Showing posts with label അനുഭവങ്ങള്‍. Show all posts
Showing posts with label അനുഭവങ്ങള്‍. Show all posts

Wednesday, March 3, 2021

സൗഹൃദങ്ങളുടെ മേച്ചില്‍പുറങ്ങളില്‍




ആമുഖം 

ലേശം മഴയുടെ ലക്ഷണം ഉണ്ടായിരുന്നു. ആകാശം കരഞ്ഞാല്‍ബൈക്ക്‌യാത്ര ദുഷ്കരമാവും. ഗള്‍ഫിലായിരിക്കുമ്പോള്‍എന്റെ സുഹൃത്തുക്കള്‍ഇങ്ങനെ കുറെ പേരാണെന്നും ഇവര്‍ക്കൊക്കെ എന്നെയും എനിക്ക് അവരെയും കാണാന്‍വല്ലാത്ത ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോള്‍വല്ലപ്പോഴും പ്ലസ്സില്‍കയറി ഇറങ്ങിപ്പോകുന്ന വസന്ത മല്ലികയ്ക്കും ഒരു ആഗ്രഹം. ഞങ്ങളുടെ സൈബര്‍സംഗമത്തില്‍ഒന്ന് പങ്കെടുക്കണമെന്ന്. ഒരു ഗേള്‍ - ഫ്രണ്ട്‌കൂടെയുള്ളത് ഇതു ആക്രമണത്തെയും ചെറുക്കാന്‍ഒരു ധൈര്യമാവുമല്ലോ എന്ന് കരുതി ഞാനും സമ്മതിച്ചു. പക്ഷെ,ഒരു കണ്ടീഷന്‍-----. അവളുടെ ഫോട്ടോ എടുക്കരുത്. പ്ലസ്സില് ഇടാനും പാടില്ല.

“ഉം.. നോക്കാം കുന്നോത്ത് ഗംഭീര ഫോട്ടോ എടുപ്പുകാരനാണ്. നിന്നെപ്പോലെ ഭംഗിയുള്ളതിനെ ഒക്കെ കണ്ടാല്‍ചെലപ്പോ ഫോട്ടോ മാത്രല്ല വേറെ എന്തേലും എടുക്കാന്‍നോക്കു"മെന്ന് പറഞ്ഞതും പത്തന്‍പത് കിലോ ഭാരമുള്ള അവളുടെ കൈ ‘പോടാ അവിടുന്ന്’ എന്നൊരു ശബ്ദത്തോടെ എന്റെ നടുപ്പുറത്തു ഓങ്ങി വന്നു വീണു. പിന്നേം കുറേ പറയണം എന്ന് കരുതിയെങ്കിലും അവളുടെ കൈക്കരുത്തിനെ ഭയന്ന് മിണ്ടാന്‍പോയില്ല. പിന്നെ അടുത്ത ജോലി അസ്ലമിനെയും വിപിനെയും വിജേഷിനെയും ഫോണില്‍ബന്ധപ്പെടുക എന്നതായിരുന്നു. വിജേഷിന്റെ കോണ്ടാക്റ്റ്‌നമ്പര്‍കിട്ടാന്‍അസ്ലമിനെ വിളിച്ചിട്ട് കിട്ടുന്നില്ല. അസ്‌ലം വരുന്നില്ലേ!? വിളിച്ചിട്ട് കിട്ടാതായപ്പോ ആകെ മൂഡ്‌ഓഫ് ആയി. വിപിന്‍എന്നെ പകല്‍സമയം ഒരുപാടു വിളിച്ചിരുന്നു തിരക്ക് കാരണം എടുക്കാന്‍പറ്റിയില്ല. പോകാന്‍വെറും മൂന്നു ദിവസം മാത്രമേ ഉള്ളൂ... തിരക്കുകള്‍തീര്‍ന്നിട്ടില്ല. വിപിനെ വിളിച്ചപ്പോള്‍എടുക്കുന്നില്ല. രണ്ടാം വട്ടവും വിളിച്ചിട്ടും കിട്ടുന്നില്ല. അവസാനം വസന്തമല്ലികയുടെ ഫോണില്‍നിന്നും വിളിച്ചു അങ്ങേത്തലക്കല്‍പിണക്കം കലര്‍ന്ന വാക്കുകള്‍പ്രസരിക്കുന്നു. എങ്കിലും അവനവിടേക്ക് എത്തിക്കോളാം എന്ന് പറഞ്ഞു. കുന്നോത്തും വിപിനും മുമ്പ് കണ്ടിട്ടുണ്ട് എന്ന് മുമ്പൊരിക്കല്‍അവനെന്നോട് പറഞ്ഞിരുന്നു.



വെറും ഇരുപത്തിയഞ്ചു ദിവസം മാത്രം ലീവെടുത്തു വന്ന എന്നെ തന്നെയാണ് ആദ്യം തല്ലേണ്ടത് എന്നോര്‍ത്ത് ബൈക്ക്‌ഓടിച്ചു കൊണ്ട് തന്നെ വിപിനെ ഫോണ്‍വിളിച്ചു എടുക്കുന്നില്ല. അതിനിടെ പിന്നിലിരിക്കുന്ന വസന്തമല്ലിക ട്രാഫിക്‌പോലീസിന്റെ കാര്‍ക്കശ്യത്തില്‍ഫോണ്‍പിടിച്ചു വാങ്ങിക്കൊണ്ട് വിപിനെ ഞാന്‍വിളിച്ചു നോക്കിക്കോളാം എന്ന് പറഞ്ഞു. ബൈക്കിന്റെ വേഗത എണ്പതു കടന്നു ഹാന്‍ഡില്‍വിറച്ചു കൊണ്ടിരിക്കുന്നു. എപ്പഴോ അവള്‍ക്കു വിപിനെ ലൈനില്‍കിട്ടി. അവന്‍കുന്നോത്തിന്റെ വീട്ടിലേക്കു എത്തിക്കോളാം എന്ന് പറഞ്ഞത്രേ. ആര് വന്നില്ലെങ്കിലും ഇന്ന് കുന്നോത്തിനെ എനിക്ക് കണ്ടേ തീരൂ എന്നും കരുതി വണ്ടിയുടെ ആക്സിലേറ്റര്‍അസ്‌ലം ആണെന്ന് സങ്കല്‍പ്പിച്ചു കൊണ്ട് ഞെരടിത്തിരിച്ചു. അസ്‌ലം മുങ്ങുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ല. എപ്പോ വിളിച്ചാലും ഓടി വരുന്നൊരു സുഹൃത്തായി കരുതിപ്പോയി. അത് എന്റെ തെറ്റ്. അല്ലെങ്കിലും വെറും ഇരുപത്തഞ്ചു ദിവസം ലീവെടുത്തു വന്ന തന്നെയാണ് ഇടിച്ചു കൂമ്പ് വാട്ടേണ്ടത്! -

എന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായിപ്പോയോ!?

അതിനുത്തരം പിന്നില്‍നിന്നും വസന്തമല്ലികയുടെ ശബ്ദത്തില്‍ഇങ്ങനൊരു ചോദ്യം കേട്ടപ്പഴാണ് മനസ്സിലായത്‌.:

"ഞാന്‍വാട്ടിയാല്‍മതിയോ നിന്‍റെ കൂമ്പ്???"

പിരികം കൊണ്ട് അഭ്യാസം കാണിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പഴെ കുന്നോത്തിന്റെ വീട്ടിലെത്തിയിട്ട് ഒഴിക്കാന്‍കാത്തു വെച്ച മൂത്രമൊക്കെ ആവിയായിപ്പോയി. ഈ പെണ്ണുങ്ങളെ പേടിക്കണം. ഇല്ലെങ്കില്‍വല്ല പീഡനക്കേസിലും കുടുക്കിക്കലയുമെന്നു ഫേസ്ബുക്കില്‍ടിന്റുമോന്‍പറയുന്നത് കേട്ടിട്ടുണ്ട്.


ഒരു വേലപ്പനാരായണന്‍ യാത്ര 
പോകുന്നത് ഒരു സഖാവിന്റെ വീട്ടിലെക്കായതിനാല്‍ഇരുമ്പിന്റെ കുപ്പായമിടാണോ എന്ന് വരെ ആലോചിച്ചു. കാരായി, കൊടിസുനി, എന്നതിലോക്കെയുള്ള "ക" എന്ന വാക്ക് പോലെ കുന്നോത്ത് എന്നൊരു വാക്കുള്ളത് കൊണ്ട് ഭയക്കണം. കുന്നോത്തിനെ കാണാന്‍പോകുമ്പോ ലേശം ഭയമുണ്ടായിരുന്നു. ഒന്നാമത് പ്രായം. ഡാ, നമ്മള്‍പിള്ളേര്‍പോയി പ്രായമുള്ളവരുടെ അടുത്തു പോയി വല്ല തമാശയും കാണിച്ചാല്‍എല്ലാം കുളമാകുമോ എന്നൊരു സംശയം എന്റെ സുഹൃത്ത്‌വസന്തമല്ലിക പങ്കു വെച്ചത് എന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. എങ്കിലും ഹേയ് ഞാനാ ടൈപ്പല്ല., അതിനു വേറെ ആളെ നോക്ക് എന്നും പറഞ്ഞു അവളെ കളിയാക്കി. ഞങ്ങള്‍രാമനാട്ടുകര എന്നാ ചെറുപട്ടണത്തിലെത്തിയപ്പോള്‍കുന്നോത്തിന്റെ നമ്പറില്‍കുത്തി. ഫോണ്‍എടുത്തപ്പോള്‍തന്നെ എവിടെയാ ഉള്ളത് എന്ന് തിരിച്ചു ചോദ്യം. അവിടെയുള്ള ഒരു വലിയ ബാങ്കിന്റെ മുമ്പിലാണ് എന്ന് മറുപടി പറഞ്ഞതേയുള്ളൂ... കുന്നോത്ത് വഴി പറയാന്‍തുടങ്ങി:

_അവിടെ നിന്ന് നേരെ കുണ്ടോട്ടി റോഡിലേക്ക് വന്നു നാലാം വളവില്‍എട്ടാം നമ്പര്‍പോസ്റ്റിനു എതിര്‍വശത്തു കാണുന്ന കല്യാണ മണ്ഡപത്തിനു ഓപ്പോസിറ്റ് കാണുന്ന വേലപ്പന്‍നായര്‍റോഡിലൂടെ നേര വന്ന് ക്രോസ്സ് ചെയ്തു പോകുന്ന റോഡിനെ മൈന്‍ഡ്‌ചെയ്യാതെ നേരേ വിട്ടു പോന്നു നീല പെയിന്റടിച്ച വീടിന്റെ അടുത്തുള്ള പെട്ടിക്കടയുടെ അടുത്ത് കൂടി കുറച്ചു കൂടി മുമ്പോട്ടു വന്നാല്‍മണം സ്വാശ്രയ സംഘക്കാരുടെ ബോര്‍ഡ്‌കാണാം. അവിടെ നിന്നാ മതി._

ഇത്രയും കേട്ടപ്പോ തന്നെ എനിക്ക് പണ്ട് സ്കൂളില്‍പോകുമ്പോ ഇത്രേം മനപ്പാഠമാക്കാന്‍ ശുഷ്കാന്തി കാണിച്ചിരുന്ണേല്‍ഫസ്റ്റ് ക്ലാസെങ്കിലും മേടിക്കാരുന്നു. എങ്കിലും മറന്നു പോവാതിരിക്കാന്‍ആ തല കൊണ്ട് ഒരുപകാരമെങ്കിലും ഉണ്ടാവട്ടെ എന്നും പറഞ്ഞു കൊണ്ട് വേലപ്പന്‍നായരെയും മണം സ്വാശ്രയ സംഘത്തെയും വസന്തമല്ലികയോട് ഓര്‍ത്ത്‌വെക്കാന്‍പറഞ്ഞു. വസന്തമല്ലികയ്ക്ക് അത് ഓര്‍ത്ത്‌വെക്കണമെങ്കില്‍ഇമ്പോസിഷന്‍എഴുതണം എന്ന അവസ്ഥയാണ്. അവിടുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കിയത് മുതല്‍രാമനാമം ചൊല്ലുന്ന കണക്കിന്

“വേലപ്പനാരായാണോമണംസ്വാശ്രയ...

വേലപ്പനാരായാണോമണംസ്വാശ്രയ...

വേലപ്പനാരായാണോമണംസ്വാശ്രയ!....” എന്ന് ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഗട്ടറില്‍ചാടിയാല്‍അതു അവളുടെ തലയില്‍നിന്നും പറന്നു പോകുമെന്ന് എനിക്കറിയാവുന്നത് കൊണ്ട് ഞാന്‍നല്ലോണം ഓര്‍ത്തു വെച്ചത് നന്നായി. അല്ലേല്‍പകുതിയെത്തി വീണ്ടും വഴി തെറ്റിയേനെ. കാരണം ഒരു കുഴിയില്‍കൂടി വണ്ടി കട്ട്രകുട്ട്രമട്ട്രാന്നു കുലുങ്ങി വിറച്ചു കടന്നു പോയപ്പോള്‍ വസന്തമല്ലിക അത്ര നേരം ചൊല്ലിക്കൊണ്ടിരുന്ന വേലപ്പനാരായാണോമണംസ്വാശ്രയ എല്ലാം കൂടി കുടി വെള്ളമില്ലാതെ പുട്ടു തിന്നുമ്പോ ചുമ വന്നു വായീന്നു അമിട്ടു പൊട്ടിയ കണക്കിന് അവിടേമിവിടെമായിപ്പോയി. “സ്വാലപ്പവേരായണോസ്വാശ്രയ” എന്നാണവള്‍ പിന്നീട് ചൊല്ലിക്കൊണ്ടിരുന്നത്! വേലപ്പന്‍ നായര്‍ റോഡ്‌ കഴിഞ്ഞു പോയിട്ടും വസന്ത മല്ലിക അതൊന്നും അറിഞ്ഞ മട്ടില്ല. സഖാക്കന്മാരെ വല്ല്യ ഇഷ്ട്ടമുള്ള അവള്‍(അതിനുള്ള വിവരമൊന്നും ഉണ്ടായിട്ടല്ല, ചുമ്മാ ജാഡ കാണിക്കാന്‍) കുന്നോത്തിന്റെ പോസ്റ്റിനു പ്ലസ്സൊന്നും അടിക്കാതെ ഫ്രീയായിട്ടു വായിച്ചു സഖാവ് ആള് പുലിയാണ് , കുന്നോത്ത് സഖാവിനെ ആദ്യായിട്ടു കാണുമ്പോ എങ്ങനെ സംബോധന ചെയ്യണം എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കിയിരിക്കുന്ന വനിതാരത്നമാണ്.

വേലപ്പനാരായണന്‍ റോഡ്‌ കഴിഞ്ഞു കുറച്ചു മുന്നോട്ടു നീങ്ങിയതെയുള്ളൂ, അതാ ഒരു മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരുത്തന്‍ പശു തൊഴുത്തില്‍ നിന്ന് തലയിട്ടു നോക്കുന്നത് പോലെ നോക്കുന്നു! എനിക്കു ആകെ സംശയമായി. വസന്തമല്ലികയെ ആണല്ലോ ആ പഹയന്‍ നോട്ടമിട്ടിരിക്കുന്നത്! അവന്‍ കൈ കൊണ്ട് ഏതാണ്ടൊക്കെയോ കാണിക്കുന്നുണ്ട്! അവന്റെ തിരുമുഖം തെളിഞ്ഞു കാണുന്നുമില്ല. ഇവനെയൊക്കെ തടഞ്ഞു നിര്‍ത്തി ‘എന്താടാ എന്‍റെ പെങ്ങളെ നോക്കുന്നത് നിനക്കൊക്കെ അമ്മേം പെങ്ങന്മാരും ഇല്ലെടാ’ എന്നും ചോദിച്ചു രണ്ടു പൊട്ടിക്കണം. ദൈവമേ.. ഇത്രേം വികരപരവശരായ ആളുകളുമുണ്ടോ കേരളത്തില്‍ എന്നും കരുതി ഓട്ടോയുടെ സമമായി വണ്ടി അടുപ്പിച്ചതെയുള്ളൂ, റഹിം ഭായി ഇത് ഞാനാണെന്നെ വിപിന്‍ എന്നും പറഞ്ഞു കൊണ്ട് കൈകാട്ടി.... ഓഹ് നീയാരുന്നോ!

