Friday, February 15, 2013

ശിവദാസൻ മാഷിന്റെ ചൂരലും അഞ്ചുവിന്റെ കരച്ചിലും


മൂന്നാം ക്ലാസിലെ ഓർമ്മകൾ

വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ സിറ്റി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്‍റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയം. തുടുത്ത കവിളുള്ള ഫാത്തിമയെ ഇടയ്ക്കിടെ പോയി ഉമ്മ വെക്കുക എന്നതായിരുന്നു എന്‍റെ പ്രധാന ഹോബി. ഉമ്മ കൊടുക്കുമ്പോള്‍ അങ്ങനാണ്ടിരുന്ന അവള്‍ക്കു എന്നെ ഇഷ്ട്ടം തന്നെ ആയിരിക്കണം. അല്ലെ, ആവോ! ആ സ്കൂളില്‍ നിന്നും ഉമ്മ കാണാതെ ഉപ്പ എന്നെ പേര് വെട്ടി ടി സിയും വാങ്ങിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങുമ്പോള്‍ എനിക്ക് ഫാത്തിമയെയും ആ സ്കൂളിനെയും പിരിയുന്ന വേദനയായിരുന്നു അധികം. നശിച്ച ഓര്‍ഫനേജില്‍ നിന്നും രക്ഷപ്പെടുമല്ലോ എന്ന ചിന്തയും യാത്ര ചെയ്തുകൊണ്ടിരിക്കാന്‍ അന്നേയുള്ള ഇഷ്ട്ടവുമായിരിക്കാം അന്ന് കരയാതെത്തന്നെ അവിടുന്നിറങ്ങി.

ഫാത്തിമയെ പിരിഞ്ഞ വേദനയാലോ അതോ എന്‍റെ സങ്കല്‍പ്പങ്ങളിലുള്ള സൗന്ദര്യവും സ്വഭാവവുമുള്ള പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടോ എന്നറിയില്ല, ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും എന്നത് ഭീകരമായ വിരഹത്തിന്‍റെയും നഷ്ട്ടബോധത്തിന്റെയും കാലമായിരുന്നു. എന്തോ, ആ വിരഹം പേന മോഷണം എന്ന ലഹരിയിലേക്ക് തള്ളിവിടുകയുമായിരുന്നു ഉണ്ടായിരുന്നത്. പേന ലഹരി തലയ്ക്കു പിടിച്ച ആ കാലഘട്ടത്തില്‍ ഞാനും എന്‍റെ കൂട്ടുകാരും മോഷ്ട്ടിച്ച പേനകള്‍ക്ക്‌ കണക്കില്ല. (കൂട്ടുകാര്‍ക്ക്പേ ഇതേപോലെ വിരഹം ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ഉണ്ടായിരുന്നിരിക്കാം. പാവങ്ങള്‍ )  പേനകള്‍ക്ക്‌ പല സൗന്ദര്യമാണ് ഓരോ തരം പേനകളോടും ഓരോ വിധം ലഹരിയാണ് തോന്നുക. ആ.., അതൊക്കെ ഒരുകാലം. പിന്നീട് ഞാനും ഞങ്ങളും മൂന്നാം ക്ലാസ് എന്ന താഴത്തെ" ക്ലാസ്സിലെത്തി. താഴത്തെ ക്ലാസ് എന്ന് വെച്ചാല്‍ ഇന്നത്തെപ്പോലെ കോണ്ക്രീറ്റ് ബില്‍ഡിങ്ങ് ഒന്നുമല്ല. ഭൂമിശാസ്ത്രപരമായി ഉള്ള വിത്യാസമായിരുന്നു അത്. ഉയര്‍ന്നും താഴ്ന്നുമുള്ള ആ ഭൂമികയില്‍ ലീല ടീച്ചറും ഭര്‍ത്താവും ആ സ്കൂളിന്‍റെ ഹെഡ് മാസ്റ്ററും സര്‍വ്വോപരി ലവ് ലെറ്റര്‍ കേസില്‍ എന്നെ ആദ്യമായി ശിക്ഷിച്ച അധ്യാപകനുമായ ശിവദാസന്‍ മാഷും പഠിപ്പിച്ചു പുറത്തു വിട്ട കുട്ടികള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കളോളം വയസ്സുണ്ടായിരുന്നു. അതേ, അന്ന് ലീല ടീച്ചറെ കുറിച്ചോ ശിവദാസന്‍ മാഷെ കുറിച്ചോ അതുമല്ലെങ്കില്‍ അറബി ടീച്ചര്‍ ജമീല ടീച്ചറെ കുറിച്ചോ മുതിര്‍ന്നവരോട് വല്ലതും പറയുകയാണെങ്കില്‍ അവരും പറയും ;
"ഞങ്ങളെയും പഠിപ്പിച്ചത് അവരാ!"
 "ങേ!!!" - ഞങ്ങള്‍ കുട്ടികള്‍ക്ക്
അത് കേള്‍ക്കുമ്പോള്‍ ഭയങ്കര അതിശയമായിരുന്നു. അതുപോലെത്തന്നെ ടീച്ചര്‍മാരോട് ബഹുമാനവും വര്‍ദ്ധിക്കും. അല്ല, ഭയഭക്തി എന്ന് തന്നെ പറയേണ്ടി വരും. അതാണ്‌ ചേരുന്ന വാക്ക്. പേടിയും ആരാധനയും ഒക്കെക്കൂടി കലര്‍ന്ന ഒരുതരം സ്നേഹം, ഇതിനെ മലയാളത്തില്‍ ഏതു വാക്കില്‍ കുടിയിരുത്താം എന്നെനിക്കറിയില്ല.

