Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, March 7, 2013

മുലയില്ലാ പെണ്ണിന്‍റെ മുലയറുത്തവര്‍

നമ്മള്‍ മലയാളികള്‍ക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്ന് തോന്നുന്നു. അല്ലെങ്കില്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും പറയുന്ന ഹാജിമാരുള്ള, ആഴ്ച്ചയി രണ്ടു ദിവസമെങ്കിലും മത പ്രഭാഷണവും സ്നേഹ സംവാദങ്ങളും പബ്ലിക്കായി നടക്കുന്ന, പര്‍ദ്ദയിട്ട പെണ്ണുങ്ങള്‍ ഏറെയുള്ള, ഇസ്ലാമിനെ തൊട്ടറിഞ്ഞ ഗള്‍ഫ് സഹവാസമുള്ള ഒരുപാട് കുടുംബങ്ങളുള്ള, ഇസ്ലാമിക രാഷ്ട്രമെന്ന പേരുള്ള പാക്കിസ്ഥാനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന ഒരു ജില്ലയിലെ കണ്ണായ സ്ഥലത്ത് തന്നെ, ഒരു കൊച്ചു പെണ്‍കുട്ടി, അതും വൃത്തിയിലും മെനയിലും വസ്ത്രം ധരിക്കാതെ ആരെയും മോഹിപ്പിക്കാന്‍ ശരീരവളര്‍ച്ച പോലുമെത്താത്ത ഒരു പിഞ്ചു കുഞ്ഞ് ഇരയാക്കപ്പെടുന്നത് എന്ത് കൊണ്ടാണ്!? വെറും മൂന്നുവയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞ് എന്തറിഞ്ഞു!


ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ ഇത്ത പറഞ്ഞു, ഇങ്ങനത്തെ ആളുകള്‍ക്ക് എത്രയെത്ര വഴികളുണ്ട് ഇവിടെ. ഇവറ്റകള്‍ ഒക്കെ ജീവിക്കുന്നത് സൗദി അറേബ്യയില്‍ ഒന്നുമല്ലല്ലോ. ഇന്ത്യയെന്ന രാജ്യത്ത് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം രാജ്യം അനുവദിച്ചിട്ടും ഇങ്ങനെയൊക്കെ നടക്കുന്നത് വല്ലാത്ത കഷ്ട്ടം തന്നെ. വെറും നൂറ്റിയന്പതു രൂപയ്ക്ക് ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ട് കേരളത്തിലെ പല ബസ് സ്റ്റാന്‍ഡുകളുടെയും സിനിമാ തിയ്യറ്റരുകളുടെയും മറവില്‍ . കേരളത്തിനു അകത്തും പുറത്തുമായി അധികൃതവും അനധികൃതവുമായ എത്രയോ വേശ്യാലയങ്ങളുണ്ട്. എന്നിട്ടും മനുഷ്യന്മാര്‍ കാമഭ്രാന്തില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
ഒരു പുരുഷനെന്ന നിലയില്‍ ഈ സംഭവത്തില്‍ സ്വയം വെറുപ്പ്‌ തോന്നിപ്പോവുകയാണ്. ഇനിമുതല്‍ കുട്ടികളെ ഉപ്പമാരില്‍ നിന്നുവരെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ഈ വിഷയം ഇത്തയോടു സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ പോയി. എവിടെയോ കുറച്ചു പേര്‍ ആണത്തത്തിന്‍റെ വില കുഴിച്ചുമൂടിയിരിക്കുന്നു. ആണായിപ്പിറന്നതിന്‍റെ പേരില്‍ പുരുഷന്മാരെല്ലാം തലകുനിക്കേണ്ടി വന്നിരിക്കുന്നു. പെണ്ണായിപ്പിറന്ന ജന്മങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ ഭയത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഫോണ്‍ വെക്കാന്‍ നേരം ഒന്നുമാത്രം പറഞ്ഞു; ചില ജന്തുവര്‍ഗങ്ങള്‍ അവയുടെ സ്വഭാവം കാണിച്ചുകൊണ്ടേയിരിക്കും. ഇരയാക്കപ്പെടുന്നവര്‍ ഒരു ചെറിയ അനക്കം കണ്ടാല്‍ പോലും പ്രതികരിക്കേണ്ടതുണ്ട്. അത് ബസ്സിലോ കാറിലോ സ്കൂളിലോ വീട്ടിലോ മാമനോ ചേട്ടനോ അച്ഛനോ എവിടെയായിരുന്നാലും ആരായിരുന്നാലും. സാഹചര്യങ്ങളെ അതിജീവിക്കാന്‍ ചില ഇരുണ്ടമനസ്സുകളുടെ പ്രകൃതിവിരുദ്ധമായ ചോദനകളെ അതില്‍ നിന്നും ഞെട്ടിയുണര്‍ത്തിച്ചു പുറത്തു ചാടിക്കാന്‍ പ്രതികരിക്കുക എന്നതല്ലാതെ വേറൊരു വഴിയുമില്ല. കൊച്ചു കുട്ടികളെ കയ്യകലത്തില്‍ നിന്നും വിടാതിരിക്കുക. മനുഷ്യന്‍ നന്നാവുന്ന വരെ നിങ്ങള്‍ ആരെയും വിശ്വസിക്കേണ്ടതില്ല.

ഒരു ആണെന്ന നിലയില്‍ ഇത്തയോട് ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കരുത് എന്ന് പറയേണ്ടി വന്നതില്‍ അതീവ ദുഖമുണ്ട്. ഒരാങ്ങള എന്ന നിലയില്‍ ബന്ധങ്ങളുടെ വില നഷ്ട്ടപ്പെടുത്തിയ കഴുവേറികളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും വെറുപ്പും. പണ്ട് ഞാന്‍ ശക്തമായി വാദിച്ചിരുന്നു വേശ്യാലയങ്ങള്‍ വരട്ടെ എന്ന്. ഇന്നും അത് പറഞ്ഞ് പോകുന്നു. പിഞ്ചു മക്കളെ എങ്കിലും ഈ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന കാമപ്പിശാചുകള്‍ വെറുതെ വിടട്ടെയെന്ന കാരണത്താല്‍ .

വാല്‍ക്കഷണം : ലോകത്ത് എവിടെയെങ്കിലും പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ടെങ്കില്‍ അവരോടാണ് എനിക്ക് ഒരപേക്ഷയുള്ളത്. ഇതാ, ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പോന്നോളൂ... ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉപഭോക്താക്കളുണ്ട്. പക്ഷെ രാത്രിയുടെ മറവില്‍ മാത്രമേ അവര്‍ അവരുടെ തനി നിറം പുറത്തുകാണിക്കുകയുള്ളൂ എന്ന് മാത്രം.

Friday, February 22, 2013

സെല്ലുലോയിഡില്‍ പതിയാതെ പോയത്...



കലാമൂല്യമുള്ള സിനിമകള്‍ക്കു പ്രേക്ഷകര്‍ കുറവാണെങ്കിലും അതിനെ കണ്ടുപിടിച്ചു ജനങ്ങള്‍ക്ക്‌ മുന്നിലെത്തിക്കുകയും അവയെ പ്രോല്‍സാഹിപ്പികുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഒരുകാലഘട്ടത്തില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍..  എന്നാല്‍  കടന്നുപോയ കുറച്ചു വര്‍ഷങ്ങളില്‍ അതിനു മാറ്റം വന്നിരിക്കുന്നു എന്നു വേണം കരുതാന്‍ . ആഘോഷ സിനിമകള്‍ക്കും തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കും ജനപ്രിയമെന്ന പല പേരുകളിലുള്ള തിലകം ചാര്‍ത്തി സ്റ്റേറ്റ് അവാര്‍ഡുകളും ചിലപ്പോഴൊക്കെ പ്രഹസനമായി മാറുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ഏറെക്കുറെ സ്വീകാര്യമായൊരു അവാര്‍ഡ് വിളംബരമാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പല മികച്ച നടന്മാര്‍ക്കും നിരാശ പകരുന്ന ഒന്നായിരുന്നു പല അവാര്‍ഡുദാന ചടങ്ങുകളും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാലാഭവന്‍ മണി തൊട്ട് ഇങ്ങിവിടെ സലിം കുമാറും കടന്ന് ഇപ്പോഴിതാ, ലാലിന് മുന്നിലെത്തി നില്‍ക്കുന്നു.
എന്തുകൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെടുന്നതെന്ന ചോദ്യം വളരെ പ്രസക്തമണ്. ഇത്തവണ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിക്ക് രണ്ടാം സ്ഥാനം കിട്ടിയെങ്കിലും അതിലെ മികച്ച കഥാപാത്രങ്ങളെ ജീവന്‍ വെപ്പിച്ച ലാല്‍ എന്ന മികച്ച നടനെ തിരസ്കരിച്ചത് തീര്‍ത്തും ഒരു പ്രഹസനം തന്നെയായിപ്പോയി എന്ന് പറയാതെ വയ്യ.
ഇപ്രാവിശ്യത്തെ അവാര്‍ഡു ദാന ചടങ്ങുകളെ കരിനിഴലിലാക്കുന്നത് പ്രധാനമായും മൂന്നു സംഭവങ്ങളാണ്.

  •  2012 വര്‍ഷത്തെ അവാര്‍ഡ് ദാനത്തില്‍ 2013- ല്‍ ഇറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന് അവാര്‍ഡ് കൊടുത്തുവെന്ന വൈരുദ്ധ്യം. 
  •  മികച്ച നവ സംവിധായകനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "കളിയച്ഛന്‍ " ഇതേവരെ കേരളത്തില്‍ റിലീസ് ആയിട്ടില്ല. എന്നിരിക്കെ,
  • റിലീസ് ആയ "ഷട്ടര്‍ " എന്ന മികച്ച സിനിമയെയും അതിന്‍റെ സംവിധായകനെയും തഴഞ്ഞു കൊണ്ട് നടത്തിയ അവാര്‍ഡ് ദാനം സംശയിക്കപ്പെടെണ്ട ഒന്നാക്കുന്നു. (രണ്ടായിരത്തി പതിമൂന്ന് ഫെബ്രുവരി ആയിട്ടുപോലും റിലീസ് ആയിട്ടില്ലയെങ്കിലും രണ്ടായിരത്തി പന്ത്രണ്ട് നവംബറില്‍ നടന്ന ഗോവന്‍ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് കളിയച്ഛന്‍ .)
  •  ഒഴിമുറിയിലെ ലാലിന്‍റെ അസാധ്യ അഭിനയപ്രകടനം തീര്‍ത്തും കണ്ടില്ലെന്നു നടിച്ച ജൂറി അംഗങ്ങള്‍ . 

