Wednesday, March 3, 2021

സൗഹൃദങ്ങളുടെ മേച്ചില്‍പുറങ്ങളില്‍




ആമുഖം 

ലേശം മഴയുടെ ലക്ഷണം ഉണ്ടായിരുന്നു. ആകാശം കരഞ്ഞാല്‍ബൈക്ക്‌യാത്ര ദുഷ്കരമാവും. ഗള്‍ഫിലായിരിക്കുമ്പോള്‍എന്റെ സുഹൃത്തുക്കള്‍ഇങ്ങനെ കുറെ പേരാണെന്നും ഇവര്‍ക്കൊക്കെ എന്നെയും എനിക്ക് അവരെയും കാണാന്‍വല്ലാത്ത ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോള്‍വല്ലപ്പോഴും പ്ലസ്സില്‍കയറി ഇറങ്ങിപ്പോകുന്ന വസന്ത മല്ലികയ്ക്കും ഒരു ആഗ്രഹം. ഞങ്ങളുടെ സൈബര്‍സംഗമത്തില്‍ഒന്ന് പങ്കെടുക്കണമെന്ന്. ഒരു ഗേള്‍ - ഫ്രണ്ട്‌കൂടെയുള്ളത് ഇതു ആക്രമണത്തെയും ചെറുക്കാന്‍ഒരു ധൈര്യമാവുമല്ലോ എന്ന് കരുതി ഞാനും സമ്മതിച്ചു. പക്ഷെ,ഒരു കണ്ടീഷന്‍-----. അവളുടെ ഫോട്ടോ എടുക്കരുത്. പ്ലസ്സില് ഇടാനും പാടില്ല.

“ഉം.. നോക്കാം കുന്നോത്ത് ഗംഭീര ഫോട്ടോ എടുപ്പുകാരനാണ്. നിന്നെപ്പോലെ ഭംഗിയുള്ളതിനെ ഒക്കെ കണ്ടാല്‍ചെലപ്പോ ഫോട്ടോ മാത്രല്ല വേറെ എന്തേലും എടുക്കാന്‍നോക്കു"മെന്ന് പറഞ്ഞതും പത്തന്‍പത് കിലോ ഭാരമുള്ള അവളുടെ കൈ ‘പോടാ അവിടുന്ന്’ എന്നൊരു ശബ്ദത്തോടെ എന്റെ നടുപ്പുറത്തു ഓങ്ങി വന്നു വീണു. പിന്നേം കുറേ പറയണം എന്ന് കരുതിയെങ്കിലും അവളുടെ കൈക്കരുത്തിനെ ഭയന്ന് മിണ്ടാന്‍പോയില്ല. പിന്നെ അടുത്ത ജോലി അസ്ലമിനെയും വിപിനെയും വിജേഷിനെയും ഫോണില്‍ബന്ധപ്പെടുക എന്നതായിരുന്നു. വിജേഷിന്റെ കോണ്ടാക്റ്റ്‌നമ്പര്‍കിട്ടാന്‍അസ്ലമിനെ വിളിച്ചിട്ട് കിട്ടുന്നില്ല. അസ്‌ലം വരുന്നില്ലേ!? വിളിച്ചിട്ട് കിട്ടാതായപ്പോ ആകെ മൂഡ്‌ഓഫ് ആയി. വിപിന്‍എന്നെ പകല്‍സമയം ഒരുപാടു വിളിച്ചിരുന്നു തിരക്ക് കാരണം എടുക്കാന്‍പറ്റിയില്ല. പോകാന്‍വെറും മൂന്നു ദിവസം മാത്രമേ ഉള്ളൂ... തിരക്കുകള്‍തീര്‍ന്നിട്ടില്ല. വിപിനെ വിളിച്ചപ്പോള്‍എടുക്കുന്നില്ല. രണ്ടാം വട്ടവും വിളിച്ചിട്ടും കിട്ടുന്നില്ല. അവസാനം വസന്തമല്ലികയുടെ ഫോണില്‍നിന്നും വിളിച്ചു അങ്ങേത്തലക്കല്‍പിണക്കം കലര്‍ന്ന വാക്കുകള്‍പ്രസരിക്കുന്നു. എങ്കിലും അവനവിടേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. കുന്നോത്തും വിപിനും മുമ്പ് കണ്ടിട്ടുണ്ട് എന്ന് മുമ്പൊരിക്കല്‍അവനെന്നോട് പറഞ്ഞിരുന്നു.



വെറും ഇരുപത്തിയഞ്ചു ദിവസം മാത്രം ലീവെടുത്തു വന്ന എന്നെ തന്നെയാണ് ആദ്യം തല്ലേണ്ടത് എന്നോര്‍ത്ത് ബൈക്ക്‌ഓടിച്ചു കൊണ്ട് തന്നെ വിപിനെ ഫോണ്‍വിളിച്ചു എടുക്കുന്നില്ല. അതിനിടെ പിന്നിലിരിക്കുന്ന വസന്തമല്ലിക ട്രാഫിക്‌പോലീസിന്റെ കാര്‍ക്കശ്യത്തില്‍ഫോണ്‍പിടിച്ചു വാങ്ങിക്കൊണ്ട് വിപിനെ ഞാന്‍വിളിച്ചു നോക്കിക്കോളാം എന്ന് പറഞ്ഞു. ബൈക്കിന്റെ വേഗത എണ്പതു കടന്നു ഹാന്‍ഡില്‍വിറച്ചു കൊണ്ടിരിക്കുന്നു. എപ്പഴോ അവള്‍ക്കു വിപിനെ ലൈനില്‍കിട്ടി. അവന്‍കുന്നോത്തിന്റെ വീട്ടിലേക്കു എത്തിക്കോളാം എന്ന് പറഞ്ഞത്രേ. ആര് വന്നില്ലെങ്കിലും ഇന്ന് കുന്നോത്തിനെ എനിക്ക് കണ്ടേ തീരൂ എന്നും കരുതി വണ്ടിയുടെ ആക്സിലേറ്റര്‍അസ്‌ലം ആണെന്ന് സങ്കല്‍പ്പിച്ചു കൊണ്ട് ഞെരടിത്തിരിച്ചു. അസ്‌ലം മുങ്ങുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ല. എപ്പോ വിളിച്ചാലും ഓടി വരുന്നൊരു സുഹൃത്തായി കരുതിപ്പോയി. അത് എന്റെ തെറ്റ്. അല്ലെങ്കിലും വെറും ഇരുപത്തഞ്ചു ദിവസം ലീവെടുത്തു വന്ന തന്നെയാണ് ഇടിച്ചു കൂമ്പ് വാട്ടേണ്ടത്! -

