Saturday, December 29, 2012

മുലകള്‍ക്ക് പറയാനുള്ളത്


 
ഫോട്ടോകളില്‍ ആദ്യം കാണുന്നത് ഒരു നായര്‍ സ്ത്രീയുടെതാണ്, രണ്ടാമത്തേത് ഒരു താഴ്ന്ന ജാതിയിലെ സ്ത്രീയുടെയും. ഏകദേശം പത്തു തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് മേലോട്ടും പിന്നെയിങ്ങോട്ടു കുറച്ചു ദശകങ്ങളോളവും നമ്മുടെ സ്ത്രീകള്‍ മാറ് മറയ്ക്കാതെയായിരുന്നു നടന്നിരുന്നത് എന്ന വസ്തുത നമ്മളില്‍ പലര്‍ക്കും അറിയാമായിരിക്കും. (സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വര്‍ഷമായിട്ടില്ല എന്നോര്‍ക്കണം) ലോകം മുഴുവന്‍ പുരോഗമനത്തിന്റെ പാതയിലായിരുന്ന ആ കാലഘട്ടത്തില്‍ നമ്മള്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്നു എന്നതും പറയാതിരിക്കുക വയ്യ. വിദേശികള്‍ അവരുടെ നാടുകളില്‍ മോട്ടോര്‍ വണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളിവിടെ മനുഷ്യരെ കൊണ്ട് മഞ്ച ചുമപ്പിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഉണ്ടായിട്ടു പോലും അവ ധരിക്കാത്ത(അതോ ധരിക്കാന്‍ സമ്മതിക്കാത്തതോ?) ഒരു പാരമ്പര്യം ഉണ്ടായിരുന്നു നമുക്ക്. പുരോഗമന കേരളത്തിലെ എം ടി സിനിമകളിലോ മറ്റു നോവലുകളിലോ കണ്ട മാറില്‍ കച്ച കെട്ടിയുടുത്ത സുന്ദരിമാരായ അന്തപുരത്തിലെ ദാസികളും റാണിമാരുമല്ല, മുല ഞെട്ടു തെല്ലും നാണമില്ലാതെ, അത് ഒരു ലൈംഗികാവയവം കൂടി ആണെന്ന ബോധമില്ലാതെ നടന്നൊരു (നടക്കേണ്ടി വന്നൊരു?) പെണ്ണായിരുന്നു അന്നത്തെ കാലത്തെ പെണ്ണ്. അധികാരം കൊണ്ടോ ആചാരം കൊണ്ടോ അവരുടെ മാറുകളെ നഗ്നമാക്കാന്‍ പുരുഷ വര്‍ഗത്തിലെ ഏതോ കേസരികളുടെ ഒരു നേരം പോക്ക്, പിന്നീട് കാലങ്ങളോളം തുടര്‍ന്നു പോന്നൊരു വൈകൃതമായൊരു കാഴ്ചയായിരുന്നു പിന്നീട് നാം കണ്ടത്.
