ക് ശക്തി തരൂ എന്നും പറഞ്ഞു കൊണ്ടു നായയുടെ നേര്‍ക്ക്‌ ഞെട്ടിത്തിരിഞ്ഞത്. ആ നില്‍പ്പില്‍ നായ അന്തിച്ചു പോയി. ഓടുന്ന ഓട്ടത്തില്‍ ഇത്രയ്ക്കു പെട്ടെന്ന് പറ്റിക്കാമോഡാ എന്ന ഭാവത്തില്‍ നായ സഡന്‍ ബ്രേക്കിട്ടു. പക്ഷെ അല്‍പ്പം മിസ്സായി തെന്നിപ്പോയി- ഫലം നായ മാഷിനെ ഉമ്മ വെച്ചു! ""ഗ്രാ...ഹെന്റമ്മേ..."" അത് ഒരലര്‍ച്ചയായിരുന്നു-നായയുടെ. രണ്ടാമത്തേത് മാഷിന്റെ നിലവിളിയും... നായ ആകെ അങ്കലാപ്പിലായി. ഈ പഹയന്‍ എന്താ ഈ കാണിച്ചത്? നായ മാഷിന്റെ മുഖത്തേക്ക് നോക്കി. 
മാഷ്‌ നായയെ നോക്കി ദയനീയമായിക്കൊണ്ട് തൊഴുതുനില്‍ക്കുകയാണ്. ആ അപൂര്‍വ്വ രംഗം യുവജനോല്‍സവ വേദികളിലെ നിശ്ചലചിത്ര മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു. പാലത്തിനു ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന പയ്യന്മാര്‍ ചിരിക്കണോ കരയണോ എന്ന് സംശയിച്ചു.
നായയുടെ മുഖത്ത് നോക്കി നിന്നിട്ടും നായക്ക് ഒരു കുലുക്കവുമില്ലെന്ന പരമാര്‍ത്ഥം ഒരു ഞെട്ടലോടെ അപ്പുമാഷ്‌ തിരിച്ചറിഞ്ഞു. ഏതോ മണ്ടന്‍ എഴുതിയ കഥയും വിശ്വസിച്ചു ഇറങ്ങിപ്പുറപ്പെട്ട തന്നെ പറഞ്ഞാല്‍ മതിയല്ലോ.. മാഷ്‌ സ്വയം പഴിച്ചു. ആ പുസ്തകത്തില്‍ തെരുവ് പട്ടി എന്നാണു കൊടുത്തിരിക്കുന്നത്. ഇതിനെ കണ്ടിട്ട് ഏതോ രാജ കുടുംബത്തില്‍ പിറന്ന പോലെയുണ്ട്. ദിവസവും കിലോ കണക്കിന് ഇറച്ചിയും ബിസ്ക്കറ്റും കൊടുക്കുന്ന ഏതോ പണക്കാരന്റെ ആയിരിക്കും. അത്രക്കുണ്ട് ഈ ഭീകരന്റെ ആരോഗ്യം. ആ പുതുപ്പണക്കാരന്‍ ഗംഗാധരന്റെത് ആയിരിക്കുമിത്. പകല് മുഴുവന്‍ കൂട്ടിളിടുന്ന ഇതിനെ രാത്രി കെട്ടഴിച്ചു വിടാറുണ്ട് എന്നറിഞ്ഞിരുന്നേല്‍ താന്‍ ഏഴു മണിക്ക് മുമ്പേ വീട്ടില്‍ കയറിപ്പറ്റിയേനെ... നാശം....
നായ്‌ ക്രൂരമായ ഭാവത്തില്‍ നില്‍ക്കുകയാണ് അതിന്റെ വായില്‍ നിന്നും പശിമയുള്ള കൊഴുത്ത ദ്രാവകം തൂങ്ങിയൊലിക്കുന്നത് മാഷ്‌ ഒരു വട്ടമേ നോക്കിയുള്ളൂ.... പല്ലുകളുടെ തിളക്കം കണ്ടു മാഷ്‌ നെഞ്ചത്ത് കൈ വെച്ചു. വെച്ച കയ്യില്‍ സ്ഥിരം തടയാറുള്ള തന്റെ ഒമനപ്പേന നഷ്ട്ടപ്പെട്ടിരിക്കുന്നു! ഹോ.. ചാവാന്‍ പോകുന്നവന് എന്തിനാ പേന.! മാഷ്‌ ചിന്തിച്ചു. എന്നാലും ആയിരത്തി അഞ്ഞൂറ് രൂപയുടെ പേന...!
നായയുടെ മുരള്‍ച്ച ഭീകരമായ ഒരു അന്തരീക്ഷമാവിടെ സൃഷ്ട്ടിച്ചു. അത് മുരള്ച്ചയില്‍ നിന്നും പാലത്തിന്റെ കൈവരി കുലുങ്ങും വിധത്തില്‍ കുരയായി പരിണമിച്ചു. മാഷ്‌ ദയനീയമായി അതിനെ 
നോക്കി പറഞ്ഞു: 
"പോകൂ നായെ..." 
പണ്ട് തന്‍റെ അമ്മൂമ്മ ഒരു പാമ്പിനെ നോക്കി നീ പൊയ്ക്കോ പാമ്പേ ഞാന്‍ നിന്നെ ഒന്നും ചെയ്യാന്‍ വന്നതല്‍" എന്ന് പറഞ്ഞപ്പോള്‍ അത് അമ്മൂമ്മയെ ഒന്നും ചെയ്യാതെ മാലത്തിലേക്ക് കയറിപ്പോയി എന്ന ഒരു കഥ വീട്ടിലാരോ പറഞ്ഞത് കേട്ടതായിരുന്നു നായയോട് സംവദിക്കാന്‍ അപ്പു മാഷിനെ പ്രേരിപ്പിച്ചത്.


നായ കുറ നിര്‍ത്തുന്നില്ല. ഈ നായക്ക് മലയാളം അറിയില്ലേ? മാഷ്‌ ഓര്‍ത്തു-ഇത് വല്ല അമേരിക്കയില്‍ നിന്നും കൊണ്ടു വന്ന നായയായിരിക്കും. എന്നാലും ഇവിടെ വന്നാല്‍ പോകാന്‍ പറയുന്നതുമൊക്കെ വേഗം പഠിക്കില്ലേ..? അടുത്ത വീട്ടിലെ ഇല്യാസിന്റെ മകന്‍ ജനിച്ചത് കുവൈത്തിലായിട്ടും പന്ത്രണ്ടാം വയസ്സില്‍ ഇവിടെയെത്തിയപ്പോള്‍ അവനോടു മലയാളം പഠിച്ചോ എന്നാരോ ചോദിച്ചപ്പോള്‍ പോടാ പട്ടീ എന്ന് പറഞ്ഞത്രേ... അത് മാത്രേ പഠിച്ചുള്ളൂ അവന്‍. അപ്പൊ നായയ്ക്കും ഇതൊക്കെ ബാധകമല്ലെ!? എന്നാലും നായക്ക് അറിയാമായിരിക്കും മാഷ്‌ വീണ്ടും നായയോട് തൊഴു കയ്യോടെ പറഞ്ഞു :
 "പോകൂ നായെ..."
പാലത്തിനടിയിലിരുന്നു ഈ കാഴ്ച കാണുന്ന തെമ്മാടിക്കൂട്ടം ഇയാള നായയോട് വര്‍ത്താനം പറയുന്നത് കണ്ടു കലി പൂണ്ടു: 
"മൈ__ന്‍ . ചാവാന്‍ നേരത്തും അവന്റെ മറ്റെടത്തെ വര്‍ത്താനം അവന്‍ നിര്‍ത്തില്ല." 
"അതന്നെ!" 
കൂടെയുള്ളവര്‍ ശരി വെച്ചു. നായയോദു പോലും അച്ചടി ഭാഷ പറഞ്ഞ മാഷിനോടുള്ള അവരുടെ അമര്‍ഷമായിരുന്നു അത്. നായയും അപ്പുമാഷും തമ്മിലുള്ള സംവാദം തുടരുകയാണ്:

നായെ, ദയവു ചെയ്തു ഡോര്‍ പോകൂ... എന്നെ ഉപദ്രവിക്കരുത്. ഞാനൊരു പാവമാണ്.
നായക്ക് ഒന്നും മനസ്സിലായില്ല. നായ ഇടി വെട്ടും പോലെ കുരച്ചു ചാടി. മാഷ്‌ പ്ന്നോക്കം ചാടി.. മാഷ്‌ വീണ്ടും പറഞ്ഞു : പോകൂ നായെ. പ്ലീസ്‌ ഗോ എവേ... മാഷ്‌ അവസാന അടവും പയറ്റി! ഇംഗ്ലിഷ്!!! ചിലപ്പോ സായിപ്പാണെങ്കിലോ 
ഇല്ല!!! നായ കുരച്ചു കൊണ്ടു മുന്നോട്ടു വരികയാണ്. മൃഗീയമായ നായയുടെ ക്രൌര്യമേറിയ തിളങ്ങുന്ന കണ്ണുകള്‍ മാഷിന്റെ തുടുത്ത ശരീരത്തിലേക്ക് തുറിച്ചു നോക്കി.നിലത്തിഴയുന്ന വെള്ളത്തുണി മാടിപ്പിടിച്ചു മാഷ്‌ മരിക്കാന്‍ ഒരുങ്ങി നിന്നു..... നായ മുന്നോക്കം ചാടാന്‍ വേണ്ടി ഒന്ന് പിന്നോക്കമാഞ്ഞു.... മാഷിന്റെ സര്‍വ്വ നിയന്ത്രണങ്ങളും അപ്പോള്‍ നഷ്ട്ടപ്പെട്ടു. അയാളപ്പോള്‍ എല്ലാം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തന്റെ അവസ്ഥയിലെത്തിയിരുന്നു തന്റെ ശരീരത്തിലേക്ക് ചാടാനോങ്ങിനില്‍ക്കുന്ന നായയുടെ മുന്നിലേക്ക്‌ നടന്നു കൊണ്ടു മാഷ്‌ അലറി വിളിച്ചു: 

"പോ.. നായ്യ്യേ ആട്ന്നു.... ഞാന്തെത്ത അങ്ങോട് ചെയ്തത് ...? ഒരു നിലവിളിയോടുകൂടി അലറിക്കൊണ്ട് ആ നായുടെ നേരെ മാഷ്‌ നടന്നു ചെന്നു....
"അനക്കെന്ത മാണ്ട്യെ നായ്യെ...  ന്നടാ... കൊല്ല്... കൊല്ല്.... തിന്ന്... തിന്നെടാ നായ്യെ..."
നായ ഒരു പകപ്പോടെ അപ്പുണ്ണി മാഷിനെ നോക്കി. ഒരുവട്ടം നിന്നിടത്തുനിന്നു ആ വലിയ ജീവി കറങ്ങി. വാല് ചുരുട്ടി മോങ്ങി. പിന്നെ ദൂരേക്ക്‌ ഇരുട്ടിലെവിടെക്കോ ഓടി മറഞ്ഞു......

