Monday, December 17, 2012

പേരും പേരഴകും

ഉപ്പയുടെ അനിയനെ ആപ്പാപ്പ എന്നു വിളിക്കുന്നത് ചുരുങ്ങി ചുരുങ്ങി ആപ്പ ആയ കാര്യം നിങ്ങൾക്ക് സുപചിരിതമായിരിക്കും നിങ്ങൾക്ക്. ഇപ്പോള്‍ എല്ലാം ഷോര്‍ട്ട് നെയിം ആണല്ലോ. എന്‍റെ അമ്മായീടെ പേര് സീനത്ത് എന്നാണ് , എന്നാല് എല്ലാരും വിളിക്കുക, 'സീ.... സീ', എന്നാ! വിളി കേട്ടില്ലെങ്കില്‍ മാത്രേ മുഴുവന്‍ പുറത്തേക്ക് വരൂ...
ഹാജറ എന്ന് ആവാണ്ടിരുന്നത് ഭാഗ്യം. 'ഹാ ഹാ..' എന്ന് വിളിച്ചു വിളിച്ചു ശ്വാസം മുട്ടി ചത്തേനെ.
അടുത്ത വീട്ടിലെ സുഹറ എന്ന ഇത്ത കുറെ കാലം 'സൂറ' ആയിരുന്നു. പിന്നെയും അത് ചുരുങ്ങി ചുരുങ്ങി 'സൂ...' എന്നായി... ആരേലും വീട്ടിലേക്കു വരുമ്പോ, "സൂ... സൂ... നീയവിടുണ്ടോ..." എന്നാ ആദ്യം വിളിച്ചു ചോദിക്കുക.
പാമ്പുകളുടെ ഒരു കഷ്ട്ടകാലം. അവര്‍ക്ക് ആകെ ഒരു 'സൂ.. സൂ...' എന്നെ പറയാന്‍ അറിയൂ... ഇപ്പൊ അതിന്‍റെ പേറ്റന്റും കൂടി അവര്‍ക്ക് പോയി.

ഖദീജ എന്ന പേരിനെ വെട്ടിമുറിച്ചും കൂട്ടിച്ചേര്‍ത്തും കദീസെയ്യും ആക്കി മാറ്റിയതും പോരാഞ്ഞ്
അബൂബക്കര്‍ ഔക്കറും അവ്വക്കറും,
മുസ്തഫ മുസ്തുവും മുത്തുവും ,
പത്മനാഭന്‍ പപ്പുവും പപ്പനും അബ്ദുറഹ്മാന്‍ അന്ത്രുവും അദ്രൈമാനും
ഫാത്തിമ പാത്തുവും പാത്തുമ്മയും പിന്നെയും കലിപ്പ് തീരാണ്ട് പാത്തൈയ്യും ആക്കിയതിന് ശേഷം
മുഹമ്മദു മമ്മിയും മമ്മദും പിന്നെയും മതിയാവാതെ മൊയമ്മദും ആക്കിയ നാടല്ലേ. ഇതല്ല ഇതിലപ്പുറവും സംഭവിക്കും. എന്താന്നറിയില്ല, കോയ വായ പുയ എന്നിവക്കൊന്നും ഷോര്‍ട്ട് നെയിമുകള്‍ ഇല്ലേയില്ല. പണ്ടാരാണ്ടോ പാടിയ പാട്ട് പോലെ, "ഏയയകൊയുകും പുയയാണോ പുയകരയാണോ" എന്ന പാട്ടിലെ വരികളൊക്കെ 'തിരിയണ്ടോന് തിരിയും അല്ലാത്തോന്‍ നട്ടം തിരിയും' എന്നാണല്ലോ കവിവാക്യം.

ജംഷീറ എന്ന് പേരുള്ള അടുത്ത വീട്ടിലെ എന്‍റെ കൂടെ പഠിച്ചവളെ എല്ലാരും "ജംഷീ" എന്നാണ് വിളിക്കുക. പേരുപറഞ്ഞാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് ഒരു പ്രശ്നം. ജംഷി ഇനി ജംഷീര്‍ ആണോ എന്ന് ഡൌട്ടിത്തെന്നി വീഴുന്നവര്‍ സ്വാഭാവികം. (പഞ്ചാബി ഹൌസ് എന്ന സിനിമേല് സോന വരട്ടെ സോന വരട്ടെ എന്ന് പറഞ്ഞ പോലെയാകും കാര്യങ്ങള്!) എന്തായാലും "ജം" എന്ന് വിളിക്കാന്‍ ഒരു ഗുമ്മില്ലാത്തത് കൊണ്ട് ഇനിയും ആ പേര് ചുരുങ്ങില്ല എന്ന് ആശ്വസിക്കാം

പള്‍സര്‍ ഏതാ അള്‍സര്‍ ഏതാ എന്നറിയാത്ത കാലം പഴക്കം ചാര്‍ത്തിക്കൊടുത്ത ആളുകളൊക്കെ (കിളവീകിളവന്മാര്‍ എന്ന് ശുദ്ധമലയാളം) ഇപ്പൊ പേരിന്‍റെ കാര്യത്തില്‍ റോക്ക് ആണ്.
സൈനബ ഒക്കെ സൈനു ആക്കിയും
ഉമ്മു സല്‍മയെ സുലുവെന്നും (ഹാവൂ അപ്പൊ ഉമ്മു കുല്‍സുവിനെയോ!? കുലു എന്നൊക്കെ വിളിച്ചു വധിക്കാതിരുന്നാല്‍ മുജ്ജന്മ സുകൃതം)
ആമിനയെ ആമിയും സുമയ്യത്തിനെ സുമിയും (ഉമിഅല്ല)
ചിരുതേയി എന്ന് വിളിച്ചതിനെ പുനര്‍ നിര്‍മ്മിച്ച്‌ ശ്രീദേവി തന്നെയാക്കി മാറ്റിയും കോവാലനെയും ഗോവാലനെയും ഒക്കെ ഗോപുവും ഗോപിയും ആക്കിയും
മാറ്റി പേരക്കുട്ടികള്‍ അവരെ പുതു തലമുറയ്ക്ക് ഉതകും വിധം പരിഷ്കരിച്ചു കഴിഞ്ഞു.

കാര്‍ന്നോന്മാരുടെ നിര്‍ബന്ധപ്രകാരം ഇപ്പഴത്തെ കാലത്ത് ആര്‍ക്കെങ്കിലും തന്‍റെ കുട്ടിക്ക് ഇത്തരം പഴഞ്ചന്‍ പേരുകള്‍ ഇടേണ്ട ഗതികേട് വന്നാല്‍  അതിനും കണ്ടു പിടിച്ചിട്ടുണ്ട് മറുമരുന്ന്. ഉദാഹരണത്തിന് ഫാത്തിമ എന്ന് പേരിടാന്‍ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന വെല്ലിമ്മ അവസാന ആഗ്രഹമായി പറഞ്ഞു പരലോകം പൂകി എന്നിരിക്കട്ടെ, ബുദ്ധികൂടുതല്‍ ഉള്ള നമ്മളെന്തു ചെയ്യും!? നേരെ ആ പേര് തന്നെയിടും. പക്ഷെ ഒരു വിത്യാസം മാത്രം. ഫാത്തിമ എന്നത് ഫാത്തിമ ഷഹാന, ഇഷ ഫാത്തിമ എന്നൊക്കെ മനോഹരം ആക്കിക്കളയും.! ഫലം ആരും പിന്നെയവളെ പാത്തൂ എന്ന് വിളിച്ചു കളിയാക്കില്ല. പകരം ഇഷാ എന്ന് നീട്ടി വിളിക്കും. ആനന്ദ ലബ്ദിക്ക് ഇതില്‍ പരമെന്തു വേണം സുഖോ! ഇതുപോലെ കോവാലനെ (ഗോപാലനെ - ഗോക്കളെ പരിപാലിക്കുന്നവന്‍ - കൃഷ്ണന്‍ എന്ന് വ്യംഗ്യം.) വിനോദ് ഗോപാലനും ഗോപിനാഥനും ഒക്കെ ആക്കിമാറ്റി രക്ഷപ്പെടാം. കൃഷ്ണനെ യദു കൃഷ്ണന്‍ ആക്കിയും സീനത്തിനെ സീനത്ത് അമന്‍ ആക്കിയും വേലായുധന്‍ വേലപ്പന്‍ ആവാതിരിക്കാന്‍ ഓടിപ്പോയി അമിത് വേല്‍ രഞ്ചിത്ത് വേല്‍ തുടങ്ങിയ എന്ന പേരുകളില്‍ അഭയം പ്രാപിക്കുന്നതും വിരളമല്ല.