അവാര്‍ഡ് ദാനമെന്നത് പലപ്പോഴും പ്രഹസനമായ ഒന്നാവുന്നതിന്റെ മികച്ച ഉദാഹരണം മുമ്പും നമ്മള്‍ കണ്ടതാണ്. സംസ്ഥാനം അവാര്‍ഡ് നല്‍കാതിരുന്നിട്ടും ദേശീയ അവാര്‍ഡ് കിട്ടിയ സലിം കുമാര്‍ തന്നെയാണത്. എന്നിട്ടുമിപ്പോള്‍ കൊടുത്തത് ഹാസ്യ നടനുള്ള അവാര്‍ഡാണ്.

Tuesday, February 12, 2013

മരിക്കുന്ന സത്യങ്ങളും മത്സരിക്കുന്ന വാര്‍ത്തകളും

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ചാനലുകള്‍ക്ക് ആകാശം സ്വന്തമാക്കുന്ന കാഴ്ച്ച നാം കണ്ടു. ഏഷ്യാനെറ്റ് തുടങ്ങിവെച്ച ആ യാത്രയിപ്പോള്‍ മാതൃഭൂമി ചാനലായും മീഡിയ വണ്‍ ചാനലായും മലയാളികല്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നു. ഇനി മംഗളം പത്രത്തിന്‍റെ ചാനല്‍ കൂടി ഇറങ്ങാനിരിക്കുന്നുവെന്നും കേള്‍ക്കുന്നു. കലാകൌമുദിയും ഈ സാഹസത്തിനു മുതിരുന്നുണ്ട് എന്നൊരു വാര്‍ത്തയും മാധ്യമ ലോകത്ത് പരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലോഞ്ചിംഗ് പ്രതീക്ഷിച്ച മാധ്യമം പത്രത്തിന്‍റെ ചാനല്‍ , സംഘടനയുടെയും പത്രത്തിന്‍റെയും പോഷക സംഘടനകളുടെയും നേതൃനിരയുമായി ചാനലിന്‍റെ തലപ്പത്തുണ്ടായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. രാജഗോപാലിനുണ്ടായ അഭിപ്രായ വിത്യാസങ്ങള്‍ ചാനലിന്‍റെ റിലീസിനെ വൈകിപ്പിക്കുകയായിരുന്നു. പോഷക സംഘടനകളുടെയും പ്രധാന സംഘടനയുടെയും പ്രവര്‍ത്തകര്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായിരിക്കാം ആ വൈകല്‍ . എന്ത് തന്നെയായാലും ഊഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഇസ്ലാമിക രാഷ്ട്രം എന്ന പരസ്യമായ മുദ്രാവാക്യം രഹസ്യമാക്കിവെക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ ലോകത്തെ മികച്ച രണ്ടാമത്തെ കാല്‍വെപ്പാണ്‌ ഇതെന്ന് പറയാം. ആയിരത്തി തൊള്ളായിരത്തിഎണ്‍പത്തിയേഴില്‍ തുടങ്ങിയ "മാധ്യമം" ദിനപത്രം മുസ്ലിം സമൂഹത്തില്‍ എന്നതിലുപരിയായി ഒരു പൊതു പത്രമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മലയാളികളുടെ അമേരിക്കന്‍ വിരോധവും ആ കാലഘട്ടത്തിലെ പത്രങ്ങള്‍ക്കു മര്‍ദ്ദിതന്‍റെ ശബ്ദം ഇല്ലാതിരുന്നതും ചൂഷണം ചെയ്ത മാധ്യമം പിന്നീട് ഉയര്‍ച്ചയുടെ പടവുകള്‍ അനായാസേന താണ്ടുകയായിരുന്നു. അതെപ്പറ്റി ഒരു തമാശ മാധ്യമലോകത്തുണ്ട്: 

"ഒരു മുസ്ലിം സ്ഥാപനത്തില്‍ പഠിക്കുന്ന യുവാവ് തന്‍റെ കവിതകള്‍ സ്ഥിരമായി മാധ്യമത്തിന് അയച്ചു കൊടുത്തത്രേ, എന്നാല്‍ മാധ്യമം അത് പ്രസിദ്ധീകരിച്ചതേയില്ല. അധ്യാപകരുടെ നിര്‍ബന്ധപ്രകാരം വീണ്ടും വീണ്ടും അയാള്‍ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു നില്‍ക്കുന്ന സമയത്ത് ഒരു സുഹൃത്ത് അയാളോട് ഒരു ഹിന്ദുവിന്‍റെയോ ക്രിസ്ത്യാനിയുടെയോ പേര് വച്ചു അയക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്ത അയാളുടെ കവിത അടുത്ത ആഴ്ച തന്നെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു!!"
 ഇതിലെത്രത്തോളം സത്യമുണ്ട് എന്നറിയില്ല എങ്കിലും മുസ്ലിം സമൂഹത്തെ മാത്രം മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ല മാധ്യമം ഈ ഏര്‍പ്പാട് നടത്തുന്നത് എന്ന് മാധ്യമിത്തിലൂടെ പുറത്തുവന്ന പല വിവാദങ്ങളും നമുക്ക് കാണിച്ചു തന്നതാണല്ലോ.

രണ്ടായിരത്തി മൂന്നിലാണ് മലയാളത്തില്‍ ഒരു മുഴുനീള വാര്‍ത്താധിഷ്ട്ടിത ചാനല്‍ പിറക്കുന്നത്‌ . എം കെ മുനീറിന്‍റെ നേതൃത്വത്തില്‍ അന്ന് ഇന്ത്യാവിഷന്‍ എന്നപേരില്‍ പിറവിയെടുത്ത ചാനല്‍ മലയാളത്തിനും മലയാളവാര്‍ത്തയ്ക്കും പുതിയ മാനങ്ങള്‍ നല്‍കി. രാഷ്ട്രീയക്കാര്‍ക്കും മറ്റു സാമൂഹികപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറ്റൊരു മുഖം കാണിച്ചു കൊടുക്കുകയായിരുന്നു അന്ന് എം വി നികേഷ് കുമാറിലൂടെ ഇന്ത്യാവിഷന്‍ . ഇതിനും എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ടെലിവിഷന്‍ മേഖലയില്‍ പിടിമുറുക്കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു പോലും അജ്ഞാതമായ വാര്‍ത്താവതരണ ശൈലിയും കര്‍മ്മ മേഖലയുമായിരുന്നു ഇന്ത്യാവിഷന്‍ അവതരിപ്പിച്ചത്. ലീഗ് നേതാവ് എം. കെ.മുനീറിന്റെ നേതൃത്വത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, ലീഗിന്‍റെ ചാനല്‍ ആയിരിക്കും ലീഗ് അനുകൂല ചാനല്‍ ആയിരിക്കും എന്ന് പ്രതീക്ഷിച്ചവരെയും പരിഹസിച്ചവരെയും അമ്പരപ്പിച്ചു കൊണ്ട് ലീഗിന്‍റെ തന്നെ ഉന്നത നേതാവായ കുഞ്ഞാലിക്കുട്ടിയില്‍ ആരോപിക്കപ്പെട്ട പെണ്‍വാണിഭക്കേസ് ആദ്യമായി പുറത്തുകൊണ്ടുവന്നു. മാധ്യമപ്രവര്‍ത്തനം എന്തായിരിക്കണം എന്ന് കാണിച്ചു തന്ന ഇന്ത്യാവിഷന്‍ , പാര്‍ട്ടിയുടെ നേതാവിന്‍റെ കൂടി ആയിട്ടുപോലും കേരളക്കരയില്‍ ആഞ്ഞടിച്ചു. ഒരുപക്ഷെ അന്നായിരിക്കണം മലയാളികള്‍ വൈകുന്നേരത്തെയോ, ഇടവിട്ടുള്ള വാര്ത്തകളെയോ കാത്തുനില്‍ക്കാതെ നേരിട്ട് വാര്‍ത്താ ചാനലിലേക്ക് പോകുന്ന പ്രവണത കാണിക്കാന്‍ തുടങ്ങിയത്.
കേരളത്തിലെ സ്വകാര്യ ടെലിവിഷന്‍ മാധ്യമങ്ങള്‍ക്കും അവയെത്തുടര്‍ന്നുള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഏകദേശം ഇരുപതു വയസ്സായി നില്‍ക്കുന്ന അവസരത്തില്‍ രണ്ടു ഡസന്‍ കടന്നിരിക്കുന്നു ചാനകളുടെ എണ്ണം. ഒരുപക്ഷേ മലയാളി ആസ്വദിക്കാനും അറിയാനും തുടങ്ങിയ കാലഘട്ടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ആദ്യ കാഘട്ടങ്ങളില്‍ ഇന്‍റര്‍നെറ്റും മറ്റ് സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരമാവുന്നതിനും മുമ്പേ, ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പകരം ഫിലിമുകളും കൈകൊണ്ടു ലോഡ് ചെയ്യുന്ന യാഷിക്കന്‍ ക്യാമറകളുടെ കാലത്ത് (മറന്നുപോയോ 'യാഷിക'യെ!?)ഏഷ്യാനെറ്റിലെ പഴയകാല പ്രവര്‍ത്തകന്മാര്‍ അനുഭവിച്ച യാതനകള്‍ ചില്ലറയല്ല. ഫിലിപ്പീന്‍സിലെ അപ്പ്ലിങ്ക് സ്റ്റെഷനിലേക്ക് ചിത്രങ്ങളും മറ്റും വിമാന മാര്‍ഗമായിരുന്നു അവര്‍ എത്തിച്ചിരുന്നത്. വാര്‍ത്തകള്‍ ഫാക്സ് അയക്കുകയും മറ്റു അതിവേഗ വാര്‍ത്തകള്‍ക്ക് വേണ്ടി മറ്റു മാര്‍ഗങ്ങള്‍ തേടിയ അന്നത്തെ സാങ്കേതിക വിദഗ്ദര്‍ നമ്മുടെ നാട്ടിലെ പ്രാകൃതമായ സംവിധാനങ്ങളുടെ ഊരാക്കുടുക്കളില്‍ പെട്ട് വലയുന്ന അവസ്ഥയായിരുന്നു. 1993ല്‍ തുടങ്ങിയ സ്ഥാപനം, രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം തൊണ്ണൂറ്റി അഞ്ചില്‍ ഇന്ത്യയിലെ തന്നെ ആദ്യ തല്‍സമയ വാര്‍ത്താധിഷ്ട്ടിത പരിപാടി അവതരിപ്പിച്ചു എന്നവകാശപ്പെടുന്നു. സമകാലീനസംഭവങ്ങളുടെ സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ വലുതും ചെറുതുമായ ചില അപാകതകള്‍ കണ്ടെത്താമെങ്കിലും തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ തുടങ്ങിയ ആ സ്ഥാപനം മലയാളക്കരയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല തന്നെ. 


