Saturday, September 29, 2012

ബാക്കിപത്രം



എല്ലാ ഓര്‍മ്മകള്‍ക്കും ക്ലാസ്സിലെ ബെഞ്ചുകളില്‍ ആണിയാല്‍ കോറിയിട്ട ചില അക്ഷരങ്ങള്‍ സാക്ഷി...

ഒഴിഞ്ഞ മൂലകളിലെ ചുവരുകളിലെ കരിയും ഓട്ടിന്‍കഷ്ണവും കൊണ്ടെഴുതിയ വരികള്‍ സാക്ഷി...

കൊടുക്കാതെ ബാക്കിയാവുന്ന നോട്ടുബുക്കിലെ നടുപ്പേജുകളും അതിലെ കവിതകളും സാക്ഷി...

ഉറവയോഴുകുന്നയിടവഴികളില്‍ നിന്നെക്കാത്തിരുന്ന വഴിയിലെ അടുക്കുമ്പോള്‍ മിടിപ്പു കൂടുന്ന ഹൃദയതാളങ്ങള്‍ സാക്ഷി...

നീ കടന്നു പോയ വഴിയില്‍
മിണ്ടാതെ, മിണ്ടാനാവാതെ എതിര്‍ദിശയില്‍ കാന്തികബിന്ദുക്കള്‍ വഴുതിപ്പിരിഞ്ഞപ്പോള്‍ ബാക്കിയായ വിഫലനിശ്വാസങ്ങള്‍ സാക്ഷി...

നിന്റെ കൈ മുറിഞ്ഞു
പൊട്ടിവീണ ചുവന്ന വളപ്പൊട്ടുകളിലൊന്നിപ്പോഴുമെന്‍റെ പഴയ തകരപ്പെട്ടിയില്‍ കിടന്നു വിളിച്ചു പറയുന്നുണ്ട്; ഞാനും സാക്ഷി... ഞാനും സാക്ഷി...

ഓര്‍മ്മകളുടെ തീരത്തു നില്‍ക്കുമ്പോള്‍
ശരിക്കും നീയൊരു തിരമാലയായിരുന്നെന്നു തോന്നുകയാണെനിക്ക് ...
ഞാന്‍ തീരത്തെഴുതിയതെല്ലാം കാണാതെ
കിലുകിലെ ചിരിച്ചോടിവന്നു
മായ്ച്ചു കളയുന്ന തിരമാല...

ചിപ്പികള്‍ കൊണ്ടു ഞാന്‍ പണിത
പ്രണയസൗധങ്ങളെല്ലാം നീ തട്ടിത്തകര്‍ത്തപ്പോഴും
ഞാന്‍ നിനക്ക് വേണ്ടി കവിത രചിക്കുകയായിരുന്നു... എങ്കിലും ഞാനതറിയുന്നു ; നീയതറിഞ്ഞില്ല... ഞാനതുപറഞ്ഞതുമില്ല... തിരിച്ചറിവാണ്
പ്രണയമെന്ന വികാരമെന്നു തോന്നിയ നിമിഷം സാക്ഷി; അതാരും തട്ടിപ്പറിക്കുന്നില്ല, അതാരും നേടിയെടുക്കുന്നില്ല-

-അതാര്‍ക്കും നഷ്ട്ടപ്പെടുന്നുമില്ലെന്ന സത്യം സാക്ഷി ;
കാലം വിധികൊണ്ടൊരുക്കുന്ന അപൂര്‍വ്വ നിമിഷത്തിന്‍റെ അനുഭവമാണെന്ന സത്യവും സാക്ഷി;
പ്രകൃതി എന്‍റെ സ്വപ്നങ്ങളുടെ ആഴം തിരിച്ചറിയുവോളം നീയെനിക്ക് വിധിക്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞു ഞാനാശ്വസിക്കുമ്പോഴും എന്‍റെ പ്രണയത്തിനു ഞാന്‍ മാത്രം സാക്ഷി.

6 comments:

  1. നല്ല വരികള്‍ ഒരുപാട് പെയ്തു.പക്ഷെ,വാക്കുകളില്‍ വിരഹം കുത്തിയൊലിച്ചില്ല..

    ReplyDelete
  2. നന്നായി എഴുതി. ആശംസകള്‍

    ReplyDelete
  3. എന്‍റെ പ്രണയത്തിനു ഞാന്‍ മാത്രം സാക്ഷി.
    :)

    ReplyDelete
  4. പ്രിയപ്പെട്ട റഹിം,

    ഓര്‍മകളില്‍ ഓളങ്ങള്‍ അല തല്ലുമ്പോള്‍, വായനാ സുഖമുണ്ട്.

    പറയാതെ പോയ ഇഷ്ടം, എപ്പോഴും ഓര്‍ക്കാം;ഓമനിക്കാം.

    ആശംസകള്‍ !

    സസ്നേഹം,
    അനു

    ReplyDelete

എന്നോടൊന്നു മിണ്ടൂ :