Tuesday, November 15, 2011

ഹൃദയത്തിലെ ചിതല്‍ പുറ്റുകള്‍


വിരഹത്തെക്കാളും സ്നേഹത്തിന്, സൗന്ദര്യവും ആസ്വാദ്യതയുമുണ്ട്... ഇന്ന് , ഞാനതനുഭവിക്കുന്നു... ജീവിതത്തില്‍, ഒറ്റപ്പെട്ടു പോകുമ്പോഴാണ് കഴിഞ്ഞു പോയതെല്ലാം ഒരു നാടകമാണെന്ന് തോന്നിതുടങ്ങുക... ചെയ്തു കൂട്ടിയതെല്ലാം മണ്ടത്തരമാണെന്നും ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍തുവെന്നും പറഞ്ഞു സ്വന്തം മനസ്സാക്ഷി വേദനിപ്പിച്ചു കൊണ്ടേയിരിക്കും... ഒരൊറ്റമുറിയിലിരുന്നു ചിന്നംപിന്നം പെയ്യുന്ന മഴയെ നോക്കുമ്പോള്‍ പണ്ട് താന്‍ എത്രത്തോളം ആസ്വദിച്ച കാര്യമാനിതെന്നോര്‍ത്തു ദീര്‍ഘ നിശ്വാസം വിടും.... വിധി, കണ്ണീരിന്റെ കൂടെപ്പിറപ്പാണോ എന്ന് ശങ്കിച്ച് പോയി... എത്രകാലം... ഓര്‍മ്മയില്ല ഞാന്‍ എന്നാണവളെ കണ്ടു മുട്ടിയതെന്നു... പക്ഷെ ആ നിമിഷം മായാതെ തന്നെ മനസ്സില്‍ കിടക്കുന്നു.. ആ അനുഗ്രഹീത നിമിഷത്തില്‍ ? അങ്ങനെയാണോ പറയേണ്ടത് എന്നെനിക്കറിയില്ല.. ആദ്യമായി കണ്ട നിമിഷത്തില്‍ തന്നെ ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു കുളിര്‍മ്മ... പക്ഷെ അതിനൊരു ഭയം കലര്‍ന്ന പോലെ തോന്നി. എന്തോ അപ്പോഴെന്റെ ശരീരം വിയര്‍ത്തു കൊണ്ടിരുന്നു... നാണമോ പുഞ്ചിരിയോ എന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടില്ല...ആഗ്രഹമുണ്ടായിട്ടും! പക്ഷെ ... എന്റെ കണ്ണുകള്‍ ഞാനറിയാതെ എന്തോ അവനോടു പറഞ്ഞിട്ടുണ്ടാവാം.... അതെ.. ശരിയാണ് അതുകൊണ്ട് തന്നെയാണല്ലോ ഞാനിന്നും അവളുടെയോര്‍മ്മകളില്‍ മുഴുകിക്കഴിയുന്നത്.... അവളുടെ മനം മയക്കുന്ന ചിരിക്കു എന്റെ മനസ്സിനുള്ളില്‍ വലിയൊരു പ്രണയപേമാരി തന്നെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിരുന്നു.... പിന്നെടങ്ങോട്ടെപ്പോഴോ ഞങ്ങള്‍ സുഹൃത്തുക്കളായി.... പിന്നെപ്പിന്നെ.... ടീച്ചര്‍മാരുടെ കണ്ണ് വെട്ടിച്ചു രണ്ടു പേരും ഒറ്റക്കിരിക്കുന്നതൊരു പതിവായി... പിന്നെ, പേനയും പ്രതലവുമോരുമിക്കുമ്പോള്‍ അതൊരു മനോഹര ചിത്രമായി പരിണമിക്കും പോലെ, പ്രണയവുമായിതീര്‍ന്നു. അന്ന്, തമ്മില്‍ തോന്നിയത് പ്രണയമാണോ സൌഹൃദമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത എട്ടാം ക്ലാസ്സുകാരനില്‍ സ്വപ്നങ്ങളുടെ നിത്യവസന്തം തോരാതെ പെയ്തിരുന്നു.... നീണ്ട ആറു വര്‍ഷങ്ങള്‍ വരെ... എന്നിട്ടിപ്പോ ആരോ എന്നെ വഞ്ചിച്ചിരിക്കുന്നു... ഓരോ ക്ലാസുകള്‍ പിന്നിടുമ്പോഴും മോഹങ്ങള്‍ക്ക് പുതിയൊരു പക്വത വന്നത് പോലെയായിരുന്നു... ഒരിക്കലവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ പ്രണയ ലേഖനം കണ്ടാല്‍ ചിരിച്ചു മണ്ണുകപ്പിപ്പോകും... അതിങ്ങനെയായിരുന്നു: പ്രിയപ്പെട്ട ആതിരയ്ക്ക്, നിന്നെ കാണാതിരിക്കാന്‍ പറ്റുന്നില്ല... അത് കൊണ്ട് ഞാന്‍ അച്ഛമ്മയുടെ വീട്ടില്‍ വിരുന്നിനു പോയില്ല അതുകാരണം വീട്ടില്‍ ഭയങ്കര വഴക്കായി. എന്തോ, എവിടെ നോക്കിയാലും നിന്നെ തന്നെ കാണുന്നു.. കിടക്കുമ്പോ... സൈക്കിളില്‍ പാല് വാങ്ങാന്‍ പോകുമ്പോ കുളിക്കുമ്പോ... മേശമ്മേല്‍ തല വച്ച് കിടക്കുമ്പോള്‍ ചെവിയില്‍ ആതിര.. ആതിര.. എന്ന് കേള്‍ക്കുന്നത് പോലെ തോന്നുന്നു. എന്താണെന്നറിയില്ല... ഒരു ദിവസം പരിസര ബോധമില്ലാതെ അമ്മയെ കേറി എടീ ആതിരേ... എന്ന് വിളിച്ചു. ആതിര എന്ന് മുഴുവനാക്കും മുമ്പ് അടി വീണു. ഞാന്‍ ഓടി മരത്തില്‍ കയറി. തിങ്കളാഴ്‌ച കിഴക്കേപാടം അമ്പലത്തില്‍ വേലക്കു നീ വരുമോ? എന്തായാലും വരണം.... പിന്നെ മറുപടി എഴുതണം വിജി ചേച്ചീടെ മോന്‍ വരുമ്പോ അവന്റെ പോക്കറ്റില്‍ ഇട്ടാല്‍ മതി. അവന്‍ അറിയരുത്. അവന്‍ ട്രൌസരില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ നമുക്ക് ഈശ്വരനോട് പ്രാര്‍ഥിക്കാം... by, നിന്റെ സ്വന്തം R" ഈ കത്തിനു ചുറ്റും "R+A" എന്ന് നീല മഷിപ്പെനകൊണ്ട് കട്ടിയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.. പിന്നെ.. ഒരു പാടൊരുപാട് i lov you കളും... കാലം ഒരുപാട് മാറി, ഒരുപാടെന്നാല്‍ ഒരുപാട്. പിന്നീടെന്തോക്കെയോ സംഭവിച്ചു. ഇപ്പൊ എല്ലാം ഓര്‍മ്മകള്‍ മാത്രമാണ്. ഓര്‍മ്മകള്‍.അത് മറന്നു പോവുന്നെയില്ല. മറക്കും തോറും അതെന്റെ ഹൃദയത്തില്‍ ബിയര്‍കുപ്പി കുലുക്കി തുറന്നപോലെ നുരഞ്ഞു പൊന്തുന്നു.