മാഷ്‌ ആകെ വിയര്‍ത്തിരുന്നു. ഇതിനിടയിലെപ്പഴോ കയ്യില്‍ നിന്നും വീണ മെഴുകുതിരി ചിരട്ട കൂടി കത്താന്‍ തുടങ്ങിയിരുന്നു.... അപ്പുണ്ണി മാഷ്‌ കണ്ണുകളടച്ചു നിലത്ത് മുട്ടുകുത്തിയിരുന്നു. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് മേല്പ്പോട്ട് നോക്കി.തന്റെ ശരീരത്തിലെ വിയര്‍പ്പില്‍ കാറ്റ് തണുപ്പ് പടര്‍ത്തുന്നത് മാഷറിഞ്ഞു. ഉദ്വേഗജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓര്‍ത്ത്‌ മനസ്സിനെ പാകപ്പെടുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. 
അപ്പോഴാണ്‌ പിന്നില്‍ നിന്നും ഒരു അശരീരി:

"ഡാ കോയാ, അനക്ക് അറിയൂലാടാ, ഈ നായിക്കള്‍ക്ക് അച്ചടിക്കണ വര്‍ത്താനം തിരിയൂലാന്ന്!! അയ്നോട് ആദ്യം തന്നെ അങ്ങോട്ട്‌ ഞമ്മള മാതിരി വര്‍ത്താനം പര്‍ഞ്ഞാ പോരെയ്ന്യോ..." കൂടെ  ആത്മഗതം പോലെ- "ഒന്റോരു ഹലാക്കിലെ വര്‍ത്താനം" 

മാഷ്‌ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല. ഇവിടുത്തെ സ്ഥിരം കുറ്റികള്‍ തന്നെയായിരിക്കും. ഇവന്മാര്‍ ഇതൊക്കെ കണ്ടു കൊണ്ട് നില്‍പ്പുണ്ടായിരുന്നോ..! ഇതൊക്കെ കണ്ടു കൊണ്ട് നില്‍ക്കുന്ന പിള്ളേരുടെ വാക്കുകള്‍ തന്നെയാണത്. മാഷ്‌ മനസ്സിലെ ചമ്മലെടുത്തു വെളിയില്‍ കളഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചു. എന്നിട്ട് ഉറക്കെത്തന്നെ പറഞ്ഞു:
 "മതിയേനി കോയാ... ഞമ്മക്കപ്പം ആ പുത്തി തലേല്‍ക്ക്  എത്തീലാ... ന്നിപ്പേതായാലും അങ്ങനാട്ട് പോട്ടെ. അടുത്തയ്ല് നോക്കാ..."

 കുഴലിലിട്ട വാല്‍ :


മാഷ്‌ പിന്നീട് നാട്ടുകാരോടെല്ലാം കോഴിക്കോടന്‍ ശൈലിയിലാണ് സംസാരിക്കാറ്. എന്തായാലും നായ ഓടിപ്പോയത് കോഴിക്കോടന്‍ ശൈലി പറഞ്ഞിട്ടല്ലെന്നു മാഷിനുമറിയാം ഞങ്ങള്‍ക്കുമറിയാം മാഷിന്റെ അപ്പോഴത്തെ പ്രകടനം കണ്ടാല്‍ നായയെന്നല്ല ഒറിജിനല്‍ ജിന്ന് വരെ പേടിച്ചു മരിച്ചു പോകും. അപ്പഴ ഒരു പീറ നായ.. അല്ല പിന്നെ!!!
അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം. എല്ലാവര്‍ക്കും എന്റെ നമോവാകം:))


Thursday, May 3, 2012

വലിച്ചെറിയപ്പെട്ട ഭ്രൂണം

ഹൃദയത്തിന് ഉറപ്പില്ലാത്തവര്‍ ചിത്രം കാണുകയും പോസ്റ്റ്‌ വായിക്കുകയും ചെയ്യരുത്  എന്നഭ്യര്‍ത്ഥിക്കുന്നു





പരാഗണ ലഹരിയില്‍ ജനനത്തെയും
ജന്മത്തെയും മറന്നു പോയ പെണ്ണെ....  
ജനിപ്പിച്ചു കൊല്ലും മുമ്പേ നിനക്കെന്നെ
മണ്ണിലലിയിച്ചു കളയാമായിരുന്നില്ലേ....?
ഇപ്പൊ ഞാനെന്റെ വേദന ആരോട് പറയും...
എന്റെ ജീവന്‍ പോകുമോഴുണ്ടായതിനേക്കാള്‍
നീറ്റല് തോന്നിയത്,
ആ ഉദരത്തിലെ ചൂടില്‍ നിന്നും വലിച്ചെറിയപ്പെട്ടപ്പോഴായിരുന്നു.....
അമ്മെ,
നീയെനിക്കൊരു ലോകം നിഷേധിച്ചു....
എന്റെ കാഴ്ചകള്‍ അപഹരിച്ചു....
വസന്തങ്ങളും വേനലുകളും എന്തിന്,
ഒരമ്മയെ കുറിച്ചോര്‍ത്തു വേദനിക്കാനുള്ള
സ്വാതന്ത്ര്യം പോലും നീയെനിക്കന്യമാക്കി.....
എനിക്ക് വേണ്ടിയെന്നുള്ളില്‍ മാത്രം
അമ്മയെന്ന് നാമധേയം ചെയ്യപ്പെട്ട
പെണ്ണേ,

നിന്നോട് പകരം ചോദിക്കാന്‍
മരണത്തിനപ്പുറത്തു നരകത്തെയും
അതിലെ കിന്കിരന്മാരെയും ഞാന്‍ കണ്ടില്ല....
എനിക്ക് കടന്നു പോകാനൊരു സ്വര്‍ഗ്ഗവും
ഈയനന്തനിദ്രയ്ക്കപ്പുറം ദ്രിശ്യമായില്ല....
കാരണം,
അതെല്ലാം നീയെനിക്കെന്നോ നഷ്ട്ടപ്പെടുത്തിത്തന്നിരുന്നു....

മന്നന്റെ സ്വര്‍ഗ്ഗവും നരകവും പവിത്രമായൊരു മാതൃത്വം മാത്രമാണെന്ന് പെണ്ണേ, നിനക്കിനിയാര് പറഞ്ഞു തരും....?

Thursday, March 29, 2012

വികാര-കാന്തം



അയാള്‍

അവളുടെ ഇടത്തേ മാറില്‍
തുടുത്ത മാംസളതയില്‍ ചോരയ്ക്ക് ചൂടു പിടിച്ചു
തിളച്ചു മറിയുന്ന നിമിഷത്തില്‍
നെറ്റിയിലെ വിയര്‍പ്പ് തുടച്ച വഴുവഴുപ്പുള്ള
കരങ്ങളാല്‍ ഒന്ന് തോടാനയാള്‍ വെമ്പി.
വെളുത്തു നനുത്ത രോമങ്ങള്‍ പതിഞ്ഞിരിക്കുന്ന
തെങ്ങിന്‍ കരിക്കിന്റെ ഇളം കാമ്പ് പോലെ
മൃദുലമായ ആ ഇറച്ചിയെ, വെറും രക്തമോടുന്ന
ഇറച്ചിയില്‍ നീയെന്തിനാനിത്ര
ആസക്തനാവുന്നതെന്നയാള്‍ സ്വയം ചോദിച്ചു..
സുന്ദരി നിന്നെ പ്രാപിക്കുന്നവനേത്ര ഭാഗ്യവാന്‍
അയാള്‍ സ്വപ്നം കണ്ടു എവിടെയോ എന്തോ
പെട്ടെന്നോരനക്കം നനവ്‌. അതെ- ഒറ്റനോട്ടത്തില്‍,
ആദ്യകാഴ്ച്ചയില്‍ തന്റെയടിവസ്ത്രം നനയ്ക്കാന്‍
കഴിഞ്ഞവള്‍- ഇവളെന്തൊരു സുന്ദരിയാണ്! അപ്പോഴും,
കഴുത്തിറക്കം കൂടുതലുള്ള മേല്‍ വസ്ത്രത്തിന്റെ
പരിധി വിടാതെ അവളുടെ ഇടത്തേ മുലപ്പാതി
അവളുടെ കയ്യനക്കങ്ങളാല്‍ തുളുമ്പി ക്കൊണ്ടേയിരുന്നു....





അവള്‍

എവിടുന്നാര് നോക്കിയാലും ഒരു കാന്തം പോലെ-
അത് തിരിച്ചറിയാനുള്ള ശേഷി പെണ്ണിന് ആര് നല്‍കിയതാണ്!? പിന്നിലായാലും മുന്നിലായാലും ഒളിഞ്ഞു നിന്നായാലും
തെളിഞ്ഞു നിന്നായാലും കാണാനാഗ്രഹമില്ലാഞ്ഞിട്ടും ഞാനത്
കണ്ടു പോകുന്നു-പെണ്ണിന്റെ ജന്മം- തന്റെ ജന്മം-
പരിമിതികളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകള്‍-
പുരുഷന്റെ-മതത്തിന്റെ സമൂഹത്തിന്റെ പിന്നെ, തന്റെയിറച്ചിയില്‍
നിന്നും അറുത്തെടുത്ത കുഞ്ഞുങ്ങളുടെ- എന്നിട്ടും!?
ഞാനൊരു പെണ്ണാണ്!-സ്വയം മന്ത്രിച്ചത്
തെല്ലുറക്കെയായോയെന്നവള്‍ ചുറ്റിലും നോക്കി.
പിന്നെ വലത്തെ മാറില്‍ ഞാന്നു കിടന്ന
സാരിത്തലപ്പ് നേരെയിട്ടുകൊണ്ട് ചിന്തകള്‍
പിന്നെയും വേലിചാടി:തനിക്ക് കാമമുണ്ട് അതിലേറെ
പ്രേമവുമുണ്ട് കൂടെയല്‍പ്പം കിടപ്പുമുറിയില്‍ തൃപ്തിയാവാത്ത ദാഹവുമുണ്ട്-പക്ഷെ,
കാണുമ്പോള്‍ കാമം വരുന്നൊരു
കാളയല്ല ഞാന്‍ തൊടുമ്പോള്‍ സ്പര്‍ശനമറിയുന്നൊരു
പെണ്ണാണ് -വെറും പെണ്ണ്!_ പിന്നിലെ ദാഹിച്ച നോട്ടം
തനിക്കൊരു നിമിഷത്തെ സുഖം തനിക്ക് തന്നേക്കാം
പക്ഷെ,കൂടെയെനിക്ക് പ്രണയം വേണം. സ്നേഹം വേണം.
പിന്നിലെന്റെ ചോര കുടിക്കുന്നവന്‍ -എന്റെ നിതംബമളക്കുന്നവന്‍-തനിക്കെന്തു തരും? ഇതിലേതു തരും?
എന്നെ മോഹിച്ച അവനെന്തു ഞാന്‍ നല്‍കും..?
നല്‍കിയെ തീരൂ മോഹിച്ചവര്‍ക്കെല്ലാം സഫലമാകണം. വേണ്ടേ?





