Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, September 29, 2012

ബാക്കിപത്രം



എല്ലാ ഓര്‍മ്മകള്‍ക്കും ക്ലാസ്സിലെ ബെഞ്ചുകളില്‍ ആണിയാല്‍ കോറിയിട്ട ചില അക്ഷരങ്ങള്‍ സാക്ഷി...

ഒഴിഞ്ഞ മൂലകളിലെ ചുവരുകളിലെ കരിയും ഓട്ടിന്‍കഷ്ണവും കൊണ്ടെഴുതിയ വരികള്‍ സാക്ഷി...

കൊടുക്കാതെ ബാക്കിയാവുന്ന നോട്ടുബുക്കിലെ നടുപ്പേജുകളും അതിലെ കവിതകളും സാക്ഷി...

ഉറവയോഴുകുന്നയിടവഴികളില്‍ നിന്നെക്കാത്തിരുന്ന വഴിയിലെ അടുക്കുമ്പോള്‍ മിടിപ്പു കൂടുന്ന ഹൃദയതാളങ്ങള്‍ സാക്ഷി...

നീ കടന്നു പോയ വഴിയില്‍
മിണ്ടാതെ, മിണ്ടാനാവാതെ എതിര്‍ദിശയില്‍ കാന്തികബിന്ദുക്കള്‍ വഴുതിപ്പിരിഞ്ഞപ്പോള്‍ ബാക്കിയായ വിഫലനിശ്വാസങ്ങള്‍ സാക്ഷി...

നിന്റെ കൈ മുറിഞ്ഞു
പൊട്ടിവീണ ചുവന്ന വളപ്പൊട്ടുകളിലൊന്നിപ്പോഴുമെന്‍റെ പഴയ തകരപ്പെട്ടിയില്‍ കിടന്നു വിളിച്ചു പറയുന്നുണ്ട്; ഞാനും സാക്ഷി... ഞാനും സാക്ഷി...

ഓര്‍മ്മകളുടെ തീരത്തു നില്‍ക്കുമ്പോള്‍
ശരിക്കും നീയൊരു തിരമാലയായിരുന്നെന്നു തോന്നുകയാണെനിക്ക് ...
ഞാന്‍ തീരത്തെഴുതിയതെല്ലാം കാണാതെ
കിലുകിലെ ചിരിച്ചോടിവന്നു
മായ്ച്ചു കളയുന്ന തിരമാല...

ചിപ്പികള്‍ കൊണ്ടു ഞാന്‍ പണിത
പ്രണയസൗധങ്ങളെല്ലാം നീ തട്ടിത്തകര്‍ത്തപ്പോഴും
ഞാന്‍ നിനക്ക് വേണ്ടി കവിത രചിക്കുകയായിരുന്നു... എങ്കിലും ഞാനതറിയുന്നു ; നീയതറിഞ്ഞില്ല... ഞാനതുപറഞ്ഞതുമില്ല... തിരിച്ചറിവാണ്
പ്രണയമെന്ന വികാരമെന്നു തോന്നിയ നിമിഷം സാക്ഷി; അതാരും തട്ടിപ്പറിക്കുന്നില്ല, അതാരും നേടിയെടുക്കുന്നില്ല-

-അതാര്‍ക്കും നഷ്ട്ടപ്പെടുന്നുമില്ലെന്ന സത്യം സാക്ഷി ;
കാലം വിധികൊണ്ടൊരുക്കുന്ന അപൂര്‍വ്വ നിമിഷത്തിന്‍റെ അനുഭവമാണെന്ന സത്യവും സാക്ഷി;
പ്രകൃതി എന്‍റെ സ്വപ്നങ്ങളുടെ ആഴം തിരിച്ചറിയുവോളം നീയെനിക്ക് വിധിക്കപ്പെട്ടിട്ടില്ലെന്നു പറഞ്ഞു ഞാനാശ്വസിക്കുമ്പോഴും എന്‍റെ പ്രണയത്തിനു ഞാന്‍ മാത്രം സാക്ഷി.

Saturday, August 11, 2012

ഒരു പക്ഷേ, ഞാന്‍ ഒരു 'പക്ഷേ'യായിരിക്കാം....



ഓര്‍മ്മകളുടെയോളങ്ങളെന്നില്‍ ചില നശിച്ച തികട്ടലുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്. അവിടെ ചില പക്ഷെ'കളുടെ തെളിഞ്ഞ കറകളുടെ പാടുകള്‍ മായാതെ കിടക്കുന്നുണ്ട്. ഒരായിരം 'പക്ഷെ'കളുടെ,  എന്നോടുള്ള ചോദ്യമായിരിക്കാമത്. ചിലപ്പോഴൊക്കെ വെറുപ്പും.