അപ്പഴാണ് എന്‍റെ ശ്വാസം നേരെ വീണത്‌. ഇല്ലേല്‍ അടി കിട്ടി പല്ലു താഴെ വീണേനെ! എന്റെയോ അവന്റെയോ എന്നാലോചിച്ചു സമയം കളയേണ്ട – എന്‍റെ തന്നെ! രണ്ടു വാഹനങ്ങളും ഫിനിഷിംഗ് പോയന്റില്‍ എത്താറായി. കുന്നോത്ത് കാത്തു നില്‍ക്കാമെന്നു പറഞ്ഞ സ്ഥലത്ത് എത്താറായപ്പോള്‍ തന്നെ അല്‍പ്പം ദൂരേന്നു ഞാന്‍ കണ്ടു, നീണ്ടു, വീതിയുള്ള ചുമലുകളുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ ശ്ശി കൂടി നരയുള്ള ഒരു വല്ല്യ മനുഷ്യനെ. (ഇത്രേം ദൂരേന്നു ആ നരയെങ്ങനെ കണ്ടൂന്നും ചോദിച്ചു വന്നാ ഇടി കിട്ടുംJ) ഓട്ടോ നിര്‍ത്തി, വിപിന്‍ ഇറങ്ങി കൈ കൊടുത്തപ്പഴേക്കും ഞങ്ങളും അവിടെയെത്തി. ഞാന്‍ വണ്ടി സൈഡ് ആക്കാന്‍ ശ്രമിക്കെവേ, വസന്തമല്ലിക ഭൂമിയില്‍ കാലുകുത്തലും വീണു വീണില്ല എന്ന മട്ടില്‍ കുന്നോത്തിന്റെ അടുത്തെത്തുകയും ചെയ്തു. കുന്നോത്തിനെ കണ്ടമാത്രയില്‍

“ഹലോ രാജേഷേട്ടാ, സ്വാലപ്പവേരായണോസ്വാശ്രയ?”

എന്നു കുശലം ചോദിക്കുകയും ചെയ്തു! ഇടി വെട്ടിയ കണക്കെ രണ്ടു “ങേ..!”കള്‍ പുറപെടുവിച്ചു കൊണ്ട് ഇതേതു ഭാഷ എന്നുമാലോചിച്ചു വിപിനും കുന്നോത്തും നില്‍ക്കുമ്പോഴാണ്‌ എന്‍റെ രംഗപ്രവേശനം. ഞാന്‍ കേട്ടുകാണില്ല എന്നു കരുതിയിട്ടോ ഇനി കേട്ടില്ലെങ്കില്‍ കേള്‍ക്കണ്ട എന്നു കരുതിയിട്ടോ കേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു എന്നു പ്രാര്‍ഥിച്ചു കൊണ്ടോ എന്താണെന്നറിയില്ല. അതേ നിമിഷത്തില്‍ തന്നെ വസന്തമല്ലിക തിരുത്തി :

“ അല്ല, സുഖമാണോ എന്നു ചോദിച്ചതാണ്. സുഖമല്ലേ രാജേഷേട്ടാ?”

മലയാളഭാഷയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അപൂര്‍വ്വ വ്യക്തിയെ കാണുന്ന പോലെ വസന്തമല്ലികയെ നോക്കിക്കൊണ്ടു “സുഖം” എന്നു കുന്നോത്ത് മറുപടി നല്‍കി. വിപിന്‍ അപ്പോഴും ഇവിടെയിപ്പോ എന്താ സംഭവിച്ചത് എന്ന മട്ടില്‍ ഒരേ നിപ്പാണ്!

പിന്നെ എന്‍റെ വക കുശലം ചോദിക്കല്‍. പിന്നെ നാലു പേരും കൂടി കുന്നോത്തിന്റെ വീട്ടിലേക്ക്. അല്‍പ്പം കുത്തനെ ഇറക്കമുള്ള, അരികുകളില്‍ പുല്ലും കമ്യുണിസ്റ്റ് പച്ചകളും പന്തലിച്ചു കിടക്കുന്ന നാട്ടുവഴിയിലൂടെ ഞങ്ങള്‍ കുന്നോത്തിന്റെ വീട്ടിലെത്തി. അവിടെ, കുന്നോത്തിന്റെ സഹധര്‍മ്മിണി പ്രിയയും രണ്ടു ആണ്‍മക്കളും ഞങ്ങളെ ചിരിച്ചു കൊണ്ടു സ്വാഗതം ചെയ്തു. എട്ടുപത്തു പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി വെച്ചിരുന്ന അവര്‍, നാലു പേരെ മാത്രം കണ്ടതും കുന്നോത്തിനെ “ഹും” എന്നൊന്നു പാളി നോക്കിയോ എന്നൊരു സംശയം. കാരണം, വന്നിറങ്ങിയ അപ്പോള്‍ തന്നെ നിങ്ങള്‍ മൂന്നു പേരെ ഉള്ളൂ എന്നു ചോദിച്ചു കൊണ്ടിരുന്നു കുന്നോത്ത്. വിജേഷ് ചക്കിനെ അസ്ലം വിളിക്കുമെന്നും അസ്ലം വരുമെന്നും കരുതിയ എനിക്കും തെറ്റി. കുന്നോത്തിനും തെറ്റി. പാവം ഭക്ഷണത്തിന് ഇക്കാര്യമൊന്നും അറിയില്ലല്ലോ... അതു ആര്‍ക്കോ വേണ്ടി അടുപ്പത്തിരുന്നു തിളച്ചു.





സ്വാലപ്പവേരായണോസ്വാശ്രയ 
ഇരുനിലയുള്ള, നന്നായി പണിത, അനാവിശ്യ ഫ്ലവര്‍ ബെയ്സുകളും അലങ്കാരപ്പണികളും കുത്തിനിറക്കാതെ വളരെ ആര്‍ഭാടം കുറഞ്ഞ , എന്നാല്‍ വളരെ മനോഹരമെന്നും ലളിതമെന്നും തോന്നുന്ന ഒരു വീടായിരുന്നു അത്. കുന്നോത്തിന്റെ ഭാര്യ ചായ എടുക്കും മുമ്പേ, വിപിന്‍ വീടിനെ കുറിച്ചും സ്റ്റേയര്‍കെയ്സില്‍ തൂക്കിയിട്ട ഏതോ അണ്ഡകടാഹ ചിത്രത്തെ കുറിച്ചും വാചാലനായി. ചിത്രത്തെ കുറിച്ചും വരയെ കുറിച്ചും എന്‍റെ അറിവ് വളരെ പരിമിതമായത് കൊണ്ടു മാത്രം ചേച്ചി ചായ കൊണ്ടു വരുന്നുണ്ടോയെന്നും നോക്കി ഞാന്‍ അടുക്കളയെന്ന വിദൂരദയിലേക്ക് കണ്ണും നട്ടിരുന്നു. അതിനിടെ കുന്നോത്തിന്റെ ഇളയ മകന്‍ അപ്പുവിനെ നമ്മുടെ വസന്തമല്ലിക കണ്ണിറുക്കി കാണിച്ചിട്ടോ എന്താണെന്നറിയില്ല, അടുക്കളയില്‍ നിന്നും പ്രിയേച്ചി ചിരിച്ചു കൊണ്ടു ഓടി വന്നിട്ടു എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷെ അപ്പു ചാടി ചാടി അമ്മയുടെ വായ പൊത്താന്‍ ശ്രമിച്ചു കൊണ്ട് പറയണ്ടാ പറയണ്ടാ എന്നു വാശി പിടിക്കുന്നുണ്ട്. പക്ഷെ അപ്പൂന്‍റെ അമ്മ ചതിച്ചു. അപ്പൂനെ മാത്രല്ല ഞങ്ങളേം. പ്രിയേച്ചി പറഞ്ഞു;

“വസന്തമല്ലികേ , നിനക്കൊരു കോമ്പ്ലിമെന്റ് ഉണ്ട്, അപ്പൂന്‍റെ വക. അപ്പു അടുക്കളേല്‍ വന്നിട്ടു പറയുവാ, ആ ചേച്ചീനെ കാണാന്‍ നല്ല സുന്ദരിയാണ് എന്ന്!”

അപ്പുവും ഞാനും നിരാശനായി മേല്‍പ്പോട്ടു നോക്കിയിരിക്കവെ അതാ... അതാ... വസന്തമല്ലിക ഉയര്‍ന്നുയര്‍ന്നു പോകുന്നു...! ‘ഇത്രേം ഉയരത്തില്‍ വസന്തമല്ലികയെ പൊക്കിപ്പറയാന്‍ ഞാനെന്തു തെറ്റാടാ അപ്പു നിന്നോട് ചെയ്തേ’ എന്നൊരു നോട്ടം ഞാന്‍ അപ്പുവിനെയും, ‘ഈ അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാനറിഞ്ഞോ’ എന്ന മട്ടില്‍ അപ്പു എന്നേ തിരിച്ചും നോക്കി. ഇനിയ്പ്പോ എന്തൊക്കെ സഹിക്കണം. അല്ലെങ്കില്‍തന്നെ ഒരു ബഡായിക്കടയുടെ ഹോള്‍സെയില്‍ ഡീലറാണ് വല്ലിക.(അവളുടെ ചുരുക്കപ്പേരാണ് വല്ലിക. വസന്തവുമായും മല്ലികയുമായും വല്ല ബന്ധവുമുന്ടെങ്കിലല്ലേ വസന്തമാല്ലികയെന്നു നമുക്ക് വിളിക്കാനോക്കൂ.. അതോണ്ട് ഞാന്‍ ‘വല്ലോരുടെയും ക’യും കൂട്ടി ‘വല്ലികാ’ന്നു നീട്ടി വിളിക്കും. -ഹോ അവളെ കുറ്റം പറയുമ്പോ എന്തൊരു സുഖം!:)) ഹ്മം, എന്തു ചെയ്യാനാണ്, പടച്ചോന്‍ സൗന്ദര്യം കൊടുക്കുന്ന സമയത്തു ഞാന്‍ ബുദ്ധി കൊടുക്കുന്ന സ്ഥലത്തായിപ്പോയി. സൗന്ദര്യം കൊടുക്കുന്ന സ്ഥലത്ത് കുറ്റിയടിച്ചു ഇങ്ങോട്ടും പോകാതെ നിന്ന വല്ലികയ്ക്ക് അത് ആവോളം കിട്ടി. എന്‍റെ വിധി. ആ അതുപോട്ടെ, ചായ വരട്ടെ. ചായ വന്നു കഴിഞ്ഞു. അപ്പഴേക്കും വല്ലികയുടെ വീട്ടില്‍ നിന്നും വല്ലികയ്ക്ക് ഫോണ്‍ വന്നു, വേഗം ചെല്ലാന്‍ പറഞ്ഞു കൊണ്ട്. പോയിട്ട് എന്തോ അത്യാവശ്യമുണ്ടത്രേ. വല്ലികയുടെ ഉമ്മ, ആളൊരു കാര്‍ക്കശ്യക്കാരിയാണെങ്കിലും എന്‍റെ കൂടെയായത് കൊണ്ട് മാത്രം പറഞ്ഞു വിട്ടതാണ്. ആ ഏരിയയില്‍ വച്ചു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു നല്ല പയ്യന്‍ ഞാനേ ഉള്ളൂ... (കോളര്‍ ഒന്ന് പൊക്കിയിടട്ടെ). എന്തായാലും അന്നുണ്ടാക്കിയ പുട്ടും ബീഫും കഴിക്കാന്‍ വസന്തമല്ലികയ്ക്ക് യോഗമുണ്ടായില്ല. പാവം അല്ലെങ്കില്‍ തന്നെ പട്ടിണിയാണ്. തടിച്ചു തടിച്ചു ഇനിയങ്ങോട്ട് തടിക്കാന്‍ ബാക്കിയില്ലാത്തത് കാരണം വീട്ടില്‍ നിന്നും ഭക്ഷണമൊന്നും കൊടുക്കുന്നില്ലത്രേJ അങ്ങനെ ചായകുടിയും അത്യാവശ്യം വിശേഷം പറച്ചിലും കഴിഞ്ഞു ഞാന്‍ വസന്തമല്ലികയെ വീട്ടില്‍ കൊണ്ടു ചെന്നു വിടാന്‍ ഇറങ്ങി. എന്‍റെ ഫോട്ടോ ഒന്നും പ്ലസ്സിളിടരുതേഎന്നും പറഞ്ഞു കൊണ്ട് വസന്തമല്ലികയും. അവളെ കൊണ്ട് വിട്ടിട്ടു വന്നിട്ടേ ഞങ്ങള്‍ പുട്ടും ബീഫും തകര്‍ക്കൂ എന്ന ഭാവത്തില്‍ വിപിന്‍ എന്നോട് യാത്ര പറഞ്ഞു. കുന്നോത്തും വിപിനും അവരുടെ സ്വന്തം വിശേഷങ്ങളും പങ്കു വെച്ചു തുടങ്ങി...

ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ കോഴിക്കൊട്ടങ്ങാടി തൊട്ട് കുന്നോത്തിന്റെ തിരിച്ചു വന്നു. അവിടെ അപ്പഴേക്കും വിപിനും കുന്നോത്തും കുന്നോത്തിന്റെ ഭാര്യ പ്രിയേച്ചിയും നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു. എങ്കില്‍ പറയാതെ വയ്യ, എത്രയോ കാലം മുമ്പ് കണ്ടു പരിചയമുള്ളവരെ പോലെ ചുമലില്‍ പിടിച്ചു കുശലാന്വേഷണം നടത്തുന്ന കുന്നോത്തിനെ ആര്‍ക്കും പെട്ടെന്നങ്ങനെ മറക്കാനാവുകയില്ല. സൌഹൃദമെന്ന പരുത്തിനൂലിഴകളില്‍ മുറുക്കം കൂട്ടി ബലം വര്‍ദ്ധിപ്പിക്കുന്ന പെരുമാറ്റം ഞങ്ങളെ രണ്ടുപേരെയും ഒരേപോലെ സ്വാധീനിച്ചു. അന്നു രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ പിരിഞ്ഞത്. ആദ്യമൊക്കെ ഞാന്‍ അല്‍പ്പം മൌനിയായി നിന്നെങ്കിലും അവസാനം കുന്നോത്തിനെയും കുടുംബത്തെയും കത്തി വെച്ചു കത്തി വെച്ചു കൊന്നിട്ടാണ് ഞാന്‍ പിരിഞ്ഞത്. എന്നിട്ടും മതിയാവാതെ വന്നപ്പോ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും അത് നനഞ്ഞു കൊണ്ട് ഒരുപാടു നേരം വിപിന്‍റെ കൊട്ടെഴ്സിനടുത്തു നിന്ന് സംസാരിച്ചു. കുന്നോത്തിനോട് ഒരുപാടു നേരം സംസാരിക്കാന്‍ തോന്നിയതിനു പിന്നില്‍ എനിക്കു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഗുരുത്വം ഇല്ലാത്ത ഒരു പിന്നാമ്പുറം ആയിരുന്നു എന്റേത്. അവിടെയെത്തി കുന്നോത്തുമായി അടുത്തു സംസാരിച്ചതും ഗുരുത്വം നേടണമെങ്കില്‍ ഇത്തരം ആളുകളുടെ അടുത്തു നിന്ന് തന്നെ വാങ്ങണമെന്നു തോന്നിപ്പോയി. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ പെരുമ തന്നെയാണ്.





അങ്ങനെയല്‍പ്പം സ്വകാര്യം പറഞ്ഞു കൊണ്ട്  ഈ അനുഭവം എഴുതുന്നത്‌ നിര്‍ത്തുകയാണ്. അസ്ലമിനെയും എനിക്കു മറക്കുവാനാവില്ല. ഒരുപാടു നേരം ഫോണില്‍ സംസാരിച്ചിരുന്ന ഞങ്ങള്‍ രണ്ടുപേരും നാട്ടിലെത്തിയപ്പോള്‍ ഒരേ നാട്ടിലായിട്ടു പോലും കാണാന്‍ പോലും നേരമില്ലാതായിപ്പോയി. ഞാന്‍ ഇങ്ങോട്ട് കടലുകടന്നു വരും മുമ്പേ, ഒരു പ്രാവിശ്യം വീട്ടില്‍ വന്നു. തിരക്കിട്ട് പോവുകയും ചെയ്തു. ഞാന്‍ പോകുന്ന ദിവസം രാത്രി, അസ്ലമിന്റെ വീട്ടില്‍ എനിക്കും എന്‍റെ വീട്ടുകാര്‍ക്കും ഗംഭീര ബിരിയാണി സദ്യയൊരുക്കി എന്നേ ഞെട്ടിച്ചു കളഞ്ഞു. അതേ പറ്റി ഇതേപോലെ തന്നെ ഒരുപാട് എഴുതാനുണ്ട്. സമയമുണ്ടെങ്കില്‍, ഞാന്‍ അതും ഇവിടെ കുറിച്ചിടും. ദൈവം അതിനു ഭാഗ്യമുണ്ടാക്കിത്തരട്ടെ.! സൈബര്‍ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍.
 



Thursday, October 18, 2012

വേദനയില്ലെങ്കില്‍ എന്തുസംഭവിക്കും!?




ഇതൊരു സ്കൂളോര്‍മ്മയാണ് .പത്താം ക്ലാസ്സിലെ രസകരമായ അനുഭവങ്ങള്‍ .

ന്നത്തെ
ഞങ്ങളുടെ ബയോളജി മാഷ്‌ ഭയങ്കര രസികനായിരുന്നു. നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....
ക്ലാസ്സില്‍ ചിരി പൊട്ടി.
നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....
ക്ലാസ്സില്‍ ചിരി പൊട്ടി. 

