Thursday, October 18, 2012

വേദനയില്ലെങ്കില്‍ എന്തുസംഭവിക്കും!?
ഇതൊരു സ്കൂളോര്‍മ്മയാണ് .പത്താം ക്ലാസ്സിലെ രസകരമായ അനുഭവങ്ങള്‍ .

ന്നത്തെ
ഞങ്ങളുടെ ബയോളജി മാഷ്‌ ഭയങ്കര രസികനായിരുന്നു. നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....
ക്ലാസ്സില്‍ ചിരി പൊട്ടി.
നേരെ എന്നെ വിരല്‍ ചൂണ്ടി പുള്ളി പറയാന്‍ തുടങ്ങി; നമ്മുടെ റഹീം അമ്പതു പവനും മാരുതി കാറും ഒക്കെ വാങ്ങി ഒരു സുന്ദരിക്കുട്ടിയെ കല്യാണം കഴിച്ചു....
ക്ലാസ്സില്‍ ചിരി പൊട്ടി. 

(എല്ലാര്‍ക്കും അമ്പതു പവനെ ഹും അതും മാരുതി കാറേ അതും റഹീമിനെ എന്നഭാവം ) 

പെണ്‍കുട്ടികളുടെ ഭാഗത്തെ കുശുകുശുക്കലും ആണ്‍കുട്ടികളുടെ ഭാഗത്തെ 'ആക്കലും' നടക്കുന്നിതിനിടെ മേശമ്മേല്‍ കൈകൊണ്ടടിച്ചു ശബ്ദമുണ്ടാക്കി മുഖത്തു ഭാവവിതിയാനങ്ങള്‍ വരുത്തി മാഷ്‌ തുടര്‍ന്നു; അങ്ങനെ ഒരു ദിവസം കാറിന്റെ ടയര്‍ പഞ്ചറായി. ബന്ധുവീട്ടില്‍ സല്‍ക്കാരത്തിനു പോവുകയായിരുന്ന അവര്‍ തുടര്‍ന്നുള്ള യാത്ര ബസ്സില്‍ പോകാമെന്നു വെച്ചു.
റഹിം അടിപൊളി ആയെങ്കില്‍ റഹിമിന്‍റെ കെട്ട്യോള്‍ അതിനേക്കാള്‍ അടിപൊളിയിലാണ് വന്നിരിക്കുന്നത്. ആളെ കാണിക്കാന്‍ അമ്പതു പവന്‍ സ്വര്‍ണ്ണവും എറ്റിക്കൊണ്ടാണ് ആ കുട്ടി വന്നിരിക്കുന്നത്.
(പലര്‍ക്കും തലകുത്തിമറിഞ്ഞ് ചിരിച്ചു വയറുവേദന എടുക്കാന്‍ തുടങ്ങിയിരുന്നു എന്‍റെ അവസ്ഥ പറയേണ്ടല്ലോ..! പശു ചാണകമിടുന്ന ഭാവവും മുഖത്തു പേറി......പേറി....)
ബസ്സില്‍ പലരും ഇവന്റെ ഭാര്യയെ ഇടയ്ക്കിടെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. കയ്യും കഴുത്തും ഒക്കെ സ്വര്‍ണ്ണം കൊണ്ട് മൂടി, അരയില്‍ വീതിയുള്ള അരഞ്ഞാണവും ചുറ്റി... ഹോ അതൊരു കാഴ്ച്ച തന്നെ! അങ്ങനെയങ്ങനെ ബസ്സില്‍ ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ....

(പലരും ആകാംക്ഷയോടെ എന്‍റെ ഭാര്യയെ ജാക്കിവെക്കാന്‍ ഏതോ തലതിരിഞ്ഞവന്‍ ഇപ്പൊ ക്ലൈമാക്സിലേക്ക് കടന്നു വരും എന്ന ഭാവത്തില്‍ അക്ഷമരായി മാഷിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു.)
ആ... അങ്ങനെ ബസ്സില്‍ ഒരു കൈ മുകളിലെ കമ്പിയില്‍ പിടിച്ചു, ഒരു കൈ തൂക്കിയിട്ടു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ...

( പലരുടെയും മുഖത്തു ഒന്ന് വേഗം പറഞ്ഞു തുലയ്ക്ക് മാഷേ എന്ന ഭാവം)

റഹിം അവന്‍റെ ഭാര്യയുടെ അല്‍പ്പം അകലത്തില്‍ തന്നെ നില്‍ക്കുന്നുണ്ട്. രണ്ടു പേര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല. എന്നാല്‍ വിഷയം അതൊന്നുമല്ല, ആ ബസ്സില്‍ ആരുമറിയാതെ ഒരു കള്ളന്‍ കയറിപ്പറ്റിയിരുന്നു. അവന്‍റെ അരയില്‍ മൂര്‍ച്ചയുള്ള ഒരു അരിവാളുമുണ്ട്..! ആ കള്ളന്‍ സൂത്രത്തില്‍ റഹിമിന്‍റെ പ്രിയതമയുടെ അടുത്തെത്തി.. പതുക്കെ പതുക്കെ ആ കുട്ടീടെ തൂങ്ങിക്കിടക്കുന്ന കൈ മുട്ടിനു മേലെ വെച്ചങ്ങു മുറിച്ചു കൊണ്ടുപോയി.!!!

"ങേ...!!!" ഈ ഞെട്ടല്‍ ശബ്ദം എല്ലാവരുടേം കൂടി ഒപ്പമായിരുന്നു .

മാഷ്‌ തുടര്‍ന്നു; അതേ അയാള് മുരിച്ഛങ്ങു കൊണ്ട് പോയി. ആരും അറിഞ്ഞതുമില്ല. വേദന ഇല്ലല്ലോ!

സ്സ്സ്സ്സ്സ് അള്ളാപടച്ചോനേ പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നു കേട്ടു.

അപ്പൊ ഒരുത്തന്‍ കേറി ചോദിച്ചു; അപ്പ മാഷെ, ചോര വരൂലേ ചോര കണ്ടാ മനസ്സിലാവൂലെ!?
(അവനൊരു മണ്ടന്‍ തന്നെ! )

മാഷ്‌ അവനെ ദയനീയമായൊന്നു നോക്കി. എന്നിട്ട് കണ്ണുരുട്ടിക്കൊണ്ട് മിണ്ടരുത് എന്ന ആംഗ്യം കാട്ടി അവനോടു പറഞ്ഞു. മിണ്ടരുത്. മണി മിണ്ടരുത്. കഥയില്‍ ചോദ്യമില്ല. ക്ലാസ്സില്‍ വീണ്ടും ചിരി പൊട്ടി. അവനെ കളിയാക്കികൊണ്ട്‌ എല്ലാരും ചിരിയോടു ചിരി.

വീണ്ടും മാഷ്‌ തുടര്‍ന്നു: അപ്പഴേക്കും അവര്‍ക്ക് ഇറങ്ങേണ്ട
സ്ഥലമെത്തിയിരുന്നു.റഹിമും ഭാര്യയും ബസ്സിറങ്ങാന്‍ വാതിലനുടുത്തെക്ക് നടന്നു. വാതിലിനടുത്തെത്തിയതും ബസ്സു നിന്നതും അവര്‍ പുറത്തെത്തിയതും ഒരുമിച്ചായിരുന്നു. നമ്മടെ നാട്ടിലെ ബസ്സല്ലെ ബസ്സിലെ കിളികളല്ലേ... അവര്‍ക്ക് അവരുടെ കാര്യമാ വലുത്. ബസ്സങ്ങു പോയി. റഹീമു തിരിഞ്ഞു ഭാര്യേടെ കൈപിടിച്ചു നടക്കാന്‍ നോക്കുംബ അവള് ഭയങ്കര കരച്ചില്. സാധാരണ ഇവള് രണ്ടു കയ്യും കൊണ്ട് മുഖം പൊത്തിയാണല്ലോ കരയാറ് ഇന്നെന്താ ഒറ്റക്കൈ കൊണ്ട് എന്ന് നോക്കുംബഴേക്കും അതാ... അവളുടെ കൈ കാണുന്നില്ല.!! ചതിച്ചോ ഈശ്വരാ...റഹീം തലേ കൈവെച്ചു. എന്നിട്ടുറക്കെ : "അയ്യോ...! അമ്പതു പവനില്‍ ഇരുപതുപവനും പോയല്ലോ പടച്ചോനേ... " എന്ന്!

അത് കേട്ട റഹിമിന്‍റെ കെട്ട്യോള്‍ കരച്ചില് നിര്‍ത്തി ബാക്കിവന്ന ഒരു കൈകൊണ്ടു ഒരു മുട്ടന്‍ വടിയെടുത്തു തലമണ്ടക്ക്‌ ഒരടിയടിച്ചു. റഹിം ക്ലോസ്- നമ്മടെ കഥേം ക്ലോസ്.

അപ്പൊ വേദനയില്ലെങ്കി എന്ത് സംഭവിക്കും!?

മുമ്പ് ചോരക്കാര്യം ചോദിച്ച മണ്ടന്റെ ഉത്തരം വളരെ പെട്ടെന്നായിരുന്നു : പെണ്ണുങ്ങളെയൊക്കെ ക്കെ ആണുങ്ങള് മുറിച്ചു കൊണ്ടോവും. ശര്യല്ലേ മാഷെ!?

അതുകേട്ട മാഷിന്‍റെ പല്ലുകള്‍ കൂട്ടിയിറുമ്മുന്ന ശബ്ദം ഞങ്ങള്‍ക്കിവിടെ കേള്‍ക്കാമായിരുന്നു...!