ഉമ്മയില്ലാത്ത കുട്ടി എന്ന കാരണം കൊണ്ടാണോ ഇനി എന്‍റെ അരുമയായ മുഖം കൊഞ്ചുന്നത് (അയ്യട നല്ല മൊതല് തന്നെ) കണ്ടിട്ടാണോ എന്നറിയില്ല, ജമീല ടീച്ചര്‍ക്കും ലീല ടീച്ചര്‍ക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ഈയിടെ എന്‍റെ ഇത്ത, അതിലെ പോയപ്പോള്‍ എന്നെപ്പറ്റി ചോദിച്ചുവത്രേ. റഹിമിന് സുഖമാണോ, അവനിപ്പോ എന്ത് ചെയ്യുന്നുവെന്നൊക്കെ. എനിക്കത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. പഠിപ്പിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു, എന്നിട്ടും എന്നെ മറന്നിട്ടില്ല അവര്‍ . ഞാന്‍ ആണെങ്കില്‍ വീടിനടുത്ത് നിന്നും ടീച്ചറുടെ വീട്ടിലേക്കു പത്തിരുപതു കിലോമീറ്റര്‍ ദൂരം മാത്രമായിട്ടും ഒരിക്കല്‍ പോലും അങ്ങോട്ട്‌ പോയിട്ടേയില്ല. സ്നേഹമില്ലാഞ്ഞിട്ടൊന്നും അല്ല ടീച്ചറേ, നിങ്ങള്‍ പഠിപ്പിച്ച സ്നേഹിച്ച ഒരു കുട്ടി, എവിടെയുമെത്തിപ്പെടാതെ അലഞ്ഞു തിരിയുന്ന ഒരവസ്ഥയില്‍ മുന്നില്‍ വന്ന് നില്‍ക്കാനുള്ള ത്രാണിയില്ലായിരുന്നു. മാപ്പ്. എന്‍റെ നെഞ്ചിനുള്ളിലേക്ക് കൈ കടത്തി, ഹൃദയത്തിലെ ചോര പുരണ്ട കൈകളാല്‍  ഞാനീ മാപ്പ് ചോദിക്കുന്നു.

കണ്ണൂര്‍ സിറ്റി സ്കൂള്‍ വിട്ടതിനു ശേഷം പിതാവ് തുഴഞ്ഞ തോണി കോഴിക്കോട് ടൗണിനു അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു എത്തിപ്പെട്ടത്. കറങ്ങിക്കറങ്ങി ആ തോണി അവിടെത്തന്നെ തട്ടി നിന്നു. അങ്ങനെയാണ് ഞാന്‍ വെള്ളായിക്കോട്  പുത്തൂര്‍ ഗവര്‍മന്‍റ് എല്‍ പി സ്കൂളില്‍ എത്തിപ്പെടുന്നത്. ഒരു വല്ലാത്ത ഗൃഹാതുരത്വമുള്ള ആ സ്കൂള്‍ പല തട്ടുകളില്‍ ആയിരുന്നു നില നിന്നിരുന്നത്. റോഡില്‍ നിന്നും എട്ടുപത്തു പടി കയറി ചെറുതായുള്ള കയറ്റത്തില്‍ നടന്നു നേരെയെത്തുന്നത് സ്റ്റാഫ് റൂം. അതിനു തൊട്ടു ചേര്‍ന്ന് കൊണ്ട് മൂന്നാം ക്ലാസ്. മൂന്നാം ക്ലാസിനു അഭിമുഖമായി, നമ്മള്‍ നേരത്തെ കയറി വന്ന പടിയുടെ വലതു ഭാഗത്തായി മൂന്ന് തട്ടായുള്ള  മൈതാനം. (അങ്ങനെ പറയാമോ എന്നറിയില്ല. 


ഞങ്ങള്‍ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.) ആ മൈതാനത്തിനു വക്കില്‍ റോഡിലേക്ക് പകുതി ചാഞ്ഞു കിടക്കുന്ന പൂമരം. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ ഞങ്ങളുടെ മൈതാനവും റോഡുമാകെ നിറഞ്ഞു കിടക്കുമായിരുന്നു. മൈതാനത്തിന്‍റെ തട്ടുകളുടെ അരികുകളിലൂടെ തിരക്കിട്ട് പോകുന്ന പാമ്പിനെപ്പോലെ പൂമരത്തിന്റെയും പിന്നെ പേരറിയാത്ത ഏതോ മരങ്ങളുടെയും വേരുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. അവിടെയുമിവിടെയും തൂവെള്ള കടലാസുകളും പൂക്കളും ഇലകളും അല്ലാതെ മറ്റൊന്നും ആ മൈതാനത്ത് കാണാനില്ലായിരുന്നു. ഞങ്ങളുടെ കുഞ്ഞു കുഞ്ഞു പാദങ്ങള്‍ നിരന്തരമായി പതിക്കുന്ന ഇടങ്ങളെല്ലാം കാണാന്‍ ഒരു പ്രത്യേക ചന്തമായിരുന്നു. മണ്ണും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ അടയാളങ്ങള്‍ ആയിരിക്കാമവ. അങ്ങനെ വൃത്തിയായിക്കിടക്കുന്ന ഭാഗങ്ങള്‍ക്ക് ഓരങ്ങളില്‍ വെളുത്ത പഞ്ചസാര മണലുകള്‍ അടിഞ്ഞു ചേര്‍ന്നിരിക്കുന്നത് കാണാം.