എന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയോ!?

അതിനുത്തരം പിന്നില്‍നിന്നും വസന്തമല്ലികയുടെ ശബ്ദത്തില്‍ഇങ്ങനൊരു ചോദ്യം കേട്ടപ്പഴാണ് മനസ്സിലായത്‌.:

"ഞാന്‍വാട്ടിയാല്‍മതിയോ നിന്‍റെ കൂമ്പ്???"

പിരികം കൊണ്ട് അഭ്യാസം കാണിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പഴെ കുന്നോത്തിന്റെ വീട്ടിലെത്തിയിട്ട് ഒഴിക്കാന്‍കാത്തു വെച്ച മൂത്രമൊക്കെ ആവിയായിപ്പോയി. ഈ പെണ്ണുങ്ങളെ പേടിക്കണം. ഇല്ലെങ്കില്‍വല്ല പീഡനക്കേസിലും കുടുക്കിക്കലയുമെന്നു ഫേസ്ബുക്കില്‍ടിന്റുമോന്‍പറയുന്നത് കേട്ടിട്ടുണ്ട്.


ഒരു വേലപ്പനാരായണന്‍ യാത്ര 
പോകുന്നത് ഒരു സഖാവിന്റെ വീട്ടിലെക്കായതിനാല്‍ഇരുമ്പിന്റെ കുപ്പായമിടാണോ എന്ന് വരെ ആലോചിച്ചു. കാരായി, കൊടിസുനി, എന്നതിലോക്കെയുള്ള "ക" എന്ന വാക്ക് പോലെ കുന്നോത്ത് എന്നൊരു വാക്കുള്ളത് കൊണ്ട് ഭയക്കണം. കുന്നോത്തിനെ കാണാന്‍പോകുമ്പോ ലേശം ഭയമുണ്ടായിരുന്നു. ഒന്നാമത് പ്രായം. ഡാ, നമ്മള്‍പിള്ളേര്‍പോയി പ്രായമുള്ളവരുടെ അടുത്തു പോയി വല്ല തമാശയും കാണിച്ചാല്‍എല്ലാം കുളമാകുമോ എന്നൊരു സംശയം എന്റെ സുഹൃത്ത്‌വസന്തമല്ലിക പങ്കു വെച്ചത് എന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. എങ്കിലും ഹേയ് ഞാനാ ടൈപ്പല്ല., അതിനു വേറെ ആളെ നോക്ക് എന്നും പറഞ്ഞു അവളെ കളിയാക്കി. ഞങ്ങള്‍രാമനാട്ടുകര എന്നാ ചെറുപട്ടണത്തിലെത്തിയപ്പോള്‍കുന്നോത്തിന്റെ നമ്പറില്‍കുത്തി. ഫോണ്‍എടുത്തപ്പോള്‍തന്നെ എവിടെയാ ഉള്ളത് എന്ന് തിരിച്ചു ചോദ്യം. അവിടെയുള്ള ഒരു വലിയ ബാങ്കിന്റെ മുമ്പിലാണ് എന്ന് മറുപടി പറഞ്ഞതേയുള്ളൂ... കുന്നോത്ത് വഴി പറയാന്‍തുടങ്ങി:

_അവിടെ നിന്ന് നേരെ കുണ്ടോട്ടി റോഡിലേക്ക് വന്നു നാലാം വളവില്‍എട്ടാം നമ്പര്‍പോസ്റ്റിനു എതിര്‍വശത്തു കാണുന്ന കല്യാണ മണ്ഡപത്തിനു ഓപ്പോസിറ്റ് കാണുന്ന വേലപ്പന്‍നായര്‍റോഡിലൂടെ നേര വന്ന് ക്രോസ്സ് ചെയ്തു പോകുന്ന റോഡിനെ മൈന്‍ഡ്‌ചെയ്യാതെ നേരേ വിട്ടു പോന്നു നീല പെയിന്റടിച്ച വീടിന്റെ അടുത്തുള്ള പെട്ടിക്കടയുടെ അടുത്ത് കൂടി കുറച്ചു കൂടി മുമ്പോട്ടു വന്നാല്‍മണം സ്വാശ്രയ സംഘക്കാരുടെ ബോര്‍ഡ്‌കാണാം. അവിടെ നിന്നാ മതി._