ഇടനാഴി

എല്ലാവരും അവിടം വിട്ടപ്പോള്‍ രണ്ടു പേര്‍ മാത്രമവിടെ ഒറ്റക്കായി. അയാളുടെ കണ്ണുതെറ്റിയ ഏതോ നിമിഷത്തില്‍ അവളെഴുന്നേറ്റു ആ മുറിയുടെ ഒരു ഭാഗത്തേക്ക് പോയി
അതൊരു ഇടനാഴിയായിരുന്നു. പെട്ടെന്നാരും കടന്നു വരാത്ത-ഇരുണ്ട, നേര്‍ത്ത പ്രകാശം ദൂരെയെവിടെയോ ഉണ്ടെന്നു മാത്രം ദ്യോദിപ്പിക്കുന്ന, ആരൊക്കെയോ മുറുക്കിത്തുപ്പി വരച്ച ചിത്രങ്ങളുള്ള ഒരു ഇടുങ്ങിയ മുറി. അവളവിടെ നിന്ന് തിരിഞ്ഞു നോക്കി കണ്ണു കൊണ്ടെന്തോ പറഞ്ഞോ? ഉവ്വ് എന്തോ എന്തോ.. അവള്‍ പറഞ്ഞു- ഒരു സ്വപ്നത്തിലെന്നോണം അയാള്‍ ആ ഇരുണ്ട ഇടനാഴിയിലേക്ക്‌ അവളുടെ വിരുന്നുകാരനായിച്ചെന്നു. അയാള്‍ അവളെ തന്നെ നോക്കി നിന്നു-അവളുടെ നോട്ടം ഉറച്ചതായിരുന്നു. പെട്ടെന്നയാളെ ഉറക്കത്തില്‍ നിന്നും തട്ടി വിളിക്കും പോലെ കാതിലൊരു ചോദ്യം വന്നു വീണു: "നിങ്ങള്‍ക്കെന്നെ ഭോഗിക്കണമോ..?" അയാള്‍ മിഴിച്ചു നിന്നു. എന്താണിത്!? സ്വപ്നമോ? അയാള്‍ക്ക് ആലോചിക്കാനോരവസരം നല്കാതെ വീണ്ടും ഉപചോദ്യങ്ങളോട് കൂടിയ ഒരു ചോദ്യം കൂടി ആ ഇരുണ്ട മുറിയില്‍ വന്നു വീണു: "എന്നെ പ്രണയിക്കാനാവുമോ? എന്നെ വിവാഹം കഴിക്കാന്‍?"
സ്വപ്നത്തിലായിരുന്ന പോലെ അയാള്‍ ചുറ്റും നോക്കി അയാള്‍ ആകെ വിഷമവൃത്തത്തിലായി മുപ്പതു വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലയിടത്തും പോയിട്ടുണ്ട്.എത്രയോ പെണ്ണുങ്ങള്‍! പല പ്രായത്തില്‍. പല വേഷത്തില്‍.എന്നിട്ടും ഇതുപോലൊന്ന് എവിടെയും കണ്ടിട്ടില്ല. അതും ഇവിടെ ശാലീനതയുടെ പര്യായമെന്നു പറയുന്ന തന്റെ നാട്ടില്‍...!
ഒരിടത്തും തനിക്കിതുവരെ പതറെണ്ടി വന്നിട്ടില്ലെന്ന ഓര്‍മ്മയില്‍, അല്‍പ്പം സൗന്ദര്യമുണ്ടെന്നു അഹങ്കരിക്കുന്ന ഒരു പീറപ്പെണ്ണിന്റെ ഓലപ്പാമ്പ് കളിയില്‍ താന്‍ ഭയപ്പെടെണ്ടതില്ലെന്ന ചിന്തയില്‍ അയാള്‍ തിടുക്കത്തോടെ, അല്‍പ്പം ശങ്കയോടെ മൊഴിഞ്ഞു: "ഉവ്വ്". "എനിക്ക് നിന്നെ വേണം.നീ ചോദിച്ചതെല്ലാം ഞാന്‍ തരാം" അയാള്‍ തന്നെ കരവലയത്തിലാക്കാന്‍ മുന്നോട്ടാഞ്ഞ ആ നിമിഷത്തില്‍ അവള്‍ അല്‍പ്പം പിന്നോക്കം നിന്നു. എന്നിട്ട് തന്റെ മേല്‍ വസ്ത്രം ഇരുഭാഗത്തേക്കും വലിച്ചു കീറി എന്നിട്ട് ചോദിച്ചു ഇനിയും നിനക്കെന്നെ വേണമോ?
അവിടെ, അവളുടെ മാറ് പൊതിഞ്ഞ അടി വസ്ത്രം പകുതി കീറിയ നിലയില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു.താങ്ങില്ലാതെ തൂങ്ങി നിന്ന അവളുടെ ഇടത്തേ മാറിന്റെയിണ, വലതു ഭാഗം കരിഞ്ഞു തൂങ്ങിയ പോലെ കാണപ്പെട്ടു. അവിടെ കൊഴുത്ത ദ്രാവകവും രക്തം കലര്‍ന്ന് കൊഴുത്ത ചലം നിറഞ്ഞ് ഒലിക്കുന്നുണ്ടായിരുന്നുപെട്ടെന്നുള്ള ആ ചെയ്തിയില്‍ ഒന്ന് അന്ധാളിച്ച അയാള്‍ വലത്തെ മാറിന്റെ സ്ഥാനത്തെ ശൂന്യതയും പ്രസവപിണ്ഡം കരിഞ്ഞ പോലെയുള്ള ഭീതിത കാഴ്ച്ച കണ്ട് അലറി വിളിച്ച് കണ്ണു പൊത്തി എവിടേക്കോ ഇറങ്ങിയോടി. പെണ്ണ് എന്നും സൗന്ദര്യം കൊണ്ട് മാത്രം സ്നേഹിക്കാപ്പെടുന്നവളാണെന്ന് ഒരു വട്ടം കൂടി തെളിയിച്ചു കൊണ്ടവള്‍ ആ ഇരുണ്ട മുറിയുടെ മൂലയില്‍, ആരോ മുറുക്കിത്തുപ്പിയ നിറത്തില്‍ കണ്ണീരു ചാലിച്ചു മറ്റൊരു ചിത്രം വരച്ചു കൊണ്ടിരുന്നു.

Monday, March 26, 2012

"കുഞ്ഞാ കട്ട വെച്ചോ...?"- ഒരു ഡ്രൈവറീയന്‍ കഥ...






അരങ്ങേറ്റം


നാട്ടില്‍ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണ്‌ ബഷീര്‍ക്ക. ഒരു ആജാനബാഹു..കെ എസ ആര്‍ ടി സിയില്‍ ഡ്രൈവറായിരുന്ന പുള്ളി റിട്ടയര്‍ ആയപ്പോ വീട്ടിലിരുന്നാല്‍ മുഷിപ്പാവുമെന്നു കരുതി നാട്ടിലെ ലോറി മുതലാളിയായ ഹാജ്യാരുടെ ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ ജോലി നോക്കി. ഇനി വേണ്ടത് ഒരു കിളി'യെ ആണ്. എന്ന് വെച്ചാല്‍ ക്ലീനര്‍. ആയിടെയാണ് പ്ലസ്‌ ട്ടൂവില്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി തെണ്ടി തിരിഞ്ഞു നടക്കുന്ന തന്റെ മകനെ എന്തെങ്കിലും ജോലിക്ക് പറഞ്ഞയച്ചാല്‍ കൊള്ളാമെന്ന സുഹൃത്തായ ദിനേശന്റെ ആത്മഗതം നാസറിന്റെ തട്ടുകടയിലിരിക്കുമ്പോ കേള്‍ക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നാ രീതിയില്‍ കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനമായി.


പിരിയാന്‍ നേരം ബഷീര്‍ക്കാ പറഞ്ഞു:


"ഡാ ദിനേശാ, നാളെ നാല് മണിക്ക് പുറപ്പെടും. ചെക്കനോട് ഹാജ്യാരെ പൊരന്റടുത്തുക്ക് വരാന്‍ പറഞ്ഞാല് മതി... മൈസൂര്‍ക്കുള്ളതാണ്. രണ്ടോസം കയ്ഞ്ഞിട്ടെ വരൂ.."



പിറ്റേ ദിവസം, ഹാജ്യാരെ വീടിന്റെ മുമ്പില്‍ ഭീമന്‍ ലോഡുമായി ഒതുക്കിയിട്ട ലൈലാണ്ട് ലോറിയില്‍ റേസ്‌ ആക്കി ബ്രേക്ക് എയര്‍ നിറച്ചു കൊണ്ടിരിക്കുകയാണ് ബഷീര്‍ക്കാ... അപ്പഴാണ് നമ്മടെ കഥാപാത്രം ലാന്‍ഡ്‌ ചെയ്യുന്നത്... അവന്റെ വരവ് കണ്ടപ്പോ ആദ്യം ബഷീര്‍ക്കാക്ക് മനസ്സിലായില്ല. ചെലപ്പോ ഹാജ്യാരുടെ പോരേല് വിരുന്നു വന്ന ഏതെങ്കിലും കുണ്ടന്മാരായിരിക്കും എന്നൂഹിച്ചു. നേരെ വരവ് ലോരിയിലെക്കാനെന്നു വ്യക്തം. അവന്റെ നടത്തം തന്നെ ഒരു പന്തികെടാണല്ലോ എന്നോര്‍ത്ത് ബഷീര്‍ക്കാ അവനെ ഒന്ന് അടിമുടി നോക്കി... വെള്ള ഇരുകിപ്പിടിച്ച്ച ടീഷര്‍ട്ട്. അതിന്റെ മുകളില്‍ വലുതാക്കി എഴുതിയ അക്ഷരങ്ങള്‍ പണ്ടത്തെ പത്താം ക്ലാസ്‌ ആയ ബഷീര്‍ക്കാ അനായാസം വായിച്ചെടുത്തു:


*"ഡ്രിങ്ക് ബിയര്‍... ദെന്‍ ഫക്ക് മി...."*


ഒരു കുപ്പിയുടെ ചിത്രവും ഒരു പെണ്ണിന്റെ ചുണ്ടിന്റെ അടയാളവും കൂടെ ഉണ്ട്.... അതിന്റെ അര്‍ഥം അറിയാത്തത് കൊണ്ട് ബഷീര്‍ക്കാ ആ ഇംഗ്ലീഷ് വായന കൊണ്ട് സ്വയം അഭിമാനിച്ചു. ഊരിവീഴാറായ ജീന്‍സ്‌. പത്തു കിലോന്റെ അരി സഞ്ചിയില്‍ കൊടുവാളിട്ടത് പോലെയുള്ള പോക്കറ്റുകള്‍. കയ്യില് ഒരു സ്കൂള് ബാഗ്‌.അതും മോഡല് തന്ന്. താഴോട്ട് നോക്കിയപ്പോ ബഷീര്‍ക്കാ അന്തം വിട്ടു. കാലുമ്മല് സൂസ്.... ആന്ന്, മ്മളെ കിര്‍ക്കറ്റ്‌ കളിക്കാര് ഇടന പോലത്തെ ഷുഗ്ഗ്. അതും മ്മളെ ബീവി പാത്തുമ്മാന്റെ പല്ല് പോലെ നല്ല വെളുത്തത്. മൊത്തത്തില്‍ പറഞ്ഞാല്‍ ആങ്കറിന്മേല്‍ ഷര്‍ട്ട് തൂക്കിയിട്ട പോലെ ഒരു കോലം.
അവന്‍ ലോറിക്കരികില്‍ എത്തിക്കഴിഞ്ഞു. നനഞ്ഞ ലുങ്കി കുടഞ്ഞ പോലെ ഒറ്റ തൂങ്ങലിന് ഇവിട ഇത്രയും വല്ല്യ ഒരാള്‍ ഇരിക്കുന്നത് കണ്ടിട്ടും സമ്മതം ചോദിക്കാതെ ലോറിയില്‍ കയറിയതിന് ബഷീര്‍ക്കാക്ക് മുഷിപ്പ് തോന്നി.