ന്നും അവര്‍ക്ക് വായുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് ശബ്ദമുണ്ടായിരുന്നില്ല. ചോറ്റിലൊരു മുടി കാണുമ്പോള്‍ ഒക്കാനിക്കുന്ന തമ്പുരാന്മാര്‍ക്ക് രാത്രി ചെറ്റക്കുടിലുകളിലെ കഞ്ഞി കുടികളില്‍ അവരുടെ ശരീരത്തിലെ ചേറോ ചെമ്മൈരോ പ്രശ്നമല്ലായിരുന്നു. മരണമോ അതിനു തുല്യമായതോ അനുഭവിക്കുന്നതിനു പകരം അല്‍പ്പ നേരത്തേക്ക് ശവം പോലെ കിടക്കുന്നതാണ് നല്ലതെന്ന് അവള്‍ക്കു തോന്നിക്കാണും. ഒരു കുതിരവണ്ടിയോടിച്ചു പോകുന്ന ലാഘവത്തില്‍ ഒരു മനുഷ്യ ജീവിയുടെ വികാരങ്ങളെ ഒരു തരത്തിലും മാനിക്കാതെയുള്ള ആ അനീതികളെ കുറിച്ചു ഒന്നു പാടാന്‍ പോലും അന്നത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ പാണന്മാര്‍ക്കു പോലും അവകാശമില്ലാതെ പോയി. അവരായിരുന്നു ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് സ്ട്രീമുകളും ന്യുസ് ഫീഡുകളും വരികളിലൂടെ ചരിത്രത്തിനു അലങ്കാരം ചാര്‍ത്തിയ പ്രസ്ഥാനം. അവരെ നമിക്കാതിരിക്കുക എന്നത് നമ്മുടെ ചരിത്രത്തോട് തന്നെ ചെയ്യുന്ന നീതികേടാവും.ജാതി കൊണ്ട് മനുഷ്യരെ വേലികെട്ടിത്തിരിക്കുന്ന അധികാര വര്‍ഗത്തിന് പക്ഷേ സ്വന്തം ലൈംഗികാവയവങ്ങള്‍ക്കു വിഹരിക്കാനുള്ള മേച്ചില്‍പ്പുറങ്ങള്‍ മാത്രമാവുകയായിരുന്നു പെണ്ണിന്‍റെ മേനി. അയിത്തവും അതിന്‍റെ ഗൂഡോദ്ദ്യേശങ്ങളും നമുക്കു മറക്കാന്‍ കഴിയുന്ന ഒന്നല്ല തന്നെ.
പെണ്ണ് എന്ന് പറയുമ്പോള്‍ തന്നെ വസ്ത്രം എന്നതും കൂടി പറയേണ്ട ഗതികേടാണിപ്പോള്‍ നമ്മുടെ പുരോഗമന-സാക്ഷര കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു അവസ്ഥ സൃഷ്ട്ടിചെടുത്തതില്‍ മതങ്ങള്‍ക്കുള്ള പങ്കു വളരെയേറെ വലുതാണ്‌ . എന്ന് വെച്ചാല്‍ നിഷേധിക്കാനാവാത്ത ഒന്ന്. സാമൂതിരി വംശത്തിന്‍റെ കാലഘട്ടങ്ങളിലാണ് ഇസ്ലാം മതം നമ്മുടെ നാട്ടില്‍ വേരുറപ്പിക്കുന്നത്. എന്ന് വെച്ചാല്‍ മുമ്പില്ലായിരുന്നുവെന്നല്ല, മറിച്ച് ഇസ്ലാം മതം സാമൂഹികപരമായും സാംസ്കാരിക പരമായും മുഖ്യധാരയിലേക്ക് കടന്നു വരുന്നത് ആ കാലഘട്ടത്തിലാണ്. പെണ്ണെന്നും അവളുടെ വസ്ത്രമെന്നും പറയുമ്പോള്‍ അവിടെയൊരു മതം വിലങ്ങുതടിയായി നില്‍ക്കുന്നത് ഇതാദ്യമല്ല. ഹിന്ദു സമുദായങ്ങളിലെ ജാതി കീഴ്വഴക്കങ്ങള്‍ അനുസരിച്ച് പെണ്ണ് മാറ് മറയ്ക്കരുത് എന്നാണെങ്കില്‍ പിന്നീട് കടന്നു വരുന്ന ഇസ്ലാം മതം