Friday, February 22, 2013

സെല്ലുലോയിഡില്‍ പതിയാതെ പോയത്...



ലാമൂല്യമുള്ള സിനിമകള്‍ക്കു പ്രേക്ഷകര്‍ കുറവാണെങ്കിലും അതിനെ കണ്ടുപിടിച്ചു ജനങ്ങള്‍ക്ക്‌ മുന്നിലെത്തിക്കുകയും അവയെ പ്രോല്‍സാഹിപ്പികുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഒരുകാലഘട്ടത്തില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍..  എന്നാല്‍  കടന്നുപോയ കുറച്ചു വര്‍ഷങ്ങളില്‍ അതിനു മാറ്റം വന്നിരിക്കുന്നു എന്നു വേണം കരുതാന്‍ . ആഘോഷ സിനിമകള്‍ക്കും തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കും ജനപ്രിയമെന്ന പല പേരുകളിലുള്ള തിലകം ചാര്‍ത്തി സ്റ്റേറ്റ് അവാര്‍ഡുകളും ചിലപ്പോഴൊക്കെ പ്രഹസനമായി മാറുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ഏറെക്കുറെ സ്വീകാര്യമായൊരു അവാര്‍ഡ് വിളംബരമാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പല മികച്ച നടന്മാര്‍ക്കും നിരാശ പകരുന്ന ഒന്നായിരുന്നു പല അവാര്‍ഡുദാന ചടങ്ങുകളും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാലാഭവന്‍ മണി തൊട്ട് ഇങ്ങിവിടെ സലിം കുമാറും കടന്ന് ഇപ്പോഴിതാ, ലാലിന് മുന്നിലെത്തി നില്‍ക്കുന്നു.
എന്തുകൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെടുന്നതെന്ന ചോദ്യം വളരെ പ്രസക്തമണ്. ഇത്തവണ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിക്ക് രണ്ടാം സ്ഥാനം കിട്ടിയെങ്കിലും അതിലെ മികച്ച കഥാപാത്രങ്ങളെ ജീവന്‍ വെപ്പിച്ച ലാല്‍ എന്ന മികച്ച നടനെ തിരസ്കരിച്ചത് തീര്‍ത്തും ഒരു പ്രഹസനം തന്നെയായിപ്പോയി എന്ന് പറയാതെ വയ്യ.
ഇപ്രാവിശ്യത്തെ അവാര്‍ഡു ദാന ചടങ്ങുകളെ കരിനിഴലിലാക്കുന്നത് പ്രധാനമായും മൂന്നു സംഭവങ്ങളാണ്.

  •  2012 വര്‍ഷത്തെ അവാര്‍ഡ് ദാനത്തില്‍ 2013- ല്‍ ഇറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന് അവാര്‍ഡ് കൊടുത്തുവെന്ന വൈരുദ്ധ്യം. 
  •  മികച്ച നവ സംവിധായകനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "കളിയച്ഛന്‍ " ഇതേവരെ കേരളത്തില്‍ റിലീസ് ആയിട്ടില്ല. എന്നിരിക്കെ,
  • റിലീസ് ആയ "ഷട്ടര്‍ " എന്ന മികച്ച സിനിമയെയും അതിന്‍റെ സംവിധായകനെയും തഴഞ്ഞു കൊണ്ട് നടത്തിയ അവാര്‍ഡ് ദാനം സംശയിക്കപ്പെടെണ്ട ഒന്നാക്കുന്നു. (രണ്ടായിരത്തി പതിമൂന്ന് ഫെബ്രുവരി ആയിട്ടുപോലും റിലീസ് ആയിട്ടില്ലയെങ്കിലും രണ്ടായിരത്തി പന്ത്രണ്ട് നവംബറില്‍ നടന്ന ഗോവന്‍ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് കളിയച്ഛന്‍ .)
  •  ഒഴിമുറിയിലെ ലാലിന്‍റെ അസാധ്യ അഭിനയപ്രകടനം തീര്‍ത്തും കണ്ടില്ലെന്നു നടിച്ച ജൂറി അംഗങ്ങള്‍ . 

