Saturday, September 1, 2012

പിടിച്ചതിലും വലുത് മാളത്തിലോ..!?പുതുപ്പണക്കാരന്‍ ഹസ്സനിക്കയുടെ വാപ്പ മോയിന്‍കുട്ടി ഇക്കാക്ക് ഒരു വീക്നസ് ഉണ്ട്, നാലാള് കൂടുന്നിടത്ത്‌ ഒന്ന് ആളാവണം. വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ പുള്ളി അങ്ങാടിയില്‍ ബ്രോക്കാര്‍മാര്‍ക്കിടയിലും ഉമ്മര്‍ക്കാന്റെ മീന്‍ തട്ടിന്റെ അടുത്തും ബസ് സ്റൊപ്പിലും ഒക്കെയായി കറങ്ങി നടപ്പാണ്. ഒരു ദിവസം താഴെ അങ്ങാടിയിലെ പ്രകാശേട്ടന്റെ മോന്‍ സൈക്കിളില്‍ രണ്ടു കയ്യും വിട്ടു പോകുന്നത് കണ്ടപ്പോള്‍ പുള്ളി ഉറക്കെ വിളിച്ചു ചോദിച്ചു :

"മോനേ, നിന്‍റെ ഹാന്‍ഡില് വില്‍ക്കുന്നോ..."

അല്‍പ്പം വേഗതയില്‍ ആയതു കൊണ്ടാവണം കേട്ടപാതി കേള്‍ക്കാത്ത പാതി പയ്യന്‍ സൈക്കിള്‍ നിര്‍ത്തി തിരിഞ്ഞു നിന്ന് ചോദിച്ചു,
"എന്താ മോയിങ്കുട്ടിക്കാ...?"
ഒരു ഇരയെ കിട്ടിയ തക്കത്തിന് ഞെളിഞ്ഞു നിന്ന് കൊണ്ട് മോയിന്‍ കുട്ടിക്കാ ആള്‍ക്കാര് കേള്‍ക്കാന്‍ തക്കവണ്ണം ചോദിച്ചു:
"അല്ല, മോന് ഏതായാലും സൈക്കിളോടിക്കാന്‍ ഹാന്‍ഡില് വേണ്ട. അപ്പൊപ്പിന്നെ അത് വില്‍ക്കുന്നോ...? നല്ല വെല തരാം."

പയ്യന്‍ ചമ്മിപ്പോയി. ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന സ്ത്രീകളും മീന്‍ വാങ്ങാന്‍ വന്ന ആള്‍ക്കാരും ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ ചൊറിയുംകുത്തിയിരിക്കുന്ന ബ്രോക്കര്‍മാരുമെല്ലാം കൂടി മോയിങ്കുട്ടിയുടെ ഫലിതം കേട്ടു ആര്‍ത്തു ചിരിച്ചപ്പോള്‍ പയ്യന്‍ നടുറോഡില്‍ തുണിയുരിഞ്ഞു പോയ പോലെ നാണം കേട്ടു തലയും താഴ്ത്തി മിണ്ടാതെ സൈക്കിളോടിച്ചു പോയി.

വര്‍ഷങ്ങള്‍ കടന്നുപോയി. പ്രകാശേട്ടന്റെ മോന്‍ വലുതായി. അങ്ങാടീല്‍ ആരെങ്കിലും ചോദിച്ചാല്‍ അച്ഛന്റെ പേര് പറയാതെ തന്നെ തിരിച്ചറിയാന്‍ മാത്രം ചില്ലറ കുരുത്തക്കേടുകള്‍ കളിച്ചു ഫെയ്മസ് ആയ ആ പഴയ പയ്യന്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന ബിജു എന്ന സ്ഥാനപ്പേരിന് ഉടമയായി. ഒരു സെക്കണ്ട് ഹാന്‍ഡ്‌ കവാസാക്കി കാലിബര്‍ അവനു സ്വന്തമായപ്പോള്‍ പഴയ സൈക്കിള്‍ അവന്റെ വീട്ടില്‍ പിന്നാമ്പുറത്തെ ആലയില്‍ തുരുമ്പെടുത്തു തുടങ്ങി.
ഒരു ഞായറാഴ്ച കൂട്ടുകാരുമൊത്ത് പതിവു പോലെ സിനിമ കാണാനിറങ്ങിയ ബിജുവും മൂന്നു കൂട്ടുകാരും ബൈക്കില്‍ കയറാന്‍ സര്‍ക്കസ്സു കളിക്കുന്നതിനിടയിലാണ് നമ്മുടെ പഴയ മോയിന്‍കുട്ടിക്കായുടെ വരവ്.
'ഹോ ഒരു കുരിശു വരുന്നുണ്ട്. വേഗം കയറെടാ സതീഷേ'

 ബിജു സ്വരം താഴ്ത്തിപ്പറഞ്ഞു. നാല് പേര്‍ ആകെ തെങ്ങോലയുടെ തലമട്ടലിന്റെ മാത്രം വലിപ്പമുള്ള ബൈക്കിന്‍റെ സീറ്റില്‍ പീഡനം നടത്തുന്നത് കണ്ടു അവിടെമിവിടേം ഇരിക്കുന്ന കിളവന്മാര്‍ പരിഹസിച്ചു ചിരിക്കുന്നുണ്ട്. പിന്നിലുള്ള മൂന്നുപേരും കയറിക്കഴിഞ്ഞപ്പോള്‍ പെട്രോള്‍ ടാങ്കിനു മുകളില്‍ ആസനസ്ഥനായ ബിജു ആടിയാടി വണ്ടി മുന്നോട്ടെടുത്തതെയുള്ളൂ,തൊട്ടടുത്തെത്തിയ മോയിന്‍ കുട്ടിക്കാ ഉറക്കെ ചോദിച്ചു,
"അല്ല മോന്യേ... വണ്ടിന്റെ ബെക്കില് ഇഷ്ട്ടം പോലെ സ്ഥലണ്ടല്ലോ! ഒരാളേം കൂടി കേറ്റുമോടാ... എന്തട മോനെ പ്ലീസ്...."