പറഞ്ഞത് മാറെന്നല്ല, പെണ്ണിന്‍റെ കയ്യും മുഖവും ഒഴിച്ചുള്ളവയെല്ലാം ചാക്കില്‍ കെട്ടിയപോലെ സൂക്ഷിക്കണം എന്നാണ്. ഇവിടെയാണ്‌ പെണ്ണ് ഒരു വസ്തു അല്ലെങ്കില്‍ സാധനം മാത്രമായി മാറുന്നത്. മതങ്ങളുടെ ഭാഷയില്‍ പെണ്ണ് എന്നും പുരുഷന്‍റെ ഒരു പടി താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. അതെന്തോ ആവട്ടെ, പക്ഷെ അവളുടെ ശരീരം എന്തിനാല്‍ മറയണമെന്നും എന്തിന് വേണ്ടി മറയ്ക്കണമെന്നും അതുമല്ലെങ്കില്‍ നഗ്നമായിരിക്കണമെന്നും തീരുമാനിക്കുന്നത് കേവലം ഒരു മതമാകുമ്പോള്‍ അത് ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയും അഹങ്കാരികളാക്കി മാറ്റുന്നത് പുരുഷമാരെയുമാണ്. പുരുഷ വര്‍ഗത്തിന് ഒരു പ്രസ്ഥാനത്തിന്‍റെ പിന്തുണ ലഭിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പെണ്ണാണ്. പെണ്മയാണ്. എന്തുകൊണ്ടാണ് പുരുഷന് ഒരു കുടുമയോ കോണകമോ അല്ലെങ്കില്‍ ഒരു തൊപ്പിയോ ലിംഗാഗ്രം മുറിച്ചാലോ മതിയെന്ന് പറയുന്നത്!? (ലിംഗാഗ്രം മുറിക്കുന്നതിനു ഇരട്ടിയിലധികം വേദന അവളെ ആഭരണം അണിയിക്കാന്‍ കാതുകുത്തുമ്പോഴും അതിനെക്കാളിരട്ടി പ്രസവസമയത്തും അവളനുഭവിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം) ഇതിലെന്ത് തുല്ല്യതയാണുള്ളത് !? സാമൂഹികനീതിയാണുള്ളത്!? ദൈവത്തിനിതൊന്നും അറിയില്ലേ!?

         സ്ത്രീയുടെ ശരീരം കണ്ടാല്‍ പുരുഷന് കാമക്കലി ഇളകുമെന്നും അവനതു തീര്‍ക്കാന്‍ സ്വന്തം വിവേകം വലിച്ചെറിഞ്ഞു അവളെ ഇംഗിതത്തിനിരയാക്കും എന്നതൊക്കെയാണ് ദൈവം വിധിച്ചു വെച്ചിരിക്കുന്നത്. എല്ലാത്തിനും കഴിവുണ്ടെന്ന് പറയപ്പെടുന്ന ദൈവം മാതാവിന്‍റെ പാദങ്ങള്‍ക്കടിയില്‍ സ്വര്‍ഗമെന്നും, അതേസമയം മാതാവെന്ന പെണ്ണിനെ പുരുഷന്‍ കാമം തീര്‍ക്കാനായി കീഴ്പ്പെടുത്തിയെക്കാവുന്ന തരത്തിലാണ് പുരുഷന്‍റെ ചിന്തകളെ ക്രമീകരിച്ചിരിക്കുന്നത് എന്നുമാണ് ഫലത്തില്‍ മതത്തിന്‍റെ നിഗമനങ്ങളെ കൊണ്ടെത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ, മനുഷ്യന് പരിചിതമില്ലാത്ത ആകാശക്കോട്ടകളിലും സ്വര്‍ഗങ്ങളിലും വെച്ച് ആദം ഒരു പഴം കഴിച്ചു എന്ന തെറ്റിന് ഭൂമിയില്‍ ശിക്ഷ അനുഭവിക്കേണ്ടുന്ന മനുഷ്യര്‍ ജനിച്ചു പോയി എന്ന തെറ്റല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ആദം പഴം കഴിച്ചാല്‍ ആദം ശിക്ഷിക്കപ്പെടണം. അതല്ലേ ന്യായം!?