തീര്‍ന്നില്ല,
എന്നാല്‍ ഇതൊക്കെ സംഭവിക്കുന്നത്‌ ഹിന്ദു മുസ്ലിം ടീംസ് അല്ലേ എന്നൊരു അഹങ്കാരം ക്രിസ്ത്യാനിപ്പിള്ളെര്‍ക്ക് ഉണ്ടാകും. എന്നാല്‍ കേട്ടോ, നിങ്ങളെ അങ്ങനെ വെറുതെ വിടാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ല ദേ കേള്‍ക്ക്,


പല അന്തോണിമാരും ഇപ്പൊ ആന്റണി തന്നെയായി റിക്കവര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ചാക്കോമാരെ ജേക്കബ് തന്നെയാക്കി പ്രതിഷ്ട്ടിച്ചും പത്രോസില്‍ നിന്ന് പീറ്ററിലേക്കും ഔസേപ്പച്ചന്മാരെ ജോസഫ് ആക്കുന്നതിനു പകരം ജോസ് എന്ന് സുന്ദരനാക്കിയും ടോം ടോമികളെ തോമയില്‍ നിന്ന് മോചിപ്പിച്ചും (നായയ്ക്കിടുന്ന പേര് പോലെ തോന്നിയത് കൊണ്ടാവുമോ ടോമിയെ തോമാ എന്നാക്കിയത് എന്ന സംശയം എനിക്കില്ലാതില്ല. ടോമിപ്പേരുകാരേ എന്നെ കൊല്ലരുതേ!)
മേരിപ്പെണ്ണിനെ മറിയം വന്ന്‌ മറിക്കാതെ മാറ്റിയെടുത്തും കൊച്ചുത്രേസ്യമാരെ ട്രീസ എന്ന മനോഹര നാമത്തിലേക്കു ആവാഹിച്ചെടുത്തും
പുതുതലമുറ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. റീത്ത എന്ന പേരുകാരണം റീത്ത് വില്‍ക്കാന്‍ പോകേണ്ടി വരുമോ ഈശ്വരാ എന്ന് പേടിച്ചു റിച്ചയായി രൂപാന്തരം പ്രാപിക്കുന്നതും ഇവര്‍ തന്നെ.

പേരിന്‍റെ കഥ പറഞ്ഞപ്പോഴാണ് എന്‍റെ വീട്ടില്‍ നടന്ന മറ്റൊരു കഥ ഓര്‍മ്മ വന്നത്. പാലക്കാട്ട് പഠിച്ച് വളര്‍ന്ന എന്‍റെ പെങ്ങളെ കോഴിക്കോട്ടു കൊണ്ടുവന്നപ്പോ, അടുത്തുള്ള വീട്ടിലെ കുട്ടിയെ കൊഞ്ചിക്കാന്‍ അടുത്തു വിളിച്ചത്  ഇങ്ങനെയാണ് : "ഉണ്ണീ... ഇവിടെ വാ... ഉണ്ണി മാമുണ്ടോ?" ഇത് കേള്‍ക്കേണ്ട താമസം കുട്ടിയുടെ മമ്മി ഓടിവന്ന് അവളെ ചീത്ത പറയാന്‍ തുടങ്ങി. വേറെ ഒരു പേരും കിട്ടീലേ അനക്ക്? ഉണ്ണി ആണോലെ ഉണ്ണി. ചീറിക്കൊണ്ട് തള്ള കുട്ടിയെ റാഞ്ചിക്കൊണ്ടു പോയി.
സംഗതി എന്താണെന്ന് വെച്ചാല്‍, പാലക്കാട് ഭാഗത്തൊക്കെ ഉണ്ണീ എന്ന് വിളിക്കുന്നത്‌ മലബാറുകാര്‍ "വാവേ...", "മോനേ..." എന്നൊക്കെ വിളിക്കുന്നതിനു തുല്യമാണ്. എന്നാല്‍ മലബാറിലോ ഉണ്ണി എന്നത് ഹിന്ദു മതസ്ഥര്‍ക്ക് മാത്രം പേറ്റന്റ് ഉള്ള പേര് എന്ന അവസ്ഥയാണ്. ഒരു മാപ്ല സ്ത്രീ ആയ അവര് എങ്ങനെ ചീറാതിരിക്കും! (ഇവിടെ കൊണ്ട് വന്ന്‌ മതാന്ധത ഭീകരം എന്നൊന്നും പറഞ്ഞേക്കല്ലേ. ഇതൊക്കെ കേരളത്തിലെ യാഥാസ്ഥിക  കുടുംബങ്ങളിലെ സ്വഭാവമാണ്. ക്ഷമീര്.)

No comments:

Post a Comment

എന്നോടൊന്നു മിണ്ടൂ :