അവാര്‍ഡ് ദാനമെന്നത് പലപ്പോഴും പ്രഹസനമായ ഒന്നാവുന്നതിന്റെ മികച്ച ഉദാഹരണം മുമ്പും നമ്മള്‍ കണ്ടതാണ്. സംസ്ഥാനം അവാര്‍ഡ് നല്‍കാതിരുന്നിട്ടും ദേശീയ അവാര്‍ഡ് കിട്ടിയ സലിം കുമാര്‍ തന്നെയാണത്. എന്നിട്ടുമിപ്പോള്‍ കൊടുത്തത് ഹാസ്യ നടനുള്ള അവാര്‍ഡാണ്.


ലിം കുമാറിന്‍റെ അഭിനയപ്രതിഭയെ അളന്നുതിട്ടപ്പെടുത്തി വിമര്‍ശന വിധേയമാക്കി തള്ളിക്കളയാം എന്നുണ്ടെങ്കിലും ഒഴിമുറിയിലെ ലാലിന്‍റെ കാര്യത്തില്‍ അത് തീര്‍ത്തും സാധ്യമല്ല തന്നെ. മൂന്ന് കാലഘട്ടത്തിലുള്ള മൂന്നു കഥാപാത്രങ്ങളെ നിറഞ്ഞാടിയ ലാല്‍ എന്തുകൊണ്ടാണ് തഴയപ്പെടുന്നത് എന്നത് ഒരു ചോദ്യം മാത്രമായി ബാക്കിയാവുന്നു. മികച്ച ആഖ്യാനരീതിയെയും തിരക്കഥക്കു മേലുള്ള സംവിധായകന്‍റെ പൂര്‍ണ്ണമായ കയ്യടക്കവും സിനിമ നല്‍കുന്ന ആശയത്തെയും മുന്‍നിര്‍ത്തിയത് കൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെട്ടത് എന്നാണ് ജൂറി അംഗങ്ങള്‍ ഇതേ കുറിച്ച് അഭിപ്രായപ്പെടുന്നത്.

എന്നാല്‍ "ഒന്നാമന്‍ ഒന്നല്ലേയുള്ളൂ, അവാര്‍ഡ് കിട്ടാത്തതില്‍ സങ്കടമുണ്ടെങ്കിലും അതു പറഞ്ഞു നടന്നാല്‍ അതെന്‍റെ 'കൊതിക്കെറുവ്' ആയിട്ട് ആളുകള്‍ കാണുമെന്നും ഷട്ടറിന്റെ സംവിധായകന്‍ ജോയ്മാത്യു ശ്രദ്ധിക്കപ്പെടേണ്ടതായിട്ടും തഴയപ്പെട്ടത്തില്‍ ഖേദമുണ്ടെന്നും ലാല്‍ പ്രതികരിച്ചു.

അതേസമയം, അവാര്‍ഡ് വിളംബരം അറിഞ്ഞപ്പോള്‍ എന്തുതോന്നിയെന്ന് ചോദിച്ചപ്പോള്‍ "ഒരു വികാരവും തോന്നിയില്ല" എന്നായിരുന്നു സലിം കുമാറിന്‍റെ ആദ്യ പ്രതികരണം. തനിക്കു കിട്ടേന്ടിയിരുന്ന അവാര്‍ഡ് കളിയച്ഛന്‍ സിനിമയുടെ സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ ഖാദര്‍ ഓര്‍ക്കാപ്പുറത്ത് നേടിയെടുത്തപ്പോള്‍ ഷട്ടറിന്‍റെ സംവിധായകന്‍ ജോയ് മാത്യു വളരെ വികാരപരമായി പ്രതികരിച്ചു . സ്റ്റേറ്റ് അവാര്‍ഡുകള്‍ ഒരു കോമഡിഷോ ആണെന്നാണ്‌ ജോയ് മാത്യു പറഞ്ഞത്. (ഷട്ടര്‍ മികച്ച സിനിമയെന്ന് ജൂറി അണിയറസ്വകാര്യം)
എന്തൊക്കെ പറഞ്ഞാലും സെല്ലുലോയ്ഡ് മികച്ച ചിത്രം തന്നെ. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ചവരും മോശക്കാരല്ല എന്നിരിക്കെ, അവാര്‍ഡ് ദാനത്തിന്‍റെ മാറ്റ് കുറക്കാന്‍ കാരണമായത്‌ സിനിമാ മേഖലയിലെ ജന്മിത്വ സ്വഭാവം ആണെന്നാണ്‌ ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കമലിന്‍റെ സിനിമ ഇറങ്ങാന്‍ കാത്തിരുന്ന പോലെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ഒരു ജൂറി അംഗമായ സിബി മലയില്‍ സെല്ലുലോയ്ഡില്‍ അഭിനയിച്ചു എന്നതും ചില സംശയങ്ങള്‍ക്ക് വഴിവെക്കുന്നു.

അവാര്‍ഡുകള്‍ നേടിയവരെക്കാള്‍ കൂടുതല്‍ ആശംസകള്‍ ഞാന്‍ അവാര്‍ഡിന് അര്‍ഹ്മായിട്ടും കിട്ടാതെ പോയ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസിക്കുന്നതോടൊപ്പം തന്നെ, സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനെയും അനന്തഭദ്രത്തിലെ ദിഗംഭരനെയും അനശ്വരമാക്കിയിട്ടും അന്നൊന്നും ലഭിക്കാതെ പോയ അംഗീകാരങ്ങള്‍ വിത്യസ്തമായ വേഷങ്ങള്‍ ചെയ്തു സ്വന്തമാക്കിയ  മനോജ്‌ കെ ജയനും പ്രത്യേക ആശംസകള്‍ അര്‍പ്പിക്കുന്നു.

രണ്ടായിരത്തി പതിമൂന്നില്‍ സെല്ലുലോയ്ഡിനേക്കാള്‍ മികച്ച സിനിമ ഇറങ്ങിയാല്‍ സെല്ലുലോയ്ഡ് എന്നെന്നേക്കുമായി തഴയപ്പെട്ടു പോകുമോയെന്ന് കമലും കമലിന്‍റെ സമകാലികസംവിധായകരും ചിന്തിച്ചു കാണണം. അവര്‍ തന്നെയാണല്ലോ ജൂറി അംഗങ്ങളായും പ്രത്യക്ഷപ്പെടുന്നത്. 'ഷട്ടര്‍ ' സിനിമയുടെ സംവിധായകന്‍ നവാഗതനായത് കൊണ്ടാവാം അതും ഇത്തരം സിനിമാഫ്യൂഡല്‍ വ്യവസ്ഥിതിക്കു ഇരയായി എന്ന് വേണം കരുതാന്‍ . സലിം കുമാറും കലാഭവന്‍ മണിയുമൊക്കെ അതിന്‍റെ കാലം മറന്ന പോയ ഇരകള്‍ മാത്രം. നല്ല സിനിമകളെയും നല്ല സംവിധായകരെയും നടീനടന്മാരെയും സമ്മാനിച്ച രണ്ടായിരത്തിപന്ത്രണ്ടിനെ നമുക്ക് ചരിത്രത്തില്‍ നിന്നും അവഗണിക്കാനാവില്ല എന്ന സത്യത്തോടോപ്പം ആ ചരിത്രത്തിന്‍റെ ഭാഗമാവുന്നതില്‍ നിന്ന് ചിലര്‍ ചിലരാല്‍ തഴയപ്പെട്ടുവല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എന്തുതന്നെയായാലും കാലം തെളിയിക്കട്ടെ. നിങ്ങളുടെ പരിശ്രമങ്ങളെ കെട്ടഴിച്ചു വിടുക. ഒരിക്കലത് ലക്‌ഷ്യം കാണുക തന്നെ ചെയ്യും. 

2 comments:

  1. 2012 december 31 നു ആണ് സെല്ലുലോയ്ട് സെന്‍സര്‍ ചെയ്തത്.. അപ്പൊ അത് കഴിഞ്ഞ വര്‍ഷത്തിലാണ് കണക്കാക്കപ്പെടുക..
    കളിയച്ച്ചനും അങ്ങനെ തന്നെആനു... റിലീസ് അല്ല നിശ്ചയിക്കുന്നത്..
    ഒന്നിലധികം പേര്‍ മികച്ച പ്രകടനം നടത്തുമ്പോഴും ഒരാളെ മാത്രമല്ലെ തിരഞ്ഞെടുക്കാനാവൂ... ലാലിന് കൊടുത്താല്‍ പറയും പ്രിത്വിയെ തഴഞ്ഞു എന്ന്...

    ReplyDelete
  2. ഇതൊക്കെ ഓരോ കൊല്ലത്തും കേൾക്കുന്ന വതിവ് ചൊല്ലുകൾ

    ReplyDelete

എന്നോടൊന്നു മിണ്ടൂ :