ഇത്രയും കേട്ടപ്പോ തന്നെ എനിക്ക് പണ്ട് സ്കൂളില്‍പോകുമ്പോ ഇത്രേം മനപ്പാഠമാക്കാന്‍ ശുഷ്കാന്തി കാണിച്ചിരുന്ണേല്‍ഫസ്റ്റ് ക്ലാസെങ്കിലും മേടിക്കാരുന്നു. എങ്കിലും മറന്നു പോവാതിരിക്കാന്‍ആ തല കൊണ്ട് ഒരുപകാരമെങ്കിലും ഉണ്ടാവട്ടെ എന്നും പറഞ്ഞു കൊണ്ട് വേലപ്പന്‍നായരെയും മണം സ്വാശ്രയ സംഘത്തെയും വസന്തമല്ലികയോട് ഓര്‍ത്ത്‌വെക്കാന്‍പറഞ്ഞു. വസന്തമല്ലികയ്ക്ക് അത് ഓര്‍ത്ത്‌വെക്കണമെങ്കില്‍ഇമ്പോസിഷന്‍എഴുതണം എന്ന അവസ്ഥയാണ്. അവിടുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കിയത് മുതല്‍രാമനാമം ചൊല്ലുന്ന കണക്കിന്

“വേലപ്പനാരായാണോമണംസ്വാശ്രയ...

വേലപ്പനാരായാണോമണംസ്വാശ്രയ...

വേലപ്പനാരായാണോമണംസ്വാശ്രയ!....” എന്ന് ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഗട്ടറില്‍ചാടിയാല്‍അതു അവളുടെ തലയില്‍നിന്നും പറന്നു പോകുമെന്ന് എനിക്കറിയാവുന്നത് കൊണ്ട് ഞാന്‍നല്ലോണം ഓര്‍ത്തു വെച്ചത് നന്നായി. അല്ലേല്‍പകുതിയെത്തി വീണ്ടും വഴി തെറ്റിയേനെ. കാരണം ഒരു കുഴിയില്‍കൂടി വണ്ടി കട്ട്രകുട്ട്രമട്ട്രാന്നു കുലുങ്ങി വിറച്ചു കടന്നു പോയപ്പോള്‍ വസന്തമല്ലിക അത്ര നേരം ചൊല്ലിക്കൊണ്ടിരുന്ന വേലപ്പനാരായാണോമണംസ്വാശ്രയ എല്ലാം കൂടി കുടി വെള്ളമില്ലാതെ പുട്ടു തിന്നുമ്പോ ചുമ വന്നു വായീന്നു അമിട്ടു പൊട്ടിയ കണക്കിന് അവിടേമിവിടെമായിപ്പോയി. “സ്വാലപ്പവേരായണോസ്വാശ്രയ” എന്നാണവള്‍ പിന്നീട് ചൊല്ലിക്കൊണ്ടിരുന്നത്! വേലപ്പന്‍ നായര്‍ റോഡ്‌ കഴിഞ്ഞു പോയിട്ടും വസന്ത മല്ലിക അതൊന്നും അറിഞ്ഞ മട്ടില്ല. സഖാക്കന്മാരെ വല്ല്യ ഇഷ്ട്ടമുള്ള അവള്‍(അതിനുള്ള വിവരമൊന്നും ഉണ്ടായിട്ടല്ല, ചുമ്മാ ജാഡ കാണിക്കാന്‍) കുന്നോത്തിന്റെ പോസ്റ്റിനു പ്ലസ്സൊന്നും അടിക്കാതെ ഫ്രീയായിട്ടു വായിച്ചു സഖാവ് ആള് പുലിയാണ് , കുന്നോത്ത് സഖാവിനെ ആദ്യായിട്ടു കാണുമ്പോ എങ്ങനെ സംബോധന ചെയ്യണം എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കിയിരിക്കുന്ന വനിതാരത്നമാണ്.

വേലപ്പനാരായണന്‍ റോഡ്‌ കഴിഞ്ഞു കുറച്ചു മുന്നോട്ടു നീങ്ങിയതെയുള്ളൂ, അതാ ഒരു മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരുത്തന്‍ പശു തൊഴുത്തില്‍ നിന്ന് തലയിട്ടു നോക്കുന്നത് പോലെ നോക്കുന്നു! എനിക്കു ആകെ സംശയമായി. വസന്തമല്ലികയെ ആണല്ലോ ആ പഹയന്‍ നോട്ടമിട്ടിരിക്കുന്നത്! അവന്‍ കൈ കൊണ്ട് ഏതാണ്ടൊക്കെയോ കാണിക്കുന്നുണ്ട്! അവന്റെ തിരുമുഖം തെളിഞ്ഞു കാണുന്നുമില്ല. ഇവനെയൊക്കെ തടഞ്ഞു നിര്‍ത്തി ‘എന്താടാ എന്‍റെ പെങ്ങളെ നോക്കുന്നത് നിനക്കൊക്കെ അമ്മേം പെങ്ങന്മാരും ഇല്ലെടാ’ എന്നും ചോദിച്ചു രണ്ടു പൊട്ടിക്കണം. ദൈവമേ.. ഇത്രേം വികരപരവശരായ ആളുകളുമുണ്ടോ കേരളത്തില്‍ എന്നും കരുതി ഓട്ടോയുടെ സമമായി വണ്ടി അടുപ്പിച്ചതെയുള്ളൂ, റഹിം ഭായി ഇത് ഞാനാണെന്നെ വിപിന്‍ എന്നും പറഞ്ഞു കൊണ്ട് കൈകാട്ടി.... ഓഹ് നീയാരുന്നോ!