ജാതികളുടെ പേരിലുള്ള പീഡനങ്ങളും വസ്ത്രധാരണം നിഷിദ്ധമാക്കിയതും എല്ലാമായിരിക്കാം ക്രിസ്ത്യന്‍ - ഇസ്ലാം മതങ്ങളിലേക്ക് ആദ്യകാലങ്ങളില്‍ ഹിന്ദു മതങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ അന്നത്തെ യാഥാസ്ഥിക സമൂഹത്തെ പ്രേരിപ്പിച്ചത്. മുസ്ലിം അല്ലെങ്കില്‍ ക്രിസ്ത്യാനി ആയാല്‍ പിന്നെ കീഴ്ജാതി തിരിച്ചുള്ള അയിത്തങ്ങളില്‍ നിന്നും ദുരവസ്ഥകളില്‍ നിന്നും മോചനമായല്ലോ എന്ന ചിന്തയായിരിക്കാം ഭൂരിഭാഗം ജനങ്ങളെയും ഇതര മതങ്ങളിലേക്ക് കുടിയേറാന്‍ കാരണമായിത്തീര്‍ന്നത്. ഒരു കീഴ്ജാതിക്കാരന് മേല്‍ജാതിക്കാരനോ ദൈവദാസനോ (ശാന്തിപ്പണി) ആകാന്‍ കഴിയാത്തിടത്തോളം കാലം അവര്‍ക്ക് അതല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. അതുകൂടാതെ ടിപ്പുവിന്‍റെ പടയോട്ടം നടന്നപ്പോള്‍ ടിപ്പു മുസ്ലിമല്ലാത്തവരെയൊക്കെ കൊന്നു കളയുമെന്ന തെറ്റിധാരണ കാരണം മേല്‍ ജാതിക്കാരും ഇസ്ലാമായി എന്നാണ് ചരിത്രം. അന്ന് നടന്നത് സ്വതവേ കുരുട്ടുബുദ്ധിയില്‍ കാര്യം നേടുന്നവരായ മേല്‍ ജാതി പ്രമാണിമാരുടെ മറ്റൊരു കുടില തന്ത്രവും ആണെന്ന് വായിക്കപ്പെടുന്നുണ്ട്‌ . നികുതിപ്പണം കൊടുക്കാമെന്നേറ്റ സാമൂതിരി രാജവംശം, പിന്നീടു കൊടുക്കാതിരിക്കുകയും അതിനു ശേഷം ടിപ്പു പടയുമായി വരികയും ചെയ്തപ്പോള്‍ കയ്യിലുള്ള രത്നങ്ങളും സ്വര്‍ണ്ണങ്ങളും മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും ടിപ്പു ക്ഷേത്രങ്ങള്‍ ആക്രമിക്കില്ല എന്ന കേട്ടുകേള്‍വിയില്‍ ക്ഷേത്രങ്ങളുടെ നിലവറയില്‍ അടക്കുകയും അങ്ങനെ സ്വന്തം സ്വത്തുകള്‍ക്ക് ഹാനികരമാവാതെ രക്ഷപ്പെടാമെന്നും കരുതിയ മേല്‍ ജാതിക്കാര്‍ ശാരീരിക ഉപദ്രവങ്ങളെ ഭയന്ന് ഇസ്ലാമാകാന്‍ തയ്യാറാവുകയും ചെയ്തതായാണ് കഥ. മതമേതായാലും തന്‍റെ സ്വത്തിന് നഷ്ട്ടമോന്നും വരുന്നില്ലല്ലോ എന്നതായിരിക്കാം അവരുടെ ആ ചിന്തയ്ക്ക് കാരണം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രമാണിമാരുടെ തന്ത്രം സൂത്രത്തില്‍ മനസ്സിലാക്കിയ ടിപ്പു ഒട്ടും മടിയില്ലാതെ ക്ഷേത്രങ്ങള്‍ ആക്രമിച്ചു നിലവറകളിലെ വിലപിടിച്ചവയെല്ലാം എടുത്തുകൊണ്ടുപോയി. അന്ന് മതം മാറിയവരെല്ലാം ഇളിഭ്യരായി. അന്നത്തെ അന്തരീക്ഷത്തില്‍ ക്ഷേത്രങ്ങളെല്ലാം