Thursday, December 22, 2011

ഓര്‍മ്മകളിലെ ഉണ്ണിയപ്പം









കുട്ടിക്കാലത്ത് ഓര്‍ഫനേജിന്റെ മുമ്പിലൂടെയുള്ള റോഡില്‍ കൂടി 

ദിവസവും വെള്ള താടിയുള്ള ഒരു വൃദ്ധന്‍ വരുമായിരുന്നു. അയാളുടെ കൈകളിലെ വെളുത്തു ചുളുങ്ങിയ തൊലിയില്‍ല്‍ ഇളം പച്ച നിറത്തില്‍ വൃക്ഷ ശിഖിരങ്ങള്‍ പോലെയുള്ള ഞരമ്പുകള്‍ എനിക്കന്നു വല്ലാതെ കൌതുകം സമ്മാനിച്ചിരുന്നു.
മിക്ക ദിവസങ്ങളിലും രാവിലെ ഞാന്‍ അയാളെയും നോക്കി ഗെയ്റ്റിന്റെ കമ്പിയില്‍ പിടിച്ചു ദൂരേക്ക്‌ നോക്കി നില്‍ക്കും.... 



ആ സ്ഥാപനത്തിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, അയാള്‍ എനിക്ക്എല്ലാ ദിവസവും പലഹാരങ്ങള്‍ കൊണ്ട് വരും....

പോകാന്‍ നേരത്തു പേര് ചോദിച്ചാല്‍ ആ വെള്ള അപ്പൂപ്പന്‍ താടി' തടവിക്കൊണ്ട് പറയും-
നിന്റെ വെല്ല്യുപ്പ ആണ് മോനെ..."
അപ്പൊ നിഷ്കളങ്കതയോട് കൂടി ഞാന്‍ വീണ്ടും ചോദിക്കും,
"അതല്ല, ശരിക്കും പേര് പറ".
അപ്പൊ ഗെയ്റ്റിനുള്ളില്‍ കൂടി കൈകടത്തി എന്റെ മൂക്ക് പിടിച്ചു പതിയെ തടവിക്കൊണ്ട് പറയും:
"നീ എന്നെ ഇപ്പോഴും വിളിക്കുന്നത്‌ തന്നെ എന്നെ വിളിച്ചാല്‍ മതി. എന്നെ അങ്ങനെ വിളിക്കാന്‍ നീ മാത്രമേ ഉള്ളൂ മോനെ..."
അപ്പോള്‍ ഞാന്‍ കളിയോടെ വിളിക്കും: "വെല്ല്യുപ്പാ...." എന്ന് .
ആ സമയം വല്ലാത്തൊരു സ്നേഹത്തോടെ അയാള്‍ എന്നെ തടവിക്കൊണ്ടിരിക്കും.... തലയിലും മുഖത്തും തോളത്തുമെല്ലാം അയാളുടെ കൈകള്‍ എന്നില്‍ സ്നേഹം പടര്‍ത്തുമ്പോള്‍ പെട്ടെന്ന് എനിക്കെന്റെ ഉപ്പയെ ഓര്‍മ്മ വരും. അപ്പൊ പതിയെ മുഖം കറുത്ത്, ചിണുങ്ങി ചിണുങ്ങി..., ചുണ്ട് മലച്ചു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും.... എനിക്കയാളെ കെട്ടിപ്പിടിക്കണമെന്നു തോന്നും പക്ഷെ, അതൊരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു...

അന്ന് ആ അപ്പൂപ്പന്‍ കൊണ്ട് വരുന്ന പലഹാരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടം ഉണ്ണിയപ്പം ആയിരുന്നു... ഇപ്പോഴും ഉണ്ണിയപ്പം കണ്ടാല്‍ എനിക്കയാളെ ഓര്‍മ്മ വരും... എന്തിന്, ചെറിയ കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ഒരു ചെറിയ കുട്ടി ആയിപ്പോകുന്നത് പോലും ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന അയാള്‍ കാരണമാണെന്നു എനിക്ക് തോന്നാറുണ്ട്....


കാലം ഉരുട്ടി വിട്ട പ്രായത്തിന്റെ എണ്ണങ്ങള്‍ എന്നെ എവിടെയോ എത്തിച്ചിരിക്കുന്നു....
അന്നത്തെ ആ ചെറിയ കുട്ടി സ്വപ്നം പോലും കാണാത്ത ഇരുണ്ടതും ചിലപ്പോഴൊക്കെ പ്രകാശമാനമായതുമായ വഴികളിലൂടെ, നടന്നു നടന്നു അവസാനം ഞാനിപ്പോള്‍ ഓര്‍മ്മകള്‍ കൊയ്ത്തു കൊണ്ടിരിക്കുകയാണ്.... വിതച്ചതെന്നെന്നോര്‍മ്മയില്ലെങ്കിലും ഞാനത് കൊയ്തുകൊണ്ടേയിരിക്കുകയാണ്..


മറന്നതല്ല, ആ പ്രായത്തില്‍ അതൊന്നും ഓര്‍ത്തു വച്ചിരുന്നില്ല... കണ്ണൂര്‍ ആണെന്ന് മാത്രം അറിയാം... ഓടിട്ട ആ സ്ഥാപനതിനടുത്തു ഒരു പ്രസ്‌ കൂടിയുണ്ടായിരുന്നു... അതിന്റെ പിന്‍ഭാഗത്താണ് ഞാന്‍ എല്‍ കെ ജി യും യു കെ ജിയും ഒന്നാം ക്ലാസും പഠിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍... അവിടെ രണ്ടു വെള്ള അമ്ബാസിഡര്‍ കാറുകള്‍ ഉണ്ടായിരുന്നു... രണ്ടുമൂന്നു ആംബുലന്‍സുകളും. പിന്നെ ഒരു ഓര്‍മ്മയുള്ളത് അക്കാലത്ത് ഏതോ തിരഞ്ഞെടുപ്പിലെ ഉച്ചഭാഷിണിയുടെ ശബ്ദരേഖയാണ് : "നമ്മുടെ സ്ഥാനാര്‍ഥി ഇ അഹമ്മദിനെ വിജയിപ്പിക്കുക " ഇത്ര മാത്രമേ ഓര്‍മ്മയുള്ളൂ... ഇ. അഹമ്മദ്‌ കണ്ണൂരില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്കറിയില്ല. ആ ഉച്ചഭാഷിണി വേറെ എവിടുന്നെങ്കിലും ഓര്‍മ്മകളില്‍ കയറിക്കൂടിയതാണെങ്കിലോ? എല്ലാ ഓര്‍മ്മകളുമിപ്പോള്‍ പണ്ടെന്നോ കുളത്തില്‍ വീണു പോയ സ്വര്‍ണക്കമ്മല്‍ പോലെയാണ് തോന്നുന്നത്... ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിടയിലെവിടെയോ അത് വെയില്‍ തട്ടി തിളങ്ങുന്നത് ഞാന്‍ കാണുന്നുണ്ട്.... പക്ഷെ, മുങ്ങിയെടുക്കാന്‍ നോക്കുമ്പോ അതെനിക്കു കിട്ടുന്നേയില്ല.... കമ്മല്‍ കിട്ടാത്തതില്‍ പിണങ്ങിയ ആ പഴയ കളിക്കൂട്ടുകാരിയുടെ മുഖത്ത് കണ്ട സങ്കടത്തിന്റെ അതേ ഭാവം തന്നെയാണോ എന്റെ ഹൃദയത്തിന് ഇന്നും അനുഭവപ്പെടുന്നത്?



ഇന്നും എന്റെ നനുത്ത ഓര്‍മ്മകളുടെ ഭാരം പേറുന്ന ആ കെട്ടിടം ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല... ആ അപ്പൂപ്പന്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നും എനിക്കറിയില്ല...
എന്നാലും,
എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ അവിടെ ഇന്നും പോകാറുണ്ട്...
എന്നിട്ട് അവിടുത്തെ മുറ്റത്തെ മണലില്‍ ജീവിതത്തില്‍ ഇത് വരെ പഠിക്കാത്ത അക്ഷരങ്ങള്‍ വിരല് കൊണ്ട് എഴുതിപ്പടിക്കും...
വിശക്കുമ്പോ, അപ്പൂപ്പന്‍ കൊണ്ട് വരുന്ന ഉണ്ണിയപ്പത്തിന്റെ രുചിയോര്‍ത്തു വെള്ളമിറക്കും....


പിന്നെ, പഴയ ഗേറ്റും പിടിച്ചു ഞാന്‍ ആ അപ്പൂപ്പനെ കാത്തിരിക്കും....

എന്നിട്ട് കുട്ടിക്കാലത്തെ പോലെ കൊഞ്ചലോടെ പറയും, ന്റെ അപ്പൂപ്പന്‍ ഇന്ന് വരൂലെ...?

എല്ലാ ഓര്‍മകളും സംഗമിക്കുന്ന ആനിമിഷത്തിനു വേണ്ടി
എന്റെ ആത്മാവ് ഞാനറിയാതെ കൊതിക്കാറുണ്ട്...
അത് ഒരു പക്ഷെ, ആത്മാവിന്റെ തേങ്ങലായിരിക്കാം.....
അല്ലെങ്കില്‍ തളിരിനെ തഴമ്പാക്കിയതിന് കാലത്തിനോടുള്ള
വാശിയും വേദനയും കലര്‍ന്ന ഒരു തരം ഗദ്ഗദമായിരിക്കാം....

4 comments:

  1. അനുഭവത്തിന്റെ തീവ്രത... കണ്ണ് നിറഞ്ഞു....

    ReplyDelete
  2. അനുഭവങ്ങളുടെ തീവ്രത..കണ്ണ് നിറഞ്ഞു ...
    :(

    ReplyDelete

എന്നോടൊന്നു മിണ്ടൂ :