(എല്ലാര്‍ക്കും അമ്പതു പവനെ ഹും അതും മാരുതി കാറേ അതും റഹീമിനെ എന്നഭാവം ) 

പെണ്‍കുട്ടികളുടെ ഭാഗത്തെ കുശുകുശുക്കലും ആണ്‍കുട്ടികളുടെ ഭാഗത്തെ 'ആക്കലും' നടക്കുന്നിതിനിടെ മേശമ്മേല്‍ കൈകൊണ്ടടിച്ചു ശബ്ദമുണ്ടാക്കി മുഖത്തു ഭാവവിതിയാനങ്ങള്‍ വരുത്തി മാഷ്‌ തുടര്‍ന്നു; അങ്ങനെ ഒരു ദിവസം കാറിന്റെ ടയര്‍ പഞ്ചറായി. ബന്ധുവീട്ടില്‍ സല്‍ക്കാരത്തിനു പോവുകയായിരുന്ന അവര്‍ തുടര്‍ന്നുള്ള യാത്ര ബസ്സില്‍ പോകാമെന്നു വെച്ചു.
റഹിം അടിപൊളി ആയെങ്കില്‍ റഹിമിന്‍റെ കെട്ട്യോള്‍ അതിനേക്കാള്‍ അടിപൊളിയിലാണ് വന്നിരിക്കുന്നത്. ആളെ കാണിക്കാന്‍ അമ്പതു പവന്‍ സ്വര്‍ണ്ണവും എറ്റിക്കൊണ്ടാണ് ആ കുട്ടി വന്നിരിക്കുന്നത്.
(പലര്‍ക്കും തലകുത്തിമറിഞ്ഞ് ചിരിച്ചു വയറുവേദന എടുക്കാന്‍ തുടങ്ങിയിരുന്നു എന്‍റെ അവസ്ഥ പറയേണ്ടല്ലോ..! പശു ചാണകമിടുന്ന ഭാവവും മുഖത്തു പേറി......പേറി....)
ബസ്സില്‍ പലരും ഇവന്റെ ഭാര്യയെ ഇടയ്ക്കിടെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. കയ്യും കഴുത്തും ഒക്കെ സ്വര്‍ണ്ണം കൊണ്ട് മൂടി, അരയില്‍ വീതിയുള്ള അരഞ്ഞാണവും ചുറ്റി... ഹോ അതൊരു കാഴ്ച്ച തന്നെ! അങ്ങനെയങ്ങനെ ബസ്സില്‍ ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ....

(പലരും ആകാംക്ഷയോടെ എന്‍റെ ഭാര്യയെ ജാക്കിവെക്കാന്‍ ഏതോ തലതിരിഞ്ഞവന്‍ ഇപ്പൊ ക്ലൈമാക്സിലേക്ക് കടന്നു വരും എന്ന ഭാവത്തില്‍ അക്ഷമരായി മാഷിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു.)
ആ... അങ്ങനെ ബസ്സില്‍ ഒരു കൈ മുകളിലെ കമ്പിയില്‍ പിടിച്ചു, ഒരു കൈ തൂക്കിയിട്ടു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ...

( പലരുടെയും മുഖത്തു ഒന്ന് വേഗം പറഞ്ഞു തുലയ്ക്ക് മാഷേ എന്ന ഭാവം)

റഹിം അവന്‍റെ ഭാര്യയുടെ അല്‍പ്പം അകലത്തില്‍ തന്നെ നില്‍ക്കുന്നുണ്ട്. രണ്ടു പേര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല. എന്നാല്‍ വിഷയം അതൊന്നുമല്ല, ആ ബസ്സില്‍ ആരുമറിയാതെ ഒരു കള്ളന്‍ കയറിപ്പറ്റിയിരുന്നു. അവന്‍റെ അരയില്‍ മൂര്‍ച്ചയുള്ള ഒരു അരിവാളുമുണ്ട്..! ആ കള്ളന്‍ സൂത്രത്തില്‍ റഹിമിന്‍റെ പ്രിയതമയുടെ അടുത്തെത്തി.. പതുക്കെ പതുക്കെ ആ കുട്ടീടെ തൂങ്ങിക്കിടക്കുന്ന കൈ മുട്ടിനു മേലെ വെച്ചങ്ങു മുറിച്ചു കൊണ്ടുപോയി.!!!

"ങേ...!!!" ഈ ഞെട്ടല്‍ ശബ്ദം എല്ലാവരുടേം കൂടി ഒപ്പമായിരുന്നു .

മാഷ്‌ തുടര്‍ന്നു; അതേ അയാള് മുരിച്ഛങ്ങു കൊണ്ട് പോയി. ആരും അറിഞ്ഞതുമില്ല. വേദന ഇല്ലല്ലോ!

സ്സ്സ്സ്സ്സ് അള്ളാപടച്ചോനേ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നു കേട്ടു.

അപ്പൊ ഒരുത്തന്‍ കേറി ചോദിച്ചു; അപ്പ മാഷെ, ചോര വരൂലേ ചോര കണ്ടാ മനസ്സിലാവൂലെ!?
(അവനൊരു മണ്ടന്‍ തന്നെ! )

മാഷ്‌ അവനെ ദയനീയമായൊന്നു നോക്കി. എന്നിട്ട് കണ്ണുരുട്ടിക്കൊണ്ട് മിണ്ടരുത് എന്ന ആംഗ്യം കാട്ടി അവനോടു പറഞ്ഞു. മിണ്ടരുത്. മണി മിണ്ടരുത്. കഥയില്‍ ചോദ്യമില്ല. ക്ലാസ്സില്‍ വീണ്ടും ചിരി പൊട്ടി. അവനെ കളിയാക്കികൊണ്ട്‌ എല്ലാരും ചിരിയോടു ചിരി.

വീണ്ടും മാഷ്‌ തുടര്‍ന്നു: അപ്പഴേക്കും അവര്‍ക്ക് ഇറങ്ങേണ്ട
സ്ഥലമെത്തിയിരുന്നു.റഹിമും ഭാര്യയും ബസ്സിറങ്ങാന്‍ വാതിലനുടുത്തെക്ക് നടന്നു. വാതിലിനടുത്തെത്തിയതും ബസ്സു നിന്നതും അവര്‍ പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. നമ്മടെ നാട്ടിലെ ബസ്സല്ലെ ബസ്സിലെ കിളികളല്ലേ... അവര്‍ക്ക് അവരുടെ കാര്യമാ വലുത്. ബസ്സങ്ങു പോയി. റഹീമു തിരിഞ്ഞു ഭാര്യേടെ കൈപിടിച്ചു നടക്കാന്‍ നോക്കുംബ അവള് ഭയങ്കര കരച്ചില്. സാധാരണ ഇവള് രണ്ടു കയ്യും കൊണ്ട് മുഖം പൊത്തിയാണല്ലോ കരയാറ് ഇന്നെന്താ ഒറ്റക്കൈ കൊണ്ട് എന്ന് നോക്കുംബഴേക്കും അതാ... അവളുടെ കൈ കാണുന്നില്ല.!! ചതിച്ചോ ഈശ്വരാ...റഹീം തലേ കൈവെച്ചു. എന്നിട്ടുറക്കെ : "അയ്യോ...! അമ്പതു പവനില്‍ ഇരുപതുപവനും പോയല്ലോ പടച്ചോനേ... " എന്ന്!

അത് കേട്ട റഹിമിന്‍റെ കെട്ട്യോള്‍ കരച്ചില് നിര്‍ത്തി ബാക്കിവന്ന ഒരു കൈകൊണ്ടു ഒരു മുട്ടന്‍ വടിയെടുത്തു തലമണ്ടക്ക്‌ ഒരടിയടിച്ചു. റഹിം ക്ലോസ്- നമ്മടെ കഥേം ക്ലോസ്.

അപ്പൊ വേദനയില്ലെങ്കി എന്ത് സംഭവിക്കും!?

മുമ്പ് ചോരക്കാര്യം ചോദിച്ച മണ്ടന്റെ ഉത്തരം വളരെ പെട്ടെന്നായിരുന്നു : പെണ്ണുങ്ങളെയൊക്കെ ക്കെ ആണുങ്ങള് മുറിച്ചു കൊണ്ടോവും. ശര്യല്ലേ മാഷെ!?

അതുകേട്ട മാഷിന്‍റെ പല്ലുകള്‍ കൂട്ടിയിറുമ്മുന്ന ശബ്ദം ഞങ്ങള്‍ക്കിവിടെ കേള്‍ക്കാമായിരുന്നു...!

Saturday, September 29, 2012

ബാക്കിപത്രം



എല്ലാ ഓര്‍മ്മകള്‍ക്കും ക്ലാസ്സിലെ ബെഞ്ചുകളില്‍ ആണിയാല്‍ കോറിയിട്ട ചില അക്ഷരങ്ങള്‍ സാക്ഷി...

ഒഴിഞ്ഞ മൂലകളിലെ ചുവരുകളിലെ കരിയും ഓട്ടിന്‍കഷ്ണവും കൊണ്ടെഴുതിയ വരികള്‍ സാക്ഷി...

കൊടുക്കാതെ ബാക്കിയാവുന്ന നോട്ടുബുക്കിലെ നടുപ്പേജുകളും അതിലെ കവിതകളും സാക്ഷി...

ഉറവയോഴുകുന്നയിടവഴികളില്‍ നിന്നെക്കാത്തിരുന്ന വഴിയിലെ അടുക്കുമ്പോള്‍ മിടിപ്പു കൂടുന്ന ഹൃദയതാളങ്ങള്‍ സാക്ഷി...

നീ കടന്നു പോയ വഴിയില്‍
മിണ്ടാതെ, മിണ്ടാനാവാതെ എതിര്‍ദിശയില്‍ കാന്തികബിന്ദുക്കള്‍ വഴുതിപ്പിരിഞ്ഞപ്പോള്‍ ബാക്കിയായ വിഫലനിശ്വാസങ്ങള്‍ സാക്ഷി...

നിന്റെ കൈ മുറിഞ്ഞു
പൊട്ടിവീണ ചുവന്ന വളപ്പൊട്ടുകളിലൊന്നിപ്പോഴുമെന്‍റെ പഴയ തകരപ്പെട്ടിയില്‍ കിടന്നു വിളിച്ചു പറയുന്നുണ്ട്; ഞാനും സാക്ഷി... ഞാനും സാക്ഷി...

ഓര്‍മ്മകളുടെ തീരത്തു നില്‍ക്കുമ്പോള്‍
ശരിക്കും നീയൊരു തിരമാലയായിരുന്നെന്നു തോന്നുകയാണെനിക്ക് ...
ഞാന്‍ തീരത്തെഴുതിയതെല്ലാം കാണാതെ
കിലുകിലെ ചിരിച്ചോടിവന്നു
മായ്ച്ചു കളയുന്ന തിരമാല...

ചിപ്പികള്‍ കൊണ്ടു ഞാന്‍ പണിത
പ്രണയസൗധങ്ങളെല്ലാം നീ തട്ടിത്തകര്‍ത്തപ്പോഴും
ഞാന്‍ നിനക്ക് വേണ്ടി കവിത രചിക്കുകയായിരുന്നു... എങ്കിലും ഞാനതറിയുന്നു ; നീയതറിഞ്ഞില്ല... ഞാനതുപറഞ്ഞതുമില്ല... തിരിച്ചറിവാണ്
പ്രണയമെന്ന വികാരമെന്നു തോന്നിയ നിമിഷം സാക്ഷി; അതാരും തട്ടിപ്പറിക്കുന്നില്ല, അതാരും നേടിയെടുക്കുന്നില്ല-

-അതാര്‍ക്കും നഷ്ട്ടപ്പെടുന്നുമില്ലെന്ന സത്യം സാക്ഷി ;
കാലം വിധികൊണ്ടൊരുക്കുന്ന അപൂര്‍വ്വ നിമിഷത്തിന്‍റെ അനുഭവമാണെന്ന സത്യവും സാക്ഷി;
പ്രകൃതി എന്‍റെ സ്വപ്നങ്ങളുടെ ആഴം തിരിച്ചറിയുവോളം നീയെനിക്ക് വിധിക്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞു ഞാനാശ്വസിക്കുമ്പോഴും എന്‍റെ പ്രണയത്തിനു ഞാന്‍ മാത്രം സാക്ഷി.

Saturday, September 1, 2012

പിടിച്ചതിലും വലുത് മാളത്തിലോ..!?



പുതുപ്പണക്കാരന്‍ ഹസ്സനിക്കയുടെ വാപ്പ മോയിന്‍കുട്ടി ഇക്കാക്ക് ഒരു വീക്നസ് ഉണ്ട്, നാലാള് കൂടുന്നിടത്ത്‌ ഒന്ന് ആളാവണം. വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ പുള്ളി അങ്ങാടിയില്‍ ബ്രോക്കാര്‍മാര്‍ക്കിടയിലും ഉമ്മര്‍ക്കാന്റെ മീന്‍ തട്ടിന്റെ അടുത്തും ബസ് സ്റൊപ്പിലും ഒക്കെയായി കറങ്ങി നടപ്പാണ്. ഒരു ദിവസം താഴെ അങ്ങാടിയിലെ പ്രകാശേട്ടന്റെ മോന്‍ സൈക്കിളില്‍ രണ്ടു കയ്യും വിട്ടു പോകുന്നത് കണ്ടപ്പോള്‍ പുള്ളി ഉറക്കെ വിളിച്ചു ചോദിച്ചു :

"മോനേ, നിന്‍റെ ഹാന്‍ഡില് വില്‍ക്കുന്നോ..."

അല്‍പ്പം വേഗതയില്‍ ആയതു കൊണ്ടാവണം കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന്‍ സൈക്കിള്‍ നിര്‍ത്തി തിരിഞ്ഞു നിന്ന് ചോദിച്ചു,
"എന്താ മോയിങ്കുട്ടിക്കാ...?"
ഒരു ഇരയെ കിട്ടിയ തക്കത്തിന് ഞെളിഞ്ഞു നിന്ന് കൊണ്ട് മോയിന്‍ കുട്ടിക്കാ ആള്‍ക്കാര് കേള്‍ക്കാന്‍ തക്കവണ്ണം ചോദിച്ചു:
"അല്ല, മോന് ഏതായാലും സൈക്കിളോടിക്കാന്‍ ഹാന്‍ഡില് വേണ്ട. അപ്പൊപ്പിന്നെ അത് വില്‍ക്കുന്നോ...? നല്ല വെല തരാം."

പയ്യന്‍ ചമ്മിപ്പോയി. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന സ്ത്രീകളും മീന്‍ വാങ്ങാന്‍ വന്ന ആള്‍ക്കാരും ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ ചൊറിയുംകുത്തിയിരിക്കുന്ന ബ്രോക്കര്‍മാരുമെല്ലാം കൂടി മോയിങ്കുട്ടിയുടെ ഫലിതം കേട്ടു ആര്‍ത്തു ചിരിച്ചപ്പോള്‍ പയ്യന്‍ നടുറോഡില്‍ തുണിയുരിഞ്ഞു പോയ പോലെ നാണം കേട്ടു തലയും താഴ്ത്തി മിണ്ടാതെ സൈക്കിളോടിച്ചു പോയി.

വര്‍ഷങ്ങള്‍ കടന്നുപോയി. പ്രകാശേട്ടന്റെ മോന്‍ വലുതായി. അങ്ങാടീല്‍ ആരെങ്കിലും ചോദിച്ചാല്‍ അച്ഛന്റെ പേര് പറയാതെ തന്നെ തിരിച്ചറിയാന്‍ മാത്രം ചില്ലറ കുരുത്തക്കേടുകള്‍ കളിച്ചു ഫെയ്മസ് ആയ ആ പഴയ പയ്യന്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന ബിജു എന്ന സ്ഥാനപ്പേരിന് ഉടമയായി. ഒരു സെക്കണ്ട് ഹാന്‍ഡ്‌ കവാസാക്കി കാലിബര്‍ അവനു സ്വന്തമായപ്പോള്‍ പഴയ സൈക്കിള്‍ അവന്റെ വീട്ടില്‍ പിന്നാമ്പുറത്തെ ആലയില്‍ തുരുമ്പെടുത്തു തുടങ്ങി.
ഒരു ഞായറാഴ്ച കൂട്ടുകാരുമൊത്ത് പതിവു പോലെ സിനിമ കാണാനിറങ്ങിയ ബിജുവും മൂന്നു കൂട്ടുകാരും ബൈക്കില്‍ കയറാന്‍ സര്‍ക്കസ്സു കളിക്കുന്നതിനിടയിലാണ് നമ്മുടെ പഴയ മോയിന്‍കുട്ടിക്കായുടെ വരവ്.
'ഹോ ഒരു കുരിശു വരുന്നുണ്ട്. വേഗം കയറെടാ സതീഷേ'

 ബിജു സ്വരം താഴ്ത്തിപ്പറഞ്ഞു. നാല് പേര്‍ ആകെ തെങ്ങോലയുടെ തലമട്ടലിന്റെ മാത്രം വലിപ്പമുള്ള ബൈക്കിന്‍റെ സീറ്റില്‍ പീഡനം നടത്തുന്നത് കണ്ടു അവിടെമിവിടേം ഇരിക്കുന്ന കിളവന്മാര്‍ പരിഹസിച്ചു ചിരിക്കുന്നുണ്ട്. പിന്നിലുള്ള മൂന്നുപേരും കയറിക്കഴിഞ്ഞപ്പോള്‍ പെട്രോള്‍ ടാങ്കിനു മുകളില്‍ ആസനസ്ഥനായ ബിജു ആടിയാടി വണ്ടി മുന്നോട്ടെടുത്തതെയുള്ളൂ,തൊട്ടടുത്തെത്തിയ മോയിന്‍ കുട്ടിക്കാ ഉറക്കെ ചോദിച്ചു,
"അല്ല മോന്യേ... വണ്ടിന്റെ ബെക്കില് ഇഷ്ട്ടം പോലെ സ്ഥലണ്ടല്ലോ! ഒരാളേം കൂടി കേറ്റുമോടാ... എന്തട മോനെ പ്ലീസ്...."