മുസ്ലിം ആരാധനാലയങ്ങള്‍ ആവുകയും ചെയ്തു. പിന്നീടാണ് ആ അവസ്ഥ മാറി വീണ്ടും പഴയ രീതിയിലേക്കും ഹിന്ദു ആചാരങ്ങളിലേക്കും കടന്നു വരുന്നത്. അപ്പഴേക്കും ഇന്ത്യയെ വിദേശികള്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ എസ് എസ്സ് പോലുള്ള സംഘടനകള്‍ ഞങ്ങളുടെ അമ്പലമാണ് ആ പള്ളി ഈ പള്ളി എന്നൊക്കെ പറഞ്ഞു മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മണ്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്..! (പീഡനം പറയുമ്പോള്‍ പെണ്ണിനെ പറ്റിയും പെണ്ണിനെ പറ്റി പറയുമ്പോള്‍ അവളുടെ രീതികളെ പറ്റിയും അതെപ്പറ്റി പറയുമ്പോള്‍ അവരുടെ രീതികളില്‍ മതങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും മതങ്ങളെ കുറിച്ച് പറയുമ്പോള്‍ അവയുടെ ചരിത്രത്തെയും കുറിച്ചും പറയാതിരിക്കുക വയ്യ എന്നതുകൊണ്ടാണ് ഇവിടെ വരെ വരേണ്ടി വന്നത്. നമുക്ക് തുടരാം.)

ചിലയിടങ്ങളിലെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കു തന്നെ ചിരിവരും. കാരണം പെണ്ണിന് വസ്ത്രധാരണരീതികളില്‍ മതങ്ങള്‍ സ്വാതന്ത്ര്യം കൊടുക്കണം എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതിനെ ഉടുതുണി ഇല്ലാതെ നടക്കാനാണ് പറയുന്നത് എന്ന് വരുത്തിത്തീര്‍ക്കും. അതേ പോലെ തന്നെ, ഒരു കൂട്ടര്‍ മാന്യമായ വസ്ത്രം സ്ത്രീ ധരിക്കണം എന്ന് വാദിച്ചാല്‍ രണ്ടാമത് പറഞ്ഞ കൂട്ടര്‍ അതിനെ പര്‍ദ്ദ എന്ന വസ്ത്രം ആക്കി മാറ്റിക്കളയും. അവിടെ നടക്കുന്നത് മറ്റൊന്നാണ്. വഴിയില്‍ തെങ്ങില്‍ കെട്ടിയിട്ട കള്ളനെ കള്ളന്‍റെ കൂടെ വന്ന കള്ളനും അടിച്ചു മാന്യനാവുന്ന കാഴ്ച്ച. ചില ചോര കുടിക്കുന്ന ചെന്നായകള്‍ക്കും കഴുതപ്പുലികള്‍ക്കും ചിലര്‍ക്ക് മതങ്ങളെ വിമര്‍ശിക്കണം. അതിനു വേണ്ടി മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുന്നവരെ പര്‍ദ്ദാവാദികളായും മതവാദികളായും മുദ്ര കുത്തുന്നു. മറുവശത്തും ഇതെപോലെത്തന്നെ, വസ്ത്രധാരണസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ ഉടുതുണിയില്ലാതെ റോഡിലൂടെ നടക്കുന്നവരായും ചിത്രീകരിക്കും. പേര് നോക്കിയും ശൈലി നോക്കിയും മുന്‍വിധികള്‍ മെനഞ്ഞു തിട്ടപ്പെടുത്തി വാദിക്കുന്നവര്‍ . അവരാണ് സമൂഹത്തിലെ വിഷവിത്തുകള്‍ .