കാലം മാറി, മാധ്യമമേഖലയും മാധ്യമപ്രവര്‍ത്തകരും ഇന്ന് രണ്ടു തട്ടിലെന്ന അവസ്ഥയാണ്. സംഭവങ്ങളുടെ പ്രസരണം സാങ്കേതികമാവുമ്പോഴും രാഷ്ട്രീയക്കാരെയും അഴിമതി- അരാജകത്വ പ്രസ്ഥാനങ്ങളെയും ബാധിക്കുന്ന ഒന്നായി മാറുമ്പോള്‍ പണക്കൊഴുപ്പ് കൂടുന്നു, അവിടെ വാര്‍ത്ത എത്തിക്കുന്നവനും കണ്ടുപിടിക്കുന്നവനും വെറും ഉപകരണങ്ങള്‍ മാത്രമാവുന്നു. ശബ്ദമുയര്‍ത്തുന്നവര്‍ക്ക് എവിടെയും സ്ഥാനമില്ലാത്ത അവസ്ഥ സംജാതമാകുന്നു. വളരെ കുറച്ച്, മൂല്യമുള്ള ജേര്‍ണലിസ്റ്റുകള്‍ മാത്രം കര പറ്റുന്നു. പക്ഷെ സങ്കടകരം എന്ന് പറയട്ടെ, പണക്കൊഴുപ്പില്‍ അവരും മുതലാളിവര്‍ഗത്തിന്‍റെ ഭാഗഭാക്കാവേണ്ടി വരുന്നു. വാര്‍ത്തകള്‍ പരസ്യങ്ങളുടെയും വിലപേശലുകളുടെയും ഇടയില്‍ ഞെരുങ്ങിയമരുന്നു. വാര്‍ത്തകളുടെ ഉടമസ്ഥന് അത് പ്രസിദ്ധപ്പെടുത്താനുള്ള അവകാശം മുതലാളി-രാഷ്ട്രീയ-സാമൂഹികമേഖലകളിലെ പകല്‍മാന്യന്മാര്‍ ചാനലുകളിലെ ഉടമസ്ഥരും പങ്കു കച്ചവടക്കാരുമായി ചേര്‍ന്ന് ശീതീകരിച്ച മുറികളിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. പിന്നീട് സൃഷ്ട്ടിക്കപ്പെടുന്ന ജനം അറിയുന്ന വാര്‍ത്തകള്‍ ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ തോറ്റുപോകാതിരിക്കാന്‍ വേണ്ടിയുള്ള ഒരുതരം മൂന്നാം കിട മത്സരം മാത്രമായി മാറുന്നു. സംഭവവികാസങ്ങളെ കീറിമുറിച്ചു കൊണ്ട് ഒരു നീണ്ട ലേഖനം എഴുതാന്‍ ലേഖകന്‍ ഉദ്ദേശിക്കുന്നില്ലയെങ്കിലും ചില വസ്തുതകള്‍ പറയാതെ വയ്യ.

"നമ്മുടെ നാട്ടിലെ ഓരോ എക്സ്കൂസീവ് വാര്‍ത്തകള്‍ക്കും പിന്നില്‍ ഓരോ കഥകളുണ്ട്. ജനങ്ങളോടുള്ള ബാധ്യത കൊണ്ടോ, സാമൂഹിക സേവനം പ്രതീക്ഷിച്ചോ ആരും മാധ്യമപ്രവര്‍ത്തനം നടത്തുന്നില്ല എന്നത് രഹസ്യമായ ഒരു പരസ്യമാണ്.വാര്‍ത്തകള്‍ ഇന്നിന്‍റെ ശബ്ദമായി മാറേണ്ടത് കാലത്തിന്‍റെയും സമൂഹത്തിന്‍റെയും മാത്രം ആവിശ്യമായി മാറുന്ന ഈ അവസ്ഥയില്‍ ഇരുപതല്ല, ഇരുനൂറല്ല ഇരുപതിനായിരം മാധ്യമങ്ങള്‍ ഉണ്ടായിട്ടും കാര്യമില്ല - അവര്‍ അവരുടെ ദൗത്യം വെറും പ്രഹസനം മാത്രമായി കാണുകയാണെങ്കില്‍ . ഓരോ സത്യങ്ങളും കുഴിച്ചുമൂടപ്പെടുന്ന മുറികളായി ന്യൂസ് ബ്യൂറോകള്‍ മാറുകയാണെങ്കില്‍ ജനം നിസ്സഹായരാകും. പക്ഷേ. ഒന്നോര്‍ക്കുക, നിങ്ങള്‍ കുഴിച്ചു മൂടിയ ഒരു സത്യവും ജീവനറ്റു പോകുന്നില്ല. കേവലം വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ടു എന്നതിലപ്പുറം നിങ്ങള്‍ക്കവയെ ഒന്നും ചെയ്യുവാനാകില്ല. സത്യം."


അഭയ കേസ് മുതല്‍ സമകാലീന രാഷ്ട്രീയത്തെ പിടിച്ചുലച്ച സൂര്യനെല്ലി - മദനി വരെ മത്സരങ്ങളില്‍ ഇടം പിടിക്കുന്നതിന്‍റെ ചിത്രം നിങ്ങള്‍ മനസ്സിലോര്‍ക്കുക. കേരളത്തില്‍ ഏഷ്യാനെറ്റിനു എതിരാളികളായി മറ്റു ചാനലുകള്‍ വരുന്നത് വരെ എക്സ്ക്ലൂസിവ് വാര്‍ത്ത എന്നത് മലയാളിക്ക് സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കയില്‍ നടന്ന വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതോ, ഇന്ത്യാ പാക് യുദ്ധവിവരങ്ങള്‍ തത്സമയം അറിയുക്കുന്നതോ, പുല്ലുമേട് , തേക്കടി അപകടങ്ങള്‍ , തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ എന്നിവയൊക്കെ ആയിരുന്നു. എന്നാല്‍ എതിരാളികള്‍ വന്നതോടെ ഒളിക്യാമറകള്‍ കൊണ്ടുള്ള പ്രത്യേക വാര്‍ത്തകള്‍ , പത്രപ്രവര്‍ത്തനത്തില്‍ സാഹസികത , സര്‍ക്കാര്‍ - സര്‍ക്കാറിതര സ്ഥാപനങ്ങളിലെ അഴിമതികള്‍ എന്നിവയ്ക്ക് രേഖകള്‍ കണ്ടെത്തല്‍ തുടങ്ങി പത്രപ്രവര്‍ത്തനം എന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഒന്നായി മാറുന്ന - മാറ്റാന്‍ ശ്രമിക്കുന്ന ഒരു കാഴ്ച കേരളം കാണുകയുണ്ടായി. അതിപ്പോള്‍ ജസ്റ്റിസ് ബസന്തില്‍ എത്തി നില്‍ക്കുന്നുവെന്നു മാത്രം. അതിനും ആഴ്ചകള്‍ക്ക് മുമ്പേ, തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ആയ ഷാഹിനയുടെ വാര്‍ത്താ റിപ്പോര്‍ട്ടുകളും അവരുമായുള്ള ഇന്‍റര്‍വ്യൂകളും നടന്നു കഴിഞ്ഞു. ഇത്തരത്തിലുള്ള ഒരു മാധ്യമപ്രവര്‍ത്തനം തീരെ പ്രതീക്ഷിക്കാന്‍ പറ്റാത്ത ഇത്തരമൊരു അവസരത്തില്‍ പ്രകടമാവാന്‍ കാരണമെന്താണ്.?


"പുതിയ ടെലിവിഷന്‍ ചാനലുകള്‍ പിറവിയെടുക്കുന്നതില്‍ പഴയ ചാനലുകള്‍ ഭയപ്പെടുന്നു എന്നത് ഒരു പരമമായ സത്യം. ഓരോ ചാനലുകള്‍ ഇറങ്ങുമ്പോഴും പഴയ ചാനലുകളില്‍ ധൃതി പിടിച്ച് എക്സ്ക്ലൂസിവുകള്‍ സൃഷ്ട്ടിക്കപ്പെടുന്നു. "


മദനി വിഷയം കേരള മുസ്ലിം - രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക കേസാണ്. പക്ഷെ കര്‍ണ്ണാടകത്തില്‍ പോയി ധൈര്യസമേതം മാധ്യപ്രവര്‍ത്തനം നടത്താന്‍ മടിച്ചിരുന്ന, അല്ലെങ്കില്‍ അതിനു ചങ്കൂറ്റം ഇല്ലാതിരുന്ന, അതുമല്ലെങ്കില്‍ കേരള രാഷ്ട്രീയക്കാരാല്‍ വിലക്കപ്പെട്ട ഒരു മാധ്യമപ്പുലികള്‍ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അവര്‍ക്ക് കേരളത്തിലെ വല്ല പീഡനക്കെസോ, അതുമല്ലെങ്കില്‍ വല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രേഖകളിലെ പ്രശ്നങ്ങളോ മാത്രം റിപ്പോര്‍ട്ട് ചെയ്തു സായൂജ്യമടഞ്ഞാല്‍ മതിയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴുള്ള എല്ലാ ചാനലുകള്‍ക്കും ഒരേ അജണ്ട നിലനില്‍ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. മാതൃഭൂമി ചാനല്‍ ഇറങ്ങിയപ്പോള്‍ തന്നെ തെഹല്‍ക്ക സ്റ്റാഫായ ഷാഹിനയുടെ ഇന്‍റര്‍ വ്യൂകള്‍ കൂട്ടിച്ചേര്‍ത്ത് അകം പുറം എന്ന പരിപാടി അവതരിപ്പിച്ചത് കണ്ടിരുന്നല്ലോ, മദനിയെ ഒരിക്കല്‍ ക്രൂരമായി ആക്ഷേപിച്ച മാതൃഭൂമി, മറുകണ്ടം ചാടി എക്സ്ക്ലൂസിവ് ആയി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും എം. എ ബേബിയെയും വേദിയില്‍ കൊണ്ടുവന്നു ചോദ്യശരങ്ങള്‍ എയ്തു കൊണ്ട് മദനിക്ക് വേണ്ടി വാദിച്ച വിരോധാഭാസം എന്തുകൊണ്ടുണ്ടായി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? 
മാതൃഭൂമി ചാനലില്‍ നടന്ന മദനിയാട്ടം ബേബിനട. ചെണ്ടമേളം :ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 