ആരാണ്ട്രാ?

തനി തറ സ്റ്റൈലില്‍ ബഷീര്‍ക്കാ മുരടന്‍ ശബ്ദത്തില്‍ ആരാഞ്ഞു: പയ്യന്‍ എന്തെങ്കിലും ചോദിച്ചോ എന്നാ മട്ടില്‍ നെറ്റി ചുളിച്ചു നോക്കി. ചെവി അടച്ചു വെച്ച മൂടി തുറന്നു നോക്കി.

എന്താ?

"ആരാണ്ടാ ഇജ്ജ്‌?"

"അച്ഛന്‍ പറഞ്ഞില്ലേ?"
ബഷീര്‍ക്കാക്ക് ഓടി. ദിനേശന്റെ പടപ്പ് തന്നെ.! നാലും! ഇങ്ങനൊന്ന്..!?അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:
"എതച്ചന്‍? "

"അക്കരപ്പാടത്തെ... മേസ്തിരിപ്പണിക്ക് പോകുന്ന ദിനെശേട്ടന്റെ...."

പയ്യന്റെ പയ്യന്റെ കൂസലില്ലായ്മ ബഷീര്‍ക്കാനെ തെല്ലൊന്നു ചൊടിപ്പിച്ചിരുന്നു. ബഷീര്‍ക്കാ പയ്യനെ ഒന്നുംകൂടി വാട്ടി:
"ഏട്ടനോ..?

നിന്റെ അച്ഛനല്ലടോ ദിനെശന്‍...?"

ബഷീര്‍ക്കാന്റെ ഭീകര രൂപവും കറുത്തിരുണ്ട ശരീരവും ഡി റ്റി എസ് ശബ്ദവും പയ്യനെ തെല്ലൊന്ന് വിരട്ടി.

"ആ... ആണ്... അതല്ല നിങ്ങളോട് പറയുമ്പം...."

"എന്ത് പറയുമ്പം? നിന്റച്ചന്‍ ദിനേശന്‍ എന്റെ മൂന്നാല് വയസ്സിനു എളെതാണ് ... അതനക്കറിയോ. കണക്ക് നോക്ക്യാ ഓന്‍ അമ്മളെ ഇക്കാന്ന് വിളിക്കണം... ഹും.. അല്ലാ പിന്നെ..."





ലോഹ്യം

പയ്യന്‍ പിന്നെ ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടെ അവന്റെ മൊബൈലിലേക്കും ഇടങ്കണ്ണില്‍ ബഷീര്‍ക്കാനെ നോക്കിയും പയ്യന്‍ കുലുങ്ങി കുലുങ്ങി നീങ്ങാന്‍ തുടങ്ങിയ ആ വണ്ടിയില്‍ നേരം കൊന്നു.


ഒരു ഇരമ്പലോടെ വണ്ടി ഓലമറ പൊളിച്ച് ആന വരുന്നത് പോലെ അരികിലുള്ള ചെടികളെ വകഞ്ഞു കൊണ്ടു ടാറിട്ട റോഡിലേക്ക് കയറി.


അവന്‍ മുടി നന്നാക്കാന്‍ കൈ ഉയര്‍ത്തിയപ്പോ അവന്റെ ജട്ടിക്കമ്പനിയുടെ പേര് പുള്ളിയെ വീണ്ടും ഇംഗ്ലീഷ് വായിപ്പിക്കാന്‍ പ്രേരിപ്പിച്ചു അനായാസമായ ഡ്രൈവിങ്ങിനിടയില്‍ ബഷീര്‍ക്കാ ഇലാസ്ടിക്കിനു വീതികൂടിയ വലിയ എഴുത്തുകള്‍ നോക്കി അത് സാധിച്ചെടുത്തു :ജാക്കി. ങേ.. അല്ല, ജോക്കി... തെറ്റ് പറ്റിയതില്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞമ്മളെ പണി ഇതല്ലേ.... വന്ന പൈതലിന്റെ ചെവിയില് വെള്ള വയറിംഗ് ചെയ്തത് കണ്ടു അദ്ദേഹം ഒന്നുകൂടി ഞെട്ടി.... ചെക്കന് ചെവി കേക്കൂലെ റബ്ബേ... അവന്റെ ആ കുന്ത്രാണ്ടം എങ്ങാനും കളഞ്ഞു പോയാല്‍ വയനാട്ടിലെ കയറ്റം കയറുമ്പോ വലി മുട്ടിയ വണ്ടിക്ക് അട വെക്കാന്‍ പറഞ്ഞാ ചെവി കേക്കാത്തോനോക്കെ എങ്ങനെ കൂടെക്കൂട്ടും! ദിനേശാ അനക്ക് ഇമ്മാതിരി ഒരു പടപ്പ് ഉണ്ടെന്നു നമ്മള് സ്വപ്നത്തില്‍ വിചാരിച്ചില്ല.ബഷീര്‍ക്കാ പല്ലിറുമ്മി... അതിന്റെ കൂടെ ഇങ്ങനെയോരാത്മഗതവും-

എന്നാലുമെന്റെ ദിനേശാ ഇന്നോട് ജ്ജ് ഇച്ചതി ചെയ്യണ്ടെയ്നി.


ബഷീര്‍ക്കയുടെ ചിന്തകളങ്ങനെ ആ ഭീമന്‍ ചരക്ക് ലോറിയെ പോലെ തന്നെ ഇരംബിയിരമ്പി നീങ്ങി. പയ്യന്റെ മുഖത്തെ വാട്ടവും വരണ്ടായിരുന്നു എന്നൊരു ഭാവത്തോടെ ഉള്ള ചുണ്ട് കൂര്‍പ്പിക്കലും കണ്ടപ്പോ ബഷീര്‍ക്കാക്ക് തന്റെ ഇളയ മകനെ ഓര്‍മ്മ വന്നു. ഏതാണ്ട് അതെ പ്രായം. ഒരു വിധം ആണെങ്കില്‍ ഈ നരിന്തു ചെക്കനെ ദിനേശന്‍ ജോലിക്ക് വിടില്ല.കഷ്ട്ടപ്പാട് കാരണമായിരിക്കും. പാവം. ബഷീര്‍ക്കാന്റെ മനസ്സ് അലിഞ്ഞു തുടങ്ങിയിരുന്നു. അയാള്‍ ഇടയ്ക്കിടെ അവനെ നോക്കി. അവനും അതുപോല ഇടയ്ക്കിടെ ബഷീര്‍ക്കാനെയും നോക്കുന്നുണ്ട്. ചിലപ്പോ രണ്ടു പേരുടെയും നോട്ടങ്ങള്‍ ഒന്നു വെട്ടിക്കോര്‍ക്കും. അപ്പൊ തന്നെ രണ്ടു പേരും കണ്ണ് തെറ്റിച്ചു കളയുകയും ചെയ്യും. ആരെങ്കിലും ഇടാന്‍ കൊടുത്ത ഈ കൊനോത്തിലെ കുപ്പായമെല്ലാം അഴിച്ചു വെച്ചാല്‍ ഓന്‍ തനി ദിനേശന്റെ മോന്‍ തന്നെ. ഒരുമാത്ര പയ്യന്‍ അടിക്കുപ്പായമില്ലാതെ ഭാവനയില്‍ കണ്ട് ബഷീര്‍ക്കാ ഒന്നോര്‍ത്ത് ചിരിച്ചു. ശബ്ദം അല്‍പ്പം കൂടിപ്പോയതാവും ചെക്കന്‍ ബഷീര്‍ക്കാന്റെ മുഖത്തേക്ക് നോക്കി. ഒരു ചിരിക്ക് ശേഷമുള്ള മന്ദസ്മിതം. പയ്യന്റെ മുഖത്തും ചെറുതായി തെളിച്ചം വന്നു. അവനും അവനും പതിയെ ചിരിച്ചു. ബഷീര്‍ക്കാ ആലോചിച്ചു. അങ്ങ് മൈസൂര്‍ വരെയും അവിടിന്നിങ്ങോട്ടുമുള്ള യാത്രയില്‍ ഇങ്ങനെ ആരോടും സംസാരിക്കാതെ എങ്ങനെയിരിക്കും. ഇവന്റെ പെരെന്തായിരിക്കും!? ആ ചിന്തയാണ് തലയിലേക്ക് ആദ്യം വന്നത്... തന്റെ ശബ്ദം പരമാവധി മയപ്പെടുത്തി ബഷീര്‍ക്കാ അവനോടു ചോദിച്ചു:

"എന്തട കുഞ്ഞാ അന്റെ പേര്? "

സംസാരിക്കാനുള്ള തയ്യാറെടുപ്പില്‍ പയ്യന്‍ ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റി. എന്നിട്ട് പറഞ്ഞു:

"മനു"

മന്വോ? അതെന്തു പേര് ..? പെങ്കുട്ട്യോളെ പേര് മായിരി? {മാതിരി}

"അല്ല, എന്റെ മുഴുവന്‍ പേര് മനു സാരംഗധര്‍ എന്നാ"
പിന്നെ ബഷീര്‍ക്കാ ഒന്നും മിണ്ടിയില്ല. എന്തൊരു പേരാണ് കുണ്ടന് ദിനേശന്‍ ഇട്ടക്കണത്! തൊേള്ളല്‍ കൊള്ളാത്ത ഇമ്മാതിരി പേരുകള്‍ ഇവനെവിടുന്നു കിട്ടി...? ചെലപ്പോ ഓന്റെ കെട്ട്യോളെ വകയാരിക്കും. ഓള് പടിപ്പുകാരി ആണെന്ന് തോന്നുന്. എന്തായാലും ചെക്കന് ചെവികെക്കാത്ത കൊഴപ്പമോന്നുല്ല. അത് പാട്ട് കേക്കണ കുന്ത്രാണ്ടം ആണ്...!