            തുപറഞ്ഞപ്പോള്‍ തന്നെ, ചിലരുടെ മനസ്സിലെങ്കിലും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുകാണും. വസ്ത്രധാരണം നന്നാക്കിയാല്‍ (പര്‍ദ്ദ മാത്രം അല്ല മാന്യമായ വസ്ത്രധാരണം)  സമൂഹത്തിലെ പീഡനങ്ങള്‍ അവസാനിക്കുമോ എന്ന്. പീഡനം എന്നത് കായികമായി അല്ലെങ്കില്‍ മാനസികമായി ശക്തി കൂടിയവര്‍ അത് കുറഞ്ഞവരോട് കാണിക്കുന്ന ഹീനമായ ഒരു പ്രവര്‍ത്തിയാണ്. ദൈവം അല്ലെങ്കില്‍ പ്രകൃതി, പെണ്ണിനെ സൃഷ്ട്ടിച്ചിരിക്കുന്നത് കായികമായ ആ ഒരു കുറവ് കൊണ്ടാണ്. നീതിമാനായ ദൈവം എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നറിയില്ല. എങ്കിലും പ്രകൃതി നിയമങ്ങളില്‍ പെറ്റ് വളര്‍ത്താനും സ്നേഹം നല്‍കാനും കരുത്തുള്ള അല്ലെങ്കില്‍ അല്‍പ്പം അധികാര ഭാവമുള്ള ഒരു വര്‍ഗത്തിന് കഴിയില്ല എന്നൊരു വസ്തുത തള്ളിക്കളയാനാവില്ല. ഭൂമിയിലെ ഭൂരിഭാഗം ജീവികളിലും ആ സ്നേഹം മുഴുവന്‍ തങ്ങിനില്‍ക്കുന്നത് പെണ്ണെന്ന വര്‍ഗ്ഗത്തിലാണ്. അതുമനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകമാണ് പുരുഷന്‍ കാണിക്കേണ്ടത്. ശക്തമായ പെണ്‍വാദത്തോടോ പുരുഷാധിപത്യത്തോടോ ലേഖകന് യാതൊരു അനുകമ്പയുമില്ല. അതുരണ്ടും ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ഇരു വര്‍ഗ്ഗങ്ങളും അത് അര്‍ഹിക്കുന്നുമില്ല.തീയ്യയുവതി. ചിറയിലെ പകല്‍ക്കുളി
സ്ത്രീയെ കേവലം ഒരു ഉപഭോഗ വസ്തു മാത്രമായി കാണുകയും അവരെ സ്വന്തം ആവിശ്യങ്ങള്‍ക്ക് വേണ്ടി കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ് നമ്മുടെ നാട്ടില്‍ . അങ്ങനെയൊരു അവസ്ഥയില്‍ അതൊരു മാനസിക രോഗമാണോ അതോ അതൊരു സാമൂഹിക സാഹചര്യങ്ങളുടെ പരിണിതഫലമാണോ എന്നതാണ് നമ്മള്‍ വിശകലനം ചെയ്യേണ്ടത്. നമ്മുടെ നാട്ടിലെ മിക്ക പുരുഷന്മാരും അല്‍പ്പം സ്ത്രീ വിഷയത്തില്‍ മോശമാണ്. സാരിയൊന്നു മാറിയാല്‍ തുറിച്ചു നോക്കുന്നവര്‍ , ബസ്സില്‍ ഇറക്കമുള്ള ചുരിദാറിട്ട് സീറ്റിലിരുന്നാല്‍ മുട്ടി മുട്ടി അടുത്തേക്ക്‌ വരുന്നവര്‍ , അടുത്ത വീട്ടിലെ പട്ടാളക്കാരന്റെയോ ഗള്‍ഫുകാരന്റെയോ ഭാര്യയെ വളക്കാന്‍ പറ്റുമോ എന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവര്‍ എന്ന് തുടങ്ങി പരസ്യമായി ലിംഗം പ്രദര്‍ശിപ്പിക്കല്‍ മോശം കമന്റുകള്‍ പരിചയമില്ലാത്ത സ്ത്രീകളോട് പറയല്‍ തുടങ്ങി പലതരം വൈവിദ്ധ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് നമ്മുടെ പുരുഷ സമൂഹം സ്ത്രീകള്‍ക്ക് വേണ്ടി കാഴ്ച്ച വെക്കുന്നത്. അതൊരു മോശമായ കാര്യമാണ് എന്ന് ചിന്തിക്കുന്നതിനു പകരം നമ്മുടെ യുവാക്കള്‍ അതൊക്കെ ഒരു വലിയ ക്രെഡിറ്റ് ആയിട്ടാണ് എടുക്കുന്നത്. എന്തോ ഒരു സാഹസികത, അല്ലെങ്കില്‍ ഒരു ജീവിയെ കല്ലെറിഞ്ഞ സുഖം ഒക്കെ അവനു കിട്ടുന്ന പോലെയാണ് പുതു യുവത്വം ഭാവിക്കുന്നത്. ഇതില്‍ കൂടുതലും സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രശങ്ങളായിട്ടാണ് ലേഖകന് വായിക്കാന്‍ കഴിയുന്നത്‌ . മാനസികവൈകല്യങ്ങള്‍ എന്ന് തിരിച്ചറിയപ്പെടാത്ത വിധം അത് സമൂഹത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍ . ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കൊപ്പം മിക്സഡ്‌ ആയി പഠിപ്പിച്ചത് കൊണ്ടോ ലൈംഗിക വിദ്യാഭ്യാസം സ്കൂളില്‍ നടപ്പാക്കിയിട്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണം എന്ന് അലമുറയിടുന്ന ഭൂരിഭാഗം പേരും അതെങ്ങനെ നടപ്പിലാക്കും, എത്രാം ക്ലാസ്സില്‍ വെച്ച് തുടങ്ങാം എന്നോ ചിന്തിക്കുന്നില്ല. നമുക്ക് ആദ്യം വേണ്ടത് ഒരു ധാരണയാണ്. അതിനു ശേഷം അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളും. അത് നിയമം കൊണ്ട് തന്നെ വേണം എന്ന് വാശി പിടിക്കുന്നിടത്താണ് പ്രശ്നം. തെറ്റായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടുകയാണെങ്കില്‍ ഭീകരമായ ദുരവസ്ഥ നമ്മള്‍ നേരിടേണ്ടി വരും. ഒരു സിഡി മാതാപിതാക്കള്‍ മറന്നു വെച്ചത് കാരണം വിദ്യാര്‍ഥികളായ ആങ്ങളയും പെങ്ങളും അരുതാത്തത് കാണിക്കുകയും അത് നേരിട്ടു കാണേണ്ടി വന്നൊരു മാതാവിന്‍റെ അവസ്ഥ ഒരു സുഹൃത്ത് പറഞ്ഞറിവുണ്ട്. നമ്മുടെ കുട്ടികളെ എന്താക്കണം എന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ മാത്രം. സ്വന്തം പെങ്ങളോട് അറിവില്ലാത്ത പ്രായത്തില്‍ തെറ്റായി പ്രവര്‍ത്തിച്ചു എങ്കില്‍ തീര്‍ച്ചയായും അവന്‍ വളരുമ്പോള്‍ അത് സമൂഹത്തിന് ഒരു ബാധ്യതയായിട്ടാണ് മാറുക. പീഡനവും പീഡിതരും ഉണ്ടാകുന്നത് നമ്മുടെ ഇടയില്‍ നിന്ന് തന്നെയാണ്. നമ്മളത് കാണാതെ സോഷ്യല്‍ സൈറ്റുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പഴി പറയുന്നു. തൊട്ടടുത്ത വീട്ടിലെ പയ്യന്‍റെ പ്രശ്നങ്ങളോ മാനറിസങ്ങളോ നമ്മളറിയുന്നില്ല. അവന്‍ വളര്‍ന്നു നെഞ്ചിലേക്ക് തുറിച്ചു നോക്കുമ്പോള്‍ മാത്രമാണ് അവനെ പറ്റി നമ്മള്‍ ചിന്തിക്കുന്നത്. ഓരോ വ്യക്തിയും പ്രത്യേകം പ്രത്യേകം സ്ഫുടം ചെയ്യപ്പെടേണ്ടവയാണ് . അവയെ പരിപാലിക്കേണ്ടത്‌ മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുടെയും കടമ കൂടിയാണ്. ഇരുകൂട്ടരുടെയും റോളുകളില്‍ അവര്‍ക്ക് അത് വളരെ എളുപ്പമാണ് എന്നൊരു വിത്യാസം മാത്രമേയുള്ളൂ അവരും നമ്മളും തമ്മില്‍ . വീട്ടിലെ പ്രശ്നം കൊണ്ട് സ്നേഹം കിട്ടാതെ പോകുന്ന ഭൂരിഭാഗം കുട്ടികളും വഴിപിഴച്ചു പോകാറാണ് പതിവ്. അവരെ ഒരു നോട്ടം കൊണ്ടെങ്കിലും നമുക്ക് സ്വാന്തനിപ്പിക്കാനായാല്‍ അത് വരും തലമുറയോട് നമ്മള്‍ ചെയ്യുന്ന ഏറ്റവും നല്ല സദ്‌പ്രവൃത്തിയായിട്ടാണ് വരിക.


