അയാള്‍ തീര്‍ത്തും അസ്വസ്ഥന്‍ ആയിരുന്നു. മുറിയിലേക്ക് കയറും മുമ്പ് തന്നെ കട്ടിയുള്ള ഡോര്‍ ഗ്ലാസ്സില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തി അയാളൊന്നു പാളി നോക്കി കുഴപ്പമെന്തെങ്കിലും...? ഇല്ല. നെറ്റി നന്നായി വിയര്‍ത്തിട്ടുണ്ട്. ആ വിയര്‍പ്പ് ചാലുകള്‍ നേരത്തെയിട്ട പൌഡറില്‍ കലര്‍ന്ന് മുഖം വികൃതമാവുമോ... ഹേയ് ... അല്പ്പമല്ലേ ഇട്ടുള്ളൂ... പോക്കറ്റില്‍ ടവ്വല്‍ തപ്പിയപ്പോള്‍ അത് ബാഗിലാണെന്നോര്‍ത്തു. അങ്ങനെ തന്നെ ഇരിക്കട്ടെ. ശീതീകരിച്ച ആ മുറിയില്‍ പതുപതുപ്പുള്ളതും ക്രീം നിറത്തിലുമായി ക്രമീകരിച്ച സോഫകളുടെ ഒരു വശത്ത് അയാളും സ്ഥാനമുറപ്പിച്ചു. കുറച്ചു പേരെ എത്തിയിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു പക്ഷെ.... ഇന്നലെ ഓര്‍ത്തോര്‍ത്തു ഡയറിയില്‍ എഴുതി വെച്ച കണക്കുകള്‍ നോക്കുമ്പോള്‍ നാല്പത്തി ഒന്നാമത്തെ ഇന്റര്‍ വ്യുവും ഇന്നത്തോടെ താന്‍ നേരിടുമെന്ന് ഒരു നേര്‍ത്ത നിസംഗതയോടെ അയാള്‍ ഓര്‍ത്തു.
"നീ രക്ഷപ്പെടും പ്രസാദേ, ഓരോരോ പരീക്ഷകള്‍ കഴിയും തോറും നീ കൂടുതല്‍ കൂടുതല്‍ യോഗ്യതയുള്ളവനായിതീരുകയാണ് "ശശി മാഷുടെ വാക്കുകള്‍ മനസ്സില്‍ ഒരു ആശ്വാസം പോലെ തോന്നി.
പഴയ വൃത്തികെട്ട ചിന്തകളില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ പരിസരം വീക്ഷിച്ചു. കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ അഹങ്കാരവും വശ്യതയും കലര്‍ന്ന ഫോണ്‍ സംസാരം ആ മുഖത്തിനോട്ടും ചേരില്ലെന്ന് തോന്നി. അവളുടെ കാതില്‍ ഞാന്നു കിടക്കുന്ന നീളന്‍ കമ്മല്‍ നന്നായി പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. സൈഡിലെ വാര്‍ന്നു വെക്കാന്‍ മറന്നു പോയ മുടി ചെവിക്കരികിലെ നനുത്ത രോമങ്ങളെ ഇക്കിളിപ്പെടുത്തുന്നുണ്ടോ? ഛെ, താന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്! പെണ്ണ് നശിച്ച വര്‍ഗം. ആദം അറിയാതെ കഴിച്ച പഴത്തിന്റെ അതേ രുചിയും സൌന്ദര്യവുമാണതിന്. പറിച്ചാലും രുചിച്ചാലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. അതെ കുറിച്ച് ആലോചിക്കുകയേ ചെയ്യരുത്. മറ്റിടങ്ങളിലേക്ക് അയാളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി നോക്കി. ആളു കൂടിയോ? കൂടിയിട്ടുണ്ട്. ജോലി കിട്ടില്ലേ? കൂട്ടം കൂടിയും ഒറ്റപ്പെട്ടും നില്‍ക്കുന്ന യുവാക്കളുടെ ആരുടേയും കണ്ണിലേക്ക് നോക്കാനുള്ള ധൈര്യം തോന്നിയില്ല. പരിചയപ്പെടാനുള്ള പുഞ്ചിരി ചിലരൊക്കെ തൊടുത്തു വിട്ടുവെങ്കിലും ദ്രിഷ്ട്ടി മാറ്റി കണ്ടില്ലെന്ന ഭാവത്തില്‍ വേറെയെവിടെക്കോ നോക്കിക്കളഞ്ഞു. എല്ലാവരും സന്തോഷത്തിലാണെന്ന് തോന്നി ഇടയ്ക്കിടെ അടക്കിപ്പിടിച്ച പൊട്ടിച്ചിരികളും കുശുകുശുക്കലും കേള്‍ക്കാം. ഒരുപാട് അത്തറകളുടെയും സുഗന്ധ സ്പ്രേകളുടെയും മണം കലര്‍ന്ന് ആ മുറി വിങ്ങി തുടങ്ങിയിരുന്നു. അരികു ഭാഗത്തെ ചില്ലിട്ട ജനലിലൂടെ പാലക്കാടന്‍ മീന വെയിലിലേക്ക് നോക്കിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു പാട് ചിന്തകളുടെ പൊടിക്കാറ്റടിച്ചു.
ഇവരൊക്കെ എന്ത് കൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നത്? എങ്ങനെയാണ് ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നത്. മനസ്സ് തുറന്നു ചിരിച്ചിട്ട് എത്രനാളായി എന്നയാള്‍ ഓര്‍ത്തു നോക്കി. ഓ.. എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? തന്നെപ്പോലെ തന്നെ ആയിരിക്കുമോ എല്ലാരും? അവര്‍ക്ക് സന്തോഷിക്കാന്‍ ഒരു പാട് കാരണങ്ങള്‍ കാണും. താനും ഇന്നലെ സേതുക്കാന്റെ കടയുടെ സൈഡിലെ തിണ്ണയിലിരിക്കുമ്പോള്‍ പൊട്ടി ചിരിച്ചിട്ടില്ലേ? പിന്നെന്താണ് കുഴപ്പം? ശരിയാണ്. ഇന്നലെ താന്‍ നന്നായി ചിരിച്ചു. എന്തായിരുന്നു അത്?
മമ്മി. അവനൊരു സംഭവം തന്നെയാണ്. സംഭവമോ? പ്രസ്ഥാനം എന്നെ പറയാവൂ എന്നാണു രമേഷിന്റെ വാദം. തന്റെ വായ ചിരിച്ചതിനു എന്തായാലും അവനാണ് കാരണക്കാരന്‍. തെക്കെപാടത്തു അമ്പലപ്പരിപാടിക്ക് കമ്പവലി മല്‍സരം നടക്കുമ്പോഴായിരുന്നു അത്. മൈക്കിലൂടെ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ലിസ്റ്റ് രാജേട്ടന്റെ മകന്‍ സന്തോഷ് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മമ്മി പതുക്കെ അടുത്ത് ചെന്ന് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞുവത്രേ... ഒരു നൂറു രൂപ സന്തോഷിന്റെ പോക്കറ്റില്‍ മമ്മി നിക്ഷേപിക്കുന്നതിന് കോഴി കൊയക്കാന്റെ മകന്‍ അഷറഫ് സാക്ഷിയാണ്. അപ്പൊ തന്നെ അവന്‍ മമ്മിയോടു ചോദിക്കുകയും ചെയ്തു, എന്തിനാ നൂറു കൊടുത്തത് എന്ന്. അതിനു മമ്മി മറുപടി പറഞ്ഞില്ലെങ്കിലും സംഗതി അപ്പൊ തന്നെ വെളിച്ചത്തായി. അടുത്ത നിമിഷം മൈക്കിലൂടെ സന്തോഷിന്റെ ഘടോര ശബ്ദത്തില്‍ അറിയിപ്പ് വന്നു: "പൊറ്റമ്മല്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ മമ്മിയുടെ പേര് മുഹമ്മദ് എന്ന് മാറ്റിയതായി അറിയിക്കുന്നു. ഇനി മുതല്‍ മമ്മിയെ മമ്മി എന്ന് വിളിക്കരുത് എന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു" - രസം അവിടെയല്ല, അറിയിപ്പ് തീര്‍ന്നിട്ടുമില്ല അടുത്തത് ഒരു ചോദ്യമായിരുന്നു - "ഇങ്ങനെ പോരേ മമ്മീ?" മൈക്ക് ഓഫ് ആക്കാന്‍ മറന്നതോ മനപ്പൂര്‍വ്വം മറന്നതോ ആണ് വിഷയം. രമേഷിന്റെ കഥ പറച്ചില്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ മൂന്നു പേരും ചിരിച്ചു ചിരിച്ചു വയറൂവേദനയെടുത്തു.
അത് പോലുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തന്റെ ബലിച്ചോറ് എന്നേ കാക്ക കൊത്തിയേനെ. എന്നാലും ആത്മഹത്യ എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ് എന്നാണു അഷറഫ് ഒരിക്കല്‍ പറഞ്ഞത്. അവരുടെ മതത്തില്‍ അതിനു മാപ്പില്ലാത്ത ശിക്ഷയാണത്രേ പരലോകത്ത് നിന്നും ലഭിക്കുക. മരണം എന്നത് വല്ലാത്തൊരു പ്രതിഭാസം തന്നെയാണ്. ഒരിക്കലും രുചിച്ചു നോക്കി പിന്നീടൊന്നു കൂടി രുചിക്കാന്‍ പറ്റാത്ത അപൂര്‍വ്വ വിഭവം. അതിനപ്പുറം എന്തൊക്കെയോ നിഗൂഡതകള്‍ മറഞ്ഞിരിപ്പുണ്ട്. മോഹിപ്പിക്കുന്ന സുഖസൗകര്യങ്ങളുള്ള സ്വര്‍ഗം, എത്ര വേദനിചാലും മരിച്ചാലും മരിക്കാന്‍ അനുവദിക്കാത്ത നരകം, മാലാഖമാര്‍, ചെകുത്താന്മാര്‍, കോടാനു കോടി മനുഷ്യരുടെ ആത്മാക്കള്‍, എല്ലാം കൂടി ഒരു ഭയങ്കരന്‍ ലോകം. അത് ഭരിക്കുന്നതോ സര്‍വ്വം കയ്യിലൊതുക്കി വെച്ചിരിക്കുന്ന ദൈവം എന്ന പരമാധികാരി.
ഇതൊക്കെ സത്യമാണോ? പണ്ടാരമടങ്ങാന്‍ ഒന്ന് ചാകാനും സമ്മതിക്കാത്ത ലോകത്താണ് താന്‍ വന്നു പെട്ടിരിക്കുന്നത് എന്ന് തോന്നിപ്പോവുന്നു. പണ്ടെങ്ങോ വായിച്ച കഥയിലെ ഒരു കുള്ളന്‍ കഥാപാത്രം എവിടെയോ എത്തിപ്പെടുന്ന പോലെ താനും എത്തിപ്പെട്ടതായിരിക്കാം. എന്നിട്ട് അവിടെ നമ്മുടെ പഴയ ഓര്‍മ്മകളൊക്കെ മായിച്ചു കളയും എന്നിട്ട് ആരുടെയൊക്കെയോ അടുത്ത് കൊണ്ട് പോയി ഇട്ടിട്ടു മനസ്സില്‍ തോന്നിപ്പിക്കും, ഇതാണ് നിന്ന്റെ അമ്മ, ഇതാണ് അച്ഛന്‍. അങ്ങനെയങ്ങനെ... എന്നിട്ട് ആ വികൃത ലോകത്തില്‍ ആര്‍ക്കൊക്കെയോ വേണ്ടി നമ്മള്‍ വേദനിക്കുന്നു. ആരൊക്കെയോ നമ്മളെ പഴിക്കുന്നു....
യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏതോ നാട്ടിലെ രാജ കുമാരനോ മറ്റോ ആയിരിക്കണം. എവിടെയോ വേട്ടയാടാന്‍ പോയപ്പോള്‍ ഏതോ സ്വാമിയുടെ ശാപം കിട്ടി. അതല്ലെങ്കില്‍ ഏതോ അത്ഭുതക്കനി കഴിച്ചു. അതോടെ താന്‍ ഏതോ ലോകത്തു എത്തിപ്പെട്ടു പോയി... ഒരിക്കല്‍ താന്‍ ഈ നശിച്ച ലോകത്ത് നിന്ന് ഓടി രക്ഷപ്പെടും. എന്നിട്ട് തന്റെ രാജ്യം അഭിമാനത്തോടെ ഭരിക്കും.
എ പി പ്രസാദ്..... എ പി പ്രസാദ്....
എവിടുന്നോ ആരോ വിളിക്കുന്നുണ്ടോ? എവിടെയാണ് ഞാന്‍.... ഞെട്ടി കണ്ണ് തിരുമ്മി ചുറ്റിനും നോക്കിയപ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നു. രാജാവായ എന്റെ പരിവാരങ്ങളോ? ഒരിക്കലുമല്ല. എല്ലാവരും ഷര്‍ട്ടുകള്‍ ഇന്‍സൈഡ് ചെയ്തു നില്‍ക്കുന്നു. പെട്ടെന്ന് പരിസര ബോധം വന്നു. ഇന്റര്‍വ്യു വിനു അകത്തേക്ക് ചെല്ലാനുള്ള വിളിയാണ്. ഞാന്‍ എന്തൊരു മനുഷ്യനാണ് ! ഏതോ സ്ഥലത്തെ ഏതോ മുറിയില്‍ മയങ്ങുന്നോ? അതും ഇന്റര്‍വ്യൂവിനു വന്നിട്ട്? ട്രെയിനില്‍ വന്നാ മതിയായിരുന്നു. ബസ്സില്‍ വന്നിട്ടായിരിക്കും ഭയങ്കര ക്ഷീണം. പെട്ടെന്ന് മുഖം തുടച്ചു അകത്തേക്ക് ചെന്നു.
ഇതെന്തൊരു ഇന്റര്‍വ്യു ആണ്! ഒറ്റ ചോദ്യങ്ങള്‍ ചോദിച്ചില്ല! പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചു. പേര് ചോദിച്ചു. സ്ഥലവും. ഇനി ഇതിന്റെ ഇവംമാര്‍ വേറെ വല്ല തട്ടിപ്പും നടത്തുന്നുണ്ടോ? ആര്‍ക്കറിയാം. ഈ ലോകം വല്ലാത്തൊരു ലോകമാണ്. പെട്ടെന്ന് നേരത്തെ കണ്ട സ്വപ്നം മനസ്സിലേക്ക് വന്നു. അതേ. ഇത് ഞാന്‍ ഏതോ ശാപം കാരണം എത്തിപ്പെട്ട നശിച്ച ലോകം തന്നെയായിരിക്കും. ആ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോ വാച്ച്മാനെ പോലെ ഒരാള്‍ ചിരിച്ചു കാണിച്ചു. മാന്യത വിചാരിച്ചു തിരിച്ചു ചിരിച്ചപ്പോള്‍ അയാള്‍ ഒരു ചോദ്യം, മോന്റെ വീട് എവിടെയാ? ഇനി ഇയാളോടും പറയണോ ഊരും പേരും. നാശം ചിരിക്കണ്ടായിരുന്നു. അഡ്രസ് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എന്റെ ഭാര്യവീട് അവിടെ തന്നാ മോനേ... ആ വായനശാലെടെ അടുത്ത്... അറിയുന്ന സ്ഥലമാണ്. എന്തോ അയാള്‍ വല്ലാത്ത പരിചയം കാണിച്ചു. നാട്ടിലുള്ള ഒരാള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നും കാണുന്ന ഒരു പ്രതീതി അയാള്‍ക്ക് തന്നോട് തോന്നിക്കാണും. തനിക്കും ആ ഒരു സുഖം തോന്നുന്ന പോലെ തോന്നി.
പോരാന്‍ നേരത്ത് അയാള്‍ പറഞ്ഞു : മോനേ, സ്നേഹം കൊണ്ട് പറയുവാ... ഇവിടേക്കുള്ള ആളുകളെ ഒക്കെ എടുത്തു കഴിഞ്ഞു. ഇതൊക്കെ വെറും വേഷം, കെട്ടല്ലേ.... മോന്‍ വേറെ വല്ലയിടത്തും നോക്ക്. വല്ല നേതാക്കന്മാരെയും പിടിച്ചാല്‍ കാര്യം നടക്കും കുറച്ചു തുട്ട് കൊടുക്കേണ്ടി വരും.മോന്‍ ഒരു അന്‍പതിനായിരം ഒപ്പിക്കയാണേല്‍ ഞാന്‍ ഇവിടെ തന്നെ....
"വേണ്ട" മുഴുമിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
"എന്നാ ശരി ചേട്ടാ...." അയാളുടെ അടുത്ത് നിന്നും അകലാന്‍ വേണ്ടി വലിഞ്ഞു നടന്നു...
നാശം... ഈ പണം കണ്ടു പിടിച്ചവനെ ആദ്യം കൊല്ലണം. പണം... പണം... ചെകുത്താന്റെ നികൃഷ്ട്ട കാഷ്ട്ടം തന്നെയായിരിക്കാം പണം. എല്ലാം എല്ലാര്‍ക്കും യാതെഷ്ട്ടം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലോകം ഉണ്ടാകും..? ഒരു പക്ഷെ, തന്റെ സ്വപ്നത്തില്‍ കണ്ട തന്റെ രാജ്യം അങ്ങനെയായിരിക്കണം. ഇനി തിരിച്ചു വീട്ടിലേക്കു പോകുന്ന കാര്യം ഓര്‍ത്തു ആകെ ഉല്‍ക്കണ്ഠയായി. വീട്. ശരിക്കും തന്റെ വീട് ആയിരിക്കുമോ അത്? മീനു? അതേ മീനുവും ഒരു പക്ഷെ, തന്റെ കൂടെ വന്നതായിരിക്കും. എന്തൊരു സ്നേഹമാനവള്‍ക്കെന്നോട്! ഒരു അച്ഛന്‍ എന്ന് പറയുന്ന ഒരാള്‍ ഉണ്ട്. എവിടെയോ... എവിടെയോ ആണ്. വരുമോ?അറിയില്ല. എന്തിനാണ് ഇയാള്‍ എന്റെ മാതാവെന്ന് പറയപ്പെടുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്? കുറെ മക്കളെ സൃഷ്ട്ടിക്കാനോ? അതോ തന്നില്‍ കെട്ടിക്കിടക്കുന്ന ഭ്രാന്തന്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ? നാശം തന്നെ. താനെന്തൊരു ലോകത്താണ്! ഇല്ലാപ്പാട്ട് പാടുന്ന ഒരു തള്ള(?). ആ തള്ളയുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു പണം തട്ടുന്ന സഹോദരന്‍(?) മറ്റൊരുത്തന് മുഴു വട്ട്. ഒരു പെണ്‍കുട്ടിയും. അവള്‍ ഒരു പക്ഷെ എന്നേ സ്നേഹിക്കാന്‍ വേണ്ടി മാത്രം ജനിച്ചവളായിരിക്കാം.

ഈ യാത്രക്കൊരു സുഖമുണ്ട്.... ബസ്സിലെയും ട്രെയിനിലെയും തിരക്കില്ല. സുഖസുന്ദരമായ കാറ്റ്.... അതില്‍ കലര്‍ന്ന് വരുന്ന ആരോ ഒഴിച്ചിട്ട മൂത്രത്തിന്റെ ഗന്ധം...
പക്ഷെ, ആ ഇന്റര്‍വ്യു മുറിയിലെ മനുഷ്യരുടെ സുഗന്ധവസ്തുക്കള്‍ കലര്‍ന്ന വിയര്‍പ്പ് മണത്തേക്കാള്‍ സുഖമുണ്ടിതിന്. സത്യം.
ദൂരേക്ക് നോക്കിയപ്പോള്‍ റെയില്‍ പാളത്തിലെ വിലങ്ങനെയിട്ട കൊണ്ക്രീറ്റ് പാളികള്‍ പടികള്‍ പോലെ അയാള്‍ക്ക് തോന്നി. അകലെ, സൂര്യന്‍ സ്വര്‍ണം പൂശിയ ഒരു ലോകവും കൊണ്ട് കാത്തിരിക്കുന്ന പോലെ തോന്നി.... ആ കാഴ്ചയുടെ മുമ്പിലൂടെ, സൂര്യ കിരണങ്ങളെ പാശ്ചാതലമാക്കി പറന്ന പറവകള്‍ തന്നെ അവിടേക്ക് മാടി വിളിക്കുന്ന പോലെ തോന്നി. ആ പടികളിലൂടെ ഞാന്‍ ധൃതിയില്‍ നടന്നു.താന്‍ സ്വപ്നത്തില്‍ കണ്ട തന്റെ ലോകം തന്റെ പ്രജകളുമായി കാത്തിരിക്കുന്നുന്ടെന്നും അയാള്‍ക്ക് തോന്നി. ആ ഹരം കൊള്ളിക്കുന്ന അവസ്ഥയില്‍ അയാളുടെ കര്‍ണ്ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുമാറ തന്റെ പിന്നില്‍ നിന്നുമയാള്‍ പെരുമ്പറശബ്ദം താളക്കൊഴുപ്പോടെ മുഴങ്ങിക്കേട്ടു..... അപ്പോള്‍ അയാള്‍ വളരെയധികം സന്തോഷവാനായി കാണപ്പെട്ടു... ആവേശത്താല്‍ അയാള്‍ രണ്ടു കൈകളും വിടര്‍ത്തിപ്പിടിച്ചു.....
അവസാനമായി, അയാള്‍ തന്റെ രാജകൊട്ടാരത്തിലെ ഭടന്‍ ഉറക്കെ ശംഖു വിളിക്കുന്നതും കേട്ടു......
ഇതൊന്നുമറിയാതെ അഞ്ചരയുടെ രാജധാനി എക്സ്പ്രസ് നീണ്ട ഹോണും മുഴക്കി ഭൂമിയെ പ്രകമ്പനം കൊള്ളിച്ച് വല്ലാത്തൊരു ശബ്ദത്തോടെ ആ പാളത്തിലൂടെ കടന്നു പോയി....
......ശുഭം...
No comments:
Post a Comment
എന്നോടൊന്നു മിണ്ടൂ :