ചെക്കനെ മെരുക്കാന്‍ ബഷീര്‍ക്കാ വീണ്ടും സംസാരം തുടങ്ങി. അവന്‍ പഠിച്ച സ്കൂളിനെ പറ്റിയും ക്ലാസിലെ കുട്ടികളെ പറ്റിയും വീട്ടിലെ അവസ്ഥകളെ പറ്റിയും ഒക്കെ ബഷീര്‍ക്കാ ചോദിച്ചറിഞ്ഞു... നല്ല ചാടുലസ്വഭാവമാണ് ചെക്കന്. ചോദ്യം ചോദിക്കും മുമ്പേ മറുപടി. സിഗരറ്റ്‌ എടുത്തു ചുണ്ടില്‍ വെച്ചാ തീപ്പെട്ടി കത്തിക്കഴിഞ്ഞു. കുറഞ്ഞ നേരം കൊണ്ടു അവര്‍ നല്ല ലോഹ്യമായി. വാടാ പോടാ സ്വഭാവമുള്ള സ്വന്തം അച്ഛനില്‍ നിന്നും വിത്യസ്തമായി അതെ പ്രായത്തിലുള്ള ഒരാള്‍ സ്നേഹത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും അവനെ വല്ലാതെ മനസ്സില്‍ കൊള്ളിച്ചു.... അവന്‍ തമാശ പറയുമ്പോ ഓര്‍മ്മയുടെ ശക്തി കൊണ്ടോ, നര്‍മ്മത്തിന്റെ ആധിക്യം കൊണ്ടോ ഇടയ്ക്കിടെ അവന്റെ കണ്ണുകളില്‍ കണ്ണുനീര് വരുമായിരുന്നു..... അങ്ങനെയൊരു നിമിഷത്തില്‍ പെട്ടെന്ന് ബഷീര്‍ക്കാക്ക് സ്നേഹനിധിയായ തന്റെ പിതാവിനെ ഓര്‍മ്മ വന്നു.തന്റെ മരിച്ചു പോയ പെങ്ങള് തമാശ പറയുമ്പോ കണ്ണുനീര് വരുമായിരുന്നു. അപ്പൊ അപ്പുറത്തെ മുറിയിലിരുന്ന് വാപ്പ പറയും:


"കരയാതെ പിടിച്ചു വെക്കുന്ന കണ്ണീരാണെടാ മോനെ ഓള് ചിരിക്കുംബളും വരുന്നത്."


ഒരുകാലത്ത് ചികില്‍സിക്കാന്‍ പണമില്ലാതെ പതിനാറാം വയസ്സില്‍ വിട പറഞ്ഞ ആ കുഞ്ഞിപ്പെങ്ങളുടെ എല്ലാ കുസൃതിയും തന്റെയടുത്തിരിക്കുന്ന ഈ പയ്യനും ഉണ്ടെന്നയാള്‍ക്ക് തോന്നി. കൊടുവള്ളിയില്‍ നിന്ന് ചായകുടിയും കഴിഞ്ഞ് താമരശ്ശേരി പിന്നിട്ടപ്പഴത്തെക്കും ബഷീര്‍ക്കാ അവന്റെ ജോലിയെ പറ്റി അവനു പറഞ്ഞു കൊടുത്തു. നിനക്ക് കാര്യമായിട്ട് പണി ഒന്നുമില്ല. ഉറങ്ങനമെങ്കി ഉറങ്ങാം. ടയറു പഞ്ചറായാല്‍ പിന്നെ നിനക്കും എനിക്കും ഒക്കെ പണിയാണ്. ചായ കുടിക്കാന്‍ എവിടെ നിര്‍ത്തിയാലും ടയര്‍ തട്ടി നോക്കണം. എല്ലാ ടയറില്‍ നിന്നും വിത്യാസമായി എന്തേലും ഒച്ച കേട്ടാല്‍ അപ്പൊ നോക്കണം. നട്ട പാതിരാക്ക് പഞ്ചര്‍ കട ഇല്ലാത്തോടുത്തു വണ്ടി നിന്നാ ആനക്കും ഇന്ക്കും പണിയാണ്. പിന്നെ ചൊരം കേറുമ്പോ ചെലപ്പോ വലി മുട്ടി വണ്ടി നിക്കും. ഇന്ന് ചെലപ്പോ എന്തായാലും നിക്കും. ഇന്ന് പേരും ലോഡാണ് പഹയന്‍ കെട്ടി വിട്ടേക്കണത്. അപ്പൊ ഇജ്ജ്‌ എറങ്ങി അന്റെ സീറ്റിന്റെ അടീല് കാണണ മരക്കട്ടകള് എടുത്തു കൊണ്ടു പോയി വെക്കണം.

അവന്‍ താഴേക്ക്‌ നോക്കി. സീറ്റിനടിയില്‍ ആറേഴു വണ്ണമുള്ള മരക്കഷണങ്ങള്‍.ഏതു ടയറിനാ കുഞ്ഞാ നീ കട്ട വെക്കുക? "എല്ലാത്തിനും വെക്കാം." അവന്റെ ഉത്തരം പെട്ടെന്നായിരുന്നു. ആ ഇയ്യ് ആളു ഉഷാറാണല്ലോ...! പക്ഷേങ്കില് ആദ്യം വെക്കണ്ടത് അന്റ സൈഡിലെ ബേക്ക് ടയറിന്. പിന്ന വെക്കണ്ടത് ഇന്റ സൈഡിലെ ബേക്ക് ടയറിന്... ഹ്മം... ബഷീര്‍ക്കാ ഒന്നിരുത്തി മൂളി. കുഞ്ഞന്‍ അവന്റെ മൊബൈലില്‍ പഴയ പാട്ട് വെച്ചത് ബഷീര്‍ക്കാക്ക് നല്ലോണം ഇഷ്ട്ടമായി... വണ്ടിയങ്ങനെ മൈസൂര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.... ഈങ്ങാപ്പുഴ കഴിഞ്ഞപ്പഴത്തെക്കും തണുത്ത കാറ്റ് അല്പ്പാല്പ്പമായി വണ്ടിയുടെ ഉള്ളിലേക്ക് വന്നു തുടങ്ങി.... ഇരമ്ബിക്കൊണ്ടേയിരിക്കുന്ന എഞ്ചിന്റെ ചൂടും പുറത്തു നിന്നുള്ള കാറ്റും ആ വാഹനത്തിനുള്ളില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ട്ടിച്ചു.അതെല്ലാം ആ പതിനഞ്ചുകാരന് പുതിയ അനുഭവമായിരുന്നു.....



ക്ലൈമാക്സ് ദോ ഇവിടെ


വണ്ടി വയനാടിന്റെ ഊഷ്മളതയിലെക്ക് കടക്കാനുള്ള കടംബകളില്‍ എത്തി നില്‍ക്കുകയാണ്.. ഒന്നാം വളവ് രണ്ടാം വളവ് എന്നിങ്ങനെ ഒന്‍പതു ചുരമുണ്ടെന്നും കയറ്റവും ഹെയര്‍പിന്‍ വളവുകളും ഒരുമിക്കുന്ന അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചിലപ്പോള്‍ ചരക്കു വണ്ടികള്‍ സാധാരണയായി നിന്ന് പോകാരുണ്ടെന്നും ബഷീര്‍ക്കാ പറഞ്ഞത് അവനോര്‍ത്തു. താഴോട്ട് നോക്കുമ്പോള്‍ ഭയം തോന്നും വിധത്തിലാണ് റോഡ്‌ പണിതിരിക്കുന്നത്. സ്കൂളില്‍ പഠിച്ച റോഡിനെ സംബന്ധിച്ച കഥകള്‍ അവന്റെ മനസ്സില്‍ ഓടിയെത്തി...

ചുരം കയറിത്തുടങ്ങിയ അവരുടെ വാഹനം ഏതോ ഒരു വളവില്‍ ഒരു കുലുക്കത്തോടെ നിന്നു...!!!
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു പറഞ്ഞു... കുഞ്ഞാ എറങ്ങി കട്ട വെക്ക്.....! ഏതോ ചിന്തയില്‍ നിന്നും ചാടിയെഴുന്നേറ്റ അവന്‍ കട്ടകളെടുത്തു താഴെയിറങ്ങി. കട്ട വെച്ചു... ബഷീര്‍ക്കാ ഉറക്കെ വിളിച്ചു ചോദിച്ചു: "

കുഞ്ഞാ.. കട്ട വെച്ചോ..?"

" ഓ.. വെച്ചു...."

"നല്ലോണം വെച്ചാ? ബ്രേക്ക് ഒഴിവാക്കട്ടെ...?"

"ഇങ്ങള് ധൈര്യായിട്ട് കാലെടുക്കിന്‍... കട്ട നല്ലോണം വെച്ചിട്ടുണ്ട് ...."
ആ വളവില്‍ നിന്നും ഒരു ഒച്ചിന്റെ വേഗതയോടെ അടുത്ത വളവിലേക്ക് ആ ഭീമന്‍ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. പുറത്തു ഇറങ്ങിയപ്പോഴാണ് ആ വണ്ടിക്കു എന്തുമാത്രം ശബ്ദം ഉണ്ടെന്ന് അവനു മനസ്സിലായത്‌....

വീണ്ടും!! വണ്ടി നിന്നു...
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു....

"കട്ട വെച്ചോ...?"

"വെച്ചൂ..."
വീണ്ടും വണ്ടി ഓരോ വളവിലും നിന്നു പോകുകയാണ്. എന്തിനാണ് ഇത്രമാത്രം ലോഡ്‌ കയറ്റുന്നത്!
അതാ.... ശരിക്കും എയിഡ്സിന്റെ ചിഹ്നം പോലയുള്ള അടുത്ത വളവില്‍ വണ്ടി വീണ്ടും നിന്നു.... കുഞ്ഞന്‍ കട്ടയെടുത്തു ചാടിയിറങ്ങി....

"കുഞ്ഞാ വെച്ചോ...?"

"ആ വെച്ചൂ....'

വീണ്ടും... "വെച്ചോ...!?"

"വെച്ചൂ..."
പിന്നെപ്പിന്നെ അതിനൊരു താളം വന്നു... വണ്ടി നിക്കുമ്പോ ബഷീര്‍ക്കാ ചോദിക്കും കട്ട വെച്ചോ..!? മറുപടി അപ്പൊ വരും...

"കട്ട വെച്ചൂ..."
ഇനി ഒരു വളവും കൂടിയേ ഉള്ളൂ എന്ന് ബഷീര്‍ക്കാ ആത്മഗതിക്കുന്നത് കുഞ്ഞന്‍ ആശ്വാസത്തോടെ കേട്ടു... അത് കഴിഞ്ഞാല്‍ നല്ല സുഖമാണ്. ഒരു പണിയും ഉണ്ടാവില്ല...!


ഓര്‍ത്ത്‌ തീര്‍ന്നില്ല... അതാ ഒരു കുലുക്കത്തോടെ വണ്ടി നിന്നു... അല്‍പ്പം ചരിവിലായത് കൊണ്ടു വണ്ടിയല്‍പ്പം നിരങ്ങുന്നുമുണ്ട്.... ബഷീര്‍ക്കാ അതിലൊന്നും പതറില്ല.. അതൊക്കെ എത്ര കണ്ടതാണ്!
ബഷീര്‍ക്കാ പതിവ് ചോദ്യം ചോദിച്ചു:
"കുഞ്ഞാ കട്ട വെച്ചോ...?"