ഒരിക്കല്‍ ,

ഭാര്യയുടെ അമ്മയഭിനയം തികയാതെ വന്നപ്പോഴാണ് അച്ഛന് ഒരു പക്ഷേ'യെന്നു പറയേണ്ടി വന്നത്... ആ വായില്‍ നിന്നും വെറുപ്പിന്റെ പക്ഷേകള്‍ മാത്രമായിരുന്നു തുപ്പലായി തെറിച്ചു കൊണ്ടിരുന്നത്... അതൊരു പക്ഷേ, ചില പക്ഷേകളുടെ മാത്രം ന്യായമായിരിക്കാം. ജീവിക്കാന്‍ വേണ്ടിയുള്ള ന്യായം.

വീണ്ടും,

മറ്റൊരു പക്ഷേ'യെന്നതെന്റെയാദ്യത്തെ കുടിലിന്റെ ആധാരം കൈവശപ്പെടുത്തിയവരുടെ വകയായിരുന്നു. ഞാനെന്‍റെ ജന്മത്തെ തൊള്ളകീറി ലോകത്തെയറിയിച്ചത് ഈ പക്ഷേ'യുടെ ഗര്‍ഭാപാത്രമെന്ന കുടിലില്‍ നിന്നും പുറത്തു വന്നപ്പോഴാണ്. അതൊരു പക്ഷേ ഒരു നിയോഗം മാത്രമാണ്. ഒരു വഴി ഒരു പക്ഷേ ജനിക്കുന്ന വഴി. വഴി മാത്രം. പക്ഷേയെന്നതൊരു ചോദ്യമാണോയെന്നു ഞാന്‍ പലവട്ടം ചിന്തിച്ചു നോക്കിയപ്പോള്‍ അതെയെന്നു ആരോ പറഞ്ഞു. പക്ഷേ; ഒരു പക്ഷേയെന്നൊരു വാക്ക് അവിടെയും മറുപടിക്കു കൃത്യത നല്‍കിയതേയില്ല. അമ്മയെന്നത് എപ്പോഴും പക്ഷേകള്‍ക്ക് ഒരു സ്വപ്നം മാത്രമാണെന്നതു ആര്‍ക്കുമറിയില്ല.

പിന്നെയും,

എന്നിലെപ്പഴോ അറിഞ്ഞോ അറിയാതെയോ അലിഞ്ഞു പോയൊരു സ്വപ്നത്തില്‍ , അതേ- പ്രണയമെന്ന സ്വപ്നത്തില്‍ . അതോ - പെണ്ണെന്ന നിഗൂഡ മായികയിലോ!? ഒരുപാടോരുപക്ഷേകള്‍ അവിടെയും കരിമഷിയിളകിയലിഞ്ഞു ഗദ്ഗദിച്ച എണ്ണമയമുള്ള കവിളില്‍ പക്ഷേ'കളുടെ ഒരുപാടൊരുപാട് ജലച്ചായങ്ങള്‍ വരച്ചു ചേര്‍ത്തു. അവിടെയുമൊരു പക്ഷേ, 'പക്ഷേകള്‍ മാത്രമാണെനിക്കു വേണ്ടി ബാക്കിയാവുന്നത്.

പക്ഷേ;

ഒരുപാട് പിരിഞ്ഞു പിണഞ്ഞു ഇഴയടുത്തു ബന്ധം മുറുക്കി ബലപ്പെടുത്തുമ്പോഴും ഇഴകളുടെയിടയില്‍ ചില പക്ഷേകളുടെ മുറുമുറുപ്പുകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. അവസാനം മാത്രം പ്രത്യക്ഷപ്പെടുന്ന ആ 'പക്ഷേ'കളുടെ വികൃതമായ ചിരി സത്യമായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, അതെന്റെ തോന്നലാവാം. എല്ലാം 'പക്ഷേ'യെന്നും, എല്ലായിടത്തും 'പക്ഷേ'യെന്നുമെനിക്കു തോന്നിപ്പോകുന്നത്; ആകാശത്തിനു കീഴെ 'പക്ഷേ'കളുടെ ശല്യമില്ലാതെ, മറയില്ലാതെ, ജീവിക്കാന്‍ കഴിയുന്നത്‌ ഒരു 'പക്ഷേ'യെന്നതിനെ പോലെത്തന്നെ ഒരു ചോദ്യമായിരിക്കാം. ഒരുബാക്കി വന്ന ചോദ്യം. അല്ല, ഒരിക്കലുമല്ല- ഒരു ബാക്കി വന്നൊരു 'പക്ഷേ'.

Thursday, May 3, 2012

വലിച്ചെറിയപ്പെട്ട ഭ്രൂണം

ഹൃദയത്തിന് ഉറപ്പില്ലാത്തവര്‍ ചിത്രം കാണുകയും പോസ്റ്റ്‌ വായിക്കുകയും ചെയ്യരുത്  എന്നഭ്യര്‍ത്ഥിക്കുന്നു





പരാഗണ ലഹരിയില്‍ ജനനത്തെയും
ജന്മത്തെയും മറന്നു പോയ പെണ്ണെ....  
ജനിപ്പിച്ചു കൊല്ലും മുമ്പേ നിനക്കെന്നെ
മണ്ണിലലിയിച്ചു കളയാമായിരുന്നില്ലേ....?
ഇപ്പൊ ഞാനെന്റെ വേദന ആരോട് പറയും...
എന്റെ ജീവന്‍ പോകുമോഴുണ്ടായതിനേക്കാള്‍
നീറ്റല് തോന്നിയത്,
ആ ഉദരത്തിലെ ചൂടില്‍ നിന്നും വലിച്ചെറിയപ്പെട്ടപ്പോഴായിരുന്നു.....
അമ്മെ,
നീയെനിക്കൊരു ലോകം നിഷേധിച്ചു....
എന്റെ കാഴ്ചകള്‍ അപഹരിച്ചു....
വസന്തങ്ങളും വേനലുകളും എന്തിന്,
ഒരമ്മയെ കുറിച്ചോര്‍ത്തു വേദനിക്കാനുള്ള
സ്വാതന്ത്ര്യം പോലും നീയെനിക്കന്യമാക്കി.....
എനിക്ക് വേണ്ടിയെന്നുള്ളില്‍ മാത്രം
അമ്മയെന്ന് നാമധേയം ചെയ്യപ്പെട്ട
പെണ്ണേ,

നിന്നോട് പകരം ചോദിക്കാന്‍
മരണത്തിനപ്പുറത്തു നരകത്തെയും
അതിലെ കിന്കിരന്മാരെയും ഞാന്‍ കണ്ടില്ല....
എനിക്ക് കടന്നു പോകാനൊരു സ്വര്‍ഗ്ഗവും
ഈയനന്തനിദ്രയ്ക്കപ്പുറം ദ്രിശ്യമായില്ല....
കാരണം,
അതെല്ലാം നീയെനിക്കെന്നോ നഷ്ട്ടപ്പെടുത്തിത്തന്നിരുന്നു....

മന്നന്റെ സ്വര്‍ഗ്ഗവും നരകവും പവിത്രമായൊരു മാതൃത്വം മാത്രമാണെന്ന് പെണ്ണേ, നിനക്കിനിയാര് പറഞ്ഞു തരും....?

Thursday, March 29, 2012

വികാര-കാന്തം



അയാള്‍

അവളുടെ ഇടത്തേ മാറില്‍
തുടുത്ത മാംസളതയില്‍ ചോരയ്ക്ക് ചൂടു പിടിച്ചു
തിളച്ചു മറിയുന്ന നിമിഷത്തില്‍
നെറ്റിയിലെ വിയര്‍പ്പ് തുടച്ച വഴുവഴുപ്പുള്ള
കരങ്ങളാല്‍ ഒന്ന് തോടാനയാള്‍ വെമ്പി.
വെളുത്തു നനുത്ത രോമങ്ങള്‍ പതിഞ്ഞിരിക്കുന്ന
തെങ്ങിന്‍ കരിക്കിന്റെ ഇളം കാമ്പ് പോലെ
മൃദുലമായ ആ ഇറച്ചിയെ, വെറും രക്തമോടുന്ന
ഇറച്ചിയില്‍ നീയെന്തിനാനിത്ര
ആസക്തനാവുന്നതെന്നയാള്‍ സ്വയം ചോദിച്ചു..
സുന്ദരി നിന്നെ പ്രാപിക്കുന്നവനേത്ര ഭാഗ്യവാന്‍
അയാള്‍ സ്വപ്നം കണ്ടു എവിടെയോ എന്തോ
പെട്ടെന്നോരനക്കം നനവ്‌. അതെ- ഒറ്റനോട്ടത്തില്‍,
ആദ്യകാഴ്ച്ചയില്‍ തന്റെയടിവസ്ത്രം നനയ്ക്കാന്‍
കഴിഞ്ഞവള്‍- ഇവളെന്തൊരു സുന്ദരിയാണ്! അപ്പോഴും,
കഴുത്തിറക്കം കൂടുതലുള്ള മേല്‍ വസ്ത്രത്തിന്റെ
പരിധി വിടാതെ അവളുടെ ഇടത്തേ മുലപ്പാതി
അവളുടെ കയ്യനക്കങ്ങളാല്‍ തുളുമ്പി ക്കൊണ്ടേയിരുന്നു....





അവള്‍

എവിടുന്നാര് നോക്കിയാലും ഒരു കാന്തം പോലെ-
അത് തിരിച്ചറിയാനുള്ള ശേഷി പെണ്ണിന് ആര് നല്‍കിയതാണ്!? പിന്നിലായാലും മുന്നിലായാലും ഒളിഞ്ഞു നിന്നായാലും
തെളിഞ്ഞു നിന്നായാലും കാണാനാഗ്രഹമില്ലാഞ്ഞിട്ടും ഞാനത്
കണ്ടു പോകുന്നു-പെണ്ണിന്റെ ജന്മം- തന്റെ ജന്മം-
പരിമിതികളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകള്‍-
പുരുഷന്റെ-മതത്തിന്റെ സമൂഹത്തിന്റെ പിന്നെ, തന്റെയിറച്ചിയില്‍
നിന്നും അറുത്തെടുത്ത കുഞ്ഞുങ്ങളുടെ- എന്നിട്ടും!?
ഞാനൊരു പെണ്ണാണ്!-സ്വയം മന്ത്രിച്ചത്
തെല്ലുറക്കെയായോയെന്നവള്‍ ചുറ്റിലും നോക്കി.
പിന്നെ വലത്തെ മാറില്‍ ഞാന്നു കിടന്ന
സാരിത്തലപ്പ് നേരെയിട്ടുകൊണ്ട് ചിന്തകള്‍
പിന്നെയും വേലിചാടി:തനിക്ക് കാമമുണ്ട് അതിലേറെ
പ്രേമവുമുണ്ട് കൂടെയല്‍പ്പം കിടപ്പുമുറിയില്‍ തൃപ്തിയാവാത്ത ദാഹവുമുണ്ട്-പക്ഷെ,
കാണുമ്പോള്‍ കാമം വരുന്നൊരു
കാളയല്ല ഞാന്‍ തൊടുമ്പോള്‍ സ്പര്‍ശനമറിയുന്നൊരു
പെണ്ണാണ് -വെറും പെണ്ണ്!_ പിന്നിലെ ദാഹിച്ച നോട്ടം
തനിക്കൊരു നിമിഷത്തെ സുഖം തനിക്ക് തന്നേക്കാം
പക്ഷെ,കൂടെയെനിക്ക് പ്രണയം വേണം. സ്നേഹം വേണം.
പിന്നിലെന്റെ ചോര കുടിക്കുന്നവന്‍ -എന്റെ നിതംബമളക്കുന്നവന്‍-തനിക്കെന്തു തരും? ഇതിലേതു തരും?
എന്നെ മോഹിച്ച അവനെന്തു ഞാന്‍ നല്‍കും..?
നല്‍കിയെ തീരൂ മോഹിച്ചവര്‍ക്കെല്ലാം സഫലമാകണം. വേണ്ടേ?





ഇടനാഴി

എല്ലാവരും അവിടം വിട്ടപ്പോള്‍ രണ്ടു പേര്‍ മാത്രമവിടെ ഒറ്റക്കായി. അയാളുടെ കണ്ണുതെറ്റിയ ഏതോ നിമിഷത്തില്‍ അവളെഴുന്നേറ്റു ആ മുറിയുടെ ഒരു ഭാഗത്തേക്ക് പോയി
അതൊരു ഇടനാഴിയായിരുന്നു. പെട്ടെന്നാരും കടന്നു വരാത്ത-ഇരുണ്ട, നേര്‍ത്ത പ്രകാശം ദൂരെയെവിടെയോ ഉണ്ടെന്നു മാത്രം ദ്യോദിപ്പിക്കുന്ന, ആരൊക്കെയോ മുറുക്കിത്തുപ്പി വരച്ച ചിത്രങ്ങളുള്ള ഒരു ഇടുങ്ങിയ മുറി. അവളവിടെ നിന്ന് തിരിഞ്ഞു നോക്കി കണ്ണു കൊണ്ടെന്തോ പറഞ്ഞോ? ഉവ്വ് എന്തോ എന്തോ.. അവള്‍ പറഞ്ഞു- ഒരു സ്വപ്നത്തിലെന്നോണം അയാള്‍ ആ ഇരുണ്ട ഇടനാഴിയിലേക്ക്‌ അവളുടെ വിരുന്നുകാരനായിച്ചെന്നു. അയാള്‍ അവളെ തന്നെ നോക്കി നിന്നു-അവളുടെ നോട്ടം ഉറച്ചതായിരുന്നു. പെട്ടെന്നയാളെ ഉറക്കത്തില്‍ നിന്നും തട്ടി വിളിക്കും പോലെ കാതിലൊരു ചോദ്യം വന്നു വീണു: "നിങ്ങള്‍ക്കെന്നെ ഭോഗിക്കണമോ..?" അയാള്‍ മിഴിച്ചു നിന്നു. എന്താണിത്!? സ്വപ്നമോ? അയാള്‍ക്ക് ആലോചിക്കാനോരവസരം നല്കാതെ വീണ്ടും ഉപചോദ്യങ്ങളോട് കൂടിയ ഒരു ചോദ്യം കൂടി ആ ഇരുണ്ട മുറിയില്‍ വന്നു വീണു: "എന്നെ പ്രണയിക്കാനാവുമോ? എന്നെ വിവാഹം കഴിക്കാന്‍?"
സ്വപ്നത്തിലായിരുന്ന പോലെ അയാള്‍ ചുറ്റും നോക്കി അയാള്‍ ആകെ വിഷമവൃത്തത്തിലായി മുപ്പതു വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലയിടത്തും പോയിട്ടുണ്ട്.എത്രയോ പെണ്ണുങ്ങള്‍! പല പ്രായത്തില്‍. പല വേഷത്തില്‍.എന്നിട്ടും ഇതുപോലൊന്ന് എവിടെയും കണ്ടിട്ടില്ല. അതും ഇവിടെ ശാലീനതയുടെ പര്യായമെന്നു പറയുന്ന തന്റെ നാട്ടില്‍...!
ഒരിടത്തും തനിക്കിതുവരെ പതറെണ്ടി വന്നിട്ടില്ലെന്ന ഓര്‍മ്മയില്‍, അല്‍പ്പം സൗന്ദര്യമുണ്ടെന്നു അഹങ്കരിക്കുന്ന ഒരു പീറപ്പെണ്ണിന്റെ ഓലപ്പാമ്പ് കളിയില്‍ താന്‍ ഭയപ്പെടെണ്ടതില്ലെന്ന ചിന്തയില്‍ അയാള്‍ തിടുക്കത്തോടെ, അല്‍പ്പം ശങ്കയോടെ മൊഴിഞ്ഞു: "ഉവ്വ്". "എനിക്ക് നിന്നെ വേണം.നീ ചോദിച്ചതെല്ലാം ഞാന്‍ തരാം" അയാള്‍ തന്നെ കരവലയത്തിലാക്കാന്‍ മുന്നോട്ടാഞ്ഞ ആ നിമിഷത്തില്‍ അവള്‍ അല്‍പ്പം പിന്നോക്കം നിന്നു. എന്നിട്ട് തന്റെ മേല്‍ വസ്ത്രം ഇരുഭാഗത്തേക്കും വലിച്ചു കീറി എന്നിട്ട് ചോദിച്ചു ഇനിയും നിനക്കെന്നെ വേണമോ?
അവിടെ, അവളുടെ മാറ് പൊതിഞ്ഞ അടി വസ്ത്രം പകുതി കീറിയ നിലയില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു.താങ്ങില്ലാതെ തൂങ്ങി നിന്ന അവളുടെ ഇടത്തേ മാറിന്റെയിണ, വലതു ഭാഗം കരിഞ്ഞു തൂങ്ങിയ പോലെ കാണപ്പെട്ടു. അവിടെ കൊഴുത്ത ദ്രാവകവും രക്തം കലര്‍ന്ന് കൊഴുത്ത ചലം നിറഞ്ഞ് ഒലിക്കുന്നുണ്ടായിരുന്നുപെട്ടെന്നുള്ള ആ ചെയ്തിയില്‍ ഒന്ന് അന്ധാളിച്ച അയാള്‍ വലത്തെ മാറിന്റെ സ്ഥാനത്തെ ശൂന്യതയും പ്രസവപിണ്ഡം കരിഞ്ഞ പോലെയുള്ള ഭീതിത കാഴ്ച്ച കണ്ട് അലറി വിളിച്ച് കണ്ണു പൊത്തി എവിടേക്കോ ഇറങ്ങിയോടി. പെണ്ണ് എന്നും സൗന്ദര്യം കൊണ്ട് മാത്രം സ്നേഹിക്കാപ്പെടുന്നവളാണെന്ന് ഒരു വട്ടം കൂടി തെളിയിച്ചു കൊണ്ടവള്‍ ആ ഇരുണ്ട മുറിയുടെ മൂലയില്‍, ആരോ മുറുക്കിത്തുപ്പിയ നിറത്തില്‍ കണ്ണീരു ചാലിച്ചു മറ്റൊരു ചിത്രം വരച്ചു കൊണ്ടിരുന്നു.

Sunday, February 19, 2012

തുടുത്ത മുല

ഒരു മുല വേണമായിരുന്നു....
നല്ല തുടുത്ത കൊഴുത്ത മുല....
ഉറിഞ്ചി ക്കുടിക്കുമ്പോ മുലപ്പാല് മാത്രം കിട്ടുന്ന മുല....
എന്റെ കുഞ്ഞിനു തല പൂഴത്തിയുറങ്ങാന്‍ നല്ല മാംസളതയുള്ള മുല....

ഇപ്പൊ, എന്റെ കുട്ടി രക്തമാണ് വലിച്ചു കുടിക്കുന്നത്...
അതെ, എന്റെ രക്തം. നല്ല ചൂടുള്ളത്. നിറമുള്ളത്....
രക്തം കുടിച്ചു വലുതായിട്ട് ഒരിക്കല്‍ നിങ്ങളോട് അത് തന്നെ ചോദിക്കും-രക്തം- അതു ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ ചിന്തുന്നതാണ്.... ചിലപ്പോ മണ്ണില്‍, ചിലപ്പോഴൊക്കെ ചിലരുടെ നെഞ്ചില്‍,
മറ്റു ചിലപ്പോഴൊക്കെ ചിലരുടെ പുച്ഛം നിറഞ്ഞ മുഖത്തും.
ഞാന്, എന്റെ കുഞ്ഞിന്റെ വായിലാണത് ചിന്തുന്നത്.... കൊഴുപ്പില്ലയെങ്കിലും അവനതു നന്നായി കുടിക്കുന്നുണ്ട്....

ഇന്നൊരു മുല കിട്ടിയില്ലെങ്കില്‍ നാളെ ഒരു പാട് മുലകളെ
അവന്‍ ചോദ്യം ചെയ്യും.... അവനറിയാം, സ്വന്തം അമ്മയുടെ മുല പോലും അവനോടു നീതി പുലര്‍ത്തിയിട്ടില്ലയെന്ന്.... നാളെ കൊള്ളക്കാരനെന്നൊരു പേരും വെച്ച്, ഈ മണ്ണിലൂടെ
എന്റെയാണ്‍കുട്ടി കുറുവടിയുമായി മുതലോളിപ്പിച്ചു വെച്ചവരുടെ
പിന്നാലെ പോകുമ്പോള്‍ ലോകത്തിനവന്‍ കള്ളനായിരിക്കാം...
പക്ഷെ,
എനിക്കവന്‍ നീതിമാനാണ്-ഒരുപാട് കുഞ്ഞു വായകളിലേക്ക് അമൃത് പകരുന്ന മഹാനായ നീതിമാന്‍- ലോകം കാണാത്ത- ലോകം തിരിച്ചറിയാത്ത-
ലോകം മുഴുവന്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന നീതിമാന്‍....

Saturday, December 3, 2011

മുല്ലപ്പെരിയാറിലെ പ്രേതം






ഒരിക്കല്‍ ഞാന്‍ പ്രണയത്തെ തേടിയിരുന്നു ..

പക്ഷെ, പ്രണയം പലരുടെയും രൂപത്തില്‍ വിരഹത്തിലേക്ക് ഓടി മറഞ്ഞു....

എന്റെ ഹൃദയത്തിലെ ചാറ്റല്‍മഴ നിലച്ചിരുന്നില്ല.....

ഋതുഭേതങ്ങള്‍ മാറിയതറിയാതെ ഞാന്‍ തപസ്സിരുന്നു...

മോഹം എന്നെ വിശപ്പും ദാഹവുമറിയിച്ചില്ല;

മനസ്സ് എന്റെ പ്രായത്തേയും...

പക്ഷെ, നിനച്ചിരിക്കാതെ അകലെയെങ്ങോ നിന്ന്

പൊട്ടിയൊലിച്ച് വന്ന മലവെള്ളത്തില്‍

എന്റെ വികാരങ്ങളെല്ലാം ഒലിച്ചുപോയി...

കൂടെ ഞാനുമൊലിച്ചു പോയി.... മരണം....

മരണം എന്നെ മെരുക്കുന്നതിനിടക്ക് കുത്തൊഴുക്കില്‍ എന്നെ

സ്വപ്നം കണ്ടുറങ്ങിയ ചോര ചിനച്ചൊരു ഹൃദയം എന്റെ കയ്യില്‍ തടഞ്ഞു....



അതെന്നെ കാത്തിരുന്നവളുടെയായിരുന്നു.... പക്ഷെ,

ഞാനതു തിരിച്ചറിഞ്ഞ നിമിഷം മരണമെന്നെ ഓര്‍മ്മയാക്കി മാറ്റി....

ഇല്ല പെരിയാറേ... നിന്നെയെനിക്ക് മറക്കാനാവില്ല...

നിന്നില്‍ മനുഷ്യന്‍ തടഞ്ഞു വെച്ച സ്നേഹജലം,

എന്റെ സ്വപ്‌നങ്ങള്‍ തച്ചുടച്ചു....

എന്റെ സ്നേഹത്തെ പിരിച്ചു..

ഞങ്ങളെ പിരിച്ചു...

നിന്നെ ഞങ്ങളില്‍ ക്രൂരയാക്കി....

എനിക്കിനിയും ജീവിക്കണമെന്നൊരു വിഫലമാമാശ ഈ ആത്മാവ് ഇനിയാരോട് പറയും...?

Friday, November 18, 2011

അവസാനത്തെ ചോദ്യം

പെണ്ണ്



നിലയില്ലാത്ത ചതുപ്പില്‍ ഞാന്‍ അകപ്പെട്ടപ്പോള്‍ ഒരു കൈ നീണ്ടു വന്നു....

അതില്‍ പിടിച്ചു കയറിയപ്പോഴാണ് കൈകളുടെ ഉടമസ്ഥ,

തന്നെ കൊല്ലാന്‍ വന്നവളാണെന്നു മനസ്സിലായത്‌...

അന്നത്തെ ദിവസം പിന്നെയും ഞാനൊരുപാട് മനസ്സിലാക്കി....

ഒരു പെണ്ണിനും ആരാച്ചാര്‍ ആവാന്‍ കഴിയുമെന്ന്...

തൂക്കു കയര്‍ കഴുത്തിലിട്ടു തരുമ്പോള്‍ പെണ്‍ വര്‍ഗ്ഗത്തിന്റെ കൈകള്‍

ഒരിക്കല്‍ പോലും വിറക്കില്ലെന്നു.... പിന്നെ

കണ്ടോതൊക്കെ കണ്ടില്ലെന്നു നടിക്കാനും കാണാത്തതൊക്കെ

കണ്ടെന്നു പറയാനുമുള്ള കരളുരപ്പുണ്ടെന്നു.... പിന്നെ,

പെണ്ണിന് ഏറെയിഷ്ട്ടം പുരുഷന്റെ കരള്‍ എണ്ണയില്‍ വാട്ടിയ

ഉപ്പെരിയാക്കിയതാണ് എന്ന്... അങ്ങനെ ഒരുപാടൊരുപാട്....

അവളുടെ ചിരിക്കൊരു മനോഹാരിത ഉണ്ടായിരുന്നു.. പക്ഷെ,

നാക്ക് വ്യാളിയുടെ പോലെ ആയിരുന്നു... ഇടയ്ക്കിടെ അതില്‍ തീ വരുന്നുണ്ടോ?





അമ്മ



തോരാത്തൊരു മഴ പെയ്യുമ്പോഴാണ് നിന്നെ പ്രസവിച്ചതെന്നു അമ്മ

എപ്പോഴും പറയും..

അത് പോലെ തന്നെ ആയിപ്പോയി ജീവിതവും...

കണ്ണീരു തോരാത്ത മിഴികള്‍ ചേര്‍ത്താണ് അമ്മ എന്നുമെന്നെ

ചുംബിക്കാറ....

പെണ്ണ് സ്നേഹിക്കപ്പെടെണ്ടാവളാണെന്നു അമ്മയാണ് പഠിപ്പിച്ചത്..

അമ്മയുടെ ഭാഷയില്‍ പെണ്ണൊരു ദുര്‍ബലയാണ്...

എപ്പോഴും താങ്ങും തണലും തേടുന്നവല്‍..... പുനജിരിക്കാനും മുലയൂട്ടാനും

സ്നേഹിക്കാനും മാത്രമറിയുന്നവള്‍... ചോരയുടെ നിറം കണ്ടാല്‍

പോലും തല കറങ്ങുന്നവള്‍.... അതെ, അമ്മയ്ക്കറിയാം എല്ലാം... കാരണം, അമ്മയിലാണ് എല്ലാം തുടങ്ങി വെക്കപ്പെടുന്നത്...



ഞാന്‍



ഞാന്‍ പെണ്ണിന്റെ എതിര്‍ ലിംഗം..... ഒരു പുരുഷ ജന്മം....

അമ്മയുടെ വാക്കുകള്‍ കേട്ട് വളര്ന്നവന്‍...

പെണ്ണിനെ സ്നേഹിക്കാന്‍ ശ്രമിച്ചവന്‍....

അവസാനം പെണ്ണിനാല്‍ തകര്ന്നവന്‍...

പെണ്ണിനാല്‍ മരണമുഖം കണ്ടവന്‍... മരിക്കുമ്പോഴെന്റെ ചുണ്ടിലെ ചോദ്യം ഒന്ന് മാത്രമായിരുന്നു.. എന്റെ അമ്മ ഒരു പെണ്ണ് തന്നെയായിരുന്നോ എന്ന്..

Tuesday, November 15, 2011

ചോദ്യോത്തരം

പ്രണയത്തിന്റെ നിഴലാണോ വിരഹം...?

ഒരിക്കലതെന്റെ പിന്നില്‍ പിന്തുര്‍ന്നു....

പിന്നീടതിനെ കാണാതായി.... ഞാന്‍ സന്തോഷിച്ചു.

പക്ഷെ, വീണ്ടും അതെന്നെ തേടി വന്നു....

അതെന്നെ വലംവെച്ചു ശല്യപ്പെടുതിക്കൊന്ടെയിരുന്നു.

അവസാനം അതിനെ നശിപ്പിക്കാന്‍ ഞാനെന്റെ

പ്രണയമെന്ന പ്രകാശം കെടുത്തിക്കളഞ്ഞു....

പക്ഷെ, എന്നെ ശല്യപ്പെടുത്തിയ നിഴല്‍ മറയും മുന്‍പേ,

ഞാനുമൊരു നിഴലായിതീര്‍ന്നു... അതെ,

പ്രണയത്തിന്റെ നിഴല്‍ തന്നെ വിരഹം...

പ്രേതം



നീ ഒരു പക്ഷെ ഏതോ അടുക്കളയുടെ അകത്തളത്തില്‍

കരിയും പുകയും കൊണ്ട് ജീവിക്കുകയായിരിക്കാം

അതുമല്ലെങ്കില്‍ ഏതോ പണക്കാരന്റെ മിന്നുന്ന സാരിയുടുത്ത ഭാര്യ സ്ഥാനവും പേറി നടക്കുകയായിരിക്കാം ... ഇനി അതുമല്ലെങ്കില്‍ വിധവയായി കുട്ടികളെയും കൊണ്ട്

എന്നോ നഷ്ട്ടപ്പെട്ട ദിവസങ്ങളെയും ഇഷ്ട്ടങ്ങളെയുമോര്‍ത്തു ഒരിക്കലും വരാത്ത വസന്തം കാത്തിരിക്കുകയായിരിക്കും...

പക്ഷെ,

ഞാനിവിടെ വിരഹം കൊയ്തു കഴിഞ്ഞില്ല......

എന്റെ മരണത്തിന് ശേഷം

നിന്റെ ഓര്‍മ്മകളില്‍ മാത്രമായി ഒരു ജീവിതമുന്ടെന്നു,

മരിക്കും മുമ്പ് ഞാനറിഞ്ഞില്ല......

ഒരു ഗതികിട്ടാ പ്രേതമായി പോലും ഞാന്‍ നിന്നെ

ശല്യപ്പെടുത്താന്‍ വരുന്നില്ല...

പക്ഷെ, ഇപ്പൊ ഞാന്‍ ആശിച്ചു പോകുന്നു...

ഞാന്‍ മരിച്ചില്ലായിരുന്നെന്കില്‍.

എങ്കിലും,

എനിക്കിപ്പോ നിന്നെക്കാളിഷ്ട്ടം എന്റെ ശവ ശരീരം തൂങ്ങിയാടിയ

ആ ഒന്നരമീറ്റര്‍ കയറിനോടാണ്...

കാരണം ,

അത് മാത്രമാണ് എന്റെ ജീവിതത്തില്‍ എന്നോട് വാക്കുപാലിച്ചത്....

അതുമാത്രമാണ്, എന്റെ ഇഷ്ട്ടങ്ങള്‍ക്ക് കൂട്ടുനിന്നത് ....

അതിനും ഒരു ഹൃദയമുന്ടെന്നു ഞാന്‍ വിശ്വസിക്കുന്നു...

അതോ, നിന്നെ പോലെ ഹൃദയം ഇല്ലാത്തതുകൊണ്ടോ?