കരഞ്ഞു കാലു പിടിക്കുന്ന പോലെ ഇരിക്കാനിടമില്ലാത്ത ബൈക്കില്‍ ലിഫ്റ്റ്‌ ചോദിച്ച മോയിന്‍കുട്ടിക്കാ ഒന്ന് ആക്കിയതാണല്ലോ എന്നോര്‍ത്ത  ബിജു അപ്പോത്തന്നെ വണ്ടി നിര്‍ത്തി കൂട്ടുകാരോട് ഇറങ്ങാന്‍ പറഞ്ഞുകൊണ്ട് വണ്ടിയുടെ വലത്തെ ഹാന്‍ഡിലില്‍ പിടിച്ചു നിന്ന മോയിന്കുട്ടിക്കായ്ക്ക് മറുപടി കൊടുത്തു :

"നോക്കീം മോയിങ്കുട്ടിക്കാ ഈ വണ്ടിമ്മല് തീരിം സ്ഥലമില്ല്യ. നിങ്ങക്ക് അര്‍ജന്റ് ആണെങ്കില് ഇങ്ങള് ഈ വണ്ടി കൊണ്ടോയ്ക്കോളി. കൊറച്ച് കഴിഞ്ഞിട്ട് തന്നാമതി" 

എന്നും പറഞ്ഞു കൊണ്ട് ബിജുവും വണ്ടിയില്‍ നിന്നിറങ്ങി. നേരെ അടുത്തുള്ള ബാര്‍ബര്‍ ഷാപ്പിലേക്ക് കൂട്ടുകാരുടെ കൂടെ കയറിച്ചെന്നു.
സ്വപ്നത്തില്‍ പോലും സൈക്കിള്‍ ഓടിച്ചിട്ടില്ലാത്ത മോയിന്‍കുട്ടിക്കാ ബൈക്കിന്‍റെ ഹാന്‍ഡില് പിടിച്ചു ഒരു നിമിഷം അന്തംവിട്ടു നിന്നു.
ആദ്യം തന്നെ ബാലന്‍സ് ചെയ്യണോ അതോ ബൈക്ക് വീഴാതെ പിടിക്കണോ എന്ന് ശങ്കിച്ച വൃദ്ധന്‍ കോഴി അയയില്‍ കയറിയ അവസ്ഥയിലായി.
"ഇവ്വണ്ട്യെന്താ കള്ളുകുടിച്ചിക്ക്ണോ നേരെ നിക്ക് വണ്ട്യെ ഹൈ ഹോ ഹെ എന്നും പ്രാകിക്കൊണ്ട്‌ 'ടാ മോനേ ഇങ്ങട്ട് വാടാ ഇവ്വണ്ടി പിടിക്കെടാ കുട്ടാ" 
എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ബിജു ബാര്‍ബര്‍ ഷോപ്പീന്നു പുറത്തിറങ്ങിയില്ല. അവസാനം ബിജുവിന്റെ കൂടെയുള്ള ഒരു പയ്യന്‍ പാവം തോന്നി മോയിന്‍ കുട്ടിക്കായുടെ അടുത്തു നിന്നു ബൈക്ക് വാങ്ങി. കണ്ടു നിന്ന നാട്ടുകാര് മൊത്തം ചിരിച്ചു മണ്ണുകപ്പി പൊട്ടിച്ചിരിക്കിടെ മീന്‍ വില്‍ക്കുന്ന ഉമ്മര്‍ക്ക വിളിച്ചു പറഞ്ഞു, 

' മോയിങ്കുട്ട്യെ... പണ്ടത്തെ കുട്ട്യോളല്ല നോക്കീം കണ്ടും നിന്നില്ലെങ്കി ചെക്കന്മാര് പണി തരും.'

'ഹൊ! ഇപ്പളത്തെ ചെക്കമ്മാരോട് ഒന്നട്ട മിണ്ടാനും പാടില്ലാണ്ടായി' എന്നും പറഞ്ഞു കൊണ്ട് മോയിന്‍ കുട്ടിക്കാ പണ്ടത്തെ ആ കൈവിട്ടു സൈക്കിളോടിച്ച പയ്യന്റെ അതേയവസ്ഥയില്‍ കെറുവിച്ചു നടന്നു പോയപ്പോള്‍ കൂടെ നിന്ന കൂട്ടുകാരന്‍ അഷറഫ് ബിജുവിനോട് പറഞ്ഞു: 
"ഡേ, ആ തന്തയെങ്ങാനും ബൈക്കിന്റൊപ്പം വീണ് നടുവിടിഞ്ഞിരുന്നെങ്കില്‍ കാണാരുന്നു."
അപ്പൊ ബിജു ചിരിച്ചു കൊണ്ട് പറഞ്ഞു;
"വയസ്സായീന്ന് ഒരു വിചാരവുമില്ല. ഞാന്‍ എട്ടില്‍ പഠിക്കുമ്പോ കുറിച്ചു വെച്ചതാ അയാള്‍ക്കിട്ടൊരു പണി കൊടുക്കണമെന്ന്. അല്ല പിന്നെ...!"


ലേബല്‍ : കൊച്ചുവര്‍ത്തമാനം 

Sunday, January 15, 2012

ഓര്‍മ്മകളിലെ ഉണ്ണിയപ്പം

കുട്ടിക്കാലത്ത് ഓര്‍ഫനേജിന്റെ മുമ്പിലൂടെയുള്ള റോഡില്‍ കൂടി 

ദിവസവും വെള്ള താടിയുള്ള ഒരു വൃദ്ധന്‍ വരുമായിരുന്നു. അയാളുടെ കൈകളിലെ വെളുത്തു ചുളുങ്ങിയ തൊലിയില്‍ല്‍ ഇളം പച്ച നിറത്തില്‍ വൃക്ഷ ശിഖിരങ്ങള്‍ പോലെയുള്ള ഞരമ്പുകള്‍ എനിക്കന്നു വല്ലാതെ കൌതുകം സമ്മാനിച്ചിരുന്നു.

മിക്ക ദിവസങ്ങളിലും രാവിലെ ഞാന്‍ അയാളെയും നോക്കി ഗെയ്റ്റിന്റെ കമ്പിയില്‍ പിടിച്ചു ദൂരേക്ക്‌ നോക്കി നില്‍ക്കും.... 




ആ സ്ഥാപനത്തിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, അയാള്‍ എനിക്ക്എല്ലാ ദിവസവും പലഹാരങ്ങള്‍ കൊണ്ട് വരും.... 




പോകാന്‍ നേരത്തു പേര് ചോദിച്ചാല്‍ ആ വെള്ള അപ്പൂപ്പന്‍ താടി' തടവിക്കൊണ്ട് പറയും- 

നിന്റെ വെല്ല്യുപ്പ ആണ് മോനെ..." 

അപ്പൊ നിഷ്കളങ്കതയോട് കൂടി ഞാന്‍ വീണ്ടും ചോദിക്കും, 

"അതല്ല, ശരിക്കും പേര് പറ". 

അപ്പൊ ഗെയ്റ്റിനുള്ളില്‍ കൂടി കൈകടത്തി എന്റെ മൂക്ക് പിടിച്ചു പതിയെ തടവിക്കൊണ്ട് പറയും: 

"നീ എന്നെ ഇപ്പോഴും വിളിക്കുന്നത്‌ തന്നെ എന്നെ വിളിച്ചാല്‍ മതി. എന്നെ അങ്ങനെ വിളിക്കാന്‍ നീ മാത്രമേ ഉള്ളൂ മോനെ..." 

അപ്പോള്‍ ഞാന്‍ കളിയോടെ വിളിക്കും: "വെല്ല്യുപ്പാ...." എന്ന് . 

ആ സമയം വല്ലാത്തൊരു സ്നേഹത്തോടെ അയാള്‍ എന്നെ തടവിക്കൊണ്ടിരിക്കും.... തലയിലും മുഖത്തും തോളത്തുമെല്ലാം അയാളുടെ കൈകള്‍ എന്നില്‍ സ്നേഹം പടര്‍ത്തുമ്പോള്‍ പെട്ടെന്ന് എനിക്കെന്റെ ഉപ്പയെ ഓര്‍മ്മ വരും. അപ്പൊ പതിയെ മുഖം കറുത്ത്, ചിണുങ്ങി ചിണുങ്ങി..., ചുണ്ട് മലച്ചു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും.... എനിക്കയാളെ കെട്ടിപ്പിടിക്കണമെന്നു തോന്നും പക്ഷെ, അതൊരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു...




അന്ന് ആ അപ്പൂപ്പന്‍ കൊണ്ട് വരുന്ന പലഹാരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടം ഉണ്ണിയപ്പം ആയിരുന്നു... ഇപ്പോഴും ഉണ്ണിയപ്പം കണ്ടാല്‍ എനിക്കയാളെ ഓര്‍മ്മ വരും... എന്തിന്, ചെറിയ കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുട്ടി ആയിപ്പോകുന്നത് പോലും ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന അയാള്‍ കാരണമാണെന്നു എനിക്ക് തോന്നാറുണ്ട്.... 







കാലം ഉരുട്ടി വിട്ട പ്രായത്തിന്റെ എണ്ണങ്ങള്‍ എന്നെ എവിടെയോ എത്തിച്ചിരിക്കുന്നു....

അന്നത്തെ ആ ചെറിയ കുട്ടി സ്വപ്നം പോലും കാണാത്ത ഇരുണ്ടതും ചിലപ്പോഴൊക്കെ പ്രകാശമാനമായതുമായ വഴികളിലൂടെ, നടന്നു നടന്നു അവസാനം ഞാനിപ്പോള്‍ ഓര്‍മ്മകള്‍ കൊയ്ത്തു കൊണ്ടിരിക്കുകയാണ്.... വിതച്ചതെന്നെന്നോര്‍മ്മയില്ലെങ്കിലും ഞാനത് കൊയ്തുകൊണ്ടേയിരിക്കുകയാണ്..







മറന്നതല്ല, ആ പ്രായത്തില്‍ അതൊന്നും ഓര്‍ത്തു വച്ചിരുന്നില്ല... കണ്ണൂര്‍ ആണെന്ന് മാത്രം അറിയാം... ഓടിട്ട ആ സ്ഥാപനതിനടുത്തു ഒരു പ്രസ്‌ കൂടിയുണ്ടായിരുന്നു... അതിന്റെ പിന്‍ഭാഗത്താണ് ഞാന്‍ എല്‍ കെ ജി യും യു കെ ജിയും ഒന്നാം ക്ലാസും പഠിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍... അവിടെ രണ്ടു വെള്ള അമ്ബാസിഡര്‍ കാറുകള്‍ ഉണ്ടായിരുന്നു... രണ്ടുമൂന്നു ആംബുലന്‍സുകളും. പിന്നെ ഒരു ഓര്‍മ്മയുള്ളത് അക്കാലത്ത് ഏതോ തിരഞ്ഞെടുപ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദരേഖയാണ് : "നമ്മുടെ സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിജയിപ്പിക്കുക " ഇത്ര മാത്രമേ ഓര്‍മ്മയുള്ളൂ... ഇ. അഹമ്മദ്‌ കണ്ണൂരില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ആ ഉച്ചഭാഷിണി വേറെ എവിടുന്നെങ്കിലും ഓര്‍മ്മകളില്‍ കയറിക്കൂടിയതാണെങ്കിലോ? എല്ലാ ഓര്‍മ്മകളുമിപ്പോള്‍ പണ്ടെന്നോ കുളത്തില്‍ വീണു പോയ സ്വര്‍ണക്കമ്മല്‍ പോലെയാണ് തോന്നുന്നത്... ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിടയിലെവിടെയോ അത് വെയില്‍ തട്ടി തിളങ്ങുന്നത് ഞാന്‍ കാണുന്നുണ്ട്.... പക്ഷെ, മുങ്ങിയെടുക്കാന്‍ നോക്കുമ്പോ അതെനിക്കു കിട്ടുന്നേയില്ല.... കമ്മല്‍ കിട്ടാത്തതില്‍ പിണങ്ങിയ ആ പഴയ കളിക്കൂട്ടുകാരിയുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ അതേ ഭാവം തന്നെയാണോ എന്റെ ഹൃദയത്തിന് ഇന്നും അനുഭവപ്പെടുന്നത്?





ഇന്നും എന്റെ നനുത്ത ഓര്‍മ്മകളുടെ ഭാരം പേറുന്ന ആ കെട്ടിടം ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല... ആ അപ്പൂപ്പന്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നും എനിക്കറിയില്ല...

എന്നാലും,

എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ അവിടെ ഇന്നും പോകാറുണ്ട്...

എന്നിട്ട് അവിടുത്തെ മുറ്റത്തെ മണലില്‍ ജീവിതത്തില്‍ ഇത് വരെ പഠിക്കാത്ത അക്ഷരങ്ങള്‍ വിരല് കൊണ്ട് എഴുതിപ്പടിക്കും...

വിശക്കുമ്പോ, അപ്പൂപ്പന്‍ കൊണ്ട് വരുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോര്‍ത്തു വെള്ളമിറക്കും.... 


പിന്നെ, പഴയ ഗേറ്റും പിടിച്ചു ഞാന്‍ ആ അപ്പൂപ്പനെ കാത്തിരിക്കും.... 




എന്നിട്ട് കുട്ടിക്കാലത്തെ പോലെ കൊഞ്ചലോടെ പറയും, ന്റെ അപ്പൂപ്പന്‍ ഇന്ന് വരൂലെ...?




എല്ലാ ഓര്‍മകളും സംഗമിക്കുന്ന ആനിമിഷത്തിനു വേണ്ടി 

എന്റെ ആത്മാവ് ഞാനറിയാതെ കൊതിക്കാറുണ്ട്... 

അത് ഒരു പക്ഷെ, ആത്മാവിന്റെ തേങ്ങലായിരിക്കാം..... 

അല്ലെങ്കില്‍ തളിരിനെ തഴമ്പാക്കിയതിന് കാലത്തിനോടുള്ള 

വാശിയും വേദനയും കലര്‍ന്ന ഒരു തരം ഗദ്ഗദമായിരിക്കാം....

Thursday, December 22, 2011

ഓര്‍മ്മകളിലെ ഉണ്ണിയപ്പം









കുട്ടിക്കാലത്ത് ഓര്‍ഫനേജിന്റെ മുമ്പിലൂടെയുള്ള റോഡില്‍ കൂടി 

ദിവസവും വെള്ള താടിയുള്ള ഒരു വൃദ്ധന്‍ വരുമായിരുന്നു. അയാളുടെ കൈകളിലെ വെളുത്തു ചുളുങ്ങിയ തൊലിയില്‍ല്‍ ഇളം പച്ച നിറത്തില്‍ വൃക്ഷ ശിഖിരങ്ങള്‍ പോലെയുള്ള ഞരമ്പുകള്‍ എനിക്കന്നു വല്ലാതെ കൌതുകം സമ്മാനിച്ചിരുന്നു.
മിക്ക ദിവസങ്ങളിലും രാവിലെ ഞാന്‍ അയാളെയും നോക്കി ഗെയ്റ്റിന്റെ കമ്പിയില്‍ പിടിച്ചു ദൂരേക്ക്‌ നോക്കി നില്‍ക്കും.... 



ആ സ്ഥാപനത്തിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, അയാള്‍ എനിക്ക്എല്ലാ ദിവസവും പലഹാരങ്ങള്‍ കൊണ്ട് വരും....

പോകാന്‍ നേരത്തു പേര് ചോദിച്ചാല്‍ ആ വെള്ള അപ്പൂപ്പന്‍ താടി' തടവിക്കൊണ്ട് പറയും-
നിന്റെ വെല്ല്യുപ്പ ആണ് മോനെ..."
അപ്പൊ നിഷ്കളങ്കതയോട് കൂടി ഞാന്‍ വീണ്ടും ചോദിക്കും,
"അതല്ല, ശരിക്കും പേര് പറ".
അപ്പൊ ഗെയ്റ്റിനുള്ളില്‍ കൂടി കൈകടത്തി എന്റെ മൂക്ക് പിടിച്ചു പതിയെ തടവിക്കൊണ്ട് പറയും:
"നീ എന്നെ ഇപ്പോഴും വിളിക്കുന്നത്‌ തന്നെ എന്നെ വിളിച്ചാല്‍ മതി. എന്നെ അങ്ങനെ വിളിക്കാന്‍ നീ മാത്രമേ ഉള്ളൂ മോനെ..."
അപ്പോള്‍ ഞാന്‍ കളിയോടെ വിളിക്കും: "വെല്ല്യുപ്പാ...." എന്ന് .
ആ സമയം വല്ലാത്തൊരു സ്നേഹത്തോടെ അയാള്‍ എന്നെ തടവിക്കൊണ്ടിരിക്കും.... തലയിലും മുഖത്തും തോളത്തുമെല്ലാം അയാളുടെ കൈകള്‍ എന്നില്‍ സ്നേഹം പടര്‍ത്തുമ്പോള്‍ പെട്ടെന്ന് എനിക്കെന്റെ ഉപ്പയെ ഓര്‍മ്മ വരും. അപ്പൊ പതിയെ മുഖം കറുത്ത്, ചിണുങ്ങി ചിണുങ്ങി..., ചുണ്ട് മലച്ചു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും.... എനിക്കയാളെ കെട്ടിപ്പിടിക്കണമെന്നു തോന്നും പക്ഷെ, അതൊരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു...