അപ്പഴാണ് എന്‍റെ ശ്വാസം നേരെ വീണത്‌. ഇല്ലേല്‍ അടി കിട്ടി പല്ലു താഴെ വീണേനെ! എന്റെയോ അവന്റെയോ എന്നാലോചിച്ചു സമയം കളയേണ്ട – എന്‍റെ തന്നെ! രണ്ടു വാഹനങ്ങളും ഫിനിഷിംഗ് പോയന്റില്‍ എത്താറായി. കുന്നോത്ത് കാത്തു നില്‍ക്കാമെന്നു പറഞ്ഞ സ്ഥലത്ത് എത്താറായപ്പോള്‍ തന്നെ അല്‍പ്പം ദൂരേന്നു ഞാന്‍ കണ്ടു, നീണ്ടു, വീതിയുള്ള ചുമലുകളുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ ശ്ശി കൂടി നരയുള്ള ഒരു വല്ല്യ മനുഷ്യനെ. (ഇത്രേം ദൂരേന്നു ആ നരയെങ്ങനെ കണ്ടൂന്നും ചോദിച്ചു വന്നാ ഇടി കിട്ടുംJ) ഓട്ടോ നിര്‍ത്തി, വിപിന്‍ ഇറങ്ങി കൈ കൊടുത്തപ്പഴേക്കും ഞങ്ങളും അവിടെയെത്തി. ഞാന്‍ വണ്ടി സൈഡ് ആക്കാന്‍ ശ്രമിക്കെവേ, വസന്തമല്ലിക ഭൂമിയില്‍ കാലുകുത്തലും വീണു വീണില്ല എന്ന മട്ടില്‍ കുന്നോത്തിന്റെ അടുത്തെത്തുകയും ചെയ്തു. കുന്നോത്തിനെ കണ്ടമാത്രയില്‍

“ഹലോ രാജേഷേട്ടാ, സ്വാലപ്പവേരായണോസ്വാശ്രയ?”

എന്നു കുശലം ചോദിക്കുകയും ചെയ്തു! ഇടി വെട്ടിയ കണക്കെ രണ്ടു “ങേ..!”കള്‍ പുറപെടുവിച്ചു കൊണ്ട് ഇതേതു ഭാഷ എന്നുമാലോചിച്ചു വിപിനും കുന്നോത്തും നില്‍ക്കുമ്പോഴാണ്‌ എന്‍റെ രംഗപ്രവേശനം. ഞാന്‍ കേട്ടുകാണില്ല എന്നു കരുതിയിട്ടോ ഇനി കേട്ടില്ലെങ്കില്‍ കേള്‍ക്കണ്ട എന്നു കരുതിയിട്ടോ കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചു കൊണ്ടോ എന്താണെന്നറിയില്ല. അതേ നിമിഷത്തില്‍ തന്നെ വസന്തമല്ലിക തിരുത്തി :

“ അല്ല, സുഖമാണോ എന്നു ചോദിച്ചതാണ്. സുഖമല്ലേ രാജേഷേട്ടാ?”

മലയാളഭാഷയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അപൂര്‍വ്വ വ്യക്തിയെ കാണുന്ന പോലെ വസന്തമല്ലികയെ നോക്കിക്കൊണ്ടു “സുഖം” എന്നു കുന്നോത്ത് മറുപടി നല്‍കി. വിപിന്‍ അപ്പോഴും ഇവിടെയിപ്പോ എന്താ സംഭവിച്ചത് എന്ന മട്ടില്‍ ഒരേ നിപ്പാണ്!

പിന്നെ എന്‍റെ വക കുശലം ചോദിക്കല്‍. പിന്നെ നാലു പേരും കൂടി കുന്നോത്തിന്റെ വീട്ടിലേക്ക്. അല്‍പ്പം കുത്തനെ ഇറക്കമുള്ള, അരികുകളില്‍ പുല്ലും കമ്യുണിസ്റ്റ് പച്ചകളും പന്തലിച്ചു കിടക്കുന്ന നാട്ടുവഴിയിലൂടെ ഞങ്ങള്‍ കുന്നോത്തിന്റെ വീട്ടിലെത്തി. അവിടെ, കുന്നോത്തിന്റെ സഹധര്‍മ്മിണി പ്രിയയും രണ്ടു ആണ്‍മക്കളും ഞങ്ങളെ ചിരിച്ചു കൊണ്ടു സ്വാഗതം ചെയ്തു. എട്ടുപത്തു പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി വെച്ചിരുന്ന അവര്‍, നാലു പേരെ മാത്രം കണ്ടതും കുന്നോത്തിനെ “ഹും” എന്നൊന്നു പാളി നോക്കിയോ എന്നൊരു സംശയം. കാരണം, വന്നിറങ്ങിയ അപ്പോള്‍ തന്നെ നിങ്ങള്‍ മൂന്നു പേരെ ഉള്ളൂ എന്നു ചോദിച്ചു കൊണ്ടിരുന്നു കുന്നോത്ത്. വിജേഷ് ചക്കിനെ അസ്ലം വിളിക്കുമെന്നും അസ്ലം വരുമെന്നും കരുതിയ എനിക്കും തെറ്റി. കുന്നോത്തിനും തെറ്റി. പാവം ഭക്ഷണത്തിന് ഇക്കാര്യമൊന്നും അറിയില്ലല്ലോ... അതു ആര്‍ക്കോ വേണ്ടി അടുപ്പത്തിരുന്നു തിളച്ചു.