ല്ല സാമൂഹികാന്തരീക്ഷത്തില്‍ വളരുന്ന ഏതു വ്യക്തിയും സ്ത്രീയെ ബഹുമാനിക്കാന്‍ കഴിയും എന്നത് തന്നെയാണ് സത്യം. വെറുതേ പെണ്ണ് ആണിനോടും ആണ് പെണ്ണിനോടും മദ്യപന്മാര്‍ ഒറ്റ തിരിഞ്ഞും അങ്ങോട്ടുമിങ്ങോട്ടും എണ്ണത്തുണിയാല്‍ എറിഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ തുടങ്ങേണ്ടത് നമ്മുടെ വീടുകളില്‍ നിന്ന് തന്നെയാണ്. നമ്മുടെ അമ്മയില്‍ നിന്ന്, നമ്മുടെ ഭാര്യയില്‍ നിന്ന്, നമ്മുടെ മക്കളില്‍ നിന്ന്, നമ്മുടെ സഹോദരികളില്‍ നിന്ന് എല്ലാം പുരുഷന്‍ അവരെ ബഹുമാനിക്കുവാനും അവരുടെ സ്വാതന്ത്ര്യങ്ങളെ കുറിച്ച് ബോധാവാന്മാരാകാനും ശ്രമിക്കണം. ഒരു കാര്യം കൂടി പറയട്ടെ, മാറ്റം, ഒരു രാത്രി കൊണ്ടോ ഒരു പകല്‍ കൊണ്ടോ ഉണ്ടാവുന്നതല്ല, അത് കൊണ്ട് ഇന്നൊരു ദിവസം നിങ്ങള്‍ എല്ലാ പെണ്ണിനോടും നന്നായി പെരുമാറിയിട്ടും നാളെ ഒരു പീഡന വാര്‍ത്ത കേട്ടു പരിതപിക്കുകയും വേണ്ട. ക്ഷമയോടെ, സഹിച്ച്, പഠിച്ച്, നമ്മള്‍ നമ്മുടെ മുന്നിലേക്ക്‌ ഭാവിയുടെ വാഗ്ദാനങ്ങളായ തലമുറയെ വാര്‍ത്തെടുക്കണം. അതിനു വേണ്ടി നമുക്ക് എന്ത് വിലകൊടുക്കേണ്ടി വന്നാലും സഹിക്കാം. ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേരുന്നു...


കുറിപ്പ് : ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ ലൈന്‍ "വാര്‍ത്തകള്‍ ചിത്രങ്ങളിലൂടെ" എന്ന പംക്തിയിലൂടെ രണ്ടായിരത്തി പന്ത്രണ്ടു ജൂലൈ ഇരുപത്തിരണ്ടിനു പ്രസിദ്ധീകരിച്ചവയാണ്. കൂടെയുള്ള കുറിപ്പ് അതേപടി ഇവിടെ ചേര്‍ക്കക്കുന്നു : സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് ചിത്രങ്ങള്‍ . (കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ )