Thursday, March 7, 2013

മുലയില്ലാ പെണ്ണിന്‍റെ മുലയറുത്തവര്‍

മ്മള്‍ മലയാളികള്‍ക്ക് കാര്യമായി എന്തോ പ്രശ്നമുണ്ട് എന്ന് തോന്നുന്നു. അല്ലെങ്കില്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും പറയുന്ന ഹാജിമാരുള്ള, ആഴ്ച്ചയി രണ്ടു ദിവസമെങ്കിലും മത പ്രഭാഷണവും സ്നേഹ സംവാദങ്ങളും പബ്ലിക്കായി നടക്കുന്ന, പര്‍ദ്ദയിട്ട പെണ്ണുങ്ങള്‍ ഏറെയുള്ള, ഇസ്ലാമിനെ തൊട്ടറിഞ്ഞ ഗള്‍ഫ് സഹവാസമുള്ള ഒരുപാട് കുടുംബങ്ങളുള്ള, ഇസ്ലാമിക രാഷ്ട്രമെന്ന പേരുള്ള പാക്കിസ്ഥാനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന ഒരു ജില്ലയിലെ കണ്ണായ സ്ഥലത്ത് തന്നെ, ഒരു കൊച്ചു പെണ്‍കുട്ടി, അതും വൃത്തിയിലും മെനയിലും വസ്ത്രം ധരിക്കാതെ ആരെയും മോഹിപ്പിക്കാന്‍ ശരീരവളര്‍ച്ച പോലുമെത്താത്ത ഒരു പിഞ്ചു കുഞ്ഞ് ഇരയാക്കപ്പെടുന്നത് എന്ത് കൊണ്ടാണ്!? വെറും മൂന്നുവയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞ് എന്തറിഞ്ഞു!


ഇന്നലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ ഇത്ത പറഞ്ഞു, ഇങ്ങനത്തെ ആളുകള്‍ക്ക് എത്രയെത്ര വഴികളുണ്ട് ഇവിടെ. ഇവറ്റകള്‍ ഒക്കെ ജീവിക്കുന്നത് സൗദി അറേബ്യയില്‍ ഒന്നുമല്ലല്ലോ. ഇന്ത്യയെന്ന രാജ്യത്ത് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം രാജ്യം അനുവദിച്ചിട്ടും ഇങ്ങനെയൊക്കെ നടക്കുന്നത് വല്ലാത്ത കഷ്ട്ടം തന്നെ. വെറും നൂറ്റിയന്പതു രൂപയ്ക്ക് ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ട് കേരളത്തിലെ പല ബസ് സ്റ്റാന്‍ഡുകളുടെയും സിനിമാ തിയ്യറ്റരുകളുടെയും മറവില്‍ . കേരളത്തിനു അകത്തും പുറത്തുമായി അധികൃതവും അനധികൃതവുമായ എത്രയോ വേശ്യാലയങ്ങളുണ്ട്. എന്നിട്ടും മനുഷ്യന്മാര്‍ കാമഭ്രാന്തില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
ഒരു പുരുഷനെന്ന നിലയില്‍ ഈ സംഭവത്തില്‍ സ്വയം വെറുപ്പ്‌ തോന്നിപ്പോവുകയാണ്. ഇനിമുതല്‍ കുട്ടികളെ ഉപ്പമാരില്‍ നിന്നുവരെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ഈ വിഷയം ഇത്തയോടു സംസാരിക്കാന്‍ പോലും ധൈര്യമില്ലാതെ പോയി. എവിടെയോ കുറച്ചു പേര്‍ ആണത്തത്തിന്‍റെ വില കുഴിച്ചുമൂടിയിരിക്കുന്നു. ആണായിപ്പിറന്നതിന്‍റെ പേരില്‍ പുരുഷന്മാരെല്ലാം തലകുനിക്കേണ്ടി വന്നിരിക്കുന്നു. പെണ്ണായിപ്പിറന്ന ജന്മങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ ഭയത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഫോണ്‍ വെക്കാന്‍ നേരം ഒന്നുമാത്രം പറഞ്ഞു; ചില ജന്തുവര്‍ഗങ്ങള്‍ അവയുടെ സ്വഭാവം കാണിച്ചുകൊണ്ടേയിരിക്കും. ഇരയാക്കപ്പെടുന്നവര്‍ ഒരു ചെറിയ അനക്കം കണ്ടാല്‍ പോലും പ്രതികരിക്കേണ്ടതുണ്ട്. അത് ബസ്സിലോ കാറിലോ സ്കൂളിലോ വീട്ടിലോ മാമനോ ചേട്ടനോ അച്ഛനോ എവിടെയായിരുന്നാലും ആരായിരുന്നാലും. സാഹചര്യങ്ങളെ അതിജീവിക്കാന്‍ ചില ഇരുണ്ടമനസ്സുകളുടെ പ്രകൃതിവിരുദ്ധമായ ചോദനകളെ അതില്‍ നിന്നും ഞെട്ടിയുണര്‍ത്തിച്ചു പുറത്തു ചാടിക്കാന്‍ പ്രതികരിക്കുക എന്നതല്ലാതെ വേറൊരു വഴിയുമില്ല. കൊച്ചു കുട്ടികളെ കയ്യകലത്തില്‍ നിന്നും വിടാതിരിക്കുക. മനുഷ്യന്‍ നന്നാവുന്ന വരെ നിങ്ങള്‍ ആരെയും വിശ്വസിക്കേണ്ടതില്ല.

ഒരു ആണെന്ന നിലയില്‍ ഇത്തയോട് ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കരുത് എന്ന് പറയേണ്ടി വന്നതില്‍ അതീവ ദുഖമുണ്ട്. ഒരാങ്ങള എന്ന നിലയില്‍ ബന്ധങ്ങളുടെ വില നഷ്ട്ടപ്പെടുത്തിയ കഴുവേറികളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും വെറുപ്പും. പണ്ട് ഞാന്‍ ശക്തമായി വാദിച്ചിരുന്നു വേശ്യാലയങ്ങള്‍ വരട്ടെ എന്ന്. ഇന്നും അത് പറഞ്ഞ് പോകുന്നു. പിഞ്ചു മക്കളെ എങ്കിലും ഈ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന കാമപ്പിശാചുകള്‍ വെറുതെ വിടട്ടെയെന്ന കാരണത്താല്‍ .

വാല്‍ക്കഷണം : ലോകത്ത് എവിടെയെങ്കിലും പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന സ്ത്രീകളുണ്ടെങ്കില്‍ അവരോടാണ് എനിക്ക് ഒരപേക്ഷയുള്ളത്. ഇതാ, ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പോന്നോളൂ... ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉപഭോക്താക്കളുണ്ട്. പക്ഷെ രാത്രിയുടെ മറവില്‍ മാത്രമേ അവര്‍ അവരുടെ തനി നിറം പുറത്തുകാണിക്കുകയുള്ളൂ എന്ന് മാത്രം.

2 comments:

  1. നാം സത്രീകളെ വസ്ത്രം കുറ്റം പറയുന്നു , അവരെ നല്ലനിലയിൽ നടക്കാൻ പഠിപ്പിക്കുന്നു,
    എനിട്ട് നാം തന്നെ അവരെ വലിച്ചിക്കീറുന്നു
    ഒന്ന് പറയാനുള്ളത്, സ്ത്രീയും പുരുഷനുമല്ല പ്രശ്നം,
    നമ്മളാണ് പ്രശ്നം, മനുഷ്യ വർഗ്ഗം, നമ്മുടെ സമൂഹിക ചുറ്റുപ്പാട്, അത് മാറ്റണം ............

    ReplyDelete
  2. മനുഷ്യത്തം വറ്റാത്ത ആയിരക്കണക്കിന് മലയാളി ആണുങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ, ഇതിങ്ങനെ പോയാല്‍ നമുക്കെല്ലാവര്‍ക്കും നാണക്കേടാണ്.
    എന്തെങ്കിലും ചെയ്തെ പറ്റു. പക്ഷെ എന്ത്?
    എന്‍റെ 41 വര്‍ഷത്തെ ജീവിതാനുഭവം വച്ച് ഒരു പോസ്റ്റ്‌ വനിതാദിനത്തില്‍ ഇട്ടിരുന്നു. ഒന്ന് വായിക്കൂ----
    www.anithakg.blogspot.com
    ആശംസകള്‍, ഇനിയും ഇതുപോലുള്ള പോസ്റ്റ്‌കള്‍ ഉണ്ടാവാന്‍--

    ReplyDelete

എന്നോടൊന്നു മിണ്ടൂ :