മറുപടി ഇല്ല...!!!
ബഷീര്‍ക്കാ അല്‍പ്പം കൂടി ബലത്തില്‍ ചോദിച്ചു:

"കുഞ്ഞാ നീ കട്ട വെച്ചോ...?"
ഇല്ല. മറുപടി ഇല്ല...!!!
എവിടെപ്പോയി ഇവന്‍... അമിത ഭാരം കാരണം പതിയെ നിരങ്ങി വെട്ടി ഒഴിയുന്ന വണ്ടിയിലിരുന്നു ബഷീര്‍ക്കാ അമര്‍ഷം പൂണ്ടു....

"ഡാ ചെക്കാ......"

അതൊരു അലര്‍ച്ചയായിരുന്നു.... വയനാടന്‍ മലകള്‍ അതിനു മുമ്പ് അത്രക്കും വിറച്ചത് പണ്ട് ആ റോഡുണ്ടാക്കാന്‍ വഴി കാട്ടിയ കീഴ്‌ജാതിക്കാരനെ വെള്ളക്കാര് കൊന്നുകളഞ്ഞപ്പോളായിരിക്കണം.... അതെ.. ആ വിളിക്ക് മറുപടി തരാതിരിക്കാന്‍ ദിനേശന്റെ മകനെന്നല്ല ലോറി മുതലാളി ഹാജ്യാര്‍ക്ക് പോകുമാവില്ല. ബഷീര്‍ക്കാക് ദേഷ്യം വന്നാല്‍ അതാണ്‌.
ഏതോ കിണറ്റില്‍ നിന്നു വിളി കേള്‍ക്കുന്ന പോലെ മരുപടിയെത്തു:

"ആ.. ഞാനിവിടെണ്ട്...ഞാന്‍ മൂത്രമൊഴിക്കാന്‍ പോയതാ..."

"ഫ്ഫാ... നായീന്റെ മോനെ... ഇവട വണ്ടി ചവ്ട്ട്യാ കിട്ടാത്ത കളി കളിക്കുംബളാ ഒന്റ്യൊരു മൂത്രക്കടച്ചില്... പോയി കട്ട വെക്കാടാ..."
പയ്യന്‍ വന്നല്ലോ എന്ന സമാധാനത്തില്‍ പഴയ താളത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:

"കട്ട വെച്ചോ...?"


"കട്ട ഇല്ലാ....!!!!"
രണ്ടു തെറി കേട്ടപ്പോ ഉണര്‍ന്നു പ്രവര്‍ത്തിച്ച കുഞ്ഞന്റെ മറുപടി പെട്ടന്നായിരുന്നു.
'കട്ട ഇല്ലെ!!!? അതോരാത്മഗതമായിരുന്നു... കട്ട എവിടെപ്പോയെടാ..?
"കട്ട വെക്കാടാ... കാലു കഴക്കുന്നു...."
അതൊരു ദയനീയ സ്വരം പോലെ കുഞ്ഞന് തോന്നി.
കുഞ്ഞന്‍ ഉറക്കെ വിളിച്ചു പറഞ്ഞു പറഞ്ഞു:

"ബഷീര്‍ക്കാ കട്ട തീര്‍ന്നു പോയീ... എത്ര വളവിലാ നമ്മള് കട്ട വെച്ചത്! ഇനിയ്‌ എന്നോട് കട്ട ചോദിച്ചിട്ട് കാര്യുമുണ്ടോ..!!?"

സത്യത്തില്‍ ഓരോ വളവില്‍ വണ്ടി നിന്നു പോകുമ്പോഴും വെച്ച കട്ടകളോന്നും അവന്‍ തിരിച്ചെടുത്തിട്ടില്ലായിരുന്നു മണ്ണും ചാണകവും തിരിച്ചറിയാത്ത പിള്ളേരെ കൂടെ കൂട്ടിയതിന് തന്നെയാണ് തല്ലേണ്ടത് എന്ന് ആത്മഗതം ചെയ്തു കൊണ്ട് നമ്മുടെ ബഷീര്‍ക്കാ ദേഷ്യവും സങ്കടവും മിശ്രിതം ചെയ്തു കൊണ്ട് സ്റ്റീയറിംഗ് പിടിച്ചങ്ങനെയിരുന്നു....







എന്നിട്ടെന്തായി!!!

എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു ഓഫ് സൈഡ് ഉണ്ടേ.. അതിങ്ങനെ!: പയ്യന്റെ കാമുകി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അമല എന്ന പെണ്‍കുട്ടിയുടെ സ്കൂളില്‍ നിന്നും മൈസൂരെക്ക് ടൂര്‍ പോയിട്ടുണ്ട്. കട്ട കിട്ടാതെ വളഞ്ഞ ബഷീര്‍ക്കാ പിന്നാലെ വന്ന ചരക്കു ലോറിയില്‍ നിന്നും നുമ്മട പയ്യനെ കൊണ്ട് കട്ട വാങ്ങിപ്പിച്ചു പിന്നീട് യാത്ര തുടര്‍ന്നു. മൈസൂരില്‍ ലോഡ്‌ ഇറക്കാന്‍ നേരം ഒന്നു മയങ്ങിയ ബഷീര്‍ക്കാ എഴുന്നേറ്റ് നോക്കുമ്പോ കുഞ്ഞനെ കാണാനില്ല! ബഷീര്‍ക്കാന്റെ കൂടെ ലോറിയില് പണി എന്ന് പറഞ്ഞപ്പോ കാമുകിയെ കാണാമെന്നും മനസ്സില്‍ ലഡു പൊട്ടിച്ചാണ് വിദ്വാന്‍ അച്ഛനോട് പോകാമേന്നേറ്റത്.ദിനേശനോട് എന്ത് മറുപടി പറയും എന്നാലോചിച്ച്‌ രണ്ടു ദിവസം പയ്യനെ കാണാതെ മൈസൂരില്‍ അലഞ്ഞ ബഷീര്‍ക്കാക്ക് പിന്നെ നാട്ടില്‍ നിന്നും നമ്മടെ കാണാതായ കുഞ്ഞന്റെ ശബ്ദത്തില്‍ ഒരു വിളി വന്നു അതിങ്ങനെ:
'ഹലോ... "
ആ ആരാണ്?"
ആ ബഷീര്‍ക്കാ അല്ലെ..."
അതേ... ആരാ...
ഞാനേയ് മ്മടെ ദിനെശേട്ടന്റെ മോനാ മനു സാരംഗധര്‍.. അല്ല, എപ്പളാ അടുത്ത പോക്ക്...? ഞാനും ഉണ്ട് കേട്ടോ....!"

അന്ന് ബഷീര്‍ക്കാ അവനോടു പറഞ്ഞ ഒരു തെറിയുണ്ട്.... ഇന്നീ വരെ ആരും കേട്ടിട്ടില്ലാത്ത തെറി. അത്രക്കും ഭയങ്കര തെറി ആയത് കൊണ്ട് എന്റെ വായനക്കാരെയും ഞാന്‍ അത് വിളിച്ചു പേടിപ്പിക്കുന്നില്ല.... ലാല്‍ സലാം...

Sunday, February 19, 2012

തുടുത്ത മുല

ഒരു മുല വേണമായിരുന്നു....
നല്ല തുടുത്ത കൊഴുത്ത മുല....
ഉറിഞ്ചി ക്കുടിക്കുമ്പോ മുലപ്പാല് മാത്രം കിട്ടുന്ന മുല....
എന്റെ കുഞ്ഞിനു തല പൂഴത്തിയുറങ്ങാന്‍ നല്ല മാംസളതയുള്ള മുല....

ഇപ്പൊ, എന്റെ കുട്ടി രക്തമാണ് വലിച്ചു കുടിക്കുന്നത്...
അതെ, എന്റെ രക്തം. നല്ല ചൂടുള്ളത്. നിറമുള്ളത്....
രക്തം കുടിച്ചു വലുതായിട്ട് ഒരിക്കല്‍ നിങ്ങളോട് അത് തന്നെ ചോദിക്കും-രക്തം- അതു ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ ചിന്തുന്നതാണ്.... ചിലപ്പോ മണ്ണില്‍, ചിലപ്പോഴൊക്കെ ചിലരുടെ നെഞ്ചില്‍,
മറ്റു ചിലപ്പോഴൊക്കെ ചിലരുടെ പുച്ഛം നിറഞ്ഞ മുഖത്തും.
ഞാന്, എന്റെ കുഞ്ഞിന്റെ വായിലാണത് ചിന്തുന്നത്.... കൊഴുപ്പില്ലയെങ്കിലും അവനതു നന്നായി കുടിക്കുന്നുണ്ട്....

ഇന്നൊരു മുല കിട്ടിയില്ലെങ്കില്‍ നാളെ ഒരു പാട് മുലകളെ
അവന്‍ ചോദ്യം ചെയ്യും.... അവനറിയാം, സ്വന്തം അമ്മയുടെ മുല പോലും അവനോടു നീതി പുലര്‍ത്തിയിട്ടില്ലയെന്ന്.... നാളെ കൊള്ളക്കാരനെന്നൊരു പേരും വെച്ച്, ഈ മണ്ണിലൂടെ
എന്റെയാണ്‍കുട്ടി കുറുവടിയുമായി മുതലോളിപ്പിച്ചു വെച്ചവരുടെ
പിന്നാലെ പോകുമ്പോള്‍ ലോകത്തിനവന്‍ കള്ളനായിരിക്കാം...
പക്ഷെ,
എനിക്കവന്‍ നീതിമാനാണ്-ഒരുപാട് കുഞ്ഞു വായകളിലേക്ക് അമൃത് പകരുന്ന മഹാനായ നീതിമാന്‍- ലോകം കാണാത്ത- ലോകം തിരിച്ചറിയാത്ത-
ലോകം മുഴുവന്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നീതിമാന്‍....

Saturday, December 24, 2011

മരണം






അയാള്‍ തീര്‍ത്തും അസ്വസ്ഥന്‍ ആയിരുന്നു. മുറിയിലേക്ക് കയറും മുമ്പ് തന്നെ കട്ടിയുള്ള ഡോര്‍ ഗ്ലാസ്സില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തി അയാളൊന്നു പാളി നോക്കി കുഴപ്പമെന്തെങ്കിലും...? ഇല്ല. നെറ്റി നന്നായി വിയര്‍ത്തിട്ടുണ്ട്. ആ വിയര്‍പ്പ് ചാലുകള്‍ നേരത്തെയിട്ട പൌഡറില്‍ കലര്‍ന്ന് മുഖം വികൃതമാവുമോ... ഹേയ് ... അല്പ്പമല്ലേ ഇട്ടുള്ളൂ... പോക്കറ്റില്‍ ടവ്വല്‍ തപ്പിയപ്പോള്‍ അത് ബാഗിലാണെന്നോര്‍ത്തു. അങ്ങനെ തന്നെ ഇരിക്കട്ടെ. ശീതീകരിച്ച ആ മുറിയില്‍ പതുപതുപ്പുള്ളതും ക്രീം നിറത്തിലുമായി ക്രമീകരിച്ച സോഫകളുടെ ഒരു വശത്ത് അയാളും സ്ഥാനമുറപ്പിച്ചു. കുറച്ചു പേരെ എത്തിയിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു പക്ഷെ.... ഇന്നലെ ഓര്‍ത്തോര്‍ത്തു ഡയറിയില്‍ എഴുതി വെച്ച കണക്കുകള്‍ നോക്കുമ്പോള്‍ നാല്പത്തി ഒന്നാമത്തെ ഇന്റര്‍ വ്യുവും ഇന്നത്തോടെ താന്‍ നേരിടുമെന്ന് ഒരു നേര്‍ത്ത നിസംഗതയോടെ അയാള്‍ ഓര്‍ത്തു.