മൂന്നാം ക്ലാസ് എന്നത് ഇവിടെ ആണെങ്കില്‍ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും നാലാം ക്ലാസ്സും ഞങ്ങള്‍ക്ക് മറ്റൊരു ലോകമായിരുന്നു. സ്റ്റാഫ് റൂമിന് മുന്നില്‍ നിന്നും ഇടത്തോട്ടു പടി കയറി ഇടതു ഭാഗത്തുള്ള കഞ്ഞിപ്പുരയെ പാളി നോക്കിക്കൊണ്ട്‌ വലത്തുഭാഗത്തെ അരമതിലിനു കൈമുട്ടിച്ചു പൂപ്പല്‍ പറിച്ചു (ഈ പൂപ്പല്‍ വെറും പൂപ്പലല്ല, അതുകൊണ്ടൊരു കളിയുണ്ട്, കോര്‍ത്തു വലിക്കുന്ന ഒരു കളി. അതിനെപ്പറ്റി പിന്നെപ്പറയാം!) നേരെ നടന്നാല്‍ അരമതിലില്‍ ഒരു ഇരുമ്പുവാതില്‍ . അത് തുറന്നു അകത്തു കയറിയാല്‍ ഏഴ് (7)ആകൃതിയില്‍ കെട്ടിടം. 

വലത്തുഭാഗത്തു ലംബമായി കാണുന്നത് ഒന്നാം ക്ലാസ്സ്. നേരെ മുന്നില്‍ വിലങ്ങനെ അഭിമുഖമായി നമ്മളെ കാത്തിരിക്കുന്നത് രണ്ടാം ക്ലാസ്. ആ ക്ലാസ്സിന്റെ ഇടതു ഭാഗത്ത് വലിയ മൈതാനം ഉണ്ട്. മൈതാനം അല്‍പ്പം ഉയര്‍ന്നിട്ടാണ്. ഈ മൈതാനത്തിനും ക്ലാസ്സിനും ഇടയിലൂടെ ഇരു കൈ വിടര്‍ത്തിയാല്‍ തട്ടുന്ന വീതിയിലൊരു വഴി. അത് ആ സ്കൂള്‍ അവസാനിക്കുന്ന ഇടം. അതേ, നാലാം ക്ലാസ്. അത് കഴിഞ്ഞാല്‍ പിന്നെ ഒരു കുട്ടിക്കും പിന്നെയാ സ്കൂളില്‍ സ്ഥാനമില്ല. ആ ക്ലാസ്സിനു പിന്നില്‍ വലിയ അഗാധമായ താഴ്ചയാണ്. പത്തിരുപതു മീറ്റര്‍ താഴ്ചയുള്ള ഇടത്തില്‍ ഒരു പഴയ തറവാട് വീടിന്റെ പിന്‍ഭാഗത്തെ പറമ്പാണ്. എന്‍റെ ആദ്യത്തെ മരണപ്പൂതി എഴുതിയ കടലാസുകള്‍ വീണ പറമ്പ്.!  

ആ വീട് എന്‍റെ സഹപാഠി മാത്തന്റെ വീട്. ഓ തെറ്റിപ്പോയി, അവന്‍റെ ശരിക്കും പേര് ജിതിനെന്നാ! ജിതിന്‍റെ വീട്. ഞങ്ങള്‍ നാലാം ക്ലാസ് കഴിഞ്ഞു സ്കൂളിനോട് വിട പറയുന്നതിന് കുറച്ചു കാലം മുമ്പേ, ആ മൈതാനത്തിനു നടുവില്‍ ഞങ്ങള്‍ ഒരു മരം നാട്ടുപിടിപ്പിച്ചിരുന്നു. ശിവദാസന്‍ മാഷ്‌ പറഞ്ഞിട്ട് നട്ടുപിടിപ്പിച്ച മരം. പൂമരം. അതിപ്പോയിങ്ങനെ വലിയ തണല്‍ സൃഷ്ട്ടിച്ചു കൊണ്ട് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പക്ഷെ അതിനു താഴെ കളിക്കാനിപ്പോള്‍ കുട്ടികളില്ല, ശാസിക്കാന്‍ അധ്യാപകരുമില്ല. കുട്ടികളില്ലാത്തത് കൊണ്ടാവാം പൂവ് കണ്ടില്ല, കിളികളെയും. പണ്ടെങ്ങോ പാട്ടത്തിന് എടുത്ത സ്കൂള്‍ ആയിരുന്നു അത്. എത്രയോ തലമുറകളെ പാഠങ്ങള്‍ പഠിപ്പിച്ച അങ്കണം. അത് നിശ്ചലമായിരിക്കുന്നു.


 പ്രാണസഖി

കണ്ടോ കണ്ടോ നമ്മള്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയതാണ്‌ എന്നിട്ടിപ്പോ എവിടെയൊക്കെയോ എത്തിയിരിക്കുന്നു. പ്രണയം എല്ലായിടത്തുമുണ്ട് എന്ന് പറയുന്നത് ചിലപ്പോ ഇതുകൊണ്ടാവുമല്ലേ. അത് നമ്മളെ ഒരിടത്തുനിന്നും വേറൊരിടത്തേക്ക് ആനയിച്ചു കൊണ്ടേയിരിക്കുന്നു. പാറിപ്പാറി നമ്മള്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് കൊണ്ടേയിരിക്കുന്നു.

ആ അതൊക്കെ പോട്ടെ. അഞ്ചു ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അഞ്ചു എന്നാല്‍ അഞ്ചല്ല. അക്കമല്ല, അതിനേക്കാള്‍ ഒക്കെ വലിയ സ്ഥാനമുള്ള അഞ്ചുമോള്‍ . എന്‍റെ പ്രാണസഖി. മൂന്നാം ക്ലാസ്സിലെ ലോക സുന്ദരി. പണ്ട് മുതലേ എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, കണ്ട ആപ്പ ഊപ്പ സുന്ദരികളെ ഒന്നും എനിക്ക് ഇഷ്ട്ടമാവില്ല. ചിലരോട് മാത്രം പതുക്കെപ്പതുക്കെ, അവരുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട്, കുസൃതികള്‍ പിണക്കങ്ങള്‍ സംസാരം ഒക്കെ കണ്ട് കണ്ട് അവസാനം കണ്ണുകള്‍ തമ്മിലുടക്കി... അങ്ങനെയങ്ങെനെ മാത്രമേ എന്‍റെ പ്രേമം പുറത്തേക്കു പ്രവഹിക്കൂ...

 'ഒരു ആസ്ഥാന കാമുകനും സ്ഥലത്തെ പ്രധാന ലോലനും' ആയിരിക്കാം ഇവന്‍ എന്ന ഒരു ധാരണ നിങ്ങള്ക്ക് പലര്‍ക്കും ഉണ്ടായേക്കാം എന്നെനിക്കറിയാം. 

സ്വപ്നങ്ങളിലെസുന്ദരി. ഒരു മൂന്നാം ക്ലാസ്സുകാരായ ഞങ്ങളുടെ പ്രണയത്തിന്റെ ആഴം നിങ്ങള്ക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും അവനവന്‍റെ പ്രണയത്തെ മനസ്സിലാക്കാന്‍ അവനവനു കഴിയുന്നതോനോളം ആര്‍ക്കും കഴിയില്ല. അത് കൊണ്ടാണ് വിരഹം എന്നത് ഹൃദയം വെട്ടിമുറിക്കുന്ന ഒരനുഭവമായി നമുക്ക് തോന്നിപ്പോകുന്നത്.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും എന്‍റെ മനസ്സിലെ പ്രണയം ഞാന്‍ അഞ്ചുവിനോട് തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതൊരു പക്ഷപാതപ്രണയം (വണ്‍ വേ ലൈന്‍ ) ആണെന്ന് വേണമെങ്കില്‍ നിങ്ങള്ക്ക് പറഞ്ഞ് ആക്ഷേപിക്കാം. പക്ഷേ അവള്‍ എന്നോട് സംസാരിക്കാറുണ്ടായിരുന്നു, എന്നോട് പിണങ്ങാറും ഇണങ്ങാറുമുണ്ടായിരുന്നു പക്ഷേ അതെല്ലാം എന്‍റെ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. 

ഒരു വണ്‍ വേ കാമുകനും കാമുകിയും താന്‍ പ്രണയിക്കുന്ന ആള്‍ തന്നെ തിരിച്ചിങ്ങോട്ടു പ്രണയിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആരെങ്കിലും ആക്ഷേപിച്ചാല്‍  പ്രധിരോധം തീര്‍ക്കുമല്ലോ. അങ്ങനെ കരുതിയാല്‍ മതി. അഞ്ചുമോള്‍ എന്നെ പ്രണയിച്ചില്ലായിരുന്നുവെന്നത് ഒരു ദുഃഖസത്യം ആണെങ്കിലും അത് അംഗീകരിക്കാന്‍ മാത്രം എനിക്ക് മനശക്തിയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അവളുടെ ഇളം ചുവപ്പു നിറത്തിലുള്ള ചാമ്പക്കയെ പോലുള്ള മൂക്കില്‍ ഒരുമ്മ കൊടുക്കാന്‍ എത്രയോ കാലമായി ഞാന്‍ കാത്തിരിക്കുന്നു. (ഇങ്ങനെയുള്ള അവസരങ്ങളില്‍ ഞാന്‍ എന്‍റെ പഴയ കാമുകി ഫാത്തിമയെ ഓര്‍ത്ത്‌ വളരെയേറെ വേദനിക്കാറുണ്ട്. എന്‍റെ ആദ്യ കാമുകിയും പ്രണയവും ആയിരുന്ന അവളെ ഉമ്മ വെക്കുമ്പോള്‍ അവള്‍ അങ്ങാതെ ഇരിക്കുമായിരുന്നു! 

   എന്തോ, എനിക്കറിയില്ല, എന്തുകൊണ്ടാണ് മൂക്കില്‍ ഉമ്മ വെക്കാന്‍ തോന്നുന്നത് എന്ന്. ചിലപ്പോള്‍ അതൊരു കീഴടക്കല്‍ ആയിട്ടാവാം. പെണ്ണിനെ ഒരു ആനയെപ്പോലെ സങ്കല്‍പ്പിച്ചാല്‍ സംഗതി സത്യമാണ്, ആനയുടെ തുമ്പിക്കൈയ്യിനു മേലെ മസ്തകത്തില്‍ ഉമ്മ വെക്കുന്ന പോലെ ഒരു സാഹസം, ഒരു കീഴടക്കല്‍ , ഒരു സ്നേഹം പകര്‍ത്തല്‍ ...! അന്ന് എന്‍റെ കൂട്ടുകാരനോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് 

 "ഓളെ മൂക്കുമ്മല്  മാത്രല്ലേ ഓള്‍ക്ക് മൊഖക്കുരു ഇല്ലാത്ത സലം? 
അതോണ്ടായിരിക്കും അനക്ക് ഓളെ മൂക്കില് തന്നെ ഉമ്മ കൊടുക്കാന്‍ തോന്നുന്നത്" - 

എന്നായിരുന്നു. ഒരു കലാബോധവും പ്രണയ സങ്കല്‍പ്പവും ഇല്ലാത്ത കാട്ടുമാക്കാനോട് ആണല്ലോ പടച്ചോനെ ഞാനിത് ചോദിച്ചു പോയത് എന്നോര്‍ത്തു ഞാനിപ്പഴും പരിതപിക്കുന്നു. അവളെ അവഹേളിക്കും വിധം മുഖുക്കുരുവിനെ ചിത്രീകരിച്ചതില്‍ അവനോടു എനിക്ക് ഇപ്പോഴും പകയുണ്ട്. മുഖക്കുരു ചില മുഖങ്ങള്‍ക്ക് ചന്തമാണ്! മുഖക്കുരു ഉള്ള ചില മുഖങ്ങളെ മനസ്സില്‍ നിന്ന് മായ്ക്കാനേ കഴിയില്ല, ആ കുരുകളെപ്പോലെത്തന്നെ അതങ്ങനെ മായാതെ നില്‍ക്കും. ഒരു ഫെയര്‍ ആന്‍ഡ് ലവ്ലിക്കും തുടച്ചുമാറ്റാന്‍ കഴിയാത്ത വിധത്തില്‍ . കാട്ടുമാക്കാന്മാര്‍ എന്തറിഞ്ഞു! തെണ്ടികള്‍ .!!

ഇതെല്ലാം വായിക്കുന്ന പെണ്ണുങ്ങളേ ദയവു ചെയ്തു എന്നെ കൂട്ടമായി ആക്രമിക്കരുത്  നിങ്ങളെ ആനയോട് ഉപമിച്ചതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ വര്‍ഗത്തിനും എന്നോട് ഭയങ്കര വിരോധവും പുച്ഛവും ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം. ആനയുടെ വലിപ്പമല്ല, ശക്തിയും ബുദ്ധിയും സ്നേഹിക്കാനുള്ള കഴിവും ഇണക്കവും ആണ് ഞാന്‍ നിങ്ങളില്‍ കണ്ടെത്തുന്നത്. ദയവു ചെയ്തു നിറത്തെ കുറിച്ച് ചോദിക്കരുത്. ആ ഒരു ഇളവ് എനിക്ക് തരണം. അല്ലെങ്കിലും നിറത്തില്‍ എന്തിരിക്കുന്നു.

നമുക്ക് മൂന്നാം ക്ലാസ്സിലേക്ക് തന്നെ പോകാം. അവിടെയാകുമ്പോള്‍ അഞ്ചുവുണ്ട്. അതില്‍പരം എന്ത് വേണം. അതോടൊപ്പം എന്‍റെ രണ്ടാം പ്രണയകഥയുടെ വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെ നിങ്ങള്‍ക്കും കടന്നു പോകാം.
അഞ്ചുമോള്‍ ചിരിക്കുന്നതും പിണങ്ങുന്നതും കൂട്ടുകാരികളോട് ഉണ്ടക്കണ്ണ്‍ വലുതാക്കിയും ചിരിക്കുമ്പോള്‍ ചെറുതാക്കിയും വീട്ടിലെയോ മറ്റോ കഥകള്‍ പറയുമ്പോള്‍ ഞാന്‍ കൗതുകത്തോടെ നോക്കിയിരിക്കും. 

ഇടക്കൊക്കെ കണ്ണുകള്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരു ചിരി തരുമായിരുന്നെങ്കിലും അവള്‍ക്കു ഈ ലവ്വിനെ കുറിച്ചൊക്കെ അറിയുമോ എന്ന് അന്നെയെനിക്ക് സംശയമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പ്രേമം മൂത്ത് മൂത്ത് തലയ്ക്കു പിടിച്ച ഒരവസരത്തില്‍ ബെഞ്ചിലും പുസ്തകത്തിലുമൊക്കെ എന്‍റെ പേന നിരന്തരം മനസ്സിലാക്കാന്‍ വയ്യാത്ത വിധത്തിലുള്ള പലജാതി ചിത്രങ്ങളെ സൃഷ്ട്ടിക്കുമായിരുന്നു. ഒരിക്കല്‍ അങ്ങനെ സ്വപ്നത്തിലെന്ന പോലെ വര കഴിഞ്ഞു നോക്കുമ്പോള്‍ ദേ മുന്നില്‍ ഒരു കടലാസില്‍ A +AR എന്നെഴുതി ഒരു ലവ്വും അതിലൂടെ ഒരു അമ്പ് ചാട്ടൂളി കണക്കിന് കടന്നു പോകുന്നതും വരച്ചു വെച്ചിരിക്കുന്നു. ഞാനതിലേക്ക് നോക്കിയിരിക്കെ കൂട്ടുകാരത് കണ്ട് പിടിച്ചു. 

മനസ്സില്ലാമനസ്സോടെ ഞാന്‍ സംഗതി അവരോടു തുറന്നു പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്തപാതി ധീരജും വിപിന്‍ ദാസും അരുണും ഒക്കെക്കൂടി എന്നെയെങ്ങ് വീരപുരുഷന്‍ ആക്കിക്കളഞ്ഞു! പിന്നെയവര്‍
"നിനക്ക് ധൈര്യമുണ്ടെങ്കില്‍ അത് അവള്‍ക്ക് കൊടുക്കെടാ" എന്ന മട്ടിലായി. പണ്ടേ ഭയങ്കര ധൈര്യ ശാലിയായിരുന്ന എന്നെ പ്രകോപിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ നിങ്ങള്‍ക്കൂഹിക്കാമല്ലോ, ഞാന്‍ എഴുന്നേറ്റ് നേരെ പോയി അവളുടെ കയ്യില്‍ അതങ്ങുകൊടുത്തു! എന്നിട്ട് ഹും എന്നോടാണോ കളി എന്ന മട്ടില്‍ ധീരജിനെയും വിപിനെയും ഒരു നോട്ടം.

*രസായനം*

ലവ് ലെറ്റര്‍ കയ്യില്‍ കിട്ടിയ അപ്പോള്‍ തുടങ്ങിയ കരച്ചിലാണ് അഞ്ചു. ഇതേവരെ നിര്‍ത്തിയിട്ടില്ല. അവള്‍ ഏങ്ങിയേങ്ങി കരയുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഹെഡ്മാസ്റ്ററെ വിളിക്കാന്‍ പോയ ക്ലാസ് ലീഡര്‍ ശ്രീഷ്മ.പി. എന്തൊക്കെയാണ് ശിവദാസന്‍ മാഷിനോട് പറഞ്ഞ് കൊടുക്കുക എന്നൊരു ആധിയും മനസ്സിലുണ്ട്. അപ്പഴേക്കും ക്ലാസ്സിലെ എല്ലാ കുട്ടികളും ഈ സംഭവത്തെ കുറിച്ച് അറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ അക്കാലത്തെ കുട്ടികള്‍ക്ക് ഒരു കുഴപ്പമുണ്ട്, ആരെങ്കിലും ഒരു പാതകം ചെയ്തുവെന്നിരിക്കട്ടെ, ടിയാനെ നോക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്ന വിത്യാസമില്ലാതെ കൂടി ഇങ്ങനെ താളത്തിലങ്ങനെ ചൊല്ലും :

" അ.അ. ആ, ആനക്കൊരു കേസ്.അ.അ. ആ...
കേസിന്‍റെ പേര് കേസറ്റ്... അ. അ. ആ..."

ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഒരു കൊലപാതക പ്രതിയെ പോലെ തല കുമ്പിട്ടു നില്‍ക്കുവാനായിരിക്കും കുറ്റം ചെയ്തവന്‍റെ വിധി. എന്‍റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല. പാട്ട് കൊണ്ടും ആളെ കൊല്ലാം എന്ന് അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത്.

പെട്ടെന്ന് ക്ലാസ് ലീഡര്‍ ശ്രീഷ്മ ക്ലാസ്സിലേക്ക് കയറി വന്നു.(ആ ദുഷ്ട്ടത്തിയെ ക്ലാസ് ലീഡര്‍ ആക്കാന്‍ സമ്മതിക്കരുത് എന്ന് ഞാന്‍ അന്നേ എന്‍റെ കൂട്ടുകാരോടൊക്കെ പറഞ്ഞതാണ്. പക്ഷെ എന്ത് ചെയ്യാം, പെണ്ണിന്‍റെ മൊഞ്ചു കണ്ടാല്‍ സ്വന്തം തറവാടിന്‍റെ ആധാരം വരെ എടുത്തുകൊടുക്കുന്ന ടൈപ്പായിരുന്നു എന്‍റെ കൂട്ടുകാര്.) 

ക്ലാസ് ലീഡര്‍ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ഹെഡ് മാഷ്‌ വന്നില്ലേയെന്ന ചോദ്യഭാവത്തില്‍ അവളെ നോക്കിയവര്‍ക്ക് ഉത്തരമായിക്കൊണ്ട്  പിന്നാലെ ശിവദാസന്‍ മാഷും കടന്നു വന്നു. ക്ലാസ്സിലെ കേസിന്‍റെ പേര് കേസറ്റ് എന്ന പാട്ട് പെട്ടന്ന് നിലച്ചു. മാഷ്‌ ഒരു ആജാനബാഹു ആയിരുന്നു. എഴരയടി ഉയരവും അതിനൊത്ത വീതിയിലുള്ള കറുത്ത ശരീരവും ഉണ്ടായിരുന്ന ശിവദാസന്‍ മാഷ്‌ പക്ഷേ വളരെ സ്നേഹമുള്ള ആളായിരുന്നു. പക്ഷെ ഇത്തരമൊരു നിമിഷത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ  ഞാന്‍ മിണ്ടാതെയിരുന്നു. എങ്കിലും  വലിയ തെറ്റ് പോലെ ഒന്നും എനിക്ക് അതേകുറിച്ച് തോന്നിയില്ല. ചിലപ്പോ ഇത് കേള്‍ക്കുമ്പോള്‍ സാറും ടീച്ചറും ചിലപ്പോ ചിരിക്കുമായിരിക്കും എന്ന് വരെ പ്രതീക്ഷിച്ചു.

"റഹീം എവിടേ?" - ശിവദാസന്‍ മാഷിന്‍റെ ഘനഗംഭീരമായ ശബ്ദം ക്ലാസില്‍ മുഴങ്ങി.

"ദാക്ക്ണ് " 

സര്‍വ്വ കുട്ടികളുടെയും മുഖങ്ങള്‍ക്കു പുറമേ ചൂണ്ടു വിരലുകളും എനിക്ക് നേരെയായി.

"റഹീം ഓഫീസിലേക്ക് വാ"

മാഷ്‌ പുറത്തേക്കു പോയി. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ കുട്ടികള്‍ എന്നെ നോക്കി. ഞാന്‍ ഇരുന്നിടത്തു നിന്നെഴുന്നെല്‍ക്കാതെ അല്‍പ്പ നേരം അവിടെത്തന്നെയിരുന്നു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും അനുകൂലവും പ്രതികൂലവുമായ നോട്ടങ്ങളെ നേരടാനാവാതെ തല കുമ്പിട്ടിരിക്കുന്നു. തലയ്ക്കു വല്ലാത്ത ഭാരം പോലെ. അത് ഉയരുന്നേയില്ല. ബാഗുമെടുത്ത് വീട്ടിലേക്കു ഓടുമോ എന്നതായിരുന്നു ഭൂരിഭാഗം കുട്ടികളുടെയും സംശയം. പലപ്പോഴും ചില വിരുതന്മാര്‍ അങ്ങനെ ചെയ്തുകണ്ടിട്ടുണ്ട്. പക്ഷേ വീട്ടിലേക്കു ഓടിയാല്‍ പിന്നെ ശിവദാസന്‍ മാഷെക്കാളും വലിയ കോടതിയാണ് വീട്ടിലുള്ളത്. 

അന്നൊക്കെ ഒരു പോലീസ് ഓഫീസറെപ്പോലെ എന്നെ നിരീക്ഷിച്ചിരുന്ന ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ !!!
മാഷ്‌ വരുന്നത് വരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം മാഷ്‌ വന്ന് പോയപ്പോള്‍ തന്നെ ആവിയായിപ്പോയി. ഞാന്‍ രണ്ടും കല്‍പ്പിച്ചു എഴുന്നേറ്റു നേരെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ആരുടേയും മുഖത്തേക്ക് നോക്കിയതേയില്ല.

ഓഫീസ് റൂമിന് പുറത്ത് ചെരിപ്പഴിച്ച് വെച്ചു അനുവാദത്തിനായി ഞാന്‍ കാത്തുനിന്നു. എന്നെ പേര് വിളിച്ചു. ഞാന്‍ അകത്തേക്ക് ചെന്നു. ശിവദാസന്‍ മാഷ്‌ മാത്രമുള്ള ഓഫീസ് റൂം! എനിക്കത് ചിന്തിക്കാന്‍ പോലുമായില്ല. ടീച്ചര്‍മാര്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അല്‍പ്പം അനുകമ്പ അവരില്‍ നിന്നുമുണ്ടായേനെ. പെട്ടെന്ന് ശിവദാസന്‍ മാഷ്‌ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഒതുക്കത്തോടെ ഇരുന്നു.

"എന്താ ഇത്?"

ഞാന്‍ തല ഉയര്‍ത്തിയൊന്നു നോക്കി. വീണ്ടും ഇരു കൈകളുടെയും വിരലുകള്‍ തമ്മില്‍ മടിയില്‍ വെച്ച് പിണയുന്നതും നോക്കി തല കുമ്പിട്ടിരുന്നു.
പക്ഷെ അടുത്ത ചോദ്യം അതിനേക്കാള്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായിരുന്നു-

"ഇതൊക്കെ ആര് പഠിപ്പിച്ചു തന്നതാണ്?"

ഞാന്‍ ഞെട്ടി. ആരാണ് ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത്!? 

ഞാന്‍ ഓര്‍ത്ത്‌ നോക്കി. എനിക്കറിയത്തില്ല. ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരണോ മാഷേ എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു.

"ചോദിച്ചത് കേട്ടില്ലേ?"

ഞാന്‍ തല അല്‍പ്പം ഉയര്‍ത്തി നോക്കി.

"അടുത്ത വീട്ടിലെ ആരെങ്കിലുമാണോ?"

"ഉം.ഉം. അല്ല"

"പിന്നെ?"

വീണ്ടും ഞാന്‍ മൗനിയായി.

"ആരാണെന്ന് പറ. നിന്‍റെ ഉപ്പയാണോ?"

ഡും!!! നെഞ്ചില്‍ ഇടിത്തീ വീണു. ഉപ്പയോ! 

ഉപ്പയെങ്ങാനും ഇതറിഞ്ഞാല്‍ അന്നെന്‍റെ മയ്യത്തു വീഴും. ചോദ്യങ്ങളില്‍ അസുഖം കലര്‍ന്നപ്പോള്‍ ഞാന്‍ ഞാന്‍ വരച്ച ലവ്വിനെ കുറിച്ചോര്‍ത്തു. അതില്‍ വരച്ച അമ്പ് ആയിരിക്കുമോ പ്രശ്നമായത്‌. അത് വൃത്തികേട് ആയിരിക്കണം. ഇനി ലവ്വിന്‍റെ മൂന്ന് പോലുള്ള ഭാഗം കണ്ട് ഇനി സാറ് ചന്തിയായി തെറ്റിദ്ധരിച്ചതാവുമോ? അതിന്‍റെ കൂടെ അമ്പും. അയ്യേ അപ്പിയില്‍ കോലിട്ട പോലെയുള്ള ചിത്രം! എന്‍റെ പടച്ചോനേ... ഈ ചിത്രം അങ്ങനെയും ആകുമെന്ന് ഇപ്പളാണ് ഞാന്‍ അറിയുന്നത്. എന്നെയീ നരകത്തില്‍ നിന്നും കരകയറ്റണേ നെഞ്ചു കിടുങ്ങി. ശിവദാസന്‍ മാഷ്‌ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു! 

ആ നിമിഷം അവിടെ ടീച്ചര്‍മാര്‍ ഇല്ലാതിരുന്നത് എത്രയോ വലിയ ഭാഗ്യമായിട്ടു എനിക്ക് തോന്നി. അവരും കൂടി ഇതറിഞ്ഞാല്‍ ഞാനെങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും.


അഞ്ചുമോള്‍ കരഞ്ഞതും ഇതേ അര്‍ത്ഥത്തില്‍ ആയിരിക്കുമോ? ഒരു പക്ഷെ ലവ്വിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാവുമോ? ചോദ്യങ്ങള്‍ എന്‍റെ തലയില്‍ കൂടി തലങ്ങും വിലങ്ങും പാഞ്ഞു.
"നിന്നോടാണ് ചോദിച്ചത്." -മാഷ്‌ ഓഫീസ് റൂം കുലുങ്ങുമാറുച്ചത്തില്‍ അലറി. അപ്പുറത്തെ എന്‍റെ ക്ലാസില്‍ നിന്നും അത്രയും നേരം കേട്ട കലപില ശബ്ദം പെട്ടെന്ന് നിലച്ചു. സര്‍വ്വം നിശബ്ദം. എന്‍റെ ക്ലാസ്സിലെ കുട്ടികള്‍ ആകെ ഭയന്നിരിക്കുന്നു.  അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്നത് പോലെ പ്രപഞ്ചം എന്നിലേക്ക്‌ നോക്കുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ സ്വയം ഇല്ലാതാവുകയാണോ? ഇറങ്ങി ഓടിയാലോ? വേണ്ട. ഓടിയാല്‍ പിന്നെ ക്ലാസ്സില്‍ പരിഹാസ കഥാപാത്രമാകും. എന്‍റെ പ്രതിച്ഛായക്കു കോട്ടം തട്ടും. കുട്ടികള്‍ തന്നെ പെടിത്തൂറീ എന്ന് വിളിക്കുന്നത്‌ കേള്‍ക്കേണ്ടി വരും. ഇല്ല. ഓടില്ല. എന്ത് തന്നെയായാലും നേരിടും. മനസ്സ് ആകെ കലങ്ങി നില്‍ക്കുന്നു. ഈ മാഷ്‌ എന്തെങ്കിലുമൊന്നു തീരുമാനിച്ചിരുന്നെങ്കില്‍ !
അടുത്ത നിമിഷം മാഷിന്‍റെ ശബ്ദം ഒന്നുകൂടി പുറത്തേക്കു വന്നു :
"കൈ നീട്ട്"
എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ പെരുമഴ പെയ്തു. അടി! അടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാനമാണ്. ഏതു പ്രതിസന്ധികളുടെയും അവസാനം അടിയാണ്. ചൂരല്‍ കൊണ്ടുള്ള അടി.
എങ്ങനെ ചുഴറ്റിയാലും വഴങ്ങുന്ന ആ മഞ്ഞ നിറമുള്ള ചൂരല്‍ ശക്തിയായി ഏഴെട്ട് പ്രാവിശ്യത്തോളം ഉയര്‍ന്നു പൊങ്ങി. കുഞ്ഞിക്കൈകളില്‍ ചുവന്ന പാടുകള്‍ തിണര്‍ത്തു പൊങ്ങി. അടി പിഴച്ചു കൈത്തണ്ടയിലേക്ക് കൊണ്ടപ്പോള്‍ കരിനീല നിറമായി കല്ലിച്ചു നിന്നു. എന്തുകൊണ്ടോ എനിക്കപ്പോള്‍ കരിച്ചില്‍ വന്നില്ല. പക്ഷെ കണ്ണില്‍ നിന്നും നിശബ്ദമായി വന്ന രണ്ടു തുള്ളികളെ ഞാന്‍ തുടച്ചു കളഞ്ഞു. കുറ്റബോധം വരുമ്പോഴും ഉപ്പ തല്ലുമ്പോഴും അല്ലാതെ ജീവിതത്തിലിന്നു വരെ കരഞ്ഞിട്ടില്ല. അതെന്തോ അങ്ങനെയായിപ്പോയി. കണ്ണുതുടച്ച്‌ മുഖം പ്രസന്നമാക്കി ഒരു അഹങ്കാരിയെപ്പോലെ നിന്നു.
"ഉം പൊയ്ക്കോ! മേലിലിത് ആവര്‍ത്തിക്കരുത്" അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ പുറത്തിറങ്ങി നെഞ്ചു വിരിച്ചു മുഖം ഒന്നുകൂടി തുടച്ചു പ്രസന്നമായത് പോലെയാക്കാന്‍ ഒരു ശ്രമം നടത്തി.
ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കയറി. എനിക്ക് കിട്ടിയ ഓരോ അടിയുടെ ശബ്ദവും കാതോര്‍ത്ത് കേട്ട കുട്ടികള്‍ എന്നെ നോക്കി അത്ഭുതപ്പെട്ടു. പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും സീല്‍ക്കാരം ഉയര്‍ന്നു.
"സ്സ്സ്സ്സ്സ്.... ഓന്‍ വല്ലാത്ത സാനം തന്നെ. അടികിട്ടീട്ടും ഓന്‍ നെലോളിച്ചില്ല്യ!"
എനിക്കത് മതിയായിരുന്നു. ആ പെണ്‍കുട്ടിയുടെ ആ ഉറക്കെയുള്ള ആത്മഗതം എല്ലാ പുരുഷന്മാരുടെയും മാനം കാത്ത എനിക്കുള്ള അംഗീകാരമായിരുന്നു. ബെഞ്ചില്‍ വന്നിരുന്ന ശേഷം ഞാന്‍ അഞ്ചു ഇരിക്കുന്ന ഭാഗത്തേക്ക് ഒന്നുകൂടി നോക്കി. അവള്‍ അപ്പോഴും കരയുകയായിരുന്നു. ഹ്മം പാവം. ലവ്വ്‌ എന്താന്നറിയാത്ത പെണ്ണ്! 

എന്തായാലും മൂന്നാം ക്ലാസ് കഴിഞ്ഞു നാലിലേക്ക് പോയതും ആണ്‍കുട്ടികളുടെ ഭാഗത്തെ എന്‍റെ ഭീകര വികൃതി കാരണം എന്നെ പെണ്‍കുട്ടികളുടെ നടുവിലായിരുന്നു മിക്കപ്പോഴും ശിക്ഷ എന്ന നിലയില്‍ ഇരുത്താറ്. ഒരു കൃഷ്ണനെ പോലെ അഞ്ചുവിനോട് പകരം വീട്ടാനെന്ന പോലെ ഞാന്‍ അവരുടെ കൂടെ പാടിപ്പാടി നടക്കും. സബിത രമ്യ ദീപ്തി അശ്വതി, തുടങ്ങി ഒരുപാട് ഗേള്‍ഫ്രണ്ട്സ് അവിടെ ജനിച്ചു. എന്നെ കുറ്റപ്പെടുത്തിയ പല പെണ്‍കുട്ടികളും എന്‍റെ ഇഷ്ട്ട തോഴികളായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ധീരജും വിപിനും അരുണും അനൂപും ഒക്കെ എന്നെ അസൂയയോടെ നോക്കി. ഞാനവരെ അഹങ്കാരത്തോടെയും.  പക്ഷേ അപ്പോഴും അഞ്ചുമോള്‍ എന്‍റെ മനസ്സില്‍ ആരുമറിയാത്ത ഒരു മോഹം മാത്രമായി ബാക്കിയാവുകയായിരുന്നു....

4 comments:

  1. വായിച്ചു തുടങ്ങി
    രസമുണ്ടു.....
    പിന്നെ വരാം.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

എന്നോടൊന്നു മിണ്ടൂ :