മീഡിയവണ്‍ ചാനല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കുമെന്നും അത് ചാനല്‍ രൂപത്തിലാവുമ്പോള്‍ മദനി എന്ന കുപ്പിയില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെ ആകുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ, "മാധ്യമം പത്രത്തിന്‍റെ ചാനലിനു സ്കോര്‍ ചെയ്യാന്‍ ഒരു ഇടം നല്‍കാതിരിക്കുക എന്ന കുരുട്ടുവിദ്യ പ്രയോഗിച്ചതാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ബസന്തിനെ അയാളോട് പറയാതെ (സ്വകാര്യ സംഭാഷണം ആണോ അല്ലെ എന്നത് വേറെ കാര്യം) രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയും അത് എക്സ്ക്ലൂസീവ് ആയി പുറത്തുവരികയും ചെയ്തു. ഒരു വിഷയവും കിട്ടാതിരിക്കെ, പുതിയ ചാനലുകള്‍ക്ക് ഒരിടവും നല്‍കാതെ എക്സ്ക്ലൂസീവുകള്‍ പടച്ചു വിട്ടുകൊണ്ടേയിരിക്കുക എന്നത് വിമര്‍ശിക്കപ്പെടെണ്ടതോ അതോ സ്വാഗതം ചെയ്യേണ്ടതോ എന്നതിനപ്പുറം ചിന്തിക്കേണ്ട വസ്തുത, ഇത്തരം നിര്‍ണ്ണായക ഘട്ടങ്ങളല്ലാത്ത അവസരങ്ങളില്‍ ഇത്രയും ചാനലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മദനിക്ക് വേണ്ടിയോ സൂര്യനെല്ലി കേസിന് വേണ്ടിയോ മിണ്ടാതിരിക്കേണ്ടി വന്നത്? അതിനു ഡല്‍ഹി സംഭവം വരെയോ സുപ്രീം കോടതി ഉത്തരവ് വരെയോ കാത്തിരിക്കേണ്ടി വന്നത്? ചാനല്‍ മത്സരങ്ങളില്‍ റേറ്റ് കൂട്ടുവാന്‍ അല്ലാതെ, മത്സര ബുദ്ധി എന്നത് മാറ്റി വെച്ച് സമൂഹത്തിനു വേണ്ടി സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ഒരു സാഹചര്യം സൃഷ്ട്ടിക്കാന്‍ ചാനലുകള്‍ക്ക് കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്.?

ഇങ്ങനെയൊക്കെ ആണെങ്കിലും സത്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കാനുമാവില്ല തന്നെ. ഒരു ചാനലിനും ഓശാനപാടുവാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും, മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും മാതൃഭൂമിയുടെ ആഴ്ച്ചപ്പതിപ്പുകള്‍ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നതിന് സംശയം വേണ്ട. മാധ്യമം ആഴ്ചപ്പതിപ്പ് ഇറങ്ങിയതിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ കെട്ടും മട്ടും മാറിയത് ശ്രദ്ധിച്ചവര്‍ക്കറിയാം ആ സത്യം. മാധ്യമലോകത്ത് മത്സരമുണ്ടാകുമ്പോള്‍ വരുന്ന മാറ്റം. അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ . അത് തിരിച്ചറിയപ്പെടേണ്ട ഒന്നുതന്നെയാണ്. എന്തുതന്നെയായാലും ഒരുകൂട്ടര്‍ കുഴച്ചു മൂടുന്ന സത്യം മറ്റൊരു കൂട്ടര്‍ പൊക്കിക്കൊണ്ട് വരുന്നതില്‍ ആശ്വാസമുണ്ട്. ജനം അക്കാര്യത്തില്‍ മാധ്യമലോകത്തെ മത്സരങ്ങളോട്‌ കടപ്പെട്ടിരിക്കുന്നു. ഈസ്റ്റെണ്‍ കറി പൌഡറില്‍ മായംചേര്‍ക്കല്‍ കണ്ടെത്തിയത് മുക്കിക്കളഞ്ഞത് പൊക്കിക്കൊണ്ട് വന്നവരേ, നന്ദി, നിഷ്പക്ഷരും നീതിമാന്മാരും മുന്‍ വിധി ഇല്ലാത്തവരുമാണ് ജഡ്ജിമാര്‍ എന്നത് മിഥ്യയാണ് എന്ന് കാണിച്ചു തന്ന ഇന്ത്യാ വിഷനും നന്ദി. മാധ്യമലോകത്ത് വേറിട്ട സാന്നിധ്യമായ ഷാഹിനയ്ക്കും തെഹല്‍ക്കയ്ക്കും അത് മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലിനും നന്ദി. ഇനി മീഡിയ വണ്‍ എന്ത് എക്സ്ക്ലൂസീവ് ആണ് പുറത്ത് കൊണ്ടുവരാന്‍ പോകുന്നത് എന്നറിയില്ല. ബാലകൃഷ്ണപ്പിള്ള ജയിലില്‍ കിടന്നപ്പോള്‍ ഫോണ്‍ വിളിച്ച് അത് റെക്കോര്ഡ് ചെയ്തു റിപ്പോര്‍ട്ട് ചെയ്ത പോലത്തെ ഊള എക്സ്ക്ലൂസിവുകള്‍ ഒന്നും ആവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. സമൂഹത്തിനും ഇരയായവര്‍ക്കും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ ചാനല്‍ മത്സരങ്ങള്‍ ഇനിമിനിയുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയല്ലാതെ മലയാളി പ്രേക്ഷകര്‍ക്ക്‌ വേറെ വഴിയില്ല. അതുകൊണ്ട് ആ പ്രാര്‍ഥനയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ ലേഖനിമിവിടെ ഇടിച്ചു നിര്‍ത്തുന്നു.

പിന്‍മൊഴി : എഴുതിക്കഴിഞ്ഞപ്പോള്‍ മാധ്യമത്തിനും ഇന്ത്യാവിഷനും അനുകൂലമായിപ്പോയോ എന്നൊരു സംശയം എനിക്കും തോന്നാതിരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അത് അര്‍ഹിക്കുന്നുമുണ്ട് എന്ന് തോന്നുന്നു. ലേഖകന് ജാതി - മത -രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊന്നും കൂറില്ല. ലേഖനം വിമര്‍ശനം അര്‍ഹിക്കുന്നുവെങ്കില്‍ പറയാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Saturday, January 12, 2013

സര്‍ക്കാര്‍ ജോലിക്കാരെ ജനങ്ങള്‍ ചുമക്കെണ്ടതുണ്ടോ? അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ »

വിഷയത്തിലേക്ക് വരും മുമ്പ് ചിലകാര്യങ്ങള്‍ പറയട്ടെ,

നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട് അത് ഏകദേശം ഇങ്ങനെയായിവരും:


റോഡ് വേണം - ടോള്‍ പാടില്ല.
സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് - എല്ലാം സര്ക്കാര്‍ ചെയ്യണം.
നികുതി കൂട്ടരുത് - ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം.
റോഡ് വീതി കൂട്ടണം - എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല.
മരിക്കുവോളം പെന്‍ഷന്‍ കാശ് വേണം - സര്‍ക്കാര്‍ സഹായ ഫണ്ടുകള്‍ ഇറക്കുന്നില്ലെന്നു കുറ്റം പറയണം.
വികസനം വേണം - വ്യവസായം അരുത്.
മികച്ച സൗകര്യങ്ങള്‍ വേണം - സമരം ചെയ്തു കല്ലെറിഞ്ഞു തകര്‍ക്കുകയും വേണം.

നമ്മുടെ നാട്ടിലെന്താ പണം കായ്ക്കുന്ന മരം വല്ലതുമുണ്ടോ..!? ഗള്‍ഫിലെ പോലെ കുഴിച്ചാല്‍ കിട്ടുന്ന പെട്രോള്‍ കാശുണ്ടോ! ആകെ വരുമാനം ജനങ്ങള്‍ കൊടുക്കുന്ന നികുതിയും കുടിച്ചു തീര്‍ക്കുന്ന മദ്യക്കാശും മാത്രമാണ്.
സര്‍ക്കാര്‍ വരുമാനത്തിന്‍റെ എണ്‍പത് ശതമാനവും പെന്‍ഷന്‍ കൊടുക്കാനായിട്ടാണ് ചിലവാക്കുന്നത്. ബാക്കി കാശുകൊണ്ട് മുകളില്‍ പറഞ്ഞെതെല്ലാം നടത്തുകയും വേണം. ഒരു പാര്‍ട്ടിയെയും അനുകൂലിക്കുന്നില്ല, ഒന്ന് നിഷ്പക്ഷമായി ചിന്തിച്ചു നോക്കൂ, അത്രയും കാശ് ജനങ്ങളിലെ ഒരു വിഭാഗത്തിനു മാത്രം ചിലവാക്കുന്നത് ന്യായമാണോ? അവരെപ്പോലെ തന്നെയല്ലേ ഓരോ പൗരനും. ഓരോ പൗരനും അവകാശപ്പെട്ട പണമല്ലേ അത്? നമ്മള്‍ വീടിനും റോഡിനും മുതല്‍ അമ്പതു പൈസയുടെ കവര്‍ വാങ്ങുമ്പോള്‍ പോലും കൊടുക്കുന്ന നികുതിയല്ലേ അത്?
ഒരു ജനാധിപത്യ മുതലാളിത്ത വ്യവസ്ഥിതിയിൽ, എല്ലാ പൌരന്മാർക്കും തുല്യമായ അവകാശവും അർത്ഥവും ഉറപ്പാകണം. എല്ലാവരുടേയും വാർദ്ധക്യം സുരക്ഷിതമാകണം. ഇതൊക്കെ സാദ്ധ്യമാകണമെങ്കിൽ, ഈ മാറ്റങ്ങൾ ഉണ്ടായേ പറ്റൂ. 

സര്‍ക്കാര്‍ ഓഫീസുകളില്‍ എന്നോട് ആകെ നന്നായി പെരുമാറി എന്ന് പറയാന്‍ ഉള്ളത് ഒന്ന് അധ്യാപകരും മറ്റൊന്ന് അംഗനവാടി ടീച്ചര്‍മാരും ആണ്. തപാല്‍ ഓഫീസുകള്‍ കുഴപ്പമില്ല എങ്കിലും കത്ത് കൊണ്ടുവന്നാല്‍ പലപ്പോഴും തല ചൊറിഞ്ഞു നില്‍ക്കും. കൈക്കൂലിക്ക് വേണ്ടി. ഈ അവസരത്തില്‍ എന്‍റെ ഒരു അനുഭവം കൂടി പങ്കു വെക്കട്ടെ, എന്‍റെ ഒരു ബന്ധു , പാവപ്പെട്ട ഒരാളാണ്. മഴക്കാലത്ത് വെള്ളം കയറി വീട് മുങ്ങി അവസാനം തകര്‍ന്നു പോയി. പേപ്പറില്‍ ഫോട്ടോയൊക്കെ വന്ന്. ആ പേപ്പര്‍ കട്ടിങ്ങും മറ്റും വെച്ച് പഞ്ചായത്തിന് അപേക്ഷ കൊടുത്ത്, വീട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പതിനായിരം രൂപ പാസ്സായി. കയ്യില്‍ കിട്ടിയത് ആകെ ഏഴായിരം. അപേക്ഷ കൊടുത്ത് മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് ആയിരം രൂപ ആദ്യമേ കൈക്കൂലിക്ക് ചിലവായിരുന്നു. ബാക്കി ആറായിരം എന്ന് കണ്ടപ്പോ ആ സാധു ഗ്രാമസഭയ്ക്ക് പോയപ്പോള്‍ ആ കാശ് പഞ്ചായത്ത് മെമ്പറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇതൊക്കെ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ ആ ഒറ്റ സര്‍ക്കാര്‍ ജോലിക്കാരന്‍ കാരണം എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരാണ് മോശം ആവുന്നത്.!
സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്നത് അധികവും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും അവരുടെ ആളുകളെ ഉദ്യോഗസ്ഥര്‍ ആയി വാഴിക്കണം എന്നതാണ് ലക്ഷ്യം.
എങ്കിലും ഈ നിയമത്തില്‍ ഭേദഗതി വേണം എന്നെനിക്കു അഭിപ്രായം ഉണ്ട്. എന്ന് വെച്ചാല്‍ സര്‍ക്കാര്‍ സര്‍വ്വീസിന് ശേഷമോ അതിനിടയിലോ അപകടം സംഭവിച്ചാലോ മറ്റോ അവര്‍ക്ക് പഴയ പെന്‍ഷന്‍ നിയമ പ്രകാരം പെന്‍ഷന്‍ കൊടുക്കണം എന്ന്. അത് ആവിശ്യമാണ് താനും. പക്ഷെ അതിനു വേണ്ടി അല്ലല്ലോ സമരം ജനങ്ങള്‍ നികുതി കൊടുക്കുന്ന എണ്‍പത് ശതമാനം കാശും ഞങ്ങള്‍ക്ക് പെന്‍ഷനായി കിട്ടണം എന്ന ഒട്ടും ജനാധിപത്യ യോഗ്യമല്ലാത്ത ഒരു ആശയത്തിന് വേണ്ടിയാണ് ഈ സമരം എന്നെനിക്കു തോന്നുന്നു. മറ്റൊരു കാര്യം കൂടി, ഇന്ത്യയില്‍ പ.ബംഗാള്‍, ത്രിപുര, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളിലൊഴികെ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായമാണ്. അവിടെയൊന്നും ഒരു കുഴപ്പവുമില്ല.
.രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് മാത്രം ഈ അന്യായ സമരത്തെ അനുകൂലിക്കേണ്ടി വന്നവരോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ ; അന്ധമായത് രാഷ്ട്രീയം ആണേലും മതം ആണേലും നമുക്ക് ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥ നമ്മളുടെ വ്യക്തിത്വത്തെയും അതോടൊപ്പം സമൂഹത്തെയും നശിപ്പിക്കും.

പിന്തിരിപ്പന്‍ നയങ്ങളില്‍ കേരളം വഴികാട്ടിയാണ്, ഒന്നും കിട്ടിയില്ലെങ്കിലും വോട്ടു ചെയ്തോളും. ആ കാര്യത്തില്‍ മികച്ച മാതൃകയാണ് കേരളം. അയല്പക്കത്തേക്ക് നോക്കൂ, കിട്ടിയാലേ വോട്ടുള്ളൂ എന്നാ അവസ്ഥയാണ്. അത് കൊണ്ടെന്താ, ജനങ്ങള്‍ വളരെ സന്തുഷ്ട്ടരായി ജീവിക്കുന്നു. രസകരമായ ഒരു അനുഭവം പറയട്ടെ, പാലക്കാട് ജില്ലയിലുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എനിക്കറിയാവുന്ന പലരും  ഇടയ്ക്കിടെ പാലക്കാട് നിന്നും കോയമ്പത്തൂര് പോയി രണ്ടു രൂപയുടെ അരി നാല് രൂപയ്ക്ക് അവിടുത്തെ അവിടുള്ള ആളുകളില്‍ നിന്നും വാങ്ങുന്നു.! ആദ്യമൊക്കെ മണ്ടത്തരം എന്ന് പറഞ്ഞ് തള്ളി എങ്കിലും കണക്കു നോക്കിയപ്പോള്‍ അവരാണ് ശരി. ഞാന്‍ മണ്ടന്‍ തന്നെ. എന്തെന്ന് വെച്ചാല്‍ ട്രെയിന്‍ യാത്രയുടെ കാശ് പോയാലും കാശ് ലാഭം തന്നെയാണ്. കേരളത്തില്‍ റേഷന്‍ കടയില്‍ അരിയില്ല. പുറത്ത് പോയാല്‍ മുപ്പതു രൂപയോളം വിലയുള്ള അരി വാങ്ങേണ്ടി വരുന്നു. മുപ്പതുരൂപ എവിടെക്കിടക്കുന്നു, നാലുരൂപ എവിടെക്കിടക്കുന്നു!!! തമിഴ്നാട്ടില്‍ സാധങ്ങള്‍ക്കൊക്കെ വില കുറവ്. അവിടെ തമിഴ്നാട്ടില്‍ , ലാപ് ടോപ്‌ ടി വി. ഇങ്ങനെ തിരഞ്ഞെടുപ്പ് സമ്മാനം പോരാഞ്ഞ്, മികച്ച ഓവര്‍ ബ്രിട്ജുകള്‍ പാലങ്ങള്‍ റെയില്‍ സംവിധാനങ്ങള്‍ തുടങ്ങി പോതുമെഖലകളില്‍ മികച്ച പ്രകടനങ്ങള്‍ . ഇനി കൈക്കൂലി ആണേല്‍ പോലും കേരളത്തില്‍ നൂറു കൊടുക്കേണ്ടിടത്ത് വെറും പത്തുരൂപ കൊടുത്താല്‍ അവിടുത്തുകാര്‍ സന്തുഷ്ട്ടരാണ്. നമ്മുടെ നാട് ഇങ്ങനെ ആയിത്തീര്‍ന്നതില്‍ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കുള്ള പങ്ക് ചെറുതല്ല എന്നോര്‍മ്മിക്കുക.

എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ ജോലി എന്നപേരില്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ എണ്‍പത് ശതമാനം വായില്‍ തിരുകിക്കൊടുക്കുന്നതിനോട് യോജിക്കാനാവില്ല. അത് ജനങ്ങളുടെ പണമാണ്. ആരൊക്കെ കട്ട് മുടിക്കുന്നു എന്ന് പറഞ്ഞാലും, ഭാവിയില്‍ അങ്ങനെ കട്ടുമുടിക്കാത്തൊരു സര്‍ക്കാര്‍ വന്നാല്‍ ഭരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും പണം നമ്മുടെ ഖജനാവില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്നൊരു നിയമം ആണിത്. സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ നമ്മള്‍ അങ്ങോട്ട്‌ സാറേ സാറേ വിളിച്ച് അവരുടെ കയ്യും കാലും പിടിക്കുന്നതല്ലേ, ഈ പണമൊക്കെ കാലുപിടിക്കുന്ന പൌരന്‍റെ കൂടി പണമാണ് എന്ന് ഓര്‍മ്മിക്കാതെ . നിയമം വരെട്ടെ. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ രക്ഷപ്പെട്ടു എന്നും പറഞ്ഞ് നടക്കുന്ന ആളുകള്‍ ഒക്കെ പ്രൈവറ്റ് കമ്പനികളില്‍ എത്തുന്ന പോലെ കഴിവ് കൊണ്ട് ജോലി തരപ്പെടുത്തട്ടെ. ജോലി കിട്ടിയിട്ട് വേണം ലീവെടുത്ത് വിദേശത്തു പോയി പത്ത് പുത്തനുണ്ടാക്കാന്‍ എന്ന ചിന്ത കൊണ്ടുനടക്കുന്ന നീചന്മാരായ (നീചന്‍മാരെയാണ് ഉദ്ദേശം) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കാശിനെ അര്‍ഹിക്കുന്നേയില്ല. നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇല്ലെന്നു പറയുന്നില്ല പക്ഷെ ആ നല്ല ഉദ്യോഗസ്ഥര്‍ പോലും തന്‍റെ ഓഫീസുകളില്‍ നടക്കുന്ന അഴിമതികളെ എതിര്‍ക്കുന്നില്ല എന്നത് അവരും കൂടി ആ തെറ്റിന് പരോക്ഷമായി കൂട്ടുനില്‍ക്കുന്നു എന്നതാണ് സത്യം. മനസ്സ് തൊട്ടു പറയുന്നു, പങ്കാളിത്ത പെന്‍ഷന്‍ എന്ന നിയമം സ്വാഗതാര്‍ഹാമാണ്. ജനങ്ങളുടെ പണം ഒരു വിഭാഗം മാത്രം ഒറ്റയ്ക്ക് തിന്നേണ്ട വിഭവമല്ല.

ഓഫ് ടോപിക് : ഒട്ടും രാഷ്ട്രീയ ലക്ഷ്യമില്ലാത്ത പോസ്റ്റ്‌ ആണിത്. ജനങ്ങളുടെ കാശിന്‍റെ മുക്കാല്‍ ഭാഗത്തിലധികം ഒരു വിഭാഗം അനുഭവിക്കുന്നു എന്ന് കേട്ടപ്പോഴുള്ള ഒരു സാദാ പൗരന്‍റെ ആത്മരോഷം മാത്രമാണിത്. എന്നെപ്പോലെ ഒരുപാട് പേരുടെയും. രാഷ്ട്രീയ ലക്ഷ്യമാണ്‌ പോസ്റ്റിനു കാരണം എന്നുപറഞ്ഞു ഈ രാഷ്ട്രീയമില്ലാത്ത ലേഖകനെ ക്രൂശിക്കരുത് എന്നഭ്യര്‍തിക്കുന്നു. അപ്പൊ ലാല്‍ സലാം.


Saturday, December 29, 2012

മുലകള്‍ക്ക് പറയാനുള്ളത്


 
ഈ ഫോട്ടോകളില്‍ ആദ്യം കാണുന്നത് ഒരു നായര്‍ സ്ത്രീയുടെതാണ്, രണ്ടാമത്തേത് ഒരു താഴ്ന്ന ജാതിയിലെ സ്ത്രീയുടെയും. ഏകദേശം പത്തു തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് മേലോട്ടും പിന്നെയിങ്ങോട്ടു കുറച്ചു ദശകങ്ങളോളവും നമ്മുടെ സ്ത്രീകള്‍ മാറ് മറയ്ക്കാതെയായിരുന്നു നടന്നിരുന്നത് എന്ന വസ്തുത നമ്മളില്‍ പലര്‍ക്കും അറിയാമായിരിക്കും. (സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വര്‍ഷമായിട്ടില്ല എന്നോര്‍ക്കണം) ലോകം മുഴുവന്‍ പുരോഗമനത്തിന്റെ പാതയിലായിരുന്ന ആ കാലഘട്ടത്തില്‍ നമ്മള്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്നു എന്നതും പറയാതിരിക്കുക വയ്യ. വിദേശികള്‍ അവരുടെ നാടുകളില്‍ മോട്ടോര്‍ വണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളിവിടെ മനുഷ്യരെ കൊണ്ട് മഞ്ച ചുമപ്പിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഉണ്ടായിട്ടു പോലും അവ ധരിക്കാത്ത(അതോ ധരിക്കാന്‍ സമ്മതിക്കാത്തതോ?) ഒരു പാരമ്പര്യം ഉണ്ടായിരുന്നു നമുക്ക്. പുരോഗമന കേരളത്തിലെ എം ടി സിനിമകളിലോ മറ്റു നോവലുകളിലോ കണ്ട മാറില്‍ കച്ച കെട്ടിയുടുത്ത സുന്ദരിമാരായ അന്തപുരത്തിലെ ദാസികളും റാണിമാരുമല്ല, മുല ഞെട്ടു തെല്ലും നാണമില്ലാതെ, അത് ഒരു ലൈംഗികാവയവം കൂടി ആണെന്ന ബോധമില്ലാതെ നടന്നൊരു (നടക്കേണ്ടി വന്നൊരു?) പെണ്ണായിരുന്നു അന്നത്തെ കാലത്തെ പെണ്ണ്. അധികാരം കൊണ്ടോ ആചാരം കൊണ്ടോ അവരുടെ മാറുകളെ നഗ്നമാക്കാന്‍ പുരുഷ വര്‍ഗത്തിലെ ഏതോ കേസരികളുടെ ഒരു നേരം പോക്ക്, പിന്നീട് കാലങ്ങളോളം തുടര്‍ന്നു പോന്നൊരു വൈകൃതമായൊരു കാഴ്ചയായിരുന്നു പിന്നീട് നാം കണ്ടത്.




അന്നും അവര്‍ക്ക് വായുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് ശബ്ദമുണ്ടായിരുന്നില്ല. ചോറ്റിലൊരു മുടി കാണുമ്പോള്‍ ഒക്കാനിക്കുന്ന തമ്പുരാന്മാര്‍ക്ക് രാത്രി ചെറ്റക്കുടിലുകളിലെ കഞ്ഞി കുടികളില്‍ അവരുടെ ശരീരത്തിലെ ചേറോ ചെമ്മൈരോ പ്രശ്നമല്ലായിരുന്നു. മരണമോ അതിനു തുല്യമായതോ അനുഭവിക്കുന്നതിനു പകരം അല്‍പ്പ നേരത്തേക്ക് ശവം പോലെ കിടക്കുന്നതാണ് നല്ലതെന്ന് അവള്‍ക്കു തോന്നിക്കാണും. ഒരു കുതിരവണ്ടിയോടിച്ചു പോകുന്ന ലാഘവത്തില്‍ ഒരു മനുഷ്യ ജീവിയുടെ വികാരങ്ങളെ ഒരു തരത്തിലും മാനിക്കാതെയുള്ള ആ അനീതികളെ കുറിച്ചു ഒന്നു പാടാന്‍ പോലും അന്നത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ പാണന്മാര്‍ക്കു പോലും അവകാശമില്ലാതെ പോയി. അവരായിരുന്നു ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് സ്ട്രീമുകളും ന്യുസ് ഫീഡുകളും വരികളിലൂടെ ചരിത്രത്തിനു അലങ്കാരം ചാര്‍ത്തിയ പ്രസ്ഥാനം. അവരെ നമിക്കാതിരിക്കുക എന്നത് നമ്മുടെ ചരിത്രത്തോട് തന്നെ ചെയ്യുന്ന നീതികേടാവും.ജാതി കൊണ്ട് മനുഷ്യരെ വേലികെട്ടിത്തിരിക്കുന്ന അധികാര വര്‍ഗത്തിന് പക്ഷേ സ്വന്തം ലൈംഗികാവയവങ്ങള്‍ക്കു വിഹരിക്കാനുള്ള മേച്ചില്‍പ്പുറങ്ങള്‍ മാത്രമാവുകയായിരുന്നു പെണ്ണിന്‍റെ മേനി. അയിത്തവും അതിന്‍റെ ഗൂഡോദ്ദ്യേശങ്ങളും നമുക്കു മറക്കാന്‍ കഴിയുന്ന ഒന്നല്ല തന്നെ.




പെണ്ണ് എന്ന് പറയുമ്പോള്‍ തന്നെ വസ്ത്രം എന്നതും കൂടി പറയേണ്ട ഗതികേടാണിപ്പോള്‍ നമ്മുടെ പുരോഗമന-സാക്ഷര കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു അവസ്ഥ സൃഷ്ട്ടിചെടുത്തതില്‍ മതങ്ങള്‍ക്കുള്ള പങ്കു വളരെയേറെ വലുതാണ്‌ . എന്ന് വെച്ചാല്‍ നിഷേധിക്കാനാവാത്ത ഒന്ന്. സാമൂതിരി വംശത്തിന്‍റെ കാലഘട്ടങ്ങളിലാണ് ഇസ്ലാം മതം നമ്മുടെ നാട്ടില്‍ വേരുറപ്പിക്കുന്നത്. എന്ന് വെച്ചാല്‍ മുമ്പില്ലായിരുന്നുവെന്നല്ല, മറിച്ച് ഇസ്ലാം മതം സാമൂഹികപരമായും സാംസ്കാരിക പരമായും മുഖ്യധാരയിലേക്ക് കടന്നു വരുന്നത് ആ കാലഘട്ടത്തിലാണ്. പെണ്ണെന്നും അവളുടെ വസ്ത്രമെന്നും പറയുമ്പോള്‍ അവിടെയൊരു മതം വിലങ്ങുതടിയായി നില്‍ക്കുന്നത് ഇതാദ്യമല്ല. ഹിന്ദു സമുദായങ്ങളിലെ ജാതി കീഴ്വഴക്കങ്ങള്‍ അനുസരിച്ച് പെണ്ണ് മാറ് മറയ്ക്കരുത് എന്നാണെങ്കില്‍ പിന്നീട് കടന്നു വരുന്ന ഇസ്ലാം മതം പറഞ്ഞത് മാറെന്നല്ല, പെണ്ണിന്‍റെ കയ്യും മുഖവും ഒഴിച്ചുള്ളവയെല്ലാം ചാക്കില്‍ കെട്ടിയപോലെ സൂക്ഷിക്കണം എന്നാണ്. ഇവിടെയാണ്‌ പെണ്ണ് ഒരു വസ്തു അല്ലെങ്കില്‍ സാധനം മാത്രമായി മാറുന്നത്. മതങ്ങളുടെ ഭാഷയില്‍ പെണ്ണ് എന്നും പുരുഷന്‍റെ ഒരു പടി താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. അതെന്തോ ആവട്ടെ, പക്ഷെ അവളുടെ ശരീരം എന്തിനാല്‍ മറയണമെന്നും എന്തിന് വേണ്ടി മറയ്ക്കണമെന്നും അതുമല്ലെങ്കില്‍ നഗ്നമായിരിക്കണമെന്നും തീരുമാനിക്കുന്നത് കേവലം ഒരു മതമാകുമ്പോള്‍ അത് ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയും അഹങ്കാരികളാക്കി മാറ്റുന്നത് പുരുഷമാരെയുമാണ്. പുരുഷ വര്‍ഗത്തിന് ഒരു പ്രസ്ഥാനത്തിന്‍റെ പിന്തുണ ലഭിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പെണ്ണാണ്. പെണ്മയാണ്. എന്തുകൊണ്ടാണ് പുരുഷന് ഒരു കുടുമയോ കോണകമോ അല്ലെങ്കില്‍ ഒരു തൊപ്പിയോ ലിംഗാഗ്രം മുറിച്ചാലോ മതിയെന്ന് പറയുന്നത്!? (ലിംഗാഗ്രം മുറിക്കുന്നതിനു ഇരട്ടിയിലധികം വേദന അവളെ ആഭരണം അണിയിക്കാന്‍ കാതുകുത്തുമ്പോഴും അതിനെക്കാളിരട്ടി പ്രസവസമയത്തും അവളനുഭവിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം) ഇതിലെന്ത് തുല്ല്യതയാണുള്ളത് !? സാമൂഹികനീതിയാണുള്ളത്!? ദൈവത്തിനിതൊന്നും അറിയില്ലേ!?

         സ്ത്രീയുടെ ശരീരം കണ്ടാല്‍ പുരുഷന് കാമക്കലി ഇളകുമെന്നും അവനതു തീര്‍ക്കാന്‍ സ്വന്തം വിവേകം വലിച്ചെറിഞ്ഞു അവളെ ഇംഗിതത്തിനിരയാക്കും എന്നതൊക്കെയാണ് ദൈവം വിധിച്ചു വെച്ചിരിക്കുന്നത്. എല്ലാത്തിനും കഴിവുണ്ടെന്ന് പറയപ്പെടുന്ന ദൈവം മാതാവിന്‍റെ പാദങ്ങള്‍ക്കടിയില്‍ സ്വര്‍ഗമെന്നും, അതേസമയം മാതാവെന്ന പെണ്ണിനെ പുരുഷന്‍ കാമം തീര്‍ക്കാനായി കീഴ്പ്പെടുത്തിയെക്കാവുന്ന തരത്തിലാണ് പുരുഷന്‍റെ ചിന്തകളെ ക്രമീകരിച്ചിരിക്കുന്നത് എന്നുമാണ് ഫലത്തില്‍ മതത്തിന്‍റെ നിഗമനങ്ങളെ കൊണ്ടെത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ, മനുഷ്യന് പരിചിതമില്ലാത്ത ആകാശക്കോട്ടകളിലും സ്വര്‍ഗങ്ങളിലും വെച്ച് ആദം ഒരു പഴം കഴിച്ചു എന്ന തെറ്റിന് ഭൂമിയില്‍ ശിക്ഷ അനുഭവിക്കേണ്ടുന്ന മനുഷ്യര്‍ ജനിച്ചു പോയി എന്ന തെറ്റല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ആദം പഴം കഴിച്ചാല്‍ ആദം ശിക്ഷിക്കപ്പെടണം. അതല്ലേ ന്യായം!?

ജാതികളുടെ പേരിലുള്ള പീഡനങ്ങളും വസ്ത്രധാരണം നിഷിദ്ധമാക്കിയതും എല്ലാമായിരിക്കാം ക്രിസ്ത്യന്‍ - ഇസ്ലാം മതങ്ങളിലേക്ക് ആദ്യകാലങ്ങളില്‍ ഹിന്ദു മതങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ അന്നത്തെ യാഥാസ്ഥിക സമൂഹത്തെ പ്രേരിപ്പിച്ചത്. മുസ്ലിം അല്ലെങ്കില്‍ ക്രിസ്ത്യാനി ആയാല്‍ പിന്നെ കീഴ്ജാതി തിരിച്ചുള്ള അയിത്തങ്ങളില്‍ നിന്നും ദുരവസ്ഥകളില്‍ നിന്നും മോചനമായല്ലോ എന്ന ചിന്തയായിരിക്കാം ഭൂരിഭാഗം ജനങ്ങളെയും ഇതര മതങ്ങളിലേക്ക് കുടിയേറാന്‍ കാരണമായിത്തീര്‍ന്നത്. ഒരു കീഴ്ജാതിക്കാരന് മേല്‍ജാതിക്കാരനോ ദൈവദാസനോ (ശാന്തിപ്പണി) ആകാന്‍ കഴിയാത്തിടത്തോളം കാലം അവര്‍ക്ക് അതല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. അതുകൂടാതെ ടിപ്പുവിന്‍റെ പടയോട്ടം നടന്നപ്പോള്‍ ടിപ്പു മുസ്ലിമല്ലാത്തവരെയൊക്കെ കൊന്നു കളയുമെന്ന തെറ്റിധാരണ കാരണം മേല്‍ ജാതിക്കാരും ഇസ്ലാമായി എന്നാണ് ചരിത്രം. അന്ന് നടന്നത് സ്വതവേ കുരുട്ടുബുദ്ധിയില്‍ കാര്യം നേടുന്നവരായ മേല്‍ ജാതി പ്രമാണിമാരുടെ മറ്റൊരു കുടില തന്ത്രവും ആണെന്ന് വായിക്കപ്പെടുന്നുണ്ട്‌ . നികുതിപ്പണം കൊടുക്കാമെന്നേറ്റ സാമൂതിരി രാജവംശം, പിന്നീടു കൊടുക്കാതിരിക്കുകയും അതിനു ശേഷം ടിപ്പു പടയുമായി വരികയും ചെയ്തപ്പോള്‍ കയ്യിലുള്ള രത്നങ്ങളും സ്വര്‍ണ്ണങ്ങളും മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും ടിപ്പു ക്ഷേത്രങ്ങള്‍ ആക്രമിക്കില്ല എന്ന കേട്ടുകേള്‍വിയില്‍ ക്ഷേത്രങ്ങളുടെ നിലവറയില്‍ അടക്കുകയും അങ്ങനെ സ്വന്തം സ്വത്തുകള്‍ക്ക് ഹാനികരമാവാതെ രക്ഷപ്പെടാമെന്നും കരുതിയ മേല്‍ ജാതിക്കാര്‍ ശാരീരിക ഉപദ്രവങ്ങളെ ഭയന്ന് ഇസ്ലാമാകാന്‍ തയ്യാറാവുകയും ചെയ്തതായാണ് കഥ. മതമേതായാലും തന്‍റെ സ്വത്തിന് നഷ്ട്ടമോന്നും വരുന്നില്ലല്ലോ എന്നതായിരിക്കാം അവരുടെ ആ ചിന്തയ്ക്ക് കാരണം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രമാണിമാരുടെ തന്ത്രം സൂത്രത്തില്‍ മനസ്സിലാക്കിയ ടിപ്പു ഒട്ടും മടിയില്ലാതെ ക്ഷേത്രങ്ങള്‍ ആക്രമിച്ചു നിലവറകളിലെ വിലപിടിച്ചവയെല്ലാം എടുത്തുകൊണ്ടുപോയി. അന്ന് മതം മാറിയവരെല്ലാം ഇളിഭ്യരായി. അന്നത്തെ അന്തരീക്ഷത്തില്‍ ക്ഷേത്രങ്ങളെല്ലാം മുസ്ലിം ആരാധനാലയങ്ങള്‍ ആവുകയും ചെയ്തു. പിന്നീടാണ് ആ അവസ്ഥ മാറി വീണ്ടും പഴയ രീതിയിലേക്കും ഹിന്ദു ആചാരങ്ങളിലേക്കും കടന്നു വരുന്നത്. അപ്പഴേക്കും ഇന്ത്യയെ വിദേശികള്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ എസ് എസ്സ് പോലുള്ള സംഘടനകള്‍ ഞങ്ങളുടെ അമ്പലമാണ് ആ പള്ളി ഈ പള്ളി എന്നൊക്കെ പറഞ്ഞു മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. മണ്ടത്തരം എന്നല്ലാതെ എന്ത് പറയാനാണ്..! (പീഡനം പറയുമ്പോള്‍ പെണ്ണിനെ പറ്റിയും പെണ്ണിനെ പറ്റി പറയുമ്പോള്‍ അവളുടെ രീതികളെ പറ്റിയും അതെപ്പറ്റി പറയുമ്പോള്‍ അവരുടെ രീതികളില്‍ മതങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും മതങ്ങളെ കുറിച്ച് പറയുമ്പോള്‍ അവയുടെ ചരിത്രത്തെയും കുറിച്ചും പറയാതിരിക്കുക വയ്യ എന്നതുകൊണ്ടാണ് ഇവിടെ വരെ വരേണ്ടി വന്നത്. നമുക്ക് തുടരാം.)

ചിലയിടങ്ങളിലെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കു തന്നെ ചിരിവരും. കാരണം പെണ്ണിന് വസ്ത്രധാരണരീതികളില്‍ മതങ്ങള്‍ സ്വാതന്ത്ര്യം കൊടുക്കണം എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതിനെ ഉടുതുണി ഇല്ലാതെ നടക്കാനാണ് പറയുന്നത് എന്ന് വരുത്തിത്തീര്‍ക്കും. അതേ പോലെ തന്നെ, ഒരു കൂട്ടര്‍ മാന്യമായ വസ്ത്രം സ്ത്രീ ധരിക്കണം എന്ന് വാദിച്ചാല്‍ രണ്ടാമത് പറഞ്ഞ കൂട്ടര്‍ അതിനെ പര്‍ദ്ദ എന്ന വസ്ത്രം ആക്കി മാറ്റിക്കളയും. അവിടെ നടക്കുന്നത് മറ്റൊന്നാണ്. വഴിയില്‍ തെങ്ങില്‍ കെട്ടിയിട്ട കള്ളനെ കള്ളന്‍റെ കൂടെ വന്ന കള്ളനും അടിച്ചു മാന്യനാവുന്ന കാഴ്ച്ച. ചില ചോര കുടിക്കുന്ന ചെന്നായകള്‍ക്കും കഴുതപ്പുലികള്‍ക്കും ചിലര്‍ക്ക് മതങ്ങളെ വിമര്‍ശിക്കണം. അതിനു വേണ്ടി മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുന്നവരെ പര്‍ദ്ദാവാദികളായും മതവാദികളായും മുദ്ര കുത്തുന്നു. മറുവശത്തും ഇതെപോലെത്തന്നെ, വസ്ത്രധാരണസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ ഉടുതുണിയില്ലാതെ റോഡിലൂടെ നടക്കുന്നവരായും ചിത്രീകരിക്കും. പേര് നോക്കിയും ശൈലി നോക്കിയും മുന്‍വിധികള്‍ മെനഞ്ഞു തിട്ടപ്പെടുത്തി വാദിക്കുന്നവര്‍ . അവരാണ് സമൂഹത്തിലെ വിഷവിത്തുകള്‍ .
            ഇതുപറഞ്ഞപ്പോള്‍ തന്നെ, ചിലരുടെ മനസ്സിലെങ്കിലും ചില ചോദ്യങ്ങള്‍ ഉയര്‍ന്നുകാണും. വസ്ത്രധാരണം നന്നാക്കിയാല്‍ (പര്‍ദ്ദ മാത്രം അല്ല മാന്യമായ വസ്ത്രധാരണം)  സമൂഹത്തിലെ പീഡനങ്ങള്‍ അവസാനിക്കുമോ എന്ന്. പീഡനം എന്നത് കായികമായി അല്ലെങ്കില്‍ മാനസികമായി ശക്തി കൂടിയവര്‍ അത് കുറഞ്ഞവരോട് കാണിക്കുന്ന ഹീനമായ ഒരു പ്രവര്‍ത്തിയാണ്. ദൈവം അല്ലെങ്കില്‍ പ്രകൃതി, പെണ്ണിനെ സൃഷ്ട്ടിച്ചിരിക്കുന്നത് കായികമായ ആ ഒരു കുറവ് കൊണ്ടാണ്. നീതിമാനായ ദൈവം എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നറിയില്ല. എങ്കിലും പ്രകൃതി നിയമങ്ങളില്‍ പെറ്റ് വളര്‍ത്താനും സ്നേഹം നല്‍കാനും കരുത്തുള്ള അല്ലെങ്കില്‍ അല്‍പ്പം അധികാര ഭാവമുള്ള ഒരു വര്‍ഗത്തിന് കഴിയില്ല എന്നൊരു വസ്തുത തള്ളിക്കളയാനാവില്ല. ഭൂമിയിലെ ഭൂരിഭാഗം ജീവികളിലും ആ സ്നേഹം മുഴുവന്‍ തങ്ങിനില്‍ക്കുന്നത് പെണ്ണെന്ന വര്‍ഗ്ഗത്തിലാണ്. അതുമനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകമാണ് പുരുഷന്‍ കാണിക്കേണ്ടത്. ശക്തമായ പെണ്‍വാദത്തോടോ പുരുഷാധിപത്യത്തോടോ ലേഖകന് യാതൊരു അനുകമ്പയുമില്ല. അതുരണ്ടും ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ഇരു വര്‍ഗ്ഗങ്ങളും അത് അര്‍ഹിക്കുന്നുമില്ല.



തീയ്യയുവതി. ചിറയിലെ പകല്‍ക്കുളി
സ്ത്രീയെ കേവലം ഒരു ഉപഭോഗ വസ്തു മാത്രമായി കാണുകയും അവരെ സ്വന്തം ആവിശ്യങ്ങള്‍ക്ക് വേണ്ടി കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ് നമ്മുടെ നാട്ടില്‍ . അങ്ങനെയൊരു അവസ്ഥയില്‍ അതൊരു മാനസിക രോഗമാണോ അതോ അതൊരു സാമൂഹിക സാഹചര്യങ്ങളുടെ പരിണിതഫലമാണോ എന്നതാണ് നമ്മള്‍ വിശകലനം ചെയ്യേണ്ടത്. നമ്മുടെ നാട്ടിലെ മിക്ക പുരുഷന്മാരും അല്‍പ്പം സ്ത്രീ വിഷയത്തില്‍ മോശമാണ്. സാരിയൊന്നു മാറിയാല്‍ തുറിച്ചു നോക്കുന്നവര്‍ , ബസ്സില്‍ ഇറക്കമുള്ള ചുരിദാറിട്ട് സീറ്റിലിരുന്നാല്‍ മുട്ടി മുട്ടി അടുത്തേക്ക്‌ വരുന്നവര്‍ , അടുത്ത വീട്ടിലെ പട്ടാളക്കാരന്റെയോ ഗള്‍ഫുകാരന്റെയോ ഭാര്യയെ വളക്കാന്‍ പറ്റുമോ എന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവര്‍ എന്ന് തുടങ്ങി പരസ്യമായി ലിംഗം പ്രദര്‍ശിപ്പിക്കല്‍ മോശം കമന്റുകള്‍ പരിചയമില്ലാത്ത സ്ത്രീകളോട് പറയല്‍ തുടങ്ങി പലതരം വൈവിദ്ധ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് നമ്മുടെ പുരുഷ സമൂഹം സ്ത്രീകള്‍ക്ക് വേണ്ടി കാഴ്ച്ച വെക്കുന്നത്. അതൊരു മോശമായ കാര്യമാണ് എന്ന് ചിന്തിക്കുന്നതിനു പകരം നമ്മുടെ യുവാക്കള്‍ അതൊക്കെ ഒരു വലിയ ക്രെഡിറ്റ് ആയിട്ടാണ് എടുക്കുന്നത്. എന്തോ ഒരു സാഹസികത, അല്ലെങ്കില്‍ ഒരു ജീവിയെ കല്ലെറിഞ്ഞ സുഖം ഒക്കെ അവനു കിട്ടുന്ന പോലെയാണ് പുതു യുവത്വം ഭാവിക്കുന്നത്. ഇതില്‍ കൂടുതലും സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രശങ്ങളായിട്ടാണ് ലേഖകന് വായിക്കാന്‍ കഴിയുന്നത്‌ . മാനസികവൈകല്യങ്ങള്‍ എന്ന് തിരിച്ചറിയപ്പെടാത്ത വിധം അത് സമൂഹത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍ . ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കൊപ്പം മിക്സഡ്‌ ആയി പഠിപ്പിച്ചത് കൊണ്ടോ ലൈംഗിക വിദ്യാഭ്യാസം സ്കൂളില്‍ നടപ്പാക്കിയിട്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണം എന്ന് അലമുറയിടുന്ന ഭൂരിഭാഗം പേരും അതെങ്ങനെ നടപ്പിലാക്കും, എത്രാം ക്ലാസ്സില്‍ വെച്ച് തുടങ്ങാം എന്നോ ചിന്തിക്കുന്നില്ല. നമുക്ക് ആദ്യം വേണ്ടത് ഒരു ധാരണയാണ്. അതിനു ശേഷം അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളും. അത് നിയമം കൊണ്ട് തന്നെ വേണം എന്ന് വാശി പിടിക്കുന്നിടത്താണ് പ്രശ്നം. തെറ്റായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടുകയാണെങ്കില്‍ ഭീകരമായ ദുരവസ്ഥ നമ്മള്‍ നേരിടേണ്ടി വരും. ഒരു സിഡി മാതാപിതാക്കള്‍ മറന്നു വെച്ചത് കാരണം വിദ്യാര്‍ഥികളായ ആങ്ങളയും പെങ്ങളും അരുതാത്തത് കാണിക്കുകയും അത് നേരിട്ടു കാണേണ്ടി വന്നൊരു മാതാവിന്‍റെ അവസ്ഥ ഒരു സുഹൃത്ത് പറഞ്ഞറിവുണ്ട്. നമ്മുടെ കുട്ടികളെ എന്താക്കണം എന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍ മാത്രം. സ്വന്തം പെങ്ങളോട് അറിവില്ലാത്ത പ്രായത്തില്‍ തെറ്റായി പ്രവര്‍ത്തിച്ചു എങ്കില്‍ തീര്‍ച്ചയായും അവന്‍ വളരുമ്പോള്‍ അത് സമൂഹത്തിന് ഒരു ബാധ്യതയായിട്ടാണ് മാറുക. പീഡനവും പീഡിതരും ഉണ്ടാകുന്നത് നമ്മുടെ ഇടയില്‍ നിന്ന് തന്നെയാണ്. നമ്മളത് കാണാതെ സോഷ്യല്‍ സൈറ്റുകളില്‍ അങ്ങോട്ടുമിങ്ങോട്ടും പഴി പറയുന്നു. തൊട്ടടുത്ത വീട്ടിലെ പയ്യന്‍റെ പ്രശ്നങ്ങളോ മാനറിസങ്ങളോ നമ്മളറിയുന്നില്ല. അവന്‍ വളര്‍ന്നു നെഞ്ചിലേക്ക് തുറിച്ചു നോക്കുമ്പോള്‍ മാത്രമാണ് അവനെ പറ്റി നമ്മള്‍ ചിന്തിക്കുന്നത്. ഓരോ വ്യക്തിയും പ്രത്യേകം പ്രത്യേകം സ്ഫുടം ചെയ്യപ്പെടേണ്ടവയാണ് . അവയെ പരിപാലിക്കേണ്ടത്‌ മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമ മാത്രമല്ല, നമ്മള്‍ ഓരോരുത്തരുടെയും കടമ കൂടിയാണ്. ഇരുകൂട്ടരുടെയും റോളുകളില്‍ അവര്‍ക്ക് അത് വളരെ എളുപ്പമാണ് എന്നൊരു വിത്യാസം മാത്രമേയുള്ളൂ അവരും നമ്മളും തമ്മില്‍ . വീട്ടിലെ പ്രശ്നം കൊണ്ട് സ്നേഹം കിട്ടാതെ പോകുന്ന ഭൂരിഭാഗം കുട്ടികളും വഴിപിഴച്ചു പോകാറാണ് പതിവ്. അവരെ ഒരു നോട്ടം കൊണ്ടെങ്കിലും നമുക്ക് സ്വാന്തനിപ്പിക്കാനായാല്‍ അത് വരും തലമുറയോട് നമ്മള്‍ ചെയ്യുന്ന ഏറ്റവും നല്ല സദ്‌പ്രവൃത്തിയായിട്ടാണ് വരിക.


നല്ല സാമൂഹികാന്തരീക്ഷത്തില്‍ വളരുന്ന ഏതു വ്യക്തിയും സ്ത്രീയെ ബഹുമാനിക്കാന്‍ കഴിയും എന്നത് തന്നെയാണ് സത്യം. വെറുതേ പെണ്ണ് ആണിനോടും ആണ് പെണ്ണിനോടും മദ്യപന്മാര്‍ ഒറ്റ തിരിഞ്ഞും അങ്ങോട്ടുമിങ്ങോട്ടും എണ്ണത്തുണിയാല്‍ എറിഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ തുടങ്ങേണ്ടത് നമ്മുടെ വീടുകളില്‍ നിന്ന് തന്നെയാണ്. നമ്മുടെ അമ്മയില്‍ നിന്ന്, നമ്മുടെ ഭാര്യയില്‍ നിന്ന്, നമ്മുടെ മക്കളില്‍ നിന്ന്, നമ്മുടെ സഹോദരികളില്‍ നിന്ന് എല്ലാം പുരുഷന്‍ അവരെ ബഹുമാനിക്കുവാനും അവരുടെ സ്വാതന്ത്ര്യങ്ങളെ കുറിച്ച് ബോധാവാന്മാരാകാനും ശ്രമിക്കണം. ഒരു കാര്യം കൂടി പറയട്ടെ, മാറ്റം, ഒരു രാത്രി കൊണ്ടോ ഒരു പകല്‍ കൊണ്ടോ ഉണ്ടാവുന്നതല്ല, അത് കൊണ്ട് ഇന്നൊരു ദിവസം നിങ്ങള്‍ എല്ലാ പെണ്ണിനോടും നന്നായി പെരുമാറിയിട്ടും നാളെ ഒരു പീഡന വാര്‍ത്ത കേട്ടു പരിതപിക്കുകയും വേണ്ട. ക്ഷമയോടെ, സഹിച്ച്, പഠിച്ച്, നമ്മള്‍ നമ്മുടെ മുന്നിലേക്ക്‌ ഭാവിയുടെ വാഗ്ദാനങ്ങളായ തലമുറയെ വാര്‍ത്തെടുക്കണം. അതിനു വേണ്ടി നമുക്ക് എന്ത് വിലകൊടുക്കേണ്ടി വന്നാലും സഹിക്കാം. ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേരുന്നു...


കുറിപ്പ് : ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ ലൈന്‍ "വാര്‍ത്തകള്‍ ചിത്രങ്ങളിലൂടെ" എന്ന പംക്തിയിലൂടെ രണ്ടായിരത്തി പന്ത്രണ്ടു ജൂലൈ ഇരുപത്തിരണ്ടിനു പ്രസിദ്ധീകരിച്ചവയാണ്. കൂടെയുള്ള കുറിപ്പ് അതേപടി ഇവിടെ ചേര്‍ക്കക്കുന്നു : സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് ചിത്രങ്ങള്‍ . (കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ )