Tuesday, October 23, 2012

ഇതു മാമ്പുഴയുടെ കഥ


നിങ്ങള്‍ക്ക് അപ്പൂപ്പന്‍ താടി എങ്ങനെയാ ഉണ്ടാകുന്നെ എന്നറിയാമോ!?
കുറെ കാലം എനിക്കും അറിയില്ലായിരുന്നു. ഒരു ദിവസം പറങ്കിമാവിന്‍ ചുവട്ടില്‍ ചുമ്മാ പഴുത്ത പറങ്കിമാങ്ങ നോക്കി നടക്കുമ്പോള്‍ പാറപ്പുറത്ത് ഒരു അപ്പൂപ്പന്‍ താടിയെ കണ്ടു. അന്നെനിക്ക് ഒരു ഒരു ഒമ്പതോ പത്തോ വയസ്സു കാണും. കാണുന്നതെല്ലാം കൌതകമല്ലേ അപ്പോള്‍ നമുക്ക്. അങ്ങനെ ഞാന്‍ ആ അപ്പൂപ്പന്‍ താടി നോക്കിയിങ്ങനെ നില്‍ക്കുമ്പോള്‍ സൂര്യ രശ്മി തട്ടി അതിങ്ങനെ തിളങ്ങി നില്‍ക്കുന്നതിന്‍റെ പാശ്ചാത്തലത്തില്‍ ഞാനൊരനക്കം കണ്ടു. ദൃഷ്ട്ടി മാറ്റി നോക്കിയപ്പോള്‍ കണ്ടു; അതാ ഒരുമരത്തില്‍ വള്ളിപ്പടര്‍പ്പില്‍ ഒരുണങ്ങിയ കായ! അതില്‍ നിന്നു മാളുത്താത്താന്റെ വെളുത്ത കല്യാണ സാരി തിളങ്ങുന്ന പോല അപ്പൂപ്പന്‍ താടികള്‍ ! എനിക്ക് ഭയങ്കര ഭയങ്കര സന്തോഷമായി. സന്തോഷംന്ന്‍ വെച്ചാ ഇങ്ങനെ പതപതയായി പൊങ്ങിപ്പൊങ്ങി വന്ന്...!

അങ്ങനെ ആ അപ്പൂപ്പന്‍ താടികളെ പറ്റി ഞാന്‍ കുറെ കുറെ ആലോചിച്ചു ആലോചിച്ചു നിന്നു. അപ്പൊ എന്‍റെ മനസ്സില്‍ കുറെ കുറെ ചോദ്യങ്ങള്‍ ഇങ്ങനെ കുമിഞ്ഞു കൂടി.
ശരിക്കും എവിടെക്കായിരിക്കും അപ്പൂപ്പന്‍ താടികള്‍ പറന്നു പോവുക!? ഞങ്ങടെ വീടിനു പിന്നിലുള്ള മലകളില്‍ പറങ്കി മാവിന്‍ തോട്ടവും കഴിഞ്ഞ് മാഞ്ചികത്തോട്ടവും കഴിഞ്ഞാല്‍ ഒരു കുഞ്ഞു വീടുണ്ട്. കുഞ്ഞു വീടെന്നു വെച്ചാ ഒരു കുഞ്ഞു കുഞ്ഞു വീട്. ആ വീട് കാണുമ്പോ എനിക്കെപ്പഴും തോന്നും അപ്രത്തെ മലയിലെ നായര്ടെ നാല് കെട്ടു തറവാട് വീടിന്‍റെ ചെറ്യേ കുട്ടി വീടാരിക്കും ഇതെന്ന്! അതേന്നെ. അത്രക്കും കുഞ്ഞി വീടാണ്. അല്ലെങ്കിലും വല്ല്യ വീടിനോന്നും ആരു രസവുമില്ലാ... ചെറ്യ വീടിനാണ് രസം. അപ്രത്തെ വീട്ടിലെ ദീജൂം ദീപൂം ആരതീം ഞാനും കൂടി എത്രയെത്ര വീട് ഉണ്ടാക്കീയിരിക്കുന്നു.! അവര്ടെ അച്ഛമ്മയ്ക്ക് നന്നായി ഓലമെടയാനറിയാം. എന്ത് രസമാണെന്നോ ഓല മെടയുന്നത് കാണാന്‍ .! ഇങ്ങനെ അങ്ങോട്ട്‌ മടക്കി, ഇങ്ങനെ ഇങ്ങോട്ടു മടക്കി അങ്ങനെയങ്ങനെ നോക്കി നിക്കുംബഴേക്കും ഓല മെടഞ്ഞു തീരും. അപ്പഴാണ് നമ്മള്‍ക്ക് മനസ്സിലാവുക, അയ്യോ ഓല മെടയുന്നത് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ; മടക്കുന്നത് നോക്കി നോക്കി ഓല മെടഞ്ഞു തീര്‍ന്നത് അറിഞ്ഞില്ലല്ലോ എന്നൊക്കെ. പിന്നെ വിചാരിക്കും അടുത്ത ഓല മെടയു മ്പോ സൂത്രത്തില് നോക്കി പഠിക്കാമെന്ന് . പക്ഷേങ്കി അപ്പഴല്ലേ കഷ്ട്ടം, അപ്പഴും ശെരിക്കും നോക്കാന്‍ കഴിയാണ്ടാവും. നമ്മടെ കണ്ണ് നമ്മളെ പറ്റിക്കണത് പോലെയാ നമുക്കപ്പം തോന്നുക. ഒരു ദിവസം സ്നേഹത്തില് നിക്കുമ്പോ ഞാന്‍ കല്യാണിയമ്മയോട് ചോദിക്കേം ചെയ്തു; അമ്മേ ഈ ഓല മെടയുന്നത് എനിക്ക് പഠിപ്പിച്ചു തരാവോ എന്ന്. അപ്പൊ കല്യാണിയമ്മ ഒരു ഓലത്തൂമ്പു കാട്ടി പറഞ്ഞു; മോന്‍ അതില്‍ പഠിച്ചോ എന്ന്. ഞാന്‍ കൊറേ അങ്ങനേം ഇങ്ങനേം ഒക്കെ മടക്കി നോക്കീട്ടും എന്‍റെ ഓല ശരിയായില്ല. അവസാനം ദേഷ്യം വന്നിട്ട് എനിക്കിനി പഠിക്കണ്ടാന്നും പറഞ്ഞു പോരുംബം കല്യാണിയമ്മ പറയുവാ; ആണ്‍കുട്ട്യോള്‍ക്ക് അല്ലേലും ക്ഷമ തീരല്ല്യാന്ന്. അത് കേട്ടപ്പോ എനിക്ക് ശെരിക്കും ദേഷ്യം വന്ന്. ഹും അമ്മേടെ ഒരു ക്ഷമ. ഇത് പഠിച്ചിട്ടു തന്നെ കാര്യം. എന്തായാലും അമ്മേടെ അടുത്തുന്നു വേണ്ട. കല്യാണിയമ്മയെ ഞങ്ങള് എല്ലാരും -എല്ലാരുംന്നു വെച്ചാ നാട്ടിലുള്ള എല്ലാരും, അമ്മേ'ന്നാ വിളിക്ക്യാ. ഹായ്. എന്തൊരു ഭാഗ്യാലെ! അമ്മേന്ന് വിളിക്കണതോണ്ട് ആരും ഈര്‍ഷ്യപ്പെടുവേമില്ല.


  ഓല മെടയാന്‍ പഠിക്കാന്‍ ഞാന്‍ പിന്നെ പോയത് കിഴക്കേലെ ഇത്താത്തെടെ അടുത്താണ്. കിഴക്കേലെ ഇത്താത്താനെ നാട്ടുകാര് പാത്തുമ്മാ എന്നാ വിളിക്കുക. എനിക്കാണെങ്കില്‍ പാത്തുമ്മാന്നു കേള്‍ക്കുമ്പഴേക്കും ചിരി വരുമാരുന്നു. ന്തന്നറിയോ !? പാത്തുക എന്ന് പറഞ്ഞാ ന്‍റെ നാട്ടില് മൂത്രമൊഴിക്കുക എന്നാ അര്‍ഥം. അപ്പ 'പാത്തുമ്മാ' എന്ന് പറഞ്ഞാ ഉമ്മാനോട് മൂത്രമോഴിക്കാനാണെന്നാ എനിക്ക് കുരുട്ടു ബുദ്ധീല് തോന്നുക. അല്ലേലും അയ്യേ എന്തൊരു പേരാലെ അത്. പാത്തുമ്മ.! പിന്നെപ്പിന്നെ സല്‍മയാണ് എനിക്ക് പാത്തുമ്മാ എന്നാ പേരിന്‍റെ രഹസ്യം വെളിപ്പെടുത്തിത്തന്നത്‌ . ഓ, നിങ്ങള്‍ക്ക് സല്‍മയെ അറിയില്ലല്ലോ. സല്‍മ എന്‍റെ കളിക്കൂട്ടുകാരിയാണ് . അയല്‍വാസിയും തമാശ പറഞ്ഞാ കവിളില്‍ നുണക്കുഴി കാട്ടി കുടുകുടെ പൊട്ടിച്ചിരിക്കുന്ന എന്‍റെ കൂട്ടുകാരി. അവളുടെ മുഖത്തു ഒരു കുഞ്ഞു കാക്കപ്പുള്ളി ഉണ്ടായിരുന്നു. അവളു ചിരിക്കുമ്പോ കാക്കപ്പുള്ളി വലുതാകും അവളുടെ ഭാവങ്ങള്‍ ആ കാക്കാപ്പുള്ളിയില്‍ നോക്കിയാലാണ് എനിക്ക് വേഗം മനസ്സിലാവുക. ദേഷ്യത്തിലോ വാശിയിലോ മുഖം കനപ്പിച്ചു ഇരിക്കുകയാണെങ്കില്‍ ആ കാക്കപ്പുള്ളി കുഞ്ഞിക്കുഞ്ഞി ആയി കാണാണ്ടാവും. അവളുടെ മുഴുവന്‍ പേര് സല്‍മാ റാഷിദ എന്നായിരുന്നു , അന്നൊക്കെ എനിക്ക് ഒരു പെങ്ങള്‍ പാലക്കാട്ട് ഉള്ളത് ഉപ്പ പറഞ്ഞും നേര്‍ത്ത ഓര്‍മ്മയിലും ഉണ്ടായിരുന്നു. എനിക്ക് കണ്ടോര്‍മ്മയില്ലാത്ത എന്‍റെ കുഞ്ഞിപ്പെങ്ങളുടെ പേരും റഷീദ എന്നാണ്..! റഷീദ - റാഷിദ. ഹായ്. റാ യ്ക്ക് അല്‍പ്പം നീളം കൂടി എന്നല്ലേ ഉള്ളൂ... എന്നാലെന്താ ഇവളെപ്പോലെ തന്നെയായിരിക്കും എന്‍റെ പെങ്ങളും. അവളുടെ കൂടെയാണ് ഞാന്‍ കുറെ വലുതായത്. അവളുടെ കഞ്ഞിയില്‍ ഒരു പങ്ക് എനിക്കുള്ളതായിരുന്നു. അവളുടെ ബിസ്ക്കറ്റും അവള്‍ക്കു വേണ്ടി ചായയില്‍ അലിയിച്ച റസ്‌ക്കും ബണ്ണും ഒക്കെ എനിക്കും കൂടി അവകാശപ്പെട്ടതായിരുന്നു. അവളുടെ ഉമ്മ ലൈലത്താത്ത ഉണ്ടാക്കുന്ന കട്ടിപ്പത്തിരി എത്ര തിന്നാലും മതി വരില്ലായിരുന്നു. എന്തൊരു സ്നേഹമാണ് അവളുടെ ഉമ്മയ്ക്ക്. എന്നെ മോനേന്നല്ലാണ്ട് വിളിക്കില്ല. നാട്ടുകാരൊക്കെ കേക്കേലെ വീട് (കിഴക്കേലെ വീട് ) എന്ന് വിളിക്കുന്ന എന്റെം കൂടി വീടായിരുന്നു. എന്‍റെ വീട്ടിലെ എന്‍റെ കുഞ്ഞിപ്പെങ്ങള്‍ സല്‍മയുടെ വെല്ലിമ്മച്ചിയാണ് നമ്മള് നേരത്തെ പറഞ്ഞ പാത്തുമ്മ. അവളുടെ വെല്ലിമ്മച്ചി ആണെങ്കില്‍ അത് എന്‍റെയും കൂടി വെല്ലിമ്മച്ചിയാണ് . ഞാനും വെല്ലിമ്മച്ചി എന്നാ വിളിക്കാറ്. ഏതു നേരവും എന്തെങ്കിലും പണി എടുത്തുകൊണ്ടേയിരിക്കുമായിരുന്നു വെല്ലിമ്മച്ചി. ഓല മെടയലും ചകിരി തച്ച് പതം വരുത്തി ചൂടി പിരിക്കലും കശുമാവിന്‍ ചുവട്ടില്‍ പോയി ചുള്ളി പെറുക്കി കൊണ്ട് വരലും കശുവണ്ടി കശുമാങ്ങയില്‍ നിന്നും വേര്‍പ്പെടുത്തി പൊട്ടിയ ബക്കറ്റിലാക്കി താഴെ കോലായില്‍ ചാക്കിലാക്കി വെക്കലും തല്ലി താഴെയിട്ട പറങ്കിയണ്ടികളില്‍ മൂപ്പ് വരാത്തവ വേറെയാക്കി വെയിലത്ത് ഉണക്കാനിടുന്നതും തുടങ്ങി വെല്ലിമ്മച്ചിക്ക് ആയിരമായിരം ജോലികളാണ്.

എന്നാലും എപ്പോഴും എനിക്ക് കഥ പറഞ്ഞു തരും വെല്ലിമ്മച്ചി. പഴയ കഥകള്, പണ്ടു പണ്ടത്തെ കഥകള്, പിന്നെ പേടിച്ചു വിറച്ചു മാത്രം കേള്‍ക്കാന്‍ പറ്റുന്ന സെയ്ത്താന്മാരുടെ കഥകള് അങ്ങനെയങ്ങനെ ഒരുപാടൊരുപാട് കഥകള്‍ . അയ്യേ. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ പറ്റിയില്ലാലെ. സാരമില്ല. കുറെയൊക്കെ ഞാന്‍ തന്നെ പറഞ്ഞു തരാം. എന്നാലും വെല്ലിമ്മച്ചി പറയണ രസം ഒന്നും ഉണ്ടാകില്ല കേട്ടോ. വെല്ലിമ്മച്ചി പതിഞ്ഞ ശബ്ദം കൊണ്ട് ഒരു താളത്തില്‍ പറയുന്ന കഥ കേട്ടാല്‍ തന്നെ പേടിയാകും. വെല്ലിമ്മച്ചി കുനിഞ്ഞാണ് നടപ്പ്. എന്താണാവോ അങ്ങനെ.!? എന്നെ എന്‍റെ ഉപ്പ കെട്ടിയിട്ടു തല്ലുമ്പോ ഓടി വന്ന് രക്ഷിക്കുന്ന ദേവതയാണ് എന്‍റെ വെല്ലിമ്മച്ചി. അത് കൊണ്ട് കഥ കേള്‍ക്കുമ്പോ ആ സ്നേഹം കൂടി കൂട്ടിയാണ് ഞാന്‍ വെല്ലിമ്മച്ചിയുടെ അടുത്തിരിക്കുക. ചുളുങ്ങിയ തൊലിയുടെ മുകളില്‍ പച്ചയും ചുവപ്പും ഞരമ്പുകള്‍ തെച്ചിച്ചെടിയുടെ വേരുകള്‍ പോലെ ബേജാറായി എങ്ങോട്ടൊക്കെയോ പടര്‍ന്നു നില്‍ക്കുന്നത് കാണാം. അതിലെ ഒരോ ഞരമ്പും തൊട്ടു നോക്കി അങ്ങോട്ട്‌ നീക്കിയാല്‍ ഇങ്ങോട്ടു തന്നെ നീങ്ങി വന്നു അതേ സ്ഥാനത്തു പതിയെ വന്നു നില്‍ക്കുന്നതും ഒക്കെ തൊട്ടും കണ്ടും കൊണ്ടാണ് എന്‍റെ കഥ കേള്‍ക്കല്‍ അധികവും ഉണ്ടാവുക. പക്ഷെ ചൂടി പിരിക്കുമ്പോഴാണ്‌ കഥ പറച്ചിലെങ്കില്‍ ഞാന്‍ കുറച്ചു വിട്ടിരിക്കും. എന്നിട്ട് കുറച്ചു നാരുകള്‍ കൂട്ടിച്ചേര്‍ത്തു ഞാനും ചൂടി പിരിക്കാന്‍ തുടങ്ങും.ഞാന്‍ പിരിക്കുക എന്ന് പറഞ്ഞാ ഒരു പിരിക്കല് തന്നെയാണ്. പിന്നെ അത് അഴിച്ചു നാരാക്കി നന്നാക്കി പിരിക്കാന്‍ വെല്ലിമ്മച്ചി പെടുന്നൊരു പാട്!


തുടരും...