Saturday, September 8, 2012

ഓര്‍മ്മകളുടെ ശവപ്പറമ്പില്‍








അനുഭവങ്ങള്‍ തുടങ്ങുമ്പോള്‍ ഒരുപാടുപേര്‍ കൂടെയുണ്ടായിരുന്നു.... പക്ഷേ എല്ലാം ഓര്‍മ്മയായി മാറിയപ്പോള്‍ സ്മൃതിയുടെ ശവപ്പറമ്പില്‍ ഞാനൊറ്റക്കായിപ്പോയത് പോലെ തോന്നുന്നു. അവിടെ, ഓരോ കുരിശുകള്‍ക്ക് താഴെയും കല്ലില്‍ പതിച്ച എന്‍റെ ഓര്‍മ്മകളുടെ കല്ലടയാളങ്ങളെ തിരഞ്ഞു നടന്നു....


ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഓര്‍മ്മകളെ തേടിപ്പിടിക്കുന്നത് കുട്ടിക്കാലത്ത് മേഘങ്ങള്‍ക്കിടയിലൂടെ അമ്പിളി മാമനെ തേടിയ പോലെ തോന്നുന്നു. നമ്മള്‍ നടക്കുമ്പോ നമ്മളെക്കാള്‍ വേഗത്തിലതു നീങ്ങിനീങ്ങിപ്പോകും. അപ്പൊ ആ പാവം ചെക്കന്‍ കരുതും നടത്തം നിര്‍ത്തിയാല്‍ അമ്പിളിമാമനും നില്‍ക്കുമെന്ന്. പക്ഷേ എവിടെ! അമ്പിളിമാമന്‍ അപ്പോഴും പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കും. ഓടാന്‍ തുടങ്ങിയാല്‍ വീണ്ടും വേഗത്തിലോടാന്‍ തുടങ്ങും. ദുഷ്ട്ടന്‍ .


എല്ലാം മറക്കുവാനായി ഓര്‍മ്മകളെ കൊല്ലാന്‍ വിഷം വാങ്ങുവാന്‍ മരുന്നുകടകളില്‍ ഞാനലഞ്ഞു നടന്നു. ഓര്‍മ്മകളെ കൊല്ലുന്നത് ഭ്രൂണം നശിപ്പിക്കുന്നയത്രയും വലിയ കുറ്റമാണെന്ന് മരുന്നുകടയില്‍ കണ്ട ഏതോ കുപ്പിയില്‍ എഴുതിവെച്ചതു കണ്ടു. ഓര്‍മ്മകള്‍ക്ക് ഒരുപക്ഷേ ജീവനുണ്ടായിരിക്കാം, അതു വളരുമായിരിക്കാം, എന്നിട്ട്?




എന്നിട്ടും തന്നോട് യുദ്ധം ചെയ്യുമോ...? അറിയില്ല.

അതോ നിന്നിലലിഞ്ഞു ചേരുമോ!? അറിയില്ല. ഓര്‍മ്മകളെ കൊണ്ട് നടക്കുന്നത് ഭൂതങ്ങളെ കൊണ്ട് നിറഞ്ഞ ഗുഹയിലൂടെ കുഞ്ഞിനെ മാറോടു ചേര്‍ത്തു ഭയന്ന് ഭയന്നു പോകുന്ന ഒരമ്മയുടെ ആധിയോടെയാണ്. എന്നിട്ടും!?



വേണ്ട. എനിക്ക് ഓര്‍മ്മകളെ കൊല്ലേണ്ട. അവനില്ലെങ്കില്‍ ഞാനില്ല. ഓര്‍മ്മകളെന്റെ ഗര്‍ഭമാണ്. അവന്‍ ജനിക്കട്ടെ. എന്നിട്ടവന്‍ അവന്‍റെ കൈകൊണ്ടു തന്നെയെന്നെ കൊല്ലട്ടെ. അപ്പോഴാണ്‌ മരണത്തിന് എന്നെയും കൂടിയൊരു ഓര്‍മ്മയാക്കി മാറ്റുവാന്‍ കഴിയുക....

ഒരിക്കല്‍ ഞാനുമൊരു ഓര്‍മ്മയായി മാറും എന്നിട്ട് ഞാനും എന്‍റെയോര്‍മ്മകളും കൂടി അമ്പിളി മാമന്‍റെ കൂടെ കളിക്കാന്‍ പോകും. അപ്പോള്‍ നക്ഷത്രങ്ങളെ കണ്ട് ആരാണ് എന്നെ തിരിച്ചറിയുക!? അതോ മറ്റൊരു ഓര്‍മ്മയുടെ ഭ്രൂണമായി ഞാനെവിടെയെങ്കിലും ജനിക്കുമോ!? അറിയില്ല.























6 comments:

  1. മുത്തേ നീ വീണ്ടും കലക്കി ട്ടോ .. :) ഇനിയും ഒരുപാട് ഇതുപോലെ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  2. വായിച്ചു , ഇഷ്ടപ്പെട്ടു ... ഇനിയും എഴുതൂ ..

    ReplyDelete
  3. സ്മരണകളും സ്വപ്നങ്ങളുമെല്ലാം നമുക്ക്‌ മുന്നോട്ട്‌ കുതിക്കാനുള്ള ഇന്ധനമാണ്‌...

    ReplyDelete
  4. വളരെ ഗഹനമായ ചിന്തകള്‍ ആണല്ലോ

    ReplyDelete
  5. ഓര്‍മ്മകളെന്റെ ഗര്‍ഭമാണ്. അവന്‍ ജനിക്കട്ടെ. എന്നിട്ടവന്‍ അവന്‍റെ കൈകൊണ്ടു തന്നെയെന്നെ കൊല്ലട്ടെ. അപ്പോഴാണ്‌ മരണത്തിന് എന്നെയും കൂടിയൊരു ഓര്‍മ്മയാക്കി മാറ്റുവാന്‍ കഴിയുക.

    കൊള്ളാം കേട്ടോ നല്ല എഴുത്ത്.

    ReplyDelete

എന്നോടൊന്നു മിണ്ടൂ :