"നീ രക്ഷപ്പെടും പ്രസാദേ, ഓരോരോ പരീക്ഷകള്‍ കഴിയും തോറും നീ കൂടുതല്‍ കൂടുതല്‍ യോഗ്യതയുള്ളവനായിതീരുകയാണ് "ശശി മാഷുടെ വാക്കുകള്‍ മനസ്സില്‍ ഒരു ആശ്വാസം പോലെ തോന്നി.



പഴയ വൃത്തികെട്ട ചിന്തകളില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ പരിസരം വീക്ഷിച്ചു. കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ അഹങ്കാരവും വശ്യതയും കലര്‍ന്ന ഫോണ്‍ സംസാരം ആ മുഖത്തിനോട്ടും ചേരില്ലെന്ന് തോന്നി. അവളുടെ കാതില്‍ ഞാന്നു കിടക്കുന്ന നീളന്‍ കമ്മല്‍ നന്നായി പെര്‍ഫോമന്‍സ്‌ ചെയ്യുന്നുണ്ട്. സൈഡിലെ വാര്‍ന്നു വെക്കാന്‍ മറന്നു പോയ മുടി ചെവിക്കരികിലെ നനുത്ത രോമങ്ങളെ ഇക്കിളിപ്പെടുത്തുന്നുണ്ടോ? ഛെ, താന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്! പെണ്ണ് നശിച്ച വര്‍ഗം. ആദം അറിയാതെ കഴിച്ച പഴത്തിന്റെ അതേ രുചിയും സൌന്ദര്യവുമാണതിന്. പറിച്ചാലും രുചിച്ചാലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. അതെ കുറിച്ച് ആലോചിക്കുകയേ ചെയ്യരുത്. മറ്റിടങ്ങളിലേക്ക് അയാളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി നോക്കി. ആളു കൂടിയോ? കൂടിയിട്ടുണ്ട്. ജോലി കിട്ടില്ലേ? കൂട്ടം കൂടിയും ഒറ്റപ്പെട്ടും നില്‍ക്കുന്ന യുവാക്കളുടെ ആരുടേയും കണ്ണിലേക്ക് നോക്കാനുള്ള ധൈര്യം തോന്നിയില്ല. പരിചയപ്പെടാനുള്ള പുഞ്ചിരി ചിലരൊക്കെ തൊടുത്തു വിട്ടുവെങ്കിലും ദ്രിഷ്ട്ടി മാറ്റി കണ്ടില്ലെന്ന ഭാവത്തില്‍ വേറെയെവിടെക്കോ നോക്കിക്കളഞ്ഞു. എല്ലാവരും സന്തോഷത്തിലാണെന്ന് തോന്നി ഇടയ്ക്കിടെ അടക്കിപ്പിടിച്ച പൊട്ടിച്ചിരികളും കുശുകുശുക്കലും കേള്‍ക്കാം. ഒരുപാട് അത്തറകളുടെയും സുഗന്ധ സ്പ്രേകളുടെയും മണം കലര്‍ന്ന് ആ മുറി വിങ്ങി തുടങ്ങിയിരുന്നു. അരികു ഭാഗത്തെ ചില്ലിട്ട ജനലിലൂടെ പാലക്കാടന്‍ മീന വെയിലിലേക്ക് നോക്കിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു പാട് ചിന്തകളുടെ പൊടിക്കാറ്റടിച്ചു.

ഇവരൊക്കെ എന്ത് കൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നത്? എങ്ങനെയാണ് ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നത്. മനസ്സ് തുറന്നു ചിരിച്ചിട്ട് എത്രനാളായി എന്നയാള്‍ ഓര്‍ത്തു നോക്കി. ഓ.. എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? തന്നെപ്പോലെ തന്നെ ആയിരിക്കുമോ എല്ലാരും? അവര്‍ക്ക് സന്തോഷിക്കാന്‍ ഒരു പാട് കാരണങ്ങള്‍ കാണും. താനും ഇന്നലെ സേതുക്കാന്റെ കടയുടെ സൈഡിലെ തിണ്ണയിലിരിക്കുമ്പോള്‍ പൊട്ടി ചിരിച്ചിട്ടില്ലേ? പിന്നെന്താണ് കുഴപ്പം? ശരിയാണ്. ഇന്നലെ താന്‍ നന്നായി ചിരിച്ചു. എന്തായിരുന്നു അത്?



മമ്മി. അവനൊരു സംഭവം തന്നെയാണ്. സംഭവമോ? പ്രസ്ഥാനം എന്നെ പറയാവൂ എന്നാണു രമേഷിന്റെ വാദം. തന്റെ വായ ചിരിച്ചതിനു എന്തായാലും അവനാണ് കാരണക്കാരന്‍. തെക്കെപാടത്തു അമ്പലപ്പരിപാടിക്ക് കമ്പവലി മല്‍സരം നടക്കുമ്പോഴായിരുന്നു അത്. മൈക്കിലൂടെ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ലിസ്റ്റ്  രാജേട്ടന്റെ മകന്‍ സന്തോഷ്‌ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മമ്മി പതുക്കെ അടുത്ത് ചെന്ന് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞുവത്രേ... ഒരു നൂറു രൂപ സന്തോഷിന്റെ പോക്കറ്റില്‍ മമ്മി നിക്ഷേപിക്കുന്നതിന് കോഴി കൊയക്കാന്റെ മകന്‍ അഷറഫ്‌ സാക്ഷിയാണ്. അപ്പൊ തന്നെ അവന്‍ മമ്മിയോടു ചോദിക്കുകയും ചെയ്തു, എന്തിനാ നൂറു കൊടുത്തത് എന്ന്. അതിനു മമ്മി മറുപടി പറഞ്ഞില്ലെങ്കിലും സംഗതി അപ്പൊ തന്നെ വെളിച്ചത്തായി. അടുത്ത നിമിഷം മൈക്കിലൂടെ സന്തോഷിന്റെ ഘടോര ശബ്ദത്തില്‍ അറിയിപ്പ് വന്നു: "പൊറ്റമ്മല്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ മമ്മിയുടെ പേര് മുഹമ്മദ്‌ എന്ന് മാറ്റിയതായി അറിയിക്കുന്നു. ഇനി മുതല്‍ മമ്മിയെ മമ്മി എന്ന് വിളിക്കരുത് എന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു" - രസം അവിടെയല്ല, അറിയിപ്പ് തീര്‍ന്നിട്ടുമില്ല അടുത്തത് ഒരു ചോദ്യമായിരുന്നു - "ഇങ്ങനെ പോരേ മമ്മീ?" മൈക്ക് ഓഫ്‌ ആക്കാന്‍ മറന്നതോ മനപ്പൂര്‍വ്വം മറന്നതോ ആണ് വിഷയം. രമേഷിന്റെ കഥ പറച്ചില്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ മൂന്നു പേരും ചിരിച്ചു ചിരിച്ചു വയറൂവേദനയെടുത്തു.



അത് പോലുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തന്റെ ബലിച്ചോറ് എന്നേ കാക്ക കൊത്തിയേനെ. എന്നാലും ആത്മഹത്യ എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ് എന്നാണു അഷറഫ്‌ ഒരിക്കല്‍ പറഞ്ഞത്. അവരുടെ മതത്തില്‍ അതിനു മാപ്പില്ലാത്ത ശിക്ഷയാണത്രേ പരലോകത്ത് നിന്നും ലഭിക്കുക. മരണം എന്നത് വല്ലാത്തൊരു പ്രതിഭാസം തന്നെയാണ്. ഒരിക്കലും രുചിച്ചു നോക്കി പിന്നീടൊന്നു കൂടി രുചിക്കാന്‍ പറ്റാത്ത അപൂര്‍വ്വ വിഭവം. അതിനപ്പുറം എന്തൊക്കെയോ നിഗൂഡതകള്‍ മറഞ്ഞിരിപ്പുണ്ട്. മോഹിപ്പിക്കുന്ന സുഖസൗകര്യങ്ങളുള്ള സ്വര്‍ഗം, എത്ര വേദനിചാലും മരിച്ചാലും മരിക്കാന്‍ അനുവദിക്കാത്ത നരകം, മാലാഖമാര്‍, ചെകുത്താന്മാര്‍, കോടാനു കോടി മനുഷ്യരുടെ ആത്മാക്കള്‍, എല്ലാം കൂടി ഒരു ഭയങ്കരന്‍ ലോകം. അത് ഭരിക്കുന്നതോ സര്‍വ്വം കയ്യിലൊതുക്കി വെച്ചിരിക്കുന്ന ദൈവം എന്ന പരമാധികാരി.



ഇതൊക്കെ സത്യമാണോ? പണ്ടാരമടങ്ങാന്‍ ഒന്ന് ചാകാനും സമ്മതിക്കാത്ത ലോകത്താണ് താന്‍ വന്നു പെട്ടിരിക്കുന്നത് എന്ന് തോന്നിപ്പോവുന്നു. പണ്ടെങ്ങോ വായിച്ച കഥയിലെ ഒരു കുള്ളന്‍ കഥാപാത്രം എവിടെയോ എത്തിപ്പെടുന്ന പോലെ താനും എത്തിപ്പെട്ടതായിരിക്കാം. എന്നിട്ട് അവിടെ നമ്മുടെ പഴയ ഓര്‍മ്മകളൊക്കെ മായിച്ചു കളയും എന്നിട്ട് ആരുടെയൊക്കെയോ അടുത്ത് കൊണ്ട് പോയി ഇട്ടിട്ടു മനസ്സില്‍ തോന്നിപ്പിക്കും, ഇതാണ് നിന്ന്റെ അമ്മ, ഇതാണ് അച്ഛന്‍. അങ്ങനെയങ്ങനെ... എന്നിട്ട് ആ വികൃത ലോകത്തില്‍ ആര്‍ക്കൊക്കെയോ വേണ്ടി നമ്മള്‍ വേദനിക്കുന്നു. ആരൊക്കെയോ നമ്മളെ പഴിക്കുന്നു....

യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏതോ നാട്ടിലെ രാജ കുമാരനോ മറ്റോ ആയിരിക്കണം. എവിടെയോ വേട്ടയാടാന്‍ പോയപ്പോള്‍ ഏതോ സ്വാമിയുടെ ശാപം കിട്ടി. അതല്ലെങ്കില്‍ ഏതോ അത്ഭുതക്കനി കഴിച്ചു. അതോടെ താന്‍ ഏതോ ലോകത്തു എത്തിപ്പെട്ടു പോയി... ഒരിക്കല്‍ താന്‍ ഈ നശിച്ച ലോകത്ത് നിന്ന് ഓടി രക്ഷപ്പെടും. എന്നിട്ട് തന്റെ രാജ്യം അഭിമാനത്തോടെ ഭരിക്കും.

എ പി പ്രസാദ്‌..... എ പി പ്രസാദ്‌....

എവിടുന്നോ ആരോ വിളിക്കുന്നുണ്ടോ? എവിടെയാണ് ഞാന്‍.... ഞെട്ടി കണ്ണ് തിരുമ്മി ചുറ്റിനും നോക്കിയപ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നു. രാജാവായ എന്റെ പരിവാരങ്ങളോ? ഒരിക്കലുമല്ല. എല്ലാവരും ഷര്‍ട്ടുകള്‍ ഇന്‍സൈഡ്‌ ചെയ്തു നില്‍ക്കുന്നു. പെട്ടെന്ന് പരിസര ബോധം വന്നു. ഇന്റര്‍വ്യു വിനു അകത്തേക്ക് ചെല്ലാനുള്ള വിളിയാണ്. ഞാന്‍ എന്തൊരു മനുഷ്യനാണ് ! ഏതോ സ്ഥലത്തെ ഏതോ മുറിയില്‍ മയങ്ങുന്നോ? അതും ഇന്റര്‍വ്യൂവിനു വന്നിട്ട്? ട്രെയിനില്‍ വന്നാ മതിയായിരുന്നു. ബസ്സില്‍ വന്നിട്ടായിരിക്കും ഭയങ്കര ക്ഷീണം. പെട്ടെന്ന് മുഖം തുടച്ചു അകത്തേക്ക് ചെന്നു.



ഇതെന്തൊരു ഇന്റര്‍വ്യു ആണ്! ഒറ്റ ചോദ്യങ്ങള്‍ ചോദിച്ചില്ല! പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചു. പേര് ചോദിച്ചു. സ്ഥലവും. ഇനി ഇതിന്റെ ഇവംമാര്‍ വേറെ വല്ല തട്ടിപ്പും നടത്തുന്നുണ്ടോ? ആര്‍ക്കറിയാം. ഈ ലോകം വല്ലാത്തൊരു ലോകമാണ്. പെട്ടെന്ന് നേരത്തെ കണ്ട സ്വപ്നം മനസ്സിലേക്ക് വന്നു. അതേ. ഇത് ഞാന്‍ ഏതോ ശാപം കാരണം എത്തിപ്പെട്ട നശിച്ച ലോകം തന്നെയായിരിക്കും. ആ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോ വാച്ച്മാനെ പോലെ ഒരാള്‍ ചിരിച്ചു കാണിച്ചു. മാന്യത വിചാരിച്ചു തിരിച്ചു ചിരിച്ചപ്പോള്‍ അയാള്‍ ഒരു ചോദ്യം, മോന്റെ വീട് എവിടെയാ? ഇനി ഇയാളോടും പറയണോ ഊരും പേരും. നാശം ചിരിക്കണ്ടായിരുന്നു. അഡ്രസ്‌ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എന്റെ ഭാര്യവീട് അവിടെ തന്നാ മോനേ... ആ വായനശാലെടെ അടുത്ത്... അറിയുന്ന സ്ഥലമാണ്. എന്തോ അയാള്‍ വല്ലാത്ത പരിചയം കാണിച്ചു. നാട്ടിലുള്ള ഒരാള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നും കാണുന്ന ഒരു പ്രതീതി അയാള്‍ക്ക്‌ തന്നോട് തോന്നിക്കാണും. തനിക്കും ആ ഒരു സുഖം തോന്നുന്ന പോലെ തോന്നി.

പോരാന്‍ നേരത്ത് അയാള്‍ പറഞ്ഞു : മോനേ, സ്നേഹം കൊണ്ട് പറയുവാ... ഇവിടേക്കുള്ള ആളുകളെ ഒക്കെ എടുത്തു കഴിഞ്ഞു. ഇതൊക്കെ വെറും വേഷം, കെട്ടല്ലേ.... മോന്‍ വേറെ വല്ലയിടത്തും നോക്ക്. വല്ല നേതാക്കന്മാരെയും പിടിച്ചാല്‍ കാര്യം നടക്കും കുറച്ചു തുട്ട് കൊടുക്കേണ്ടി വരും.മോന്‍ ഒരു അന്‍പതിനായിരം ഒപ്പിക്കയാണേല്‍ ഞാന്‍ ഇവിടെ തന്നെ....

"വേണ്ട" മുഴുമിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.

"എന്നാ ശരി ചേട്ടാ...." അയാളുടെ അടുത്ത് നിന്നും അകലാന്‍ വേണ്ടി വലിഞ്ഞു നടന്നു...



നാശം... ഈ പണം കണ്ടു പിടിച്ചവനെ ആദ്യം കൊല്ലണം. പണം... പണം... ചെകുത്താന്റെ നികൃഷ്ട്ട കാഷ്ട്ടം തന്നെയായിരിക്കാം പണം. എല്ലാം എല്ലാര്‍ക്കും യാതെഷ്ട്ടം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലോകം ഉണ്ടാകും..? ഒരു പക്ഷെ, തന്റെ സ്വപ്നത്തില്‍ കണ്ട തന്റെ രാജ്യം അങ്ങനെയായിരിക്കണം. ഇനി തിരിച്ചു വീട്ടിലേക്കു പോകുന്ന കാര്യം ഓര്‍ത്തു ആകെ ഉല്‍ക്കണ്ഠയായി. വീട്. ശരിക്കും തന്റെ വീട് ആയിരിക്കുമോ അത്? മീനു? അതേ മീനുവും ഒരു പക്ഷെ, തന്റെ കൂടെ വന്നതായിരിക്കും. എന്തൊരു സ്നേഹമാനവള്‍ക്കെന്നോട്! ഒരു അച്ഛന്‍ എന്ന് പറയുന്ന ഒരാള്‍ ഉണ്ട്. എവിടെയോ... എവിടെയോ ആണ്. വരുമോ?അറിയില്ല. എന്തിനാണ് ഇയാള്‍ എന്റെ മാതാവെന്ന് പറയപ്പെടുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്? കുറെ മക്കളെ സൃഷ്ട്ടിക്കാനോ? അതോ തന്നില്‍ കെട്ടിക്കിടക്കുന്ന ഭ്രാന്തന്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ? നാശം തന്നെ. താനെന്തൊരു ലോകത്താണ്! ഇല്ലാപ്പാട്ട് പാടുന്ന ഒരു തള്ള(?). ആ തള്ളയുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു പണം തട്ടുന്ന സഹോദരന്‍(?) മറ്റൊരുത്തന് മുഴു വട്ട്. ഒരു പെണ്‍കുട്ടിയും. അവള്‍ ഒരു പക്ഷെ എന്നേ സ്നേഹിക്കാന്‍ വേണ്ടി മാത്രം ജനിച്ചവളായിരിക്കാം.





ആലോചിച്ചു ആലോചിച്ചു റെയില്‍വേ ഗേറ്റിനു അടുത്തെത്തി. സമയം സന്ധ്യയായിരിക്കുന്നു. അപ്പൊ ഒരു ബുദ്ധി തോന്നി. അടുത്ത സ്റ്റേഷന്‍ വരെ നടക്കാം... പോയിട്ട് തിരക്കൊന്നും ഇല്ലല്ലോ... ഈ റെയില്‍ പാളത്തിലൂടെ ദൂരേക്ക്‌ നോക്കി നടക്കുന്നത് ഒരു രസം തന്നെ.. തന്റെ ജീവിതത്തിനു നല്ലോണം ചേരും... അനന്തമായ.. വിദൂരതയിലെക്കുള്ള യാത്ര....

ഈ യാത്രക്കൊരു സുഖമുണ്ട്.... ബസ്സിലെയും ട്രെയിനിലെയും തിരക്കില്ല. സുഖസുന്ദരമായ കാറ്റ്.... അതില്‍ കലര്‍ന്ന് വരുന്ന ആരോ ഒഴിച്ചിട്ട മൂത്രത്തിന്റെ ഗന്ധം...

പക്ഷെ, ആ ഇന്റര്‍വ്യു മുറിയിലെ മനുഷ്യരുടെ സുഗന്ധവസ്തുക്കള്‍ കലര്‍ന്ന വിയര്‍പ്പ് മണത്തേക്കാള്‍ സുഖമുണ്ടിതിന്. സത്യം.

ദൂരേക്ക്‌ നോക്കിയപ്പോള്‍ റെയില്‍ പാളത്തിലെ വിലങ്ങനെയിട്ട കൊണ്ക്രീറ്റ്‌ പാളികള്‍ പടികള്‍ പോലെ അയാള്‍ക്ക്‌ തോന്നി. അകലെ, സൂര്യന്‍ സ്വര്‍ണം പൂശിയ ഒരു ലോകവും കൊണ്ട് കാത്തിരിക്കുന്ന പോലെ തോന്നി.... ആ കാഴ്ചയുടെ മുമ്പിലൂടെ, സൂര്യ കിരണങ്ങളെ പാശ്ചാതലമാക്കി പറന്ന പറവകള്‍ തന്നെ അവിടേക്ക് മാടി വിളിക്കുന്ന പോലെ തോന്നി. ആ പടികളിലൂടെ ഞാന്‍ ധൃതിയില്‍ നടന്നു.താന്‍ സ്വപ്നത്തില്‍ കണ്ട തന്റെ ലോകം തന്റെ പ്രജകളുമായി കാത്തിരിക്കുന്നുന്ടെന്നും അയാള്‍ക്ക്‌ തോന്നി. ആ ഹരം കൊള്ളിക്കുന്ന അവസ്ഥയില്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുമാറ തന്റെ പിന്നില്‍ നിന്നുമയാള്‍ പെരുമ്പറശബ്ദം താളക്കൊഴുപ്പോടെ മുഴങ്ങിക്കേട്ടു..... അപ്പോള്‍ അയാള്‍ വളരെയധികം സന്തോഷവാനായി കാണപ്പെട്ടു... ആവേശത്താല്‍ അയാള്‍ രണ്ടു കൈകളും വിടര്‍ത്തിപ്പിടിച്ചു.....

അവസാനമായി, അയാള്‍ തന്റെ രാജകൊട്ടാരത്തിലെ ഭടന്‍ ഉറക്കെ ശംഖു വിളിക്കുന്നതും കേട്ടു......



ഇതൊന്നുമറിയാതെ അഞ്ചരയുടെ രാജധാനി എക്സ്പ്രസ്‌ നീണ്ട ഹോണും മുഴക്കി ഭൂമിയെ പ്രകമ്പനം കൊള്ളിച്ച് വല്ലാത്തൊരു ശബ്ദത്തോടെ ആ പാളത്തിലൂടെ കടന്നു പോയി....







......ശുഭം...