അന്ന് ആ അപ്പൂപ്പന്‍ കൊണ്ട് വരുന്ന പലഹാരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടം ഉണ്ണിയപ്പം ആയിരുന്നു... ഇപ്പോഴും ഉണ്ണിയപ്പം കണ്ടാല്‍ എനിക്കയാളെ ഓര്‍മ്മ വരും... എന്തിന്, ചെറിയ കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുട്ടി ആയിപ്പോകുന്നത് പോലും ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന അയാള്‍ കാരണമാണെന്നു എനിക്ക് തോന്നാറുണ്ട്....


കാലം ഉരുട്ടി വിട്ട പ്രായത്തിന്റെ എണ്ണങ്ങള്‍ എന്നെ എവിടെയോ എത്തിച്ചിരിക്കുന്നു....
അന്നത്തെ ആ ചെറിയ കുട്ടി സ്വപ്നം പോലും കാണാത്ത ഇരുണ്ടതും ചിലപ്പോഴൊക്കെ പ്രകാശമാനമായതുമായ വഴികളിലൂടെ, നടന്നു നടന്നു അവസാനം ഞാനിപ്പോള്‍ ഓര്‍മ്മകള്‍ കൊയ്ത്തു കൊണ്ടിരിക്കുകയാണ്.... വിതച്ചതെന്നെന്നോര്‍മ്മയില്ലെങ്കിലും ഞാനത് കൊയ്തുകൊണ്ടേയിരിക്കുകയാണ്..


മറന്നതല്ല, ആ പ്രായത്തില്‍ അതൊന്നും ഓര്‍ത്തു വച്ചിരുന്നില്ല... കണ്ണൂര്‍ ആണെന്ന് മാത്രം അറിയാം... ഓടിട്ട ആ സ്ഥാപനതിനടുത്തു ഒരു പ്രസ്‌ കൂടിയുണ്ടായിരുന്നു... അതിന്റെ പിന്‍ഭാഗത്താണ് ഞാന്‍ എല്‍ കെ ജി യും യു കെ ജിയും ഒന്നാം ക്ലാസും പഠിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍... അവിടെ രണ്ടു വെള്ള അമ്ബാസിഡര്‍ കാറുകള്‍ ഉണ്ടായിരുന്നു... രണ്ടുമൂന്നു ആംബുലന്‍സുകളും. പിന്നെ ഒരു ഓര്‍മ്മയുള്ളത് അക്കാലത്ത് ഏതോ തിരഞ്ഞെടുപ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദരേഖയാണ് : "നമ്മുടെ സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിജയിപ്പിക്കുക " ഇത്ര മാത്രമേ ഓര്‍മ്മയുള്ളൂ... ഇ. അഹമ്മദ്‌ കണ്ണൂരില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ആ ഉച്ചഭാഷിണി വേറെ എവിടുന്നെങ്കിലും ഓര്‍മ്മകളില്‍ കയറിക്കൂടിയതാണെങ്കിലോ? എല്ലാ ഓര്‍മ്മകളുമിപ്പോള്‍ പണ്ടെന്നോ കുളത്തില്‍ വീണു പോയ സ്വര്‍ണക്കമ്മല്‍ പോലെയാണ് തോന്നുന്നത്... ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിടയിലെവിടെയോ അത് വെയില്‍ തട്ടി തിളങ്ങുന്നത് ഞാന്‍ കാണുന്നുണ്ട്.... പക്ഷെ, മുങ്ങിയെടുക്കാന്‍ നോക്കുമ്പോ അതെനിക്കു കിട്ടുന്നേയില്ല.... കമ്മല്‍ കിട്ടാത്തതില്‍ പിണങ്ങിയ ആ പഴയ കളിക്കൂട്ടുകാരിയുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ അതേ ഭാവം തന്നെയാണോ എന്റെ ഹൃദയത്തിന് ഇന്നും അനുഭവപ്പെടുന്നത്?



ഇന്നും എന്റെ നനുത്ത ഓര്‍മ്മകളുടെ ഭാരം പേറുന്ന ആ കെട്ടിടം ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല... ആ അപ്പൂപ്പന്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നും എനിക്കറിയില്ല...
എന്നാലും,
എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ അവിടെ ഇന്നും പോകാറുണ്ട്...
എന്നിട്ട് അവിടുത്തെ മുറ്റത്തെ മണലില്‍ ജീവിതത്തില്‍ ഇത് വരെ പഠിക്കാത്ത അക്ഷരങ്ങള്‍ വിരല് കൊണ്ട് എഴുതിപ്പടിക്കും...
വിശക്കുമ്പോ, അപ്പൂപ്പന്‍ കൊണ്ട് വരുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോര്‍ത്തു വെള്ളമിറക്കും....


പിന്നെ, പഴയ ഗേറ്റും പിടിച്ചു ഞാന്‍ ആ അപ്പൂപ്പനെ കാത്തിരിക്കും....

എന്നിട്ട് കുട്ടിക്കാലത്തെ പോലെ കൊഞ്ചലോടെ പറയും, ന്റെ അപ്പൂപ്പന്‍ ഇന്ന് വരൂലെ...?

എല്ലാ ഓര്‍മകളും സംഗമിക്കുന്ന ആനിമിഷത്തിനു വേണ്ടി
എന്റെ ആത്മാവ് ഞാനറിയാതെ കൊതിക്കാറുണ്ട്...
അത് ഒരു പക്ഷെ, ആത്മാവിന്റെ തേങ്ങലായിരിക്കാം.....
അല്ലെങ്കില്‍ തളിരിനെ തഴമ്പാക്കിയതിന് കാലത്തിനോടുള്ള
വാശിയും വേദനയും കലര്‍ന്ന ഒരു തരം ഗദ്ഗദമായിരിക്കാം....

Thursday, December 15, 2011

മഴ












മഴ എന്നും എനിക്ക് കൌതുകമായിരുന്നു . അതിലേറെ ഇഷ്ട്ടവുമായിരുന്നു....




സങ്കടം വരുമ്പോഴും ,

ദുഃഖം വരുമ്പോഴും അതെന്നെ പിന്തുടരാറുണ്ട് ................

എന്റെ ജീവിതത്തിന്റെ പല താളുകളില്‍

ഞാന്‍ ശ്രദ്ധിക്കാറുണ്ട് .............

ഒരുപാട് എന്നെ വിസ്മയിപ്പിച്ച പോലെ തന്നെ ,

എന്നെ വേദനിപ്പിക്കാരുമുണ്ട് മഴ ..................

എന്റെ പ്രിയപ്പെട്ട മഴ ......................

കയറിക്കിടക്കാന്‍ ഒരു വീടില്ലാതായപ്പോ ,

കണ്ടാല്‍ ആട്ടിയോടിക്കുന്ന പീടികക്കാരന്റെ മച്ചില്‍ കയറിക്കിടക്കാറുണ്ട്................

പക്ഷെ ,

അവിടെയും മഴ എന്നെ വേദനിപ്പിച്ചു .......

ചോര്‍ന്നൊലിക്കുന്ന ഷീറ്റ് ഇട്ട മേല്‍കൂരയിലെ വിടവിലൂടെ

മഴ എന്നെ ഉറങ്ങാന്‍ വിട്ടില്ല ..................

നനഞ്ഞ കുപ്പായവും മാറികകിടക്കാന്‍ ഒരിടവും ഇല്ലാതെ

നിസ്സഹായതയുടെ നനവുള്ള ഓര്‍മ്മകള്‍ ഞാന്‍

അത്ര തന്നെ തണുപ്പോടെ ഓര്‍ക്കുന്നു .....................

അന്ന് , എന്റെ കണ്ണിലും മഴ തന്നെയായിരുന്നു , ഒരു കണ്ണീര്മഴ .............!




എങ്കിലും ,

ഒപ്പം മഴ നനഞ്ഞ നിമിഷങ്ങളോര്‍ക്കുമ്പോള്‍ നഷ്ട്ടപ്രണയത്തിന്റെ ആഴം ഞാന്‍ തിരിച്ചറിയുന്നു....

ആ ദിവസങ്ങള്‍ക്കൊക്കെ വല്ലാത്തൊരു യുവത്വം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.... പ്രണയത്തിന്റെ അനുഭൂതി തൊട്ടറിഞ്ഞ നിമിഷങ്ങള്‍ ......

അന്ന് അങ്ങനെ മഴയത്തുപോകുമ്പോള്‍ , അവള്‍ കൈരണ്ടും ഇങ്ങനെ വിടര്‍ത്തി പിടിക്കുമായിരുന്നു ............,




അപ്പൊ ,




ഞാനെന്റെ എല്ലാ വേദനകളും മറക്കും ......................

നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായിതൊട്ടുരുമ്മി നടക്കുമ്പോള്‍ , അവളുടെ മാംസളത എന്റെ ദേഹത്ത് തട്ടാതിരിക്കാന്‍ ഞാന്‍ ശ്രദ്ടിക്കും .

പക്ഷെ അത് അറിഞ്ഞു കൊണ്ട് തന്നെ അവള്‍ എന്നെ ഉറുമ്ബടക്കം കെട്ടിപ്പിടിക്കും...................... !!




ഇത്രയൊക്കെ ആയിട്ടും , അവളെ ''''മറ്റൊരു രീതിയില്‍ ''' കൈകാര്യം ചെയ്യാത്തതിന്

കൂട്ടുകാര്‍ എന്നെ ഇവനൊരു മണ്ടന്‍ തന്നെയാണല്ലോ എന്ന് പറഞ്ഞു കളിയാക്കാറുണ്ട്.. എന്തോ , എനിക്കറിയില്ല ,

എനിക്ക് പ്രണയവും രതിയും ഒപ്പം വരില്ല ... ........

വെറുതെ ഇരിക്കുമ്പോള്‍ തോന്നും , ഇന്ന് അവളെ കാണുമ്പോള്‍

ആരും കാണാതെ ഒന്ന് തലോടണം എന്ന് .. ..................

ഇക്കിളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ തൊട്ടു നോക്കണം എന്ന്....




പക്ഷെ, അവളുടെ അടുത്ത് പോകുമ്പോള്‍

അവളുടെ സാമീപ്യം എന്നെ ഏതോ സ്നേഹത്തിന്റെ തീരത്തിത്തിക്കുന്നു....

അവളുടെ ശാസനകളില്‍ മാതൃത്വം നിറഞ്ഞു നിന്നിരുന്ന പോലെ തോന്നിയിരുന്നു....

അവളുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ എനിക്കവളിലങ്ങ് അലിഞ്ഞു ചേരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വ്യാമോഹിച്ചിരുന്നു.... സ്നേഹിച്ചിരുന്നു.....

എന്നിട്ടും, അവള്‍ പെയ്തൊഴിഞ്ഞു പോയ്ക്കളഞ്ഞു ....

എനിക്ക് വിരഹത്തിന്റെ ഒരു മഴക്കാലം തന്നെ സമ്മാനിച്ചു കൊണ്ട്....

ഒറ്റപ്പെടലിന്റെ നീറുന്ന മഴ സമ്മാനിച്ചു കൊണ്ട്.....

എന്റെ കണ്ണീര്‍മഴക്കാലം തുടങ്ങി വെച്ച് കൊണ്ട്..

വീണ്ടും എപ്പഴോ

ഓര്‍മ്മകളുടെ നിലയ്ക്കാത്ത ചാറ്റല്‍ മഴയില്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെടുന്ന പോലെ തോന്നി.... തിരക്കിലെവിടെയോ കൈവിട്ടുപോയ കുട്ടിയെ പോലെ ഞാന്‍ എന്റെ ജീവശ്വ്വാസം തേടി അലഞ്ഞു കൊണ്ടിരുന്നു.... മരണത്തെ തേടി നടന്നു.. പക്ഷെ, സന്തോഷത്തെ പോലെ മരണവും എന്നെ തിരിച്ചറിയാതെ പോയി....




എങ്കിലും സഖീ... ഇപ്പോഴും

നിന്റെയോര്‍മ്മകളില്‍ ഞാന്‍ നിന്നിലലിയുന്നു.....

നിന്റെ സ്നേഹത്തിന്റെ ഇടതൂര്‍ന്ന മുടിയിഴകളിലൂടെ

എന്റെ വിരലുകള്‍ നിന്റെ ആത്മാവ് തേടിയലയുന്നു....

നിന്റെ കവിളിലെ നനുത്ത രോമങ്ങള്‍ എന്റെ ചുംബനങ്ങളില്‍ നനയുന്നു.....

നിന്റെ കണ്ണുകളുടെ തിളക്കത്തില്‍ ഞാന്‍ നിന്നിലെക്കലിയുന്നു.....

എല്ലാം എന്റെ നിശബ്ദ സ്വപ്നങ്ങളാണെങ്കിലും....!!!

Wednesday, December 14, 2011

ഞാന്‍


ഏതു നാട്ടുകാരനാനെന്നു ചോദിച്ചാല്‍ കോഴിക്കൊട്ടുകാരനാനെന്നെ പറയാനൊക്കൂ... ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എന്റെ യാത്രകളുടെ സെന്റെര്‍ പോയിന്റ്‌ ഈ അറബിക്കടലിന്റെ തീരമാണ്.. കോയമ്പത്തൂര്‍ ഏതോ ഒരു വാടക വീട്ടില്‍ ജനനം.. പിതാവ് എറണാകുളം ജില്ലക്കാരന്‍... പഴയ ബി എസ സി കെമിസ്‌ട്രിക്കാരന്‍...അനുഭവങ്ങളുടെ തീച്ചൂളയില്‍ ആറ്റിക്കുറുക്കിയ ചിന്തകളും ആശയങ്ങളും മാത്രം സമ്പത്തായുള്ള ഹൃദയതിനുടമ... അഭിമാനവും ആശയങ്ങളും കൈവിടാതിരിക്കാന്‍ ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത പ്രകൃതം... മഹാരാജാസ്‌ കോളേജില്‍ പഠനം. പുരാതന മരുമക്കത്തായ സമ്പ്രദായ കാലത്തെ തറവാട്ടു കുടുംബം. ഹിന്ദു മത വിശ്വാസിയായിരുന്ന അദ്ദേഹം കോളേജ്‌ പഠനത്തിന് ശേഷം പുസ്തകവായന ഹോബിയാക്കി. അത് പിന്നീട് ഇസ്ലാം മത വിശ്വാസിയായി പരിണമിച്ചു... മതം മാറ്റം കാരണം ബോംബെയിലേക്ക് നാട് വിട്ടു... അവിടെ നിന്ന് കോയമ്പത്തൂര്‍ക്ക്‌... പഠന സര്ട്ടിഫികട്ടുകളെല്ലാം വീട്ടിലായത് കാരണം അര്‍ഹതപ്പെട്ട ജോലികളൊന്നും കിട്ടിയില്ല... കോയമ്പത്തൂരില്‍ ഉമ്മയുടെ ബന്ധുക്കളെ പരിചയപ്പെടുന്നു... വിവാഹം...കുട്ടികള്‍...സാമ്പത്തികപ്രശ്നങ്ങള്‍...വഴക്ക്... ഇപ്പൊ മറ്റൊരു കുടുംബം പടുത്തുയര്‍ത്തി കോഴിക്കോട്ടുകാരന്‍ ആയി ജീവിക്കുന്നു... ഉമ്മ എന്നെ പോലെ തന്നെ, കൃത്യമായ സ്ഥലങ്ങളില്ല...
ഉമ്മയുടെ ഉപ്പയുടെ വീട് രക്തക്കളമായ കണ്ണൂരില്‍.ജനനം പാലക്കാട് കേരളശ്ശേരിയെന്ന മനോഹര നെല്‍പ്പാട ഗ്രാമത്തില്‍... പതിനാലു വയസ്സ് വരെ കോയമ്പത്തൂരില്‍ വളര്‍ന്നു... പിന്നെ, കണ്ണൂര്‍, പാലക്കാട്‌, കോഴിക്കോട്, സൗദി അറേബ്യ എന്നിവിടങ്ങളില്‍... ഉമ്മയുടെ അഞ്ചാം വയസ്സില്‍ ഉമ്മയുടെ പിതാവ് കൊല്ലപ്പെട്ടു...ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന,വിദ്യാഭ്യാസം തീരെയില്ലാത്ത എന്നാല്‍ അതുന്ടെന്നു കാണിക്കുന്ന വളരെ ലോല ഹൃദയതിനുടമ... ഇനി ഒരു കഥാപാത്രം കൂടിയുണ്ട്... എന്റെ പെങ്ങള്‍... ജനനം പാലക്കാട്. കേരളശ്ശേരിയില്‍. പത്താം ക്ലാസ് വരെ അമ്മാവന്റെയും ഉമ്മയുടെ ഉമ്മയുടെയും കൂടെ...ശേഷം ആങ്ങളയുടെ [എന്റെ] കൂടെ കോഴിക്കോട് ദത്തുപുത്രിയായി സീനത്ത്‌ അബ്ദുള്ള ദമ്പതികളുടെ വീട്ടില്‍... പഠനം പ്ലസ്‌ ടു വരെ. ഡിഗ്രി ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടെ കമ്പ്യുട്ടര്‍സോഫ്റ്റ്‌ വെയറും ഹാര്‍ഡ്‌ വെയറും പഠനം പൂര്‍ത്തിയാക്കി. ഏറണാകുളത്ത് മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേഖലയില്‍ പഠനത്തോടൊപ്പം ജോലിയും ചെയ്തു...ഇപ്പൊ പ്രകൃതി ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്നു... ഇപ്പൊ എല്ലാവരും പല ദിശയില്‍...പെങ്ങള്‍ കോഴിക്കോട് , ഞാന്‍ സൗദി അറേബ്യയില്‍, ഉപ്പ കോഴിക്കോട് തന്നെ മറ്റൊരു സ്ഥലത്ത് മറ്റൊരു കുടുംബത്തോടൊപ്പം... ഉമ്മ സൌദിയില്‍ തന്നെ ഞാന്‍ കാണാത്ത എവിടെയോ ഒരു സ്ഥലത്ത്....

