Saturday, August 11, 2012

ഒരു പക്ഷേ, ഞാന്‍ ഒരു 'പക്ഷേ'യായിരിക്കാം....



ഓര്‍മ്മകളുടെയോളങ്ങളെന്നില്‍ ചില നശിച്ച തികട്ടലുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്. അവിടെ ചില പക്ഷെ'കളുടെ തെളിഞ്ഞ കറകളുടെ പാടുകള്‍ മായാതെ കിടക്കുന്നുണ്ട്. ഒരായിരം 'പക്ഷെ'കളുടെ,  എന്നോടുള്ള ചോദ്യമായിരിക്കാമത്. ചിലപ്പോഴൊക്കെ വെറുപ്പും.

ഒരിക്കല്‍ ,

ഭാര്യയുടെ അമ്മയഭിനയം തികയാതെ വന്നപ്പോഴാണ് അച്ഛന് ഒരു പക്ഷേ'യെന്നു പറയേണ്ടി വന്നത്... ആ വായില്‍ നിന്നും വെറുപ്പിന്റെ പക്ഷേകള്‍ മാത്രമായിരുന്നു തുപ്പലായി തെറിച്ചു കൊണ്ടിരുന്നത്... അതൊരു പക്ഷേ, ചില പക്ഷേകളുടെ മാത്രം ന്യായമായിരിക്കാം. ജീവിക്കാന്‍ വേണ്ടിയുള്ള ന്യായം.

വീണ്ടും,

മറ്റൊരു പക്ഷേ'യെന്നതെന്റെയാദ്യത്തെ കുടിലിന്റെ ആധാരം കൈവശപ്പെടുത്തിയവരുടെ വകയായിരുന്നു. ഞാനെന്‍റെ ജന്മത്തെ തൊള്ളകീറി ലോകത്തെയറിയിച്ചത് ഈ പക്ഷേ'യുടെ ഗര്‍ഭാപാത്രമെന്ന കുടിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ്. അതൊരു പക്ഷേ ഒരു നിയോഗം മാത്രമാണ്. ഒരു വഴി ഒരു പക്ഷേ ജനിക്കുന്ന വഴി. വഴി മാത്രം. പക്ഷേയെന്നതൊരു ചോദ്യമാണോയെന്നു ഞാന്‍ പലവട്ടം ചിന്തിച്ചു നോക്കിയപ്പോള്‍ അതെയെന്നു ആരോ പറഞ്ഞു. പക്ഷേ; ഒരു പക്ഷേയെന്നൊരു വാക്ക് അവിടെയും മറുപടിക്കു കൃത്യത നല്‍കിയതേയില്ല. അമ്മയെന്നത് എപ്പോഴും പക്ഷേകള്‍ക്ക് ഒരു സ്വപ്നം മാത്രമാണെന്നതു ആര്‍ക്കുമറിയില്ല.

പിന്നെയും,

എന്നിലെപ്പഴോ അറിഞ്ഞോ അറിയാതെയോ അലിഞ്ഞു പോയൊരു സ്വപ്നത്തില്‍ , അതേ- പ്രണയമെന്ന സ്വപ്നത്തില്‍ . അതോ - പെണ്ണെന്ന നിഗൂഡ മായികയിലോ!? ഒരുപാടോരുപക്ഷേകള്‍ അവിടെയും കരിമഷിയിളകിയലിഞ്ഞു ഗദ്ഗദിച്ച എണ്ണമയമുള്ള കവിളില്‍ പക്ഷേ'കളുടെ ഒരുപാടൊരുപാട് ജലച്ചായങ്ങള്‍ വരച്ചു ചേര്‍ത്തു. അവിടെയുമൊരു പക്ഷേ, 'പക്ഷേകള്‍ മാത്രമാണെനിക്കു വേണ്ടി ബാക്കിയാവുന്നത്.

പക്ഷേ;

ഒരുപാട് പിരിഞ്ഞു പിണഞ്ഞു ഇഴയടുത്തു ബന്ധം മുറുക്കി ബലപ്പെടുത്തുമ്പോഴും ഇഴകളുടെയിടയില്‍ ചില പക്ഷേകളുടെ മുറുമുറുപ്പുകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. അവസാനം മാത്രം പ്രത്യക്ഷപ്പെടുന്ന ആ 'പക്ഷേ'കളുടെ വികൃതമായ ചിരി സത്യമായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, അതെന്റെ തോന്നലാവാം. എല്ലാം 'പക്ഷേ'യെന്നും, എല്ലായിടത്തും 'പക്ഷേ'യെന്നുമെനിക്കു തോന്നിപ്പോകുന്നത്; ആകാശത്തിനു കീഴെ 'പക്ഷേ'കളുടെ ശല്യമില്ലാതെ, മറയില്ലാതെ, ജീവിക്കാന്‍ കഴിയുന്നത്‌ ഒരു 'പക്ഷേ'യെന്നതിനെ പോലെത്തന്നെ ഒരു ചോദ്യമായിരിക്കാം. ഒരുബാക്കി വന്ന ചോദ്യം. അല്ല, ഒരിക്കലുമല്ല- ഒരു ബാക്കി വന്നൊരു 'പക്ഷേ'.

3 comments:

  1. എല്ലാം കഴിഞ്ഞാലും വീണ്ടുമൊരു ‘പക്ഷെ‘ ബാക്കിയാകുന്നു.

    ReplyDelete
  2. നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....
    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  3. കൊള്ളാം പക്ഷെ

    ReplyDelete

എന്നോടൊന്നു മിണ്ടൂ :