സ്വാലപ്പവേരായണോസ്വാശ്രയ 
ഇരുനിലയുള്ള, നന്നായി പണിത, അനാവിശ്യ ഫ്ലവര്‍ ബെയ്സുകളും അലങ്കാരപ്പണികളും കുത്തിനിറക്കാതെ വളരെ ആര്‍ഭാടം കുറഞ്ഞ , എന്നാല്‍ വളരെ മനോഹരമെന്നും ലളിതമെന്നും തോന്നുന്ന ഒരു വീടായിരുന്നു അത്. കുന്നോത്തിന്റെ ഭാര്യ ചായ എടുക്കും മുമ്പേ, വിപിന്‍ വീടിനെ കുറിച്ചും സ്റ്റേയര്‍കെയ്സില്‍ തൂക്കിയിട്ട ഏതോ അണ്ഡകടാഹ ചിത്രത്തെ കുറിച്ചും വാചാലനായി. ചിത്രത്തെ കുറിച്ചും വരയെ കുറിച്ചും എന്‍റെ അറിവ് വളരെ പരിമിതമായത് കൊണ്ടു മാത്രം ചേച്ചി ചായ കൊണ്ടു വരുന്നുണ്ടോയെന്നും നോക്കി ഞാന്‍ അടുക്കളയെന്ന വിദൂരദയിലേക്ക് കണ്ണും നട്ടിരുന്നു. അതിനിടെ കുന്നോത്തിന്റെ ഇളയ മകന്‍ അപ്പുവിനെ നമ്മുടെ വസന്തമല്ലിക കണ്ണിറുക്കി കാണിച്ചിട്ടോ എന്താണെന്നറിയില്ല, അടുക്കളയില്‍ നിന്നും പ്രിയേച്ചി ചിരിച്ചു കൊണ്ടു ഓടി വന്നിട്ടു എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷെ അപ്പു ചാടി ചാടി അമ്മയുടെ വായ പൊത്താന്‍ ശ്രമിച്ചു കൊണ്ട് പറയണ്ടാ പറയണ്ടാ എന്നു വാശി പിടിക്കുന്നുണ്ട്. പക്ഷെ അപ്പൂന്‍റെ അമ്മ ചതിച്ചു. അപ്പൂനെ മാത്രല്ല ഞങ്ങളേം. പ്രിയേച്ചി പറഞ്ഞു;

“വസന്തമല്ലികേ , നിനക്കൊരു കോമ്പ്ലിമെന്റ് ഉണ്ട്, അപ്പൂന്‍റെ വക. അപ്പു അടുക്കളേല്‍ വന്നിട്ടു പറയുവാ, ആ ചേച്ചീനെ കാണാന്‍ നല്ല സുന്ദരിയാണ് എന്ന്!”

അപ്പുവും ഞാനും നിരാശനായി മേല്‍പ്പോട്ടു നോക്കിയിരിക്കവെ അതാ... അതാ... വസന്തമല്ലിക ഉയര്‍ന്നുയര്‍ന്നു പോകുന്നു...! ‘ഇത്രേം ഉയരത്തില്‍ വസന്തമല്ലികയെ പൊക്കിപ്പറയാന്‍ ഞാനെന്തു തെറ്റാടാ അപ്പു നിന്നോട് ചെയ്തേ’ എന്നൊരു നോട്ടം ഞാന്‍ അപ്പുവിനെയും, ‘ഈ അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാനറിഞ്ഞോ’ എന്ന മട്ടില്‍ അപ്പു എന്നേ തിരിച്ചും നോക്കി. ഇനിയ്പ്പോ എന്തൊക്കെ സഹിക്കണം. അല്ലെങ്കില്‍തന്നെ ഒരു ബഡായിക്കടയുടെ ഹോള്‍സെയില്‍ ഡീലറാണ് വല്ലിക.(അവളുടെ ചുരുക്കപ്പേരാണ് വല്ലിക. വസന്തവുമായും മല്ലികയുമായും വല്ല ബന്ധവുമുന്ടെങ്കിലല്ലേ വസന്തമാല്ലികയെന്നു നമുക്ക് വിളിക്കാനോക്കൂ.. അതോണ്ട് ഞാന്‍ ‘വല്ലോരുടെയും ക’യും കൂട്ടി ‘വല്ലികാ’ന്നു നീട്ടി വിളിക്കും. -ഹോ അവളെ കുറ്റം പറയുമ്പോ എന്തൊരു സുഖം!:)) ഹ്മം, എന്തു ചെയ്യാനാണ്, പടച്ചോന്‍ സൗന്ദര്യം കൊടുക്കുന്ന സമയത്തു ഞാന്‍ ബുദ്ധി കൊടുക്കുന്ന സ്ഥലത്തായിപ്പോയി. സൗന്ദര്യം കൊടുക്കുന്ന സ്ഥലത്ത് കുറ്റിയടിച്ചു ഇങ്ങോട്ടും പോകാതെ നിന്ന വല്ലികയ്ക്ക് അത് ആവോളം കിട്ടി. എന്‍റെ വിധി. ആ അതുപോട്ടെ, ചായ വരട്ടെ. ചായ വന്നു കഴിഞ്ഞു. അപ്പഴേക്കും വല്ലികയുടെ വീട്ടില്‍ നിന്നും വല്ലികയ്ക്ക് ഫോണ്‍ വന്നു, വേഗം ചെല്ലാന്‍ പറഞ്ഞു കൊണ്ട്. പോയിട്ട് എന്തോ അത്യാവശ്യമുണ്ടത്രേ. വല്ലികയുടെ ഉമ്മ, ആളൊരു കാര്‍ക്കശ്യക്കാരിയാണെങ്കിലും എന്‍റെ കൂടെയായത് കൊണ്ട് മാത്രം പറഞ്ഞു വിട്ടതാണ്. ആ ഏരിയയില്‍ വച്ചു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പയ്യന്‍ ഞാനേ ഉള്ളൂ... (കോളര്‍ ഒന്ന് പൊക്കിയിടട്ടെ). എന്തായാലും അന്നുണ്ടാക്കിയ പുട്ടും ബീഫും കഴിക്കാന്‍ വസന്തമല്ലികയ്ക്ക് യോഗമുണ്ടായില്ല. പാവം അല്ലെങ്കില്‍ തന്നെ പട്ടിണിയാണ്. തടിച്ചു തടിച്ചു ഇനിയങ്ങോട്ട് തടിക്കാന്‍ ബാക്കിയില്ലാത്തത് കാരണം വീട്ടില്‍ നിന്നും ഭക്ഷണമൊന്നും കൊടുക്കുന്നില്ലത്രേJ അങ്ങനെ ചായകുടിയും അത്യാവശ്യം വിശേഷം പറച്ചിലും കഴിഞ്ഞു ഞാന്‍ വസന്തമല്ലികയെ വീട്ടില്‍ കൊണ്ടു ചെന്നു വിടാന്‍ ഇറങ്ങി. എന്‍റെ ഫോട്ടോ ഒന്നും പ്ലസ്സിളിടരുതേഎന്നും പറഞ്ഞു കൊണ്ട് വസന്തമല്ലികയും. അവളെ കൊണ്ട് വിട്ടിട്ടു വന്നിട്ടേ ഞങ്ങള്‍ പുട്ടും ബീഫും തകര്‍ക്കൂ എന്ന ഭാവത്തില്‍ വിപിന്‍ എന്നോട് യാത്ര പറഞ്ഞു. കുന്നോത്തും വിപിനും അവരുടെ സ്വന്തം വിശേഷങ്ങളും പങ്കു വെച്ചു തുടങ്ങി...

ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കോഴിക്കൊട്ടങ്ങാടി തൊട്ട് കുന്നോത്തിന്റെ തിരിച്ചു വന്നു. അവിടെ അപ്പഴേക്കും വിപിനും കുന്നോത്തും കുന്നോത്തിന്റെ ഭാര്യ പ്രിയേച്ചിയും നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു. എങ്കില്‍ പറയാതെ വയ്യ, എത്രയോ കാലം മുമ്പ് കണ്ടു പരിചയമുള്ളവരെ പോലെ ചുമലില്‍ പിടിച്ചു കുശലാന്വേഷണം നടത്തുന്ന കുന്നോത്തിനെ ആര്‍ക്കും പെട്ടെന്നങ്ങനെ മറക്കാനാവുകയില്ല. സൌഹൃദമെന്ന പരുത്തിനൂലിഴകളില്‍ മുറുക്കം കൂട്ടി ബലം വര്‍ദ്ധിപ്പിക്കുന്ന പെരുമാറ്റം ഞങ്ങളെ രണ്ടുപേരെയും ഒരേപോലെ സ്വാധീനിച്ചു. അന്നു രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ പിരിഞ്ഞത്. ആദ്യമൊക്കെ ഞാന്‍ അല്‍പ്പം മൌനിയായി നിന്നെങ്കിലും അവസാനം കുന്നോത്തിനെയും കുടുംബത്തെയും കത്തി വെച്ചു കത്തി വെച്ചു കൊന്നിട്ടാണ് ഞാന്‍ പിരിഞ്ഞത്. എന്നിട്ടും മതിയാവാതെ വന്നപ്പോ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും അത് നനഞ്ഞു കൊണ്ട് ഒരുപാടു നേരം വിപിന്‍റെ കൊട്ടെഴ്സിനടുത്തു നിന്ന് സംസാരിച്ചു. കുന്നോത്തിനോട് ഒരുപാടു നേരം സംസാരിക്കാന്‍ തോന്നിയതിനു പിന്നില്‍ എനിക്കു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഗുരുത്വം ഇല്ലാത്ത ഒരു പിന്നാമ്പുറം ആയിരുന്നു എന്റേത്. അവിടെയെത്തി കുന്നോത്തുമായി അടുത്തു സംസാരിച്ചതും ഗുരുത്വം നേടണമെങ്കില്‍ ഇത്തരം ആളുകളുടെ അടുത്തു നിന്ന് തന്നെ വാങ്ങണമെന്നു തോന്നിപ്പോയി. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ പെരുമ തന്നെയാണ്.





അങ്ങനെയല്‍പ്പം സ്വകാര്യം പറഞ്ഞു കൊണ്ട്  ഈ അനുഭവം എഴുതുന്നത്‌ നിര്‍ത്തുകയാണ്. അസ്ലമിനെയും എനിക്കു മറക്കുവാനാവില്ല. ഒരുപാടു നേരം ഫോണില്‍ സംസാരിച്ചിരുന്ന ഞങ്ങള്‍ രണ്ടുപേരും നാട്ടിലെത്തിയപ്പോള്‍ ഒരേ നാട്ടിലായിട്ടു പോലും കാണാന്‍ പോലും നേരമില്ലാതായിപ്പോയി. ഞാന്‍ ഇങ്ങോട്ട് കടലുകടന്നു വരും മുമ്പേ, ഒരു പ്രാവിശ്യം വീട്ടില്‍ വന്നു. തിരക്കിട്ട് പോവുകയും ചെയ്തു. ഞാന്‍ പോകുന്ന ദിവസം രാത്രി, അസ്ലമിന്റെ വീട്ടില്‍ എനിക്കും എന്‍റെ വീട്ടുകാര്‍ക്കും ഗംഭീര ബിരിയാണി സദ്യയൊരുക്കി എന്നേ ഞെട്ടിച്ചു കളഞ്ഞു. അതേ പറ്റി ഇതേപോലെ തന്നെ ഒരുപാട് എഴുതാനുണ്ട്. സമയമുണ്ടെങ്കില്‍, ഞാന്‍ അതും ഇവിടെ കുറിച്ചിടും. ദൈവം അതിനു ഭാഗ്യമുണ്ടാക്കിത്തരട്ടെ.! സൈബര്‍ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍.
 