Saturday, December 10, 2011

പ്രണയം..


ഒടുവില്‍ എല്ലാം മറന്നു വേര്‍പിരിയുമ്പോള്‍ ഈ ചോദ്യം മനസ്സിലുയരും....

ഒരു പക്ഷെ, ഇതൊരിക്കലും അവളോട്‌ ചോദിക്കാതൊരു ചോദ്യമായിരിക്കാം...

എങ്കിലും.... അത് നിന്നെ അലട്ടിക്കൊണ്ടേയിരിക്കും...

മറക്കുന്നത് വരെ.... എന്ന് പറഞ്ഞാല്‍ മരണം വരെ.....

പിന്നീട്,

വേനല്‍ വരുമ്പോള്‍ അവള്‍ തനിക്കൊരു കുളിര്‍മ്മായായിരുന്നുവെന്നോര്‍ക്കും......

വസന്തം വരുമ്പോള്‍ അവള്‍ തനിക്ക് പൂക്കള്‍ സമ്മാനിച്ചതോര്‍ക്കും.....

അവസാനം.... പൂമരം ഇലകള്‍ പൊഴിച്ച് വിവസ്ത്രയായി നില്‍ക്കുമ്പോള്‍

അവള്‍ തന്നില്‍ നിന്ന് അകന്നു പോയതുമോര്‍ക്കും..... അപ്പോഴുണ്ടാകുന്ന കൊടും തണുപ്പില്‍,

എന്റെ ഹൃദയം അവളുടെ ഇളം ചൂടുള്ള ആലിംഗനം തേടും....

ഒടുവിലെന്റെ ഹൃദയം അവളോടുള്ള പ്രണയം തേടി തേടി മരണത്തിലേക്ക് പോകും.... ഒരു പക്ഷെ,





അവിടെയെങ്കിലും അവളെന്റെ ഹൃദയത്തെ തിരിച്ചറിഞ്ഞാലോ....

Tuesday, November 15, 2011

ബാല്യത്തിന്റെ കണ്ണീര്‍ തുള്ളികള്‍



കരഞ്ഞിരുന്നു... പണ്ട്... കുട്ടിക്കാലത്ത്..
പക്ഷെ എല്ലാ കുട്ടികളും കരയന്ന പോലെ ആദ്യമായി സ്കൂളില്‍ പോയപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നില്ല
അടുത്തുള്ളവന്റെ മനോഹരമായ പേന മോഷ്ട്ടിച്ചപ്പോള്‍ മാഷ് ചൂരല്‍ വീശിയപ്പോഴും ഞാന്‍ കരഞ്ഞിരുന്നില്ല.....
പിന്നെ...,
അച്ഛന്‍ തല്ലുമ്പോള്‍ കരയുമായിരുന്നു..... ഏങ്ങി... ഏങ്ങിയേങ്ങി.....
വേദന കൊണ്ടല്ല... സ്നേഹിക്കുന്നവര്‍ തിരിഞ്ഞു നിന്നാല്‍ പോലും എനിക്ക് ആധിയായിരുന്നു ....
അന്നും...

ഇന്നും....

അടി കിട്ടിയതിനു ശേഷമുള്ള എന്റെ തേങ്ങലും എങ്ങലും ഒരുപാട് നേരം നീണ്ടിരുന്നു... കാരണം...... ,
സങ്കടം കൊണ്ടെന്റെ കരച്ചില്‍ കണ്ണീരിന്റെ കെട്ടു പൊട്ടിക്കുമ്പോള്‍ അച്ചന്റെയൊരു കെട്ടിപ്പിടൂത്തമുണ്ട്....

അത്....
അതാണ് സ്നേഹം... അല്ല, അത് മാത്രമാണ് സ്നേഹം എന്ന് കരുതിയിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്..
അച്ഛന്റെ ഘനഗംബീര്യമുള്ള ശബ്ദം പരമാവധി മയപ്പെടുത്തി, ഒരേയൊരു ആശ്വാസവാക്കുണ്ട് ;

"സാരമില്ല പോട്ടെ...."


ആ വാക്ക്, എന്റെ സങ്കടക്കടലിലെ തോണിയായിരുന്നു..... സ്നേഹത്തിന്റെ രൂപമില്ലാ ശക്തിയായിരുന്നു...
അതെന്റെ ധൈര്യമായിരുന്നു..... എന്റെ മാത്രമെന്ന നിനവായിരുന്നു....
അമ്മയുമായി അച്ഛന്‍ പിരിഞ്ഞതിനു ശേഷം എന്റെ മോഹങ്ങള്‍ക്കെല്ലാം അവസാന വാക്ക് അച്ഛനായിരുന്നു...
ഒരിക്കല്‍ അച്ഛന്റെ കൂടെ ഒരാള്‍ കൂടി വന്നു ക്രൂരതയുടെയും പരിഹാസത്തിന്റെയും മുഗമായിരുന്നു അയാള്‍ക്ക്‌ .....

മദ്യം ...
അതായിരുന്നു അയാളുടെ പേര് ... പിന്നെ എന്റച്ചനെ എനിക്ക് കിട്ടിയതേയില്ല..... ഇന്ന് വരെ...
പകരം, സ്നേഹിക്കാനും വെറുക്കാനും അറിയാത്ത ഒരു രണ്ടാനമ്മയെ കിട്ടി.... രാത്രി അച്ഛന്റെ അടിയും ....
പ്ന്നീടങ്ങോട്ട്‌....

ആ ബീഡിച്ചുവയുള്ള വാക്കുകളോട് വെറുപ്പായിരുന്നു... പിന്നീടച്ചന്‍ തല്ലുമ്പോള്‍ ഞാന്‍ കരയാറില്ലായിരുന്നു...
കാരണം...... അടി കഴിഞ്ഞു അച്ഛന്റെ ആശ്വാസവാക്ക് വഴിയിലെവിടെയോ വീണു പോയിരുന്നു.. ...
ഇതെല്ലാം മറക്കാന്‍ , എന്നെ ആശ്വസിപ്പിക്കാന്‍ അന്ന് എനിക്കും കിട്ടി ഒരു സുഹൃത്തിനെ.... പിന്നീട് ഞാനറിഞ്ഞു...
അവന്റെ പേര് "ലഹരി" എന്നായിരുന്നുവെന്ന്‌..... അവന്റെ കൂടെ നടന്നു ഞാന്‍ എല്ലാം മറന്നു .....


അച്ഛന്റെ കുത്തുന്ന , ഇക്കിളിപ്പെടുത്തുന്ന കട്ടിമീശയെപ്പോലും... വാഹനം വരുമ്പോള്‍ മുറുകുന്ന തഴംബുള്ള കൈകളെപ്പോലും.....
ആ പിടുത്തം വിട്ടാലും വിട്ടില്ലെന്നു തോന്നിപ്പിക്കുന്ന ആ കൈചൂടിനെപോലും ..........
എന്റെ മറവിയെ പോലും.....

ഹൃദയത്തിലെ ചിതല്‍ പുറ്റുകള്‍






വിരഹത്തെക്കാളും സ്നേഹത്തിന്, സൗന്ദര്യവും ആസ്വാദ്യതയുമുണ്ട്... ഇന്ന് , ഞാനതനുഭവിക്കുന്നു... ജീവിതത്തില്‍, ഒറ്റപ്പെട്ടു പോകുമ്പോഴാണ് കഴിഞ്ഞു പോയതെല്ലാം ഒരു നാടകമാണെന്ന് തോന്നിതുടങ്ങുക... ചെയ്തു കൂട്ടിയതെല്ലാം മണ്ടത്തരമാണെന്നും ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍തുവെന്നും പറഞ്ഞു സ്വന്തം മനസ്സാക്ഷി വേദനിപ്പിച്ചു കൊണ്ടേയിരിക്കും... ഒരൊറ്റമുറിയിലിരുന്നു ചിന്നംപിന്നം പെയ്യുന്ന മഴയെ നോക്കുമ്പോള്‍ പണ്ട് താന്‍ എത്രത്തോളം ആസ്വദിച്ച കാര്യമാനിതെന്നോര്‍ത്തു ദീര്‍ഘ നിശ്വാസം വിടും.... വിധി, കണ്ണീരിന്റെ കൂടെപ്പിറപ്പാണോ എന്ന് ശങ്കിച്ച് പോയി... എത്രകാലം... ഓര്‍മ്മയില്ല ഞാന്‍ എന്നാണവളെ കണ്ടു മുട്ടിയതെന്നു... പക്ഷെ ആ നിമിഷം മായാതെ തന്നെ മനസ്സില്‍ കിടക്കുന്നു.. ആ അനുഗ്രഹീത നിമിഷത്തില്‍ ? അങ്ങനെയാണോ പറയേണ്ടത് എന്നെനിക്കറിയില്ല.. ആദ്യമായി കണ്ട നിമിഷത്തില്‍ തന്നെ ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു കുളിര്‍മ്മ... പക്ഷെ അതിനൊരു ഭയം കലര്‍ന്ന പോലെ തോന്നി. എന്തോ അപ്പോഴെന്റെ ശരീരം വിയര്‍ത്തു കൊണ്ടിരുന്നു... നാണമോ പുഞ്ചിരിയോ എന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടില്ല...ആഗ്രഹമുണ്ടായിട്ടും! പക്ഷെ ... എന്റെ കണ്ണുകള്‍ ഞാനറിയാതെ എന്തോ അവനോടു പറഞ്ഞിട്ടുണ്ടാവാം.... അതെ.. ശരിയാണ് അതുകൊണ്ട് തന്നെയാണല്ലോ ഞാനിന്നും അവളുടെയോര്‍മ്മകളില്‍ മുഴുകിക്കഴിയുന്നത്.... അവളുടെ മനം മയക്കുന്ന ചിരിക്കു എന്റെ മനസ്സിനുള്ളില്‍ വലിയൊരു പ്രണയപേമാരി തന്നെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിരുന്നു.... പിന്നെടങ്ങോട്ടെപ്പോഴോ ഞങ്ങള്‍ സുഹൃത്തുക്കളായി.... പിന്നെപ്പിന്നെ.... ടീച്ചര്‍മാരുടെ കണ്ണ് വെട്ടിച്ചു രണ്ടു പേരും ഒറ്റക്കിരിക്കുന്നതൊരു പതിവായി... പിന്നെ, പേനയും പ്രതലവുമോരുമിക്കുമ്പോള്‍ അതൊരു മനോഹര ചിത്രമായി പരിണമിക്കും പോലെ, പ്രണയവുമായിതീര്‍ന്നു. അന്ന്, തമ്മില്‍ തോന്നിയത് പ്രണയമാണോ സൌഹൃദമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത എട്ടാം ക്ലാസ്സുകാരനില്‍ സ്വപ്നങ്ങളുടെ നിത്യവസന്തം തോരാതെ പെയ്തിരുന്നു.... നീണ്ട ആറു വര്‍ഷങ്ങള്‍ വരെ... എന്നിട്ടിപ്പോ ആരോ എന്നെ വഞ്ചിച്ചിരിക്കുന്നു... ഓരോ ക്ലാസുകള്‍ പിന്നിടുമ്പോഴും മോഹങ്ങള്‍ക്ക് പുതിയൊരു പക്വത വന്നത് പോലെയായിരുന്നു... ഒരിക്കലവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ പ്രണയ ലേഖനം കണ്ടാല്‍ ചിരിച്ചു മണ്ണുകപ്പിപ്പോകും... അതിങ്ങനെയായിരുന്നു: പ്രിയപ്പെട്ട ആതിരയ്ക്ക്, നിന്നെ കാണാതിരിക്കാന്‍ പറ്റുന്നില്ല... അത് കൊണ്ട് ഞാന്‍ അച്ഛമ്മയുടെ വീട്ടില്‍ വിരുന്നിനു പോയില്ല അതുകാരണം വീട്ടില്‍ ഭയങ്കര വഴക്കായി. എന്തോ, എവിടെ നോക്കിയാലും നിന്നെ തന്നെ കാണുന്നു.. കിടക്കുമ്പോ... സൈക്കിളില്‍ പാല് വാങ്ങാന്‍ പോകുമ്പോ കുളിക്കുമ്പോ... മേശമ്മേല്‍ തല വച്ച് കിടക്കുമ്പോള്‍ ചെവിയില്‍ ആതിര.. ആതിര.. എന്ന് കേള്‍ക്കുന്നത് പോലെ തോന്നുന്നു. എന്താണെന്നറിയില്ല... ഒരു ദിവസം പരിസര ബോധമില്ലാതെ അമ്മയെ കേറി എടീ ആതിരേ... എന്ന് വിളിച്ചു. ആതിര എന്ന് മുഴുവനാക്കും മുമ്പ് അടി വീണു. ഞാന്‍ ഓടി മരത്തില്‍ കയറി. തിങ്കളാഴ്‌ച കിഴക്കേപാടം അമ്പലത്തില്‍ വേലക്കു നീ വരുമോ? എന്തായാലും വരണം.... പിന്നെ മറുപടി എഴുതണം വിജി ചേച്ചീടെ മോന്‍ വരുമ്പോ അവന്റെ പോക്കറ്റില്‍ ഇട്ടാല്‍ മതി. അവന്‍ അറിയരുത്. അവന്‍ ട്രൌസരില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ നമുക്ക് ഈശ്വരനോട് പ്രാര്‍ഥിക്കാം... by, നിന്റെ സ്വന്തം R" ഈ കത്തിനു ചുറ്റും "R+A" എന്ന് നീല മഷിപ്പെനകൊണ്ട് കട്ടിയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.. പിന്നെ.. ഒരു പാടൊരുപാട് i lov you കളും... കാലം ഒരുപാട് മാറി, ഒരുപാടെന്നാല്‍ ഒരുപാട്. പിന്നീടെന്തോക്കെയോ സംഭവിച്ചു. ഇപ്പൊ എല്ലാം ഓര്‍മ്മകള്‍ മാത്രമാണ്. ഓര്‍മ്മകള്‍.അത് മറന്നു പോവുന്നെയില്ല. മറക്കും തോറും അതെന്റെ ഹൃദയത്തില്‍ ബിയര്‍കുപ്പി കുലുക്കി തുറന്നപോലെ നുരഞ്ഞു പൊന്തുന്നു.എന്ത് കൊണ്ടാണ് നഷ്ട്ടങ്ങള്‍ മാത്രം ചിന്തയില്‍ ഓടിയെത്തുന്നത്? നേട്ടങ്ങളെ കുറിച്ച് എത്രയെത്ര ചിന്തിക്കാനുണ്ട് എന്നിട്ടും!! പ്രകൃതിക്ക് ജീവിതത്തില്‍ വല്ലാത്തൊരു സ്ഥാനം തന്നെയാണുള്ളത്. മഴ മേഘങ്ങള്‍ അടിഞ്ഞു കൂടുന്ന കല്ലടിക്കോടന്‍ മലനിരകളുടെ പാശ്ചാത്തലത്തില്‍, മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്കായി ഒരുക്കിയ നീണ്ട കനാലുകളുടെ കളകള ശബ്ദം കേട്ട് കൊണ്ട് റബ്ബര്‍ കാടുകളുടെയും മാന്ജികതോട്ടങ്ങളുടെയും സീല്‍ക്കാര ശബ്ദങ്ങള്‍ക്കിടയില്‍, പ്രണയം കൊണ്ടൊരു ലോകം തീര്‍ത്തവര്‍ക്ക് എങ്ങനെയാണത് വിസ് മൃതിയുടെ ബന്ധാരത്തില്‍ അടച്ചു പൂട്ടാന്‍ കഴിയുക? ഇല്ല. അതൊരിക്കലും സാധ്യമല്ല ശരിക്കും പറഞ്ഞാല്‍, അനുഭവങ്ങള്‍ എന്ന ചുകപ്പ് മുന്തിരികള്‍ ഹൃദയത്തിന്റെ തണുത്ത ഭാഗത്ത്‌ കുഴിച്ചു മൂടിയിട്ടാന്ന് ഓര്‍മ്മകളെന്ന വീര്യം കൂടിയ വീഞ്ഞ് നിര്‍മ്മിക്കപ്പെടുന്നത്. ആ വീര്യം കൂടിയ വീഞ്ഞിന്റെ ലഹരിയിലാണ് ഞാനിപ്പോള്‍. ഇല്ല ഈ ലഹരി തീരുന്നില്ല.. മരിക്കുവോളം അതെന്റെ കൂടെയുണ്ടാവും. എങ്കിലും പഴയ ആള്‍ക്കാരൊക്കെ ഇപ്പൊ കാണുമ്പോ പറയും 'താനാകെ മാറിപ്പോയല്ലോടോ എന്ന്. അതെ, മാറ്റം വന്നിട്ടുണ്ട്. പഴയ നിസ്കാരപ്പള്ളി പൊളിച്ചു ഏതോ അറബിയുടെ കാശ് കൊണ്ട് ഗംഭീര പള്ളി അവിടെ സ്ഥാനം പിടിച്ചു. ചെമ്മണ്‍ പാതകള്‍ ടാറിട്ട റോഡുകളായി മാറി. റബ്ബര്‍ കാടുകള്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ ആയും,പുതുപ്പണക്കാരുടെ വീടുകളായും മാറി.... വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, എന്നെ പോലെ പ്രകൃതിയും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ വേഷങ്ങള്‍...പുതിയ ഭാവങ്ങള്‍... എങ്കിലും എന്റെ ഓര്‍മ്മയുടെ കനാലുകള്‍ ഇത് വരെയും വറ്റിയിട്ടില്ല....അത് സഹ്യന്റെ നേരെ ദൂരേയ്ക്ക് ഇപ്പോഴും ഒഴുകുന്നുണ്ട്. ഒരു പക്ഷെ, മലമ്പുഴയിലെ ജലം തീരുവോളം അതെന്നെ കുളിരണിയിച്ചു കൊണ്ടേയിരിക്കും....ഞാനിപ്പോഴും പഴയ സ്കൂള്‍ യുനിഫോമും ധരിച്ചു ആ ഒഴുക്ക് വെള്ളത്തില്‍ മുങ്ങാംകുഴിയിടും. അതെന്റെ അഭിനിവേശമാണ്. അവകാശവുമാണ്. കാരണം, എന്റെ ഓര്‍മ്മകളുടെ ചിതല്‍ പുറ്റിനുള്ളിലേക്ക് ഞാനാരെയും കടത്തി വിടാറില്ല. അനുഭവങ്ങളുടെ അസഹ്യമായ വേദന അനുഭവിക്കാത്തവരാര്‍ക്കും അതിലേക്കു കടന്നു ചെല്ലാനാവുകയുമില്ല.

Saturday, September 24, 2011

ഒരു പത്താം ക്ലാസ്സുകാരന്റെ മോശമെഴുത്ത്








അന്ന്, പത്താം ക്ലാസ്‌ പ്രൈവറ്റ് ആയി പഠിക്കുന്ന കാലം.... ക്ലാസില്‍ ഫീസ് കൊടുക്കാത്തതിന് ചീത്ത കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് ആദ്യമാദ്യം ക്ലാസ്‌ കട്ടെന്ന കലാപരിപാടി തുടങ്ങി വെച്ചത്... പിന്നെ, അതൊരു ശീലമായി, ലഹരിയായി ആഘോഷവും ആര്മാദിക്കലുമായി വളര്‍ന്നു... ആദ്യ പിരീഡില്‍ സിന്ധു ടീച്ചര്‍ ക്ലാസ്‌ ടീച്ചറാണ്.. അവര്‍ ഇവംമാരോന്നും നന്നാവാന്‍ പോകുന്നില്ല എന്നൊരു ഭാവത്തിലാണ് ക്ലാസ്‌ എടുക്കുക... അത് കൊണ്ട് ചോദ്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ വളരെ കുറവാണ്.. അഥവാ ചോദിച്ചാല്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ കിട്ടുന്ന ശിക്ഷ വലുതും അല്ലെങ്കിലും എണപത്തിനാല് കുട്ടികളുള്ള മൂപ്പെത്തിയ യുവമിതുനങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നിടത്തു ഒരു അധ്യാപികക്ക് എന്ത് റോള്‍ ആണുള്ളത്..? ഒരു കരകൌശലക്കാരന്‍ ഒരുത്തിയുടെ മാറ് പിടിച്ചിട്ടു ഇതെന്താ റബ്ബര്‍ പന്തോ എന്ന് ചോദിച്ചിട്ട് പോലും ആ ബഹളത്തിനിടക്ക് ആരും ഒന്നുമറിഞ്ഞില്ല...!! അതാണ്‌ അവസ്ഥ.. സാധാരണ ഞാനും മനാഫും സൈക്കിളില്‍ കുന്നും മലയും താണ്ടി മെയിന്‍ റോഡില്‍കൂടി വീണ്ടും നാല് കിലോമീറ്ററുകള്‍ താണ്ടി ടുടോരിയാല്‍ കോളേജില്‍ എത്തുമ്പോഴേക്കും സമയം ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു വീണ്ടും ഓടിക്കൊണ്ടിരിക്കും... പണ്ടാരം ഈ മണ്ടന്‍ വാച്ചുകള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്ര ധിറുതിയില്‍ ഓടിക്കൊണ്ടിരിക്കുന്നത്...? എന്നാലും ഞങ്ങളുടെ പ്രിന്‍സിപ്പാളും ക്ലാസ്‌ ടീച്ചറുമായ ബിന്ദു ടീച്ചര്‍ എത്തുമ്പോഴേക്കും അതിലും വൈകിയിരിക്കും... അത് കൊണ്ട് മിക്ക ദിവസങ്ങളിലും ഞാനും അവനും രക്ഷപ്പെടാരാന് പതിവ്... അരമതിലുകള്‍ ചുറ്റും പണിത കെട്ടിടം ആറു ചെങ്കല്‍ തൂണുകളിലാണ് നില നിന്നിരുന്നത്... മേലെ ഓലയും ഷീറ്റും കലര്‍ത്തിയ മേല്‍ക്കൂര... അങ്ങനെ നീളത്തില്‍ വേറെ ആറു തൂണുകള്‍ സ്കൂളിലെ കുട്ടികള്‍ക്ക് ടൂഷനെടുക്കുന്ന ക്ലാസുകളെയും സംരക്ഷിച്ചു... ഫീസ് കൊടുക്കാതതിനുള്ള ചീത്ത പറയുന്നത് സ്ഥാപന ഉടമയും കുറ്റിക്കാട്ടൂര്‍ സഫ മെഡിക്കല്‍ ഉടമസ്ഥനും ഞങ്ങളുടെ കെമിസ്ട്രി ക്ലാസ്‌ ടീച്ചറുമായ കമാല്‍ മാഷ്‌ ആണ്... ഇളനീരു വവ്വാല്‍ കൊത്തിയ പോലെയുള്ള മുഖവും അഞ്ഞൂറിന്റെ ബള്‍ബില്‍ എണ്ണ പുരണ്ടാല്‍ കാണാവുന്ന അത്രക്കും തിളങ്ങുന്ന കഷണ്ടിയുമുള്ള, അതിക്രൂരനും അജാനബാഹുവുമായിരുന്നു അന്ന് കമാല്‍മഷ് എന്നാ മുസ്തഫ കമാല്‍ മാഷ്‌...

തലേന്ന് അര്‍ദ്ധരാത്രി വരെ ഞങ്ങള്‍ ഭാവിയില്‍ പണക്കാരായിട്ടു ഉണ്ടായേക്കാവുന്ന അനുഭവങ്ങളും ബെന്‍സ്‌ കാറില്‍ വരുമ്പോള്‍ ഞങ്ങള്‍ സ്വയം തിരിച്ചറിയാതെ പോകുന്ന കഥകളും പിന്നെ പ്രണയം നിരസിച്ച പെണ്‍കുട്ടികളുടെ മുമ്പിലൂടെ സുന്ദരിയായ ഭാര്യയേയും കൊണ്ട് വില കൂടിയ ബൈക്കില്‍ ചെത്തി നടക്കുന്ന ഹരവും പറഞ്ഞു നേരം കൊന്നിട്ട് രാവിലെ തല പൊങ്ങാതെ കിടന്നുറങ്ങിപ്പോവുകയും ചെയ്യുന്നതായിരുന്നു ക്ലാസില്‍ വൈകിയെതുന്നതിനുള്ള പ്രധാന കാരണങ്ങള്‍... അരമുക്കാള്‍ മണിക്കൂറോളം സൈക്കിള്‍ യാത്രയും പത്തു മണിക്കാരംഭിക്കുന്ന ക്ലാസും ഉള്ള ഞങ്ങള്‍ എഴുന്നേല്‍ക്കുക തന്നെ ഒന്പതെ മുക്കാലിനാണ്... പിന്നെ കുളിക്കാതെ പോകാറില്ല കാരണം, അന്ന് എനിക്ക് തോളറ്റം വരെ മുടി ഉണ്ടായിരുന്നു... എന്നാ തേക്കാതെ അലക്കുന്ന സോപ്പ്‌ കൊണ്ട് കുളിച്ചിരുന്ന ഞാന്‍ രാവിലെ എഴുന്നേല്‍ക്കുന്ന കോലം കണ്ടാല്‍ പ്രേതങ്ങള്‍ പോലും പേടിച്ചോടും. അത്രക്കും മുടിയാണ് തലയില്‍ പാറിപ്പറക്കുന്നത്. പത്തു വയസ്സുകാരി പകുതി പൊളിച്ചിട്ട തേങ്ങാചകിരി പോലെയാണ് എന്റെ തല... ഇതൊക്കെ കഴിഞ്ഞു എന്റെ ഹീറോ ഹോണ്ട കരിഷ്മ സൈക്കിളില്‍ ക്ലാസിലെതുമ്പോള്‍ ടീച്ചര്‍ ക്ലാസിലുന്ടെന്കില്‍ ഒരു കൂട്ട ചിരിയാണ ആദ്യം ഉയര്‍ന്നു കേള്‍ക്കുക.. പിന്നെ ചോദ്യങ്ങള്‍.

എന്താ വൈകിയത്?

ഒന്നുമില്ല ടീച്ചറെ മനാഫിന്റെ അമ്മോന്റെ മോളെ കല്യാണമായിരുന്നു...

ഓഹോ.. അതിനു അവനല്ലേ വൈകേണ്ടത് നീ എന്തിനാ വൈകിയത്?

അതല്ല ടീച്ചറെ അവന്‍ എന്റെ തൊട്ടടുത്ത വീടാണ്....

ഹൂം അല്ല മനാഫെ നിന്റെ വീട്ടുകാല്‍ ഭയന്കരന്മാര്‍ തന്നെ...

അതെന്താ അങ്ങനൊരു ചോദ്യം എന്നാ ഭാവത്തില്‍ ഞാനും മറ്റു കുട്ടികളും ടീച്ചറെ സംശയത്തോടെ നോക്കുന്നതിനിടക്ക് ടീച്ചര്‍ തുടര്‍ന്നു:

അതല്ല മിനിഞ്ഞാന് മനാഫ്‌ ഇമ്പോസിഷന്‍ എഴുതാഞ്ഞത് എന്താണെന്ന് ചോദിച്ചപ്പോ അവന്‍ പറഞ്ഞു അമ്മാവന്‍ മരിച്ചു പോയി എന്ന്.. എന്നിട്ട് മൂന്നു ദിവസം തികക്കും മുമ്പ് നിങ്ങള്‍ അവിടെ ഒരു കല്യാണം നടത്തിക്കളഞ്ഞല്ലോ...

ഈ പരിഹാസ ചോദ്യം ആര്‍ക്കാണ് ബാധിക്കുക എന്ന് പറയാന്‍ പറ്റില്ല.. കല്യണമാണോ മരണമാണോ ടീച്ചര്‍ വിശ്വസിക്കുക?... കല്യാണം വിശ്വസിച്ചാല്‍ അവന്റെ കാര്യം കട്ടപോഹാഹെ... അപ്പൊ മരണം വിശ്വസിച്ചാലോ.... ഓര്‍ക്കാന്‍ കൂടി വയ്യ.. കാരണം ടീച്ചര്‍ക്ക് എന്നെ കാണുന്നത് തന്നെ കലിപ്പാണ.ഞാന്‍ എന്റെ വസ്ത്ര ധാരണം ഒന്ന് കൂടി ശ്രദ്ധിച്ചു.. യു എസ എ യുടെ കൊടിയും ലോഗോയും പതിച്ച കണ്ണില്‍ കുത്തുന്ന ബി ജെ പി കൊടിയുടെ കളര്‍ ബനിയന്‍. പണ്ടത്തെ ജയന്റെ കാലസ്രായി ബെല്‍ബോട്ടം പാന്റ് -അവിടവിടെയായി കീറിയ ഡിസൈനും ഉണ്ട്. കലാബോധമില്ലാത്ത ഈ അധ്യാപക വര്‍ഗങ്ങള്‍ക്ക് ഇതൊന്നും കന്ല്‍ണ്ണിപ്പിടിക്കില്ല എന്ന് തീര്‍ച്ച!

അങ്ങനത്തെ ടി ഷര്‍ട്ട്‌ ഇട്ടു കോളേജില്‍ കാലു കുത്തരുതെന്നു പല തവണ വാണിംഗ് കിട്ടിയിട്ടുള്ളതാണ്... എനിക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുന്നത് പോലെ തോന്നി.കാരണം ടീച്ചറൊന്നു വിരല്‍ നൊടിച്ചാല്‍ മുസ്തഫ സര്‍ പറന്നെത്തും പിന്നെ എന്തൊക്കെയാവും നടക്കുക എന്ന് പറയാനൊക്കില്ല.തണ്ടും തടിയുമുള്ള സഹപാഠി മുസമ്മില്‍ എന്തോ ഒരു ഉടക്കിനു നിന്നിട്ട് അവനെ സര്‍ കൈകാര്യം ചെയ്ത രംഗങ്ങള്‍ എന്റെ ഹൃദയത്തെ അറേബ്യന്‍ ഭക്ഷണത്തിന് കമ്പിയില്‍ കോര്‍ത്ത കോഴിയെ പോലെയാക്കി.മൂത്രമൊഴിക്കാന്‍ ശക്തിയായ സമ്മര്‍ദം. ഒരു പാന്റില്‍ തന്നെ ഒഴിച്ച് പോകുമോ? അല്ലെങ്കില്‍ പാന്റില്‍ തന്നെ ഒഴിചാലോ? അമ്പട, അതൊരു ഗമണ്ടന്‍ ബുദ്ധി തന്നെ!എന്നാല്‍ ചിലപ്പോ ടീച്ചര്‍ വെറുതെ വിട്ടേക്കും.. പക്ഷെ, ഉമൈബ? രാഖി? പിന്നെ അപ്രത്തെ ക്ലാസില്‍ നിന്നും ഇത് കേട്ട് ഉറക്കെ ചിരിക്കുന്ന കുട്ടികളുടെ ഇടയിലെ ഒരുപേരറിയാത്ത സുന്ദരി? വേണ്ട. മോശമാണ്. പിന്നെ എങ്ങനെ ഇവളുമാരുടെ മുഖത്ത് നോക്കും..? അങ്ങനെ പലജാതി ചിന്തകള്‍ എന്റെ മനസ്സിനെ ട്രെക്കിങ്ങിനു പോയ ജീപ്പിന്റെ അവസ്തയാക്കി മാറ്റി.അതിനിടക്ക് ഒരുത്തന്‍ മനാഫിനോട് എന്തോ സ്വകാര്യം പറയുന്നത് കണ്ടു... നിമിഷങ്ങള്‍ക്കകം അത് എന്റെ ചെവിയിലുമെത്തി... ഒന്ന് തുള്ളിചാടാനാണ് തോന്നിയത്... കമാല്‍ മാഷ്‌ ഇന്ന് വന്നിട്ടില്ലത്രേ... ഹാവൂ.. ഇനി പുറത്തു നിന്നാലും പ്രശ്നമില്ല. കാരണം ഹാജര്‍ കിട്ടി.രണ്ടാം പിരീഡിനു വേണ്ടി സിന്ദു ടീച്ചര്‍ പോവുമ്പോള്‍ അടുത്ത ടീച്ചര്‍ വരുന്നതിനടക്ക് മുങ്ങാം! ഫ്രീയായി ഒരു ക്ലാസ്‌ കട്ട് ചെയ്യല്‍ അവസരം തരപ്പെട്ടിരിക്കുന്നു. മനാഫിന്റെ മനസ്സിലും ഇതൊക്കെ തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് അവന്റെ ഭാവം കണ്ടപ്പോള്‍ മനസ്സിലാക്കി.

പെട്ടെന്നാണ് ഒരുത്തന്‍ ഉറക്കെ വിളിച്ചു പറഞ്ഞത്: ഹാവൂ അവര് രണ്ടു പേരും രക്ഷപ്പെട്ടു!

രക്ഷപ്പെട്ടന്നോ? ഞാന്‍ മനാഫിനെ നോക്കി അതേ ഭാവത്തില്‍ അവനും തിരിച്ചു നോക്കുന്നു... പിന്നെ അതൊരു കള്ളചിരിയായി മാറി. ഇന്ന് ക്ലാസ്‌ ടെസ്റ്റ്‌ ഉണ്ട്. ടെണ്ടടെം...! ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെയിതാ വെടി വെക്കാതെ തന്നെ...! എന്തൊരു ഭാഗ്യവാന്മാരാണ് ഞങ്ങള്‍. പക്ഷെ അടുത്ത നിമിഷത്തിലാണ് ആ ചതി ഞങ്ങള്‍ക്ക് മനസ്സിലായത്‌... ടീച്ചര്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ആ വിരുതന്‍ അങ്ങനെ വിളിച്ചു പറഞ്ഞത്! അടുത്ത നിമിഷം ഞങ്ങള്‍ രണ്ടു പേരും യാതൊരു ഉപാധികളുമില്ലാതെ ക്ലാസ്സിനകത്താക്കപ്പെട്ടു. എനിക്ക് നിങ്ങളെക്കാള്‍ ബുദ്ധിയുണ്ട് കുട്ടികളെ എന്നാ ഭാവം എനിക്ക് അസഹനീയമായി തോന്നി. ഇമ്പോസിഷന്‍ എഴുതിയത് കൊണ്ട് വരാന്‍ ഓര്‍ഡര്‍ വന്നു കഴിഞ്ഞു എനിക്ക് എഴുതാനുല്ലതൊക്കെ ജസീല എഴുതിക്കൊണ്ട് വന്നിട്ടുണ്ട്.{അത് ഒരു അഡ്ജസ്റ്റ്‌മെന്റ് ആണ്} മനാഫ്‌ എഴുതിയിട്ടില്ല എന്ന് പറഞ്ഞതാണ്. എന്നിട്ടതാ അവന്‍ എഴുന്നേറ്റു കൂള്‍ ആയി ടീച്ചറുടെ അടുത്തേക്ക് പോകുന്നു.. ദൈവമേ അവന്‍ എന്തിനുള്ള പുറപ്പാടാണ്? സാധാരണ ഞങ്ങ ചെയ്യാറുള്ളത് ആയിരം പ്രാവിശ്യം എഴുതാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആരെങ്കിലും ഒരാള്‍ എഴുത്തും എന്നിട്ട് പിറ്റേ ദിവസം അത് വീതം വെക്കും. കൃത്യം അഞ്ഞൂറും അഞ്ഞൂറൂമായിട്ട! അഞ്ഞൂറെണ്ണം കാണിച്ചാല്‍ പിന്നെ ടീച്ചര്‍ ദയ തോന്നി വിട്ടയക്കും. അത് സംഭവിച്ചില്ലെങ്കില്‍ കള്ളത്തരമെന്തെങ്കിലും പറഞ്ഞു രക്ഷപ്പെടും അതിനു വേണ്ടി പരിശ്രമിച്ചു എന്നതാണ് ടീച്ചര്‍ക്ക് പ്രധാനം. എന്നാലും ഞാന്‍ എനിക്ക് എഴുതാനുള്ള ദിവസം ഏതെന്കിലും പെണ്‍കുട്ടികളെക്കൊണ്ട് സാധിചെടുക്കും.. പെണ്‍കുട്ടികള്‍ക്ക് നല്ല സ്നേഹമാണെന്ന് പ്രായമുള്ളവര്‍ പറയുന്നത് വെറുതെയല്ല. ഇതിപ്പോ എന്റെ കയ്യില്‍ നിന്ന് അവന്‍ പകുതി വാങ്ങിയിട്ടുമില്ല. അവനു എന്താണ് സംഭവിച്ചത്. അവനു അടി കിട്ടുന്നത് കാണാനായി ഇതറിയുന്നവരെല്ലാം ആകാംക്ഷയോടെ നോക്കി നിന്നു. പക്ഷെ എല്ലാവരെയും നിരാശപ്പെടുതിക്കൊണ്ട് അവന്‍ ഇമ്പോസിഷന്‍ കാണിച്ചു തിരിച്ചു വന്നു. എനിക്ക് എന്തോ പന്തി കെട് തോന്നി. ഞാന്‍ അവനോടു കാര്യം ചോദിക്കാന്‍ നീങ്ങിയതും അതാ ക്ലാസ്സിലെ മിടുക്കന്‍ [നേരത്തെ ഞങ്ങളെ ടീച്ചര്‍ക്ക് തന്ത്രപരമായി ഒറ്റിക്കൊടുത്തവന്‍] നിന്ന് തിരയുന്നു... ബന്ജിനടിയില്‍ തപ്പുന്നു.. അടുത്തുള്ളവരോട് എന്തൊക്കെയോ ചോദിക്കുന്നു... അവന്റെ ഇമ്പോസിഷന്‍ എഴുതിയ പേപ്പര്‍ കാണാനില്ല.. ആഹഹ! എന്തൊരു മനോഹര പ്രതികാരം. അന്ന് മനാഫിനൊരു ഉമ്മ കൊടുക്കാന്‍ തോന്നിപ്പോയി. പാവം മനാഫ്‌ ഒന്നുമറിയാതെ അവിടെ കഥയും പറഞ്ഞിരിപ്പാന്ന്. ഇമ്പോസിഷന്‍ എഴുതാതവരുടെ ലിസ്റ്റില്‍ ഞങ്ങളെ ഒറ്റിയവനുമുണ്ട്.. അവനു കിട്ടുന്ന ഓരോ അടിയും മറ്റുള്ളവരേക്കാള്‍ ഞങ്ങള്‍ രണ്ടു പേരും നന്നായി ആസ്വദിച്ചു....

Thursday, August 11, 2011

ആത്മഗതങ്ങളുടെ ആത്മാവ്



പ്രണയത്തിന്  അനിര്‍വചനീയമായ ഒരു ശക്തിയുണ്ട് എന്ന് അവന്‍ മനസ്സിലാക്കുന്നത് ; ഒരുപാട് പ്രണയിച്ചു, പിന്നീടെല്ലാം നഷ്ട്ടപ്പെട്ടു... നിരാശ കാമുകന്റെ വേഷവും അഴിച്ചു വെച്ചതിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോഴാണ്......... തനിക്കു തിരിച്ചറിവില്ല എന്ന് പലരും മുഖത്ത് നോക്കി പറയാറുണ്ട്‌.... ഇപ്പോള്‍ തിരിച്ചരിവുകളുരോന്നായി മനസ്സിനെ തൊട്ടുണര്‍ത്തുന്നതും ഒരുപാടൊരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നതും സ്വയം മനസിലാക്കുന്നു... എല്ലാരും കുറ്റം പറയുമ്പോള്‍ ഞാന്‍ ചിന്തിക്കും, ഇവരൊക്കെ എന്ത് ഉദ്ദേശിച്ചാണ് ഇങ്ങനയൊക്കെ പറയുന്നത്? ഒരു കാര്‍ പോകുമ്പോള്‍ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട് അതു കാര്‍ ആണെന്ന്, അതു പോലെ വീടും നാടും മരവും തെങ്ങും കവുങ്ങും പെണ്ണിനേയും ആണിനെയുമെല്ലാം എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്... പിന്നെ എന്ത് തിരിച്ചറിവാണ് ഇവര്‍ പുലമ്പുന്നത് എന്ന്.


എന്നാലിപ്പോ തോന്നുന്നു അതൊന്നുമല്ലാത്ത വേറെയും ഒരുപാട് തിരിച്ചറിവുകള്‍ ഉണ്ട് എന്ന്...


കാരണം,


മനസ്സിലുരുത്തിരിഞ്ഞു വന്ന കുറച്ചു ചോദ്യങ്ങളാണ്; അതെന്നെ വല്ലാതെ അലട്ടുന്നു... എന്ത് നേടി? എന്നാ ഒരു ചോദ്യം തന്നെ ഉത്തരം കിട്ടാത്ത ഒന്നാണ് .. ആത്മാവിന്റെ അന്തരാളനത്തില്‍ നിന്നും ആരാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ? ചോദ്യങ്ങള്‍ക്ക് മറുപടിയായി കുറെ വരട്ടു ന്യായങ്ങളും കേള്‍ക്കുന്നുണ്ട്... അപ്പൊ ആരാണ് മറുപടി പറയുന്നത്...? ഇനി അതോ എനിക്ക് രണ്ടു ഹൃദയങ്ങളുണ്ടോ? ഇനിയിപ്പോ വായിച്ചു മാത്രം അറിവുള്ള മനസ്സാക്ഷി എന്ന സാധനമാണോ..? കലശലായ വാദപ്രതിവാദങ്ങള്‍ ഉള്ളില്‍ നടക്കുന്നുണ്ട്.... ഇതില്‍ ഞാന്‍ ആരാണ്? അപ്പൊ ഇത്രയും വാദപ്രതിവാദങ്ങളെ കുറിച്ച് വേവലാതിപ്പെടുന്ന നീ ആരാണ്?... എന്തായാലും ആകെ കുളമായി കിടക്കുകയാണ് മനസ്സ്... ഇനി എനിക്ക് വല്ല വട്ട് ആയതാണോ എന്നും ചിന്തിച്ചു നോക്കി പക്ഷെ വട്ടന്മാര്‍ക്കറിയുമോ വട്ട് ആയ കാര്യം? ആര്‍ക്കറിയാം.... അതു വട്ടന്മാര്‍ക്ക് മാത്രമല്ലേ അറിയൂ ... എന്തിനാ മണ്ടന്‍ ചിന്തകളുമായി നടക്കുന്നത്... പക്ഷെ മനസ്സില്‍ നിന്നും ചോദ്യങ്ങള്‍ ഡിലീറ്റ് ആകുന്നേയില്ല പിന്നെന്തു ചെയ്യും? ഇനി ഇത് വല്ല വൈറസോ മറ്റോ ആണോ ? അങ്ങനെയെങ്കില്‍ തന്റെ കാര്യം കട്ടപ്പോക തന്നെ... സിസ്റ്റം ഹാങ്ങായി ഹാങ്ങായി.. അവസാനം അടിച്ചു പോയത് തന്നെ... ശരിക്കും ആത്മാര്‍ഥമായി പ്രേമിക്കാന്‍ പാടില്ലായിരുന്നു... അങ്ങനെ ചെയ്തതാണ് ആകെ കുഴപ്പമായത്... ആ അസീമും സലീമുമൊക്കെ പ്രേമിക്കും പോലെ .. പക്ഷെ അതിനൊരു സുഖമില്ല... അങ്ങനെ പ്രണയിക്കുന്നത്‌ പ്രണയമാണോ..? വെറും മാംസക്കൊതി, അല്ലാതെന്തു.. എനിക്കതിനു കഴിയില്ല... ആ ,, അതിനു കഴിയില്ലെങ്കില്‍ ഇതൊക്കെ സഹിക്കുകയും
വേണ്ടി വരും.

ഹോ..പണ്ടാരം.... ഒന്ന് വിചാരിക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ.. വിചാരിക്കുമ്പോഴേക്കും ചോദ്യങ്ങളുമായി നില്‍ക്കുകയാണ് ഹൃദയത്തിനുള്ളിലുള്ള ഓരോ ശല്യങ്ങള് .... ഇവനാരെടാ അശ്വമേധം നടത്തുന്നവനോ? ഇതൊക്കെ പുറത്തായിരുന്നേല്‍ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു... ഇതിപ്പോ...


പഠിപ്പും പോയി ... ജോലിയുമില്ല.... കൂലിയുമില്ല.... അന്ന് കുറച്ചു കൂടി ആവേശം കാണിച്ചിരുന്നെങ്കില്‍ അവളെയെങ്കിലും സ്വന്തമാക്കാമായിരുന്നു ... ഹും ഒന്നും പറഞ്ഞിയ്യ്‌ കാര്യമില്ല .. ഇപ്പൊ തോന്നുന്നു പ്രണയം വെറുമൊരു മണ്ണാങ്കട്ടയാനെന്നു... ശരിക്കും അങ്ങനെയാണോ.. അല്ലല്ല ... എന്താ ഇത്രയായിട്ടും പഠിച്ചില്ലേ..


ഹേ അതു കൊണ്ടല്ല , ഞാന്‍ ആലോചിക്കുകയായിരുന്നു , ആദ്യമൊക്കെ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ തന്നെ താന്‍ നിലത്തേക്ക് നോക്കുമായിരുന്നു ...
എന്തോ അറിയില്ല അതങ്ങനെയാണ്, അങ്ങനെയായിപ്പോകും.. ഒരു നാണം പോലെ... ഇപ്പോഴോ?
ഇപ്പൊ കണ്ടാല്‍ അടിമുടി ഒന്ന് നോക്കും ... പിന്നെ അവളെ എക്സറേയും സ്കാനിങ്ങും ഒക്കെ നടത്തും
ഒരൊറ്റ നോട്ടത്തില്‍ നിന്ന് തന്നെ ഇതിക്കെ തീരും .... പണ്ടത്തെ ആ നാണക്കാരന്‍ പയ്യനെ ഈ കോലത്തില്‍
ഒരു എക്സറേ മിഷീന്‍ ആക്കി മാറ്റിയത് പ്രണയത്തിനെ കഴിവല്ലേ...?
ഹും അതു ശരി തന്നെ....!!!


പിന്നെ അതു മാത്രമോ... സ്കൂളില്‍ ഹൈജമ്പിനും ലോങ്ങ്‌ ജമ്പിനും മത്സരിക്കാന്‍ പോയിട്ട് കാണാന്‍ പോലും പോകാത്ത എന്നെ എത്ര വലിയ മതിലുകള്‍ ചാടിപ്പിച്ചു... ഒന്നും അരുതാതത്തിനു വേണ്ടി അല്ലെങ്കിലും വെറുതെ മുഖത്തോട് മുഖം നോക്കി ഇരിക്കാനായിരുന്നെങ്കിലും .... വേലി ചാടിയവന്റെ പേര് വേലി ചാടിയവന്‍ എന്ന് തന്നെയല്ലേ... ഹൂം എല്ലാം അന്ത കാലം ഇതൊക്കെയാണ് പ്രേമത്തിനുള്ള ശക്തി... ഇതു മതിലും ചാടും... ആരെയും ചോദ്യം ചെയ്യും .... എന്ത് ജോലിയും ചെയ്യും ... എവിടെയും പോകും .... എന്റെ നെഞ്ചില്‍ ആയിരത്തി അഞ്ഞൂറ് സീ സീ യുടെ എന്ജിനാനെടാ ... എന്ന ഭാവത്തില്‍ നെഞ്ച് വിരിച്ചു നടക്കും... അതാണ്‌ പ്രണയം... .. കുറച്ചു കൂടി വ്യക്തമായും ശക്തമായും പറഞ്ഞാല്‍ അതാണ്‌ പെണ്ണ് എന്ന് പറയേണ്ടി വരും...

ഇപ്പോള്‍ ശരിക്കും ഞാന്‍ ആദ്യം പറഞ്ഞ അനിര്‍വചനീയമായ അതുല്യ ശക്തി ജീവിതത്തിനാണ് എന്ന് തോന്നുന്നു... കാരണം മനുഷ്യനിഷ്ട്ടപ്പെട്ട മേഖലയോട് അവനു അടക്കാനാവാത്ത അഭിനിവേശം തോന്നുന്നു ... അതു ചിലപ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാകാം....
നേതൃത്വത്തിന് വേണ്ടിയാകാം... ഒരിറ്റു സ്നേഹത്തിനു വേണ്ടിയാകാം... മതത്തിനു വേണ്ടിയോ ഭക്തിക്കു വേണ്ടിയോ ആകാം .......വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടിയാകാം.... പെണ്ണിന് വേണ്ടിയോ പണത്തിനു വേണ്ടിയ ആകാം.... അങ്ങനെ മനുഷ്യ മനസ്സില്‍ ഉത്ഭവിക്കുന്ന ആയിരക്കണക്കിന് ആശകള്‍ക്ക് വേണ്ടി അവന്‍ പോരാടുന്നു... അങ്ങനെ, മനുഷ്യ ജീവിതത്തിനു അനിര്‍വചനീയമായ അതുല്യ ശക്തി ഉണ്ടെന്നു തെളിയിക്കപ്പെടുന്നു... അതിന്റെ തെളിവുകളാണല്ലോ മനുഷ്യന്‍ ഉന്നതങ്ങളില്‍ എത്തപ്പെടുന്നത്....

ആത്മഗതങ്ങളുടെ ആത്മാക്കളാണോ നമ്മള്‍? അല്ല-ഞാന്‍?


ഓഫ് സൈഡ്: അതു കൊണ്ടാണല്ലോ ആദമിനെ പ്രണാമം ചെയ്യാന്‍ ചെകുത്താനോട് ദൈവം കല്‍പ്പിച്ചത്.... .......