കരഞ്ഞു കാലു പിടിക്കുന്ന പോലെ ഇരിക്കാനിടമില്ലാത്ത ബൈക്കില്‍ ലിഫ്റ്റ്‌ ചോദിച്ച മോയിന്‍കുട്ടിക്കാ ഒന്ന് ആക്കിയതാണല്ലോ എന്നോര്‍ത്ത  ബിജു അപ്പോത്തന്നെ വണ്ടി നിര്‍ത്തി കൂട്ടുകാരോട് ഇറങ്ങാന്‍ പറഞ്ഞുകൊണ്ട് വണ്ടിയുടെ വലത്തെ ഹാന്‍ഡിലില്‍ പിടിച്ചു നിന്ന മോയിന്കുട്ടിക്കായ്ക്ക് മറുപടി കൊടുത്തു :

"നോക്കീം മോയിങ്കുട്ടിക്കാ ഈ വണ്ടിമ്മല് തീരിം സ്ഥലമില്ല്യ. നിങ്ങക്ക് അര്‍ജന്റ് ആണെങ്കില് ഇങ്ങള് ഈ വണ്ടി കൊണ്ടോയ്ക്കോളി. കൊറച്ച് കഴിഞ്ഞിട്ട് തന്നാമതി" 

എന്നും പറഞ്ഞു കൊണ്ട് ബിജുവും വണ്ടിയില്‍ നിന്നിറങ്ങി. നേരെ അടുത്തുള്ള ബാര്‍ബര്‍ ഷാപ്പിലേക്ക് കൂട്ടുകാരുടെ കൂടെ കയറിച്ചെന്നു.
സ്വപ്നത്തില്‍ പോലും സൈക്കിള്‍ ഓടിച്ചിട്ടില്ലാത്ത മോയിന്‍കുട്ടിക്കാ ബൈക്കിന്‍റെ ഹാന്‍ഡില് പിടിച്ചു ഒരു നിമിഷം അന്തംവിട്ടു നിന്നു.
ആദ്യം തന്നെ ബാലന്‍സ് ചെയ്യണോ അതോ ബൈക്ക് വീഴാതെ പിടിക്കണോ എന്ന് ശങ്കിച്ച വൃദ്ധന്‍ കോഴി അയയില്‍ കയറിയ അവസ്ഥയിലായി.
"ഇവ്വണ്ട്യെന്താ കള്ളുകുടിച്ചിക്ക്ണോ നേരെ നിക്ക് വണ്ട്യെ ഹൈ ഹോ ഹെ എന്നും പ്രാകിക്കൊണ്ട്‌ 'ടാ മോനേ ഇങ്ങട്ട് വാടാ ഇവ്വണ്ടി പിടിക്കെടാ കുട്ടാ" 
എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ബിജു ബാര്‍ബര്‍ ഷോപ്പീന്നു പുറത്തിറങ്ങിയില്ല. അവസാനം ബിജുവിന്റെ കൂടെയുള്ള ഒരു പയ്യന്‍ പാവം തോന്നി മോയിന്‍ കുട്ടിക്കായുടെ അടുത്തു നിന്നു ബൈക്ക് വാങ്ങി. കണ്ടു നിന്ന നാട്ടുകാര് മൊത്തം ചിരിച്ചു മണ്ണുകപ്പി പൊട്ടിച്ചിരിക്കിടെ മീന്‍ വില്‍ക്കുന്ന ഉമ്മര്‍ക്ക വിളിച്ചു പറഞ്ഞു, 

' മോയിങ്കുട്ട്യെ... പണ്ടത്തെ കുട്ട്യോളല്ല നോക്കീം കണ്ടും നിന്നില്ലെങ്കി ചെക്കന്മാര് പണി തരും.'

'ഹൊ! ഇപ്പളത്തെ ചെക്കമ്മാരോട് ഒന്നട്ട മിണ്ടാനും പാടില്ലാണ്ടായി' എന്നും പറഞ്ഞു കൊണ്ട് മോയിന്‍ കുട്ടിക്കാ പണ്ടത്തെ ആ കൈവിട്ടു സൈക്കിളോടിച്ച പയ്യന്റെ അതേയവസ്ഥയില്‍ കെറുവിച്ചു നടന്നു പോയപ്പോള്‍ കൂടെ നിന്ന കൂട്ടുകാരന്‍ അഷറഫ് ബിജുവിനോട് പറഞ്ഞു: 
"ഡേ, ആ തന്തയെങ്ങാനും ബൈക്കിന്റൊപ്പം വീണ് നടുവിടിഞ്ഞിരുന്നെങ്കില്‍ കാണാരുന്നു."
അപ്പൊ ബിജു ചിരിച്ചു കൊണ്ട് പറഞ്ഞു;
"വയസ്സായീന്ന് ഒരു വിചാരവുമില്ല. ഞാന്‍ എട്ടില്‍ പഠിക്കുമ്പോ കുറിച്ചു വെച്ചതാ അയാള്‍ക്കിട്ടൊരു പണി കൊടുക്കണമെന്ന്. അല്ല പിന്നെ...!"


ലേബല്‍ : കൊച്ചുവര്‍ത്തമാനം