Thursday, March 7, 2013

മുലയില്ലാ പെണ്ണിന്‍റെ മുലയറുത്തവര്‍

മ്മള്‍ മലയാളികള്‍ക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്ന് തോന്നുന്നു. അല്ലെങ്കില്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും പറയുന്ന ഹാജിമാരുള്ള, ആഴ്ച്ചയി രണ്ടു ദിവസമെങ്കിലും മത പ്രഭാഷണവും സ്നേഹ സംവാദങ്ങളും പബ്ലിക്കായി നടക്കുന്ന, പര്‍ദ്ദയിട്ട പെണ്ണുങ്ങള്‍ ഏറെയുള്ള, ഇസ്ലാമിനെ തൊട്ടറിഞ്ഞ ഗള്‍ഫ് സഹവാസമുള്ള ഒരുപാട് കുടുംബങ്ങളുള്ള, ഇസ്ലാമിക രാഷ്ട്രമെന്ന പേരുള്ള പാക്കിസ്ഥാനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന ഒരു ജില്ലയിലെ കണ്ണായ സ്ഥലത്ത് തന്നെ, ഒരു കൊച്ചു പെണ്‍കുട്ടി, അതും വൃത്തിയിലും മെനയിലും വസ്ത്രം ധരിക്കാതെ ആരെയും മോഹിപ്പിക്കാന്‍ ശരീരവളര്‍ച്ച പോലുമെത്താത്ത ഒരു പിഞ്ചു കുഞ്ഞ് ഇരയാക്കപ്പെടുന്നത് എന്ത് കൊണ്ടാണ്!? വെറും മൂന്നുവയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞ് എന്തറിഞ്ഞു!


ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ ഇത്ത പറഞ്ഞു, ഇങ്ങനത്തെ ആളുകള്‍ക്ക് എത്രയെത്ര വഴികളുണ്ട് ഇവിടെ. ഇവറ്റകള്‍ ഒക്കെ ജീവിക്കുന്നത് സൗദി അറേബ്യയില്‍ ഒന്നുമല്ലല്ലോ. ഇന്ത്യയെന്ന രാജ്യത്ത് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം രാജ്യം അനുവദിച്ചിട്ടും ഇങ്ങനെയൊക്കെ നടക്കുന്നത് വല്ലാത്ത കഷ്ട്ടം തന്നെ. വെറും നൂറ്റിയന്പതു രൂപയ്ക്ക് ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ട് കേരളത്തിലെ പല ബസ് സ്റ്റാന്‍ഡുകളുടെയും സിനിമാ തിയ്യറ്റരുകളുടെയും മറവില്‍ . കേരളത്തിനു അകത്തും പുറത്തുമായി അധികൃതവും അനധികൃതവുമായ എത്രയോ വേശ്യാലയങ്ങളുണ്ട്. എന്നിട്ടും മനുഷ്യന്മാര്‍ കാമഭ്രാന്തില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
ഒരു പുരുഷനെന്ന നിലയില്‍ ഈ സംഭവത്തില്‍ സ്വയം വെറുപ്പ്‌ തോന്നിപ്പോവുകയാണ്. ഇനിമുതല്‍ കുട്ടികളെ ഉപ്പമാരില്‍ നിന്നുവരെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ഈ വിഷയം ഇത്തയോടു സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ പോയി. എവിടെയോ കുറച്ചു പേര്‍ ആണത്തത്തിന്‍റെ വില കുഴിച്ചുമൂടിയിരിക്കുന്നു. ആണായിപ്പിറന്നതിന്‍റെ പേരില്‍ പുരുഷന്മാരെല്ലാം തലകുനിക്കേണ്ടി വന്നിരിക്കുന്നു. പെണ്ണായിപ്പിറന്ന ജന്മങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ ഭയത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഫോണ്‍ വെക്കാന്‍ നേരം ഒന്നുമാത്രം പറഞ്ഞു; ചില ജന്തുവര്‍ഗങ്ങള്‍ അവയുടെ സ്വഭാവം കാണിച്ചുകൊണ്ടേയിരിക്കും. ഇരയാക്കപ്പെടുന്നവര്‍ ഒരു ചെറിയ അനക്കം കണ്ടാല്‍ പോലും പ്രതികരിക്കേണ്ടതുണ്ട്. അത് ബസ്സിലോ കാറിലോ സ്കൂളിലോ വീട്ടിലോ മാമനോ ചേട്ടനോ അച്ഛനോ എവിടെയായിരുന്നാലും ആരായിരുന്നാലും. സാഹചര്യങ്ങളെ അതിജീവിക്കാന്‍ ചില ഇരുണ്ടമനസ്സുകളുടെ പ്രകൃതിവിരുദ്ധമായ ചോദനകളെ അതില്‍ നിന്നും ഞെട്ടിയുണര്‍ത്തിച്ചു പുറത്തു ചാടിക്കാന്‍ പ്രതികരിക്കുക എന്നതല്ലാതെ വേറൊരു വഴിയുമില്ല. കൊച്ചു കുട്ടികളെ കയ്യകലത്തില്‍ നിന്നും വിടാതിരിക്കുക. മനുഷ്യന്‍ നന്നാവുന്ന വരെ നിങ്ങള്‍ ആരെയും വിശ്വസിക്കേണ്ടതില്ല.

ഒരു ആണെന്ന നിലയില്‍ ഇത്തയോട് ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കരുത് എന്ന് പറയേണ്ടി വന്നതില്‍ അതീവ ദുഖമുണ്ട്. ഒരാങ്ങള എന്ന നിലയില്‍ ബന്ധങ്ങളുടെ വില നഷ്ട്ടപ്പെടുത്തിയ കഴുവേറികളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും വെറുപ്പും. പണ്ട് ഞാന്‍ ശക്തമായി വാദിച്ചിരുന്നു വേശ്യാലയങ്ങള്‍ വരട്ടെ എന്ന്. ഇന്നും അത് പറഞ്ഞ് പോകുന്നു. പിഞ്ചു മക്കളെ എങ്കിലും ഈ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന കാമപ്പിശാചുകള്‍ വെറുതെ വിടട്ടെയെന്ന കാരണത്താല്‍ .