എന്ത് കൊണ്ടാണ് നഷ്ട്ടങ്ങള്‍ മാത്രം ചിന്തയില്‍ ഓടിയെത്തുന്നത്? നേട്ടങ്ങളെ കുറിച്ച് എത്രയെത്ര ചിന്തിക്കാനുണ്ട് എന്നിട്ടും!! പ്രകൃതിക്ക് ജീവിതത്തില്‍ വല്ലാത്തൊരു സ്ഥാനം തന്നെയാണുള്ളത്. മഴ മേഘങ്ങള്‍ അടിഞ്ഞു കൂടുന്ന കല്ലടിക്കോടന്‍ മലനിരകളുടെ പാശ്ചാത്തലത്തില്‍, മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്കായി ഒരുക്കിയ നീണ്ട കനാലുകളുടെ കളകള ശബ്ദം കേട്ട് കൊണ്ട് റബ്ബര്‍ കാടുകളുടെയും മാന്ജികതോട്ടങ്ങളുടെയും സീല്‍ക്കാര ശബ്ദങ്ങള്‍ക്കിടയില്‍, പ്രണയം കൊണ്ടൊരു ലോകം തീര്‍ത്തവര്‍ക്ക് എങ്ങനെയാണത് വിസ് മൃതിയുടെ ബന്ധാരത്തില്‍ അടച്ചു പൂട്ടാന്‍ കഴിയുക? ഇല്ല. അതൊരിക്കലും സാധ്യമല്ല ശരിക്കും പറഞ്ഞാല്‍, അനുഭവങ്ങള്‍ എന്ന ചുകപ്പ് മുന്തിരികള്‍ ഹൃദയത്തിന്റെ തണുത്ത ഭാഗത്ത്‌ കുഴിച്ചു മൂടിയിട്ടാന്ന് ഓര്‍മ്മകളെന്ന വീര്യം കൂടിയ വീഞ്ഞ് നിര്‍മ്മിക്കപ്പെടുന്നത്. ആ വീര്യം കൂടിയ വീഞ്ഞിന്റെ ലഹരിയിലാണ് ഞാനിപ്പോള്‍. ഇല്ല ഈ ലഹരി തീരുന്നില്ല.. മരിക്കുവോളം അതെന്റെ കൂടെയുണ്ടാവും. എങ്കിലും പഴയ ആള്‍ക്കാരൊക്കെ ഇപ്പൊ കാണുമ്പോ പറയും 'താനാകെ മാറിപ്പോയല്ലോടോ എന്ന്. അതെ, മാറ്റം വന്നിട്ടുണ്ട്. പഴയ നിസ്കാരപ്പള്ളി പൊളിച്ചു ഏതോ അറബിയുടെ കാശ് കൊണ്ട് ഗംഭീര പള്ളി അവിടെ സ്ഥാനം പിടിച്ചു. ചെമ്മണ്‍ പാതകള്‍ ടാറിട്ട റോഡുകളായി മാറി. റബ്ബര്‍ കാടുകള്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ ആയും,പുതുപ്പണക്കാരുടെ വീടുകളായും മാറി.... വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, എന്നെ പോലെ പ്രകൃതിയും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ വേഷങ്ങള്‍...പുതിയ ഭാവങ്ങള്‍... എങ്കിലും എന്റെ ഓര്‍മ്മയുടെ കനാലുകള്‍ ഇത് വരെയും വറ്റിയിട്ടില്ല....അത് സഹ്യന്റെ നേരെ ദൂരേയ്ക്ക് ഇപ്പോഴും ഒഴുകുന്നുണ്ട്. ഒരു പക്ഷെ, മലമ്പുഴയിലെ ജലം തീരുവോളം അതെന്നെ കുളിരണിയിച്ചു കൊണ്ടേയിരിക്കും....ഞാനിപ്പോഴും പഴയ സ്കൂള്‍ യുനിഫോമും ധരിച്ചു ആ ഒഴുക്ക് വെള്ളത്തില്‍ മുങ്ങാംകുഴിയിടും. അതെന്റെ അഭിനിവേശമാണ്. അവകാശവുമാണ്. കാരണം, എന്റെ ഓര്‍മ്മകളുടെ ചിതല്‍ പുറ്റിനുള്ളിലേക്ക് ഞാനാരെയും കടത്തി വിടാറില്ല. അനുഭവങ്ങളുടെ അസഹ്യമായ വേദന അനുഭവിക്കാത്തവരാര്‍ക്കും അതിലേക്കു കടന്നു ചെല്ലാനാവുകയുമില്ല.