വാല്‍ക്കഷണം : ലോകത്ത് എവിടെയെങ്കിലും പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ടെങ്കില്‍ അവരോടാണ് എനിക്ക് ഒരപേക്ഷയുള്ളത്. ഇതാ, ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പോന്നോളൂ... ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉപഭോക്താക്കളുണ്ട്. പക്ഷെ രാത്രിയുടെ മറവില്‍ മാത്രമേ അവര്‍ അവരുടെ തനി നിറം പുറത്തുകാണിക്കുകയുള്ളൂ എന്ന് മാത്രം.

Friday, February 22, 2013

സെല്ലുലോയിഡില്‍ പതിയാതെ പോയത്...



ലാമൂല്യമുള്ള സിനിമകള്‍ക്കു പ്രേക്ഷകര്‍ കുറവാണെങ്കിലും അതിനെ കണ്ടുപിടിച്ചു ജനങ്ങള്‍ക്ക്‌ മുന്നിലെത്തിക്കുകയും അവയെ പ്രോല്‍സാഹിപ്പികുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഒരുകാലഘട്ടത്തില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍..  എന്നാല്‍  കടന്നുപോയ കുറച്ചു വര്‍ഷങ്ങളില്‍ അതിനു മാറ്റം വന്നിരിക്കുന്നു എന്നു വേണം കരുതാന്‍ . ആഘോഷ സിനിമകള്‍ക്കും തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കും ജനപ്രിയമെന്ന പല പേരുകളിലുള്ള തിലകം ചാര്‍ത്തി സ്റ്റേറ്റ് അവാര്‍ഡുകളും ചിലപ്പോഴൊക്കെ പ്രഹസനമായി മാറുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ഏറെക്കുറെ സ്വീകാര്യമായൊരു അവാര്‍ഡ് വിളംബരമാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പല മികച്ച നടന്മാര്‍ക്കും നിരാശ പകരുന്ന ഒന്നായിരുന്നു പല അവാര്‍ഡുദാന ചടങ്ങുകളും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാലാഭവന്‍ മണി തൊട്ട് ഇങ്ങിവിടെ സലിം കുമാറും കടന്ന് ഇപ്പോഴിതാ, ലാലിന് മുന്നിലെത്തി നില്‍ക്കുന്നു.
എന്തുകൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെടുന്നതെന്ന ചോദ്യം വളരെ പ്രസക്തമണ്. ഇത്തവണ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിക്ക് രണ്ടാം സ്ഥാനം കിട്ടിയെങ്കിലും അതിലെ മികച്ച കഥാപാത്രങ്ങളെ ജീവന്‍ വെപ്പിച്ച ലാല്‍ എന്ന മികച്ച നടനെ തിരസ്കരിച്ചത് തീര്‍ത്തും ഒരു പ്രഹസനം തന്നെയായിപ്പോയി എന്ന് പറയാതെ വയ്യ.
ഇപ്രാവിശ്യത്തെ അവാര്‍ഡു ദാന ചടങ്ങുകളെ കരിനിഴലിലാക്കുന്നത് പ്രധാനമായും മൂന്നു സംഭവങ്ങളാണ്.

  •  2012 വര്‍ഷത്തെ അവാര്‍ഡ് ദാനത്തില്‍ 2013- ല്‍ ഇറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന് അവാര്‍ഡ് കൊടുത്തുവെന്ന വൈരുദ്ധ്യം. 
  •  മികച്ച നവ സംവിധായകനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "കളിയച്ഛന്‍ " ഇതേവരെ കേരളത്തില്‍ റിലീസ് ആയിട്ടില്ല. എന്നിരിക്കെ,
  • റിലീസ് ആയ "ഷട്ടര്‍ " എന്ന മികച്ച സിനിമയെയും അതിന്‍റെ സംവിധായകനെയും തഴഞ്ഞു കൊണ്ട് നടത്തിയ അവാര്‍ഡ് ദാനം സംശയിക്കപ്പെടെണ്ട ഒന്നാക്കുന്നു. (രണ്ടായിരത്തി പതിമൂന്ന് ഫെബ്രുവരി ആയിട്ടുപോലും റിലീസ് ആയിട്ടില്ലയെങ്കിലും രണ്ടായിരത്തി പന്ത്രണ്ട് നവംബറില്‍ നടന്ന ഗോവന്‍ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് കളിയച്ഛന്‍ .)
  •  ഒഴിമുറിയിലെ ലാലിന്‍റെ അസാധ്യ അഭിനയപ്രകടനം തീര്‍ത്തും കണ്ടില്ലെന്നു നടിച്ച ജൂറി അംഗങ്ങള്‍ . 

അവാര്‍ഡ് ദാനമെന്നത് പലപ്പോഴും പ്രഹസനമായ ഒന്നാവുന്നതിന്റെ മികച്ച ഉദാഹരണം മുമ്പും നമ്മള്‍ കണ്ടതാണ്. സംസ്ഥാനം അവാര്‍ഡ് നല്‍കാതിരുന്നിട്ടും ദേശീയ അവാര്‍ഡ് കിട്ടിയ സലിം കുമാര്‍ തന്നെയാണത്. എന്നിട്ടുമിപ്പോള്‍ കൊടുത്തത് ഹാസ്യ നടനുള്ള